This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൊച്ചിന്‍ ഷിപ്പ് യാഡ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൊച്ചിന്‍ ഷിപ്പ് യാഡ്

ഇന്ത്യയിലെ രണ്ടാമത്തെ കപ്പല്‍നിര്‍മാണ കേന്ദ്രം. 1956 -ല്‍ത്തന്നെ ഇന്ത്യയില്‍ രണ്ടാമത്തെ കപ്പല്‍നിര്‍മാണകേന്ദ്രം സ്ഥാപിക്കണമെന്ന് ഇന്ത്യാഗവണ്‍മെന്റ് തീരുമാനിച്ചിരുന്നു. എന്നാല്‍ 1959 നവംബറിലാണ് ഈ നിര്‍മാണകേന്ദ്രം കൊച്ചിയില്‍ സ്ഥാപിക്കണമെന്നു തീരുമാനിച്ചത്. ജപ്പാനിലെ മിസ്തുബിഷി ഹെവി ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ സാങ്കേതിക സഹകരണത്തോടെയാണ് ഇത് സ്ഥാപിക്കുന്നതിനാവശ്യമായ പ്രോജക്റ്റുകള്‍ തയ്യാറാക്കിയത്. 1970- ല്‍ ആരംഭിച്ച പ്രോജക്റ്റ് 1972 വരെ ഇന്ത്യാഗവണ്‍മെന്റിന്റെ ഒരു വകുപ്പായി പ്രവര്‍ത്തനം നടത്തിവന്നു. ഇന്ത്യന്‍ കമ്പനി നിയമവ്യവസ്ഥകളനുസരിച്ച് 1972 മാ. 29-ന് ഈ സ്ഥാപനം രജിസറ്റര്‍ ചെയ്യപ്പെട്ടു. 1972 ഏ. 29- ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഹള്‍ ഷോപ്പ് കോംപ്ലക്സിനു ശിലാസ്ഥാപനം നിര്‍വഹിച്ചു. ഗ്ലാസ്ഗോയിലെ സ്കോട്ട് ലിഗ്ത്തോ ലിമിറ്റഡ് ആണ് കപ്പല്‍ നിര്‍മാണത്തിനാവശ്യമായ രൂപകല്പന തയ്യാറാക്കിയതും തൊഴിലാളികള്‍ക്കു പരിശീലനം നല്‍കിയതും. 75,000 DWT യുള്ള 'റാണിപദ്മിനി' എന്ന പനാമാക്സ് ടൈപ്പ് ബള്‍ക്ക് കാരിയര്‍ ടൈപ്പ് കപ്പലിന് പ്രധാനമന്ത്രി 1976 ഫെ. 11-ന് കീലിടില്‍ കര്‍മം നിര്‍വഹിക്കുകയുണ്ടായി. കപ്പല്‍നിര്‍മാണത്തിനും കപ്പലുകളുടെ കേടുപാടുകള്‍ തീര്‍ക്കുന്നതിനും ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സൗകര്യമുള്ളത് കൊച്ചിന്‍ ഷിപ്പ്യാഡിലാണ്.

കൊച്ചിന്‍ ഷിപ്പ് യാഡ്

കൊച്ചിന്‍ ഷിപ്പ്യാഡിലെ ബില്‍ഡിങ് ഡോക്കിന്റെ ഡ്രൈ ഡോക്ക് 255 മീ.x43 മീ.x9 മീ. വലുപ്പമുള്ളതാണ്. 85,000 ഉണഠ വരെയുളള കപ്പലുകള്‍ നിര്‍മിക്കുന്നതിന് ഇതില്‍ സൌകര്യമുണ്ട്. ഒരു വര്‍ഷം 75,000 DWT യുള്ള രണ്ടു കപ്പലുകള്‍ നിര്‍മിക്കാന്‍ ഈ ഡോക്കിനു ശേഷിയുണ്ട്. 270 മീ.x44.8 മീ.x12 മീ. വലുപ്പമുള്ള റിപ്പയറിങ് ഡോക്കില്‍ 1,00,000 DWT വരെയുള്ള കപ്പലുകളുടെ കേടുപാടുകള്‍ തീര്‍ക്കാന്‍ കഴിയുന്നു. സ്കോട്ട് ലിഗ്ത്തോ ലിമിറ്റഡിന്റെ ഡിസൈന്‍ അനുസരിച്ചുള്ള 75,000 DWT കപ്പലുകള്‍ നിര്‍മ്മിക്കുന്നതിനു പുറമേ 35,000/45,000 DWT കപ്പലുകള്‍ നിര്‍മിക്കുന്നതിന് കൊച്ചിന്‍ ഷിപ്പ്യാഡിനു സ്വന്തമായുള്ള രൂപകല്പനയുമുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ ഡ്രൈഡോക്കിങ് സൗകര്യമുള്ള കൊച്ചിന്‍ ഷിപ്പ്യാഡിനു പ്രതിവര്‍ഷം 10,00,000 GRT വലുപ്പമുള്ള കപ്പലുകളുടെ കേടുപാടുകള്‍ തീര്‍ക്കാന്‍ കഴിയും.

കൊച്ചിന്‍ ഷിപ്പ്യാഡില്‍ കപ്പല്‍നിര്‍മാണത്തിനു പുറമേ ഡിസ്റ്റ്രക്റ്റീവ് - നോണ്‍ ഡിസ്റ്റ്രക്റ്റീവ് ടെസ്റ്റിങ്, കെമിക്കല്‍ അനാലിസിസ്, ഫീല്‍ഡ് ടെസ്റ്റിങ്, സ്ട്രക്ച്ചറല്‍ ഫാബ്രിക്കേഷന്‍, കംപ്യൂട്ടര്‍ എന്നീ സൗകര്യങ്ങളുമുണ്ട്. റാണി പദ്മിനിക്കു പുറമേ മറ്റു മൂന്നു കപ്പലുകളും നിര്‍മിച്ചു പുറത്തിറക്കുകയുണ്ടായി. 2,200 തൊഴിലാളികളാണ് ഇവിടെ പ്രവര്‍ത്തിയെടുക്കുന്നത്. ജപ്പാനിലെ കപ്പല്‍ നിര്‍മാണ ശാലകളോടു കിടപിടിക്കത്തക്ക ഉത്പാദനക്ഷമതയും ഗുണനിലവാരവും ഇവിടെയുള്ളതുകൊണ്ട് തൊഴില്‍ശക്തി വളരെ കുറയ്ക്കാന്‍ കൊച്ചിന്‍ ഷിപ്പ്യാഡിനു കഴിഞ്ഞിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍