This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൊച്ചി രാജ്യപ്രജാമണ്ഡലം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൊച്ചി രാജ്യപ്രജാമണ്ഡലം

മുന്‍ കൊച്ചിരാജ്യത്തെ ഒരു പ്രമുഖ രാഷ്ട്രീയ സംഘടന. കൊച്ചിന്‍ കോണ്‍ഗ്രസ്സില്‍ വിശ്വാസമര്‍പ്പിച്ചിരുന്ന ഒരു സംഘം യുവാക്കള്‍, ആ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളില്‍ അസംതൃപ്തിയും അപര്യാപ്തതയും തോന്നിയതോടെ ഒരു പുതിയ രാഷ്ട്രീയപ്പാര്‍ട്ടിക്കുവേണ്ടി നടത്തിയ പരിശ്രമമാണ് പ്രജാമണ്ഡലത്തിന്റെ രൂപീകരണത്തിന് വഴിതെളിച്ചത്. വി. ആര്‍ കൃഷ്ണന്‍ എഴുത്തച്ഛന്‍, സി. കുട്ടന്‍നായര്‍, എസ്. നീലകണ്ഠയ്യര്‍ എന്നിവരാണ് ഇതിനു മുന്‍കൈയെടുത്തത്. 1941 ജനു. 26-ന് കൊച്ചി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ കൂടിയ ഇതിന്റെ പ്രാരംഭ യോഗത്തില്‍ പങ്കെടുത്തവര്‍ എല്ലാവരും തന്നെ കോണ്‍ഗ്രസ്സിന്റെ നയപരിപാടികളില്‍ വിശ്വാസമര്‍പ്പിച്ചിട്ടുള്ളവരായിരുന്നു. ഭൂരിപക്ഷവും യുവാക്കള്‍ പങ്കെടുത്ത ഈ യോഗത്തില്‍ വി.ആര്‍ കൃഷ്ണന്‍എഴുത്തച്ഛന്‍ അധ്യക്ഷത വഹിച്ചു. 'കൊച്ചിരാജ്യപ്രജാമണ്ഡലം' എന്ന പേരില്‍ ഒരു സംഘടന രൂപവത്കരിക്കുവാന്‍ ഈ യോഗം തീരുമാനിച്ചു. യോഗം അംഗീകരിച്ച ഒരു പ്രമേയത്തില്‍ കൊച്ചിയിലെ സാമാന്യജനങ്ങള്‍ക്കു സാമൂഹികവും സാമ്പത്തികവുമായ ജീവിതത്തില്‍ സമത്വവും ക്ഷേമവും നല്‍കുന്ന പരിപൂര്‍ണമായ ഉത്തരവാദഭരണമാണ് പ്രജാമണ്ഡലത്തിന്റെ ലക്ഷ്യം എന്നു വ്യക്തമാക്കിയിരുന്നു.

1941 ഫെ. 9-നു ചേര്‍ന്ന യോഗം പ്രജാമണ്ഡലത്തിന്റെ ഭരണഘടനയ്ക്ക് അംഗീകാരം നല്‍കി. എസ്. നീലകണ്ഠയ്യര്‍ പ്രസിഡന്റും വി.ആര്‍ കൃഷ്ണന്‍എഴുത്തച്ഛന്‍ ജനറല്‍ സെക്രട്ടറിയുമായി രൂപവത്കരിക്കപ്പെട്ട പ്രവര്‍ത്തകസമിതിയില്‍ ജി.എസ്. ധാരാസിങ്, എം.എ കാക്കു (ജോയിന്റ് സെക്രട്ടറിമാര്‍) ഇ. ഗോപാലകൃഷ്ണമേനോന്‍, പി. നാരായണമേനോന്‍, (സംഘടനാസെക്രട്ടറിമാര്‍), ഉള്ളാട്ടിക്കുളം മത്തായി (ട്രഷറര്‍) , സി. കുട്ടന്‍നായര്‍, എം.എന്‍ ശിവരാമന്‍ നായര്‍, ടി. പരമേശ്വരമേനോന്‍, വട്ടപ്പറമ്പില്‍ ശങ്കരന്‍കുട്ടി മേനോന്‍, ടി.എസ് ബന്ധു, കെ.എന്‍ നമ്പീശന്‍ തുടങ്ങിയവരും അംഗങ്ങളായിരുന്നു. അന്നു വൈകുന്നേരം തൃശൂരിലെ മണികണ്ഠനാല്‍ത്തറയില്‍ ചേര്‍ന്ന ഒരു യോഗത്തില്‍ വച്ച് പ്രജാമണ്ഡലത്തിന്റെ ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിക്കപ്പെട്ടു. വി.ആര്‍. കൃഷ്ണന്‍എഴുത്തച്ഛനായിരുന്നു അധ്യക്ഷന്‍.

പ്രജാമണ്ഡലത്തിനു നേരെ കൊച്ചിദിവാനായിരുന്ന സര്‍. ആര്‍. കെ. ഷണ്‍മുഖം ചെട്ടിയും പ്രമുഖ രാഷ്ട്രീയ കക്ഷികളും (കൊച്ചിന്‍ കോണ്‍ഗ്രസ്, കൊച്ചിന്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്) ശത്രുതാപരമായ ഒരു സമീപനമാണ് സ്വീകരിച്ചിരുന്നത്. ബ്രിട്ടീഷ് ഭരണത്തിനും നാട്ടുരാജാക്കന്മാര്‍ക്കുമെതിരായി പ്രത്യക്ഷപ്പെട്ട ചുവരെഴുത്തുകളുടെ പേരില്‍ സി. കുട്ടന്‍നായരെ ഗവണ്‍മെന്റ് അറസ്റ്റ് ചെയ്തു തടവിലാക്കിയെങ്കിലും ബഹുജനങ്ങള്‍ക്കിടയില്‍ ക്രമേണ വിശ്വാസ്യത ആര്‍ജിക്കുവാനും കൊച്ചിയിലെ ഏറ്റവും പ്രമുഖ രാഷ്ട്രീയ പ്രസ്ഥാനമായി വളരുവാനും പ്രജാമണ്ഡലത്തിനു കഴിഞ്ഞു.

1941 മേയ് 26-ന് ഉണ്ടായ കൊടുങ്കാറ്റും പേമാരിയും കൊച്ചിയില്‍ വമ്പിച്ച നാശനഷ്ടങ്ങളും മരണങ്ങള്‍ക്കും ഇടയാക്കി. പ്രജാമണ്ഡലം പ്രവര്‍ത്തകര്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കി. ഈ പ്രവര്‍ത്തനങ്ങള്‍ സാമാന്യജനങ്ങള്‍ക്കിടയില്‍ വമ്പിച്ച സ്വാധീനത ചെലുത്തി. അവര്‍ പ്രജാമണ്ഡലത്തിന്റെ പ്രവര്‍ത്തനങ്ങളിലും പരിപാടികളിലും തത്പരരാവുകയും ചെയ്തു.

1942 ജനുവരിയില്‍ ഇരിങ്ങാലക്കുട വച്ചു നടത്തുവാന്‍ തീരുമാനിച്ചിരുന്ന പ്രജാമണ്ഡലത്തിന്റെ പ്രഥമവാര്‍ഷികം ഗവണ്‍മെന്റ് നിരോധിച്ചു. പ്രജാമണ്ഡലത്തിന്റെ പ്രവര്‍ത്തനങ്ങളെ പ്രാരംഭം മുതല്‍തന്നെ സംശയത്തോടും ആശങ്കയോടുമാണ് അധികൃതര്‍ വീക്ഷിച്ചിരുന്നത്. പ്രജാമണ്ഡലം നേതാക്കളും അനുയായികളും നിരോധനാജ്ഞ ലംഘിക്കുവാനും നിര്‍ദിഷ്ടദിവസം തന്നെ യോഗം നടത്തുവാനും തീരുമാനിച്ചു. സമ്മേളന സ്ഥലം പൊലീസ് വലയം ചെയ്തെങ്കിലും അവരുടെ കണ്ണുവെട്ടിച്ചുകൊണ്ട് ഇ. ഗോപാലകൃഷ്ണമേനോന്‍ വി. ശങ്കരന്‍കുട്ടി മേനോന്‍ എന്നിവര്‍ യോഗസ്ഥലത്തേക്കു പാഞ്ഞുകയറുകയും ഒളിച്ചുവച്ചിരുന്ന ദേശീയപതാക ഉയര്‍ത്തിക്കാട്ടിക്കൊണ്ട് മുദ്രാവാക്യം മുഴക്കുകയും ചെയ്തു. പ്രജാമണ്ഡലത്തിന്റെ വാര്‍ഷികം ഉദ്ഘാടനം ചെയ്തിരിക്കുന്നതായും അവര്‍ പ്രഖ്യാപിച്ചു. തുടര്‍ന്ന് ഇ. ഗോപാലകൃഷ്ണമേനോന്‍, വി. ശങ്കരന്‍കുട്ടിമേനോന്‍ തുടങ്ങിയവര്‍ അറസ്റ്റിലാവുകയും ചെയ്തു.

1942 - ലെ 'ക്വിറ്റിന്ത്യാ' സമരത്തിന്റെ അലകള്‍ കൊച്ചിയിലും ദൃശ്യമായി. നാടിന്റെ നാനാഭാഗങ്ങളിലും പ്രതിഷേധയോഗങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ പ്രജാമണ്ഡലം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ആഗ. 14-നു എറണാകുളത്ത് ചേരുവാന്‍ തീരുമാനിച്ച ഒരു നിയമലംഘനയോഗത്തില്‍ സംബന്ധിക്കുവാന്‍ എത്തിയ പ്രജാമണ്ഡലം നേതാക്കളെ മുഴുവന്‍ പൊലീസ് അറസ്റ്റ് ചെയ്തു. കൊച്ചിയിലെ പല ഭാഗങ്ങളിലുമുണ്ടായ പൊലീസ് മര്‍ദനത്തില്‍ സാധാരണജനങ്ങള്‍ക്കു പുറമേ പല നേതാക്കന്മാര്‍ക്കും പരിക്കേല്‍ക്കുകയുണ്ടായി. അനേകം നേതാക്കള്‍ തടവിലാക്കപ്പെടുകയും ചെയ്തു.

1943-ല്‍ നേതാക്കള്‍ ജയില്‍മോചിതരായതിനുശേഷം പ്രജാമണ്ഡലത്തിന്റെ സംഘടനാപ്രവര്‍ത്തനങ്ങള്‍ ചിട്ടയായി മുന്നേറി. അംഗങ്ങളെ ചേര്‍ക്കുക, കമ്മിറ്റികള്‍ സംഘടിപ്പിക്കുക തുടങ്ങിയ കാര്യങ്ങളില്‍ ഇക്കാലത്തു ഗണ്യമായ പുരോഗതി ദൃശ്യമായി. കമ്യൂണിസ്റ്റുകാരെ പ്രജാമണ്ഡലത്തില്‍ ചേര്‍ക്കാതിരിക്കാനും തീരുമാനമുണ്ടായി.

1945 മേയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ പ്രജാമണ്ഡലം മത്സരിച്ചു. മത്സരിച്ച 19 സ്ഥാനാര്‍ഥികളില്‍ 12 പേര്‍ വിജയിച്ചു. അങ്ങനെ സംഘടിതമായ ഒരു പ്രതിപക്ഷമെന്ന നിലയില്‍ പ്രജാമണ്ഡലം അതിന്റെ നിയമസഭാപ്രവര്‍ത്തനത്തിനു പ്രാരംഭം കുറിച്ചു.

1946 ജൂലായില്‍ എറണാകുളത്തു ചേര്‍ന്ന പ്രജാമണ്ഡലത്തിന്റെ വാര്‍ഷികസമ്മേളനം കൊച്ചിയില്‍ ഉത്തരവാദഭരണം സ്ഥാപിക്കുവാനായി പ്രത്യക്ഷസമരം തുടങ്ങുവാന്‍ തീരുമാനിക്കുകയുണ്ടായി. ജൂല. 29 ഉത്തരവാദഭരണദിനമായാചരിക്കുവാനും തീരുമാനിക്കപ്പെട്ടു. പൊതുപണിമുടക്കം, ഹര്‍ത്താല്‍, നിയമസഭാബഹിഷ്കരണം, (ജൂല. 29-നു മാത്രം), പൊതുയോഗങ്ങള്‍, ഘോഷയാത്രകള്‍ എന്നിവയെല്ലാം ഈ ദിനത്തിന്റെ പ്രത്യേകതയായിരുന്നു. അന്നു തന്നെയായിരുന്നു നിയമസഭയുടെ ബജറ്റുസമ്മേളനം കൂടേണ്ടിയിരുന്നത്. കൂടാതെ സുപ്രധാനമായ ഒരു സന്ദേശം അന്നേ ദിവസം രാജാവ് നിയമസഭയിലേക്കയയ്ക്കുമെന്ന് നേരത്തെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പ്രജാമണ്ഡലത്തിന്റെ സമരപരിപാടികള്‍ വിജയകരമായി നടന്നുകൊണ്ടിരുന്നപ്പോള്‍ നിയമസഭ സമ്മേളിച്ചു. തിരഞ്ഞെടുക്കപ്പെട്ട ഏഴ് അംഗങ്ങള്‍ മാത്രമേ നിയമസഭയില്‍ ഹാജരുണ്ടായിരുന്നുള്ളൂ. തിരുവിതാംകൂറും കൊച്ചിയും മലബാറും ചേര്‍ന്നു ഒരു ഐക്യകേരളം രൂപവത്കരിക്കണമെന്ന നിര്‍ദേശം മാത്രമായിരുന്നു രാജാവിന്റെ സന്ദേശമായി ദിവാന്‍ നിയമസഭയില്‍ വായിച്ചത്.

പരിപൂര്‍ണമായ ഉത്തരവാദഭരണം സ്ഥാപിക്കുന്നതിന്റെ ആദ്യപടിയായി എല്ലാ ഭരണവകുപ്പുകളും ഉടന്‍തന്നെ മന്ത്രിമാര്‍ക്കു കൈമാറണമെന്നാവശ്യപ്പെടുന്ന ഒരു പത്രിക, തിരഞ്ഞെടുക്കപ്പെട്ട മുപ്പതു നിയമസഭാംഗങ്ങള്‍ ഒപ്പിട്ട് രാജാവിനു നല്‍കി. തുടര്‍ന്ന് ബജറ്റ് യോഗത്തില്‍ പൊതുഭരണധനാഭ്യര്‍ഥന നിയമസഭ തള്ളിക്കളയുകയും ചെയ്തു. നിയമസഭയുടെ ഈ സമ്മേളനത്തില്‍ വച്ചു തന്നെ മന്ത്രിമാരില്‍ അവിശ്വാസം രേഖപ്പെടുത്തുന്ന ഒരു പ്രമേയവും പാസ്സാക്കി. മന്ത്രിമാരായിരുന്ന ടി.കെ നായരും ബാലകൃഷ്ണമേനോനും രാജിവച്ചു. ഭരണവകുപ്പുകള്‍ മന്ത്രിമാര്‍ക്കു കൈമാറണമെന്ന ആവശ്യം കേവലം താത്ത്വികമായിരുന്നു. അന്നുണ്ടായിരുന്ന മന്ത്രിമാരില്‍ പ്രജാമണ്ഡലത്തിനു വിശ്വാസമുണ്ടായിരുന്നില്ല. ഭരണമേറ്റെടുക്കാന്‍ പ്രതിപക്ഷമായിരുന്ന പ്രജാമണ്ഡലത്തോടാവശ്യപ്പെട്ടെങ്കിലും പാര്‍ട്ടി ഈ നിര്‍ദേശം നിരാകരിക്കുകയാണുണ്ടായത്.

ഭരണപരമായ പ്രതിസന്ധി ഒഴിവാക്കുവാനായി 1946 ആഗ. 17-ന് രാജാവ് നിയമസഭയ്ക്ക് ഒരു സന്ദേശമയച്ചു. നിയമസമാധാനം, ധനകാര്യം എന്നിവയൊഴികെ മറ്റെല്ലാ വകുപ്പുകളും ജനപ്രതിനിധികള്‍ക്കു നല്‍കിക്കൊണ്ട് ദിവാനും മന്ത്രിമാരുമടങ്ങുന്നതും കൂട്ടുത്തരവാദിത്തമുളളതുമായ ഒരു ഭരണസമിതി ഏര്‍പ്പെടുത്തുവാന്‍ രാജാവെടുത്ത തീരുമാനമായിരുന്നു സന്ദേശരൂപത്തില്‍ നിയമസഭയിലെത്തിച്ചത്. ക്യാബിനറ്റ് ഭരണമേര്‍പ്പെടുത്തുവാനുള്ള ഈ തീരുമാനം പുരോഗമനപരമായി വീക്ഷിക്കപ്പെട്ടു. തുടര്‍ന്ന് പ്രജാമണ്ഡലം ഭരണമേറ്റെടുക്കുവാന്‍ തീരുമാനിച്ചു. പ്രോഗ്രസ്സീവ് കക്ഷി നേതാവായ ടി.കെ നായരും എസ്.എന്‍.ഡി.പി ഗ്രൂപ്പിന്റെ നേതാവായ കെ. അയ്യപ്പനും പ്രജാമണ്ഡലത്തിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ ചേരുവാന്‍ സന്നദ്ധരായി. അങ്ങനെ പനമ്പിള്ളി ഗോവിന്ദമേനോന്‍, സി.ആര്‍ ഇയ്യുണ്ണി, കെ. അയ്യപ്പന്‍, ടി. കെ നായര്‍ എന്നിവരുള്‍പ്പെട്ട കൊച്ചിയിലെ ആദ്യത്തെ ജനകീയമന്ത്രിസഭ നിലവില്‍ വന്നു. എന്നാല്‍ ഭരണരംഗത്ത് പ്രശ്നങ്ങള്‍ സൃഷ്ടിക്കുവാനേ ഈ സംവിധാനത്തിനു കഴിഞ്ഞിരുന്നുള്ളൂ. ധനകാര്യമുള്‍പ്പെടെ എല്ലാ വകുപ്പുകളും നിയമസഭയോടുത്തരവാദിത്തമുള്ള മന്ത്രിമാര്‍ക്കു നല്‍കുകയും ദിവാന്‍ഭരണം അവസാനിപ്പിക്കുകയും ചെയ്തുകൊണ്ടു മാത്രമേ പുരോഗമനപരവും കാര്യക്ഷമവുമായ ഭരണം നടത്തുവാന്‍ കഴിയൂ എന്ന് എല്ലാവര്‍ക്കും ബോധ്യമായി.

1947 ജൂലായില്‍, കൊച്ചിരാജ്യത്ത് പരിപൂര്‍ണമായ ഉത്തരവാദഭരണം സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കിക്കൊണ്ട് ജവഹര്‍ലാല്‍ നെഹ്റു കൊച്ചിരാജാവിന് ഒരു കത്തയയ്ക്കുകയുണ്ടായി. 1947 ജൂല. 31-ന് ചേര്‍ന്ന പ്രജാമണ്ഡലത്തിന്റെ പ്രവര്‍ത്തകസമിതിയോഗം ഉത്തരവാദഭരണം നടപ്പാക്കുവാന്‍ ഒരു പ്രമേയത്തിലൂടെ രാജാവിനോട് ആവര്‍ത്തിച്ചാവശ്യപ്പെട്ടു. 1947 ആഗ. 14-നു നിയമസഭയിലേക്കയച്ച സന്ദേശത്തില്‍ ധനകാര്യം, നിയമസമാധാനം എന്നീ വകുപ്പുകള്‍ ദിവാനില്‍ നിന്നും മാറ്റുന്നതാണെന്നു വ്യക്തമാക്കി. എന്നാല്‍ നിയമസമാധാനം തന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കുമെന്നും അത് തനിക്കു വിശ്വാസമുള്ള ഒരു മന്ത്രിയെ ഏല്പിക്കുമെന്നും രാജാവ് പ്രസ്താവിച്ചിരുന്നു. ഈ സന്ദേശത്തെ അന്ന് പ്രജാമണ്ഡലാധ്യക്ഷനായിരുന്ന ഇ. ഇക്കണ്ടവാരിയര്‍ സ്വാഗതം ചെയ്തുകൊണ്ട് ഒരു പ്രസ്താവന പുറപ്പെടുവിച്ചു.

തുടര്‍ന്ന് പനമ്പിള്ളി ഗോവിന്ദമേനോന്റെ നേതൃത്വത്തില്‍ പുതിയ ഒരു മന്ത്രിസഭ അധികാരമേററു. കൊച്ചിയിലെ പ്രഥമ പ്രധാനമന്ത്രി ഇദ്ദേഹമായിരുന്നു. നിയമസമാധാനം തന്റെ വിശ്വസ്തനായ ടി.കെ നായരെ രാജാവ് ഏല്പിച്ചു. ധനകാര്യം പനമ്പിള്ളിക്കും ലഭിച്ചു. ദിവാനെന്ന നിലയില്‍ തന്റെ അധികാരങ്ങള്‍ മുഴുവന്‍ നഷ്ടപ്പെട്ട സി.പി കരുണാകരമേനോന്‍ ഉടന്‍ തന്നെ തത്സ്ഥാനം രാജിവച്ചു. കൊച്ചിയിലെ ദിവാന്‍വാഴ്ചയ്ക്ക് ഇതോടെ തിരശ്ശീല വീണു.

പ്രജാമണ്ഡലത്തിന്റെ നേതൃത്വത്തിലുള്ള ഈ മന്ത്രിസഭയ്ക്കും ഭരണരംഗത്തു പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നു. നിയമസമാധാനവകുപ്പു കൈയടക്കിയിരുന്ന ടി.കെ നായര്‍ രാജാവിന്റെ വിശ്വസ്തനായി മാത്രം തുടര്‍ന്നത് മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തത്തെ ഒരു പ്രഹസനമാക്കി മാറ്റി.

വി. ആര്‍. കൃഷ്ണന്‍ ​എഴുത്തച്ഛന്‍

ഗവണ്‍മെന്റ് പുതിയതായി പാസ്സാക്കിയ അടിയന്തരാധികാര നിയമനത്തിനെതിരായി പ്രജാമണ്ഡലം, കമ്യൂണിസ്റ്റ് പാര്‍ട്ടി, കെ,എസ്. പി.., എസ്.എന്‍.ഡി.പി യോഗം തുടങ്ങിയ സംഘടനകള്‍ ശക്തമായി പ്രതിഷേധിച്ചു. ഇതിനെത്തുടര്‍ന്ന് നിയമസഭാമന്ദിരത്തിനു മുന്നില്‍ ആര്‍.എം. മനയ്ക്കലാത്ത്, മത്തായി മാഞ്ഞൂരാന്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രതിഷേധപ്രകടനം നടന്നു. തുടര്‍ന്ന് നിയമസഭാ പരിസരത്തുള്ള റോഡുകളില്‍ ഗവണ്‍മെന്റ് പ്രകടനങ്ങള്‍ നിരോധിച്ചു. 1947 ഒ. 17-ന് അടിയന്തരാധികാരനിയമത്തില്‍ പ്രതിഷേധിക്കുവാനായി എറണാകുളം രാജേന്ദ്രമൈതാനത്ത് കെ.എസ്.പി ക്കാരുടെ നേതൃത്വത്തില്‍ ഒരു യോഗം ചേര്‍ന്നു. അതിനുശേഷം നിയമസഭാമന്ദിരത്തിലേക്കു നീങ്ങാന്‍ ശ്രമിച്ച പ്രകടനക്കാരെ പോലീസ് തടയുകയും തുടര്‍ന്ന് ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തു. ഇതില്‍ പ്രതിഷേധിക്കാനായി ഒ. 18 - ന് വീണ്ടും രാജേന്ദ്രമൈതാനത്തു വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ യോഗം ചേരുകയുണ്ടായി. പ്രജാമണ്ഡലം നേതാവായ കെ. ഡബ്ള്യു. മുരളീധരമാരാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഈ യോഗത്തിലും പൊലീസ് ഇടപെട്ടു. ചില പ്രജാമണ്ഡലം പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തതോടെ ജനക്കൂട്ടം പൊലീസിനെതിരായി മുദ്രാവാക്യങ്ങള്‍ മുഴക്കി. തുടര്‍ന്ന് പൊലീസ് ജനക്കൂട്ടത്തിനു നേരം ലാത്തിച്ചാര്‍ജ് നടത്തി. പൊലീസ് ലാത്തിച്ചാര്‍ജിനെക്കുറിച്ച് പരസ്യാന്വേഷണം വേണമെന്ന ആവശ്യം വിവിധ കേന്ദ്രങ്ങളില്‍ നിന്നുണ്ടായി. പ്രധാനമന്ത്രി പനമ്പിള്ളി ഇതിനനുകൂലമായിരുന്നു. രാജാവിനെ സന്ദര്‍ശിച്ച് ഇക്കാര്യം അദ്ദേഹം ഉന്നയിക്കുകയും ചെയ്തു. എന്നാല്‍ ടി. കെ നായരുടെ ഉപദേശപ്രകാരം രാജാവ് പരസ്യാന്വേഷണത്തിനു വിമുഖനായി കാണപ്പെട്ടു. തുടര്‍ന്ന് പനമ്പിള്ളിയുടെ നേതൃത്വത്തിലുണ്ടായിരുന്ന മന്ത്രിസഭ ഒ. 21-നു രാജിവച്ചു.

പനമ്പിള്ളിയുടെ രാജിക്കുശേഷം പ്രോഗ്രസ്സീവ് കക്ഷി നേതാവായ ടി.കെ. നായര്‍, നാഷണലിസ്റ്റ് കക്ഷിക്കാരായ പറമ്പി ലോനപ്പന്‍, കെ. ബാലകൃഷ്ണമേനോന്‍ എന്നിവര്‍ ഉള്‍പ്പെട്ട പുതിയൊരു മന്ത്രിസഭ ഒ. 27-ന് അധികാരമേറ്റു. ടി.കെ നായരായിരുന്നു പ്രധാനമന്ത്രി. രാജേന്ദ്രമൈതാനസംഭവത്തെക്കുറിച്ചു പരസ്യാന്വേഷണം വേണമെന്ന ആവശ്യം നിയമസഭയ്ക്കകത്തും പുറത്തും പ്രജാമണ്ഡലം ശക്തമായി ഉന്നയിച്ചു. കൊച്ചിയുടെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിക്കപ്പെട്ട പ്രജാമണ്ഡലയോഗങ്ങളില്‍ ഈ ആവശ്യം ആവര്‍ത്തിക്കപ്പെട്ടു. പ്രജാമണ്ഡലം അധികാരത്തിലിരുന്ന കാലത്തു നടപ്പാക്കിയ വിവിധ പരിഷ്കാരങ്ങളെയും ജനക്ഷേമനടപടികളെയും ഈ യോഗങ്ങളില്‍ വിശദീകരിക്കുകയുണ്ടായി. രാജേന്ദ്രമൈതാന സംഭവത്തിന്റെ പേരില്‍ മന്ത്രിസഭയ്ക്കെതിരായി പനമ്പിള്ളി ഒരവിശ്വാസപ്രമേയം കൊണ്ടുവന്നെങ്കിലും വോട്ടിനിട്ടപ്പോള്‍ പരാജയപ്പെടുകയാണുണ്ടായത്.

ഇക്കാലത്തു നടന്ന പ്രമുഖമായ ഒരു സാമൂഹിക പരിഷ്കരണ പ്രസ്ഥാനത്തിലും പ്രജാമണ്ഡലം മുന്നിട്ടു നിന്നു പ്രവര്‍ത്തിച്ചു. ചേന്നമംഗലത്തെ പ്രസിദ്ധമായ പാലിയം തറവാടിന്റെ മുന്നിലുള്ള റോഡിലൂടെ അവര്‍ണര്‍ക്കും അഹിന്ദുക്കള്‍ക്കും നടക്കാന്‍ അനുവാദമുണ്ടായിരുന്നില്ല. പഴയ കൊച്ചിയിലെ പ്രധാന മന്ത്രിമാരായിരുന്ന പാലിയത്തച്ചന്മാരുടെ തറവാടായിരുന്നു പാലിയം. ഇന്ത്യ സ്വതന്ത്രമായതിനു ശേഷവും ഇത്തരമൊരു വിലക്ക് നിലനില്‍ക്കുന്നതില്‍ പ്രതിഷേധിച്ച് പ്രജാമണ്ഡലം, കമ്യൂണിസ്റ്റ് പാര്‍ട്ടി, എസ്. എന്‍. ഡി.പി. യോഗം എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ 'പാലിയം സത്യാഗ്രഹം' ആരംഭിച്ചു. തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് നേതാവായ സി. കേശവന്‍ 1947 ഡി. 4-ന് ചേന്നമംഗലത്തു ചേര്‍ന്ന ഒരു പൊതുയോഗത്തില്‍ വച്ച് പാലിയം സത്യഗ്രഹം ഉദ്ഘാടനം ചെയ്തു. സത്യഗ്രഹത്തെ ഗവണ്‍മെന്റ് ശക്തമായി നേരിട്ടു. പൊലീസ് മര്‍ദനമേറ്റ് എ.ജി വേലായുധന്‍ എന്നൊരു സ്വാതന്ത്യ്രസമരഭടന്‍ മരിക്കുകയും ചെയ്തു. തുടര്‍ന്ന് സത്യഗ്രഹം താത്കാലികമായി നിര്‍ത്തിവയ്ക്കപ്പെട്ടു. 1948 ഏപ്രിലില്‍ കൊച്ചിയില്‍ ക്ഷേത്രപ്രവേശനം അനുവദിച്ചതോടെ പാലിയം റോഡില്‍ എല്ലാവര്‍ക്കും സഞ്ചാരസ്വാതന്ത്ര്യം ലഭ്യമായി.

ക്ഷേത്രപ്രവേശന രംഗത്തും പ്രജാമണ്ഡലം ശ്രദ്ധിച്ചിരുന്നു. കൊച്ചിയിലെ ക്ഷേത്രപ്രവേശനവിളംബരത്തിന്റെ പരിധിയില്‍ നിന്ന് തൃപ്പൂണിത്തുറ ശ്രീപൂര്‍ണത്രയീശക്ഷേത്രം ഒഴിവാക്കിയിരുന്നു. ക്ഷേത്രപ്രവേശന വിളംബരത്തെ പ്രജാമണ്ഡലം സ്വാഗതം ചെയ്തെങ്കിലും പൂര്‍ണത്രയീക്ഷേത്രത്തെ അതില്‍ നിന്നൊഴിവാക്കിയതിനെ നിശിതമായി വിമര്‍ശിച്ചു. പ്രസ്തുത ക്ഷേത്രവും വിളംബരത്തിന്റെ പരിധിയില്‍ വരുത്തണമെന്ന് ഒരു പ്രമേയത്തിലൂടെ ആവശ്യപ്പെടുകയും ചെയ്തു.

1948 ഏ. 13-ന് കൊച്ചിനിയമസഭ രാജാവ് പിരിച്ചുവിട്ടു. എങ്കിലും ടി. കെ. നായരുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരത്തില്‍ തുടര്‍ന്നിരുന്നു. 1948 സെപ്. 8,11 തീയതികളില്‍ നിയമസഭയിലേക്കു പ്രായപൂര്‍ത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പു നടത്തപ്പെട്ടു. ടി. കെ. നായരും കെ. ബാലകൃഷ്ണമേനോനും മറ്റും പുതുതായി രൂപവത്കരിക്കപ്പെട്ട പീപ്പിള്‍സ് കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന് പ്രജാമണ്ഡലത്തിനെതിരായി മത്സരിച്ചു. ആകെയുണ്ടായിരുന്ന 53 സീറ്റുകളില്‍ 51-ലും പ്രജാമണ്ഡലം മത്സരിച്ചിരുന്നു. 43 സീറ്റുകളില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ വിജയിക്കുകയുണ്ടായി. തുടര്‍ന്ന് ടി.കെ നായര്‍ തന്റെ മന്ത്രിസഭയുടെ രാജി സമര്‍പ്പിച്ചു. ഇ. ഇക്കണ്ടവാര്യര്‍ പ്രജാമണ്ഡലത്തിന്റെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ടു. സെപ് . 20-ന് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരമേറ്റു. പനമ്പിള്ളി ഗോവിന്ദമേനോന്‍, കെ. അയ്യപ്പന്‍, സി.എ ഔസേപ്പ് എന്നിവരായിരുന്നു മന്ത്രിമാര്‍.

1948 ന. 27-ന് ആലുവയില്‍ ചേര്‍ന്ന കെ.പി.സി.സി. യോഗം കൊച്ചി രാജ്യപ്രജാമണ്ഡലവും തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ ലയിക്കുന്നതു സംബന്ധിച്ച് ഒരു തീരുമാനമെടുത്തു. പ്രജാമണ്ഡലം കമ്മിറ്റി അംഗങ്ങളും കൊച്ചിയിലെ കെ.പി.സി.സി അംഗങ്ങളും കൊച്ചി ജില്ലാകോണ്‍ഗ്രസ് കമ്മിറ്റിയാകുമെന്നും നിശ്ചയിക്കപ്പെട്ടു. ഇതോടെ ഒരു രാഷ്ട്രീയപ്പാര്‍ട്ടി എന്ന നിലയിലുള്ള കൊച്ചിരാജ്യപ്രജാമണ്ഡലത്തിന്റെ പ്രസക്തിയും നിലനില്പും അവസാനിച്ചു.

(പ്രൊഫ. പി.വി. പോള്‍സണ്‍; ഡോ. കെ.കെ. കുസുമന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍