This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൊച്ചിന്‍ റിഫൈനറീസ് ലിമിറ്റഡ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൊച്ചിന്‍ റിഫൈനറീസ് ലിമിറ്റഡ്

പെട്രോളിയം ഉത്പന്നങ്ങള്‍ ശുദ്ധീകരിച്ചെടുക്കുന്നതിനുവേണ്ടി ഇന്ത്യാഗവണ്‍മെന്റ് നടത്തുന്ന സ്ഥാപനം. യു.എസ്സിലെ (ഒക്ലഹോമ) ഫിലിപ്സ് പെട്രോളിയം കമ്പനി ഒഫ് ബാര്‍ട്ടില്‍സ്വില്ലെ, കൊല്‍ക്കൊത്തയിലെ ഡങ്കന്‍ ബ്രദേഴ്സ് ആന്‍ഡ് കമ്പനി ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളുമായി 1963 ഏ. 27-ന് ഏര്‍പ്പെട്ട കരാറിന്റെ അടിസ്ഥാനത്തില്‍ 1963 സെപ്. 6-ന് കൊച്ചിയില്‍ ആരംഭിച്ച ഈ പൊതു ക്ലിപ്ത കമ്പനി ഇന്ത്യയില്‍ പൊതുമേഖലയിലുള്ള നാലാമത്തെ എണ്ണ ശുദ്ധീകരണശാലയാണ്. ഏഴുകോടി രൂപ അധികൃത മൂലധനമുള്ള ഈ സ്ഥാപനത്തിന്റെ ഓഹരിയുടെ 52.83 ശതമാനം ഇന്ത്യാഗവണ്‍മെന്റിനും 26.43 ശതമാനം ഫിലിപ്സ് പെട്രോളിയം കമ്പനിക്കുമാണ്. കേരളാ ഗവണ്‍മെന്റിനും ലൈഫ് ഇന്‍ഷ്വറന്‍സ് കോര്‍പ്പറേഷന്‍ ഒഫ് ഇന്ത്യയ്ക്കും ജനറല്‍ ഇന്‍ഷ്വറന്‍സ് കോര്‍പ്പറേഷനും ഈ സ്ഥാപനത്തില്‍ ഓഹരികളുണ്ട്.

പ്രതിദിനം 50,000 ബാരല്‍ (പ്രതിവര്‍ഷം 2.5 ദശലക്ഷം ടണ്‍) ലൈറ്റ് ഇറാനിയന്‍ അഘജാരി ക്രൂഡ് ഓയില്‍ സംസ്കരിക്കുക എന്നതായിരുന്നു 1966-ലെ ലക്ഷ്യം. 1973 സെപ്തംബറില്‍ ഈ സ്ഥാപനത്തിന്റെ സംസ്കരണശേഷി പ്രതിവര്‍ഷം 3.3 ദശലക്ഷം ടണ്‍ (പ്രതിദിനം 66,000 ബാരല്‍) ആയി വര്‍ധിപ്പിച്ചു.

കൊച്ചിന്‍ റിഫൈനറീസ് ലിമിറ്റഡ് - അമ്പലമുകള്‍

ഇപ്പോള്‍ ലൈറ്റ് ഇറാനിയന്‍ അഘജാരി എണ്ണയ്ക്കു പുറമേ മറ്റു പലതരം എണ്ണകളും ഇവിടെ സംസ്കരിക്കപ്പെടുന്നുണ്ട്. 1977 നവംബര്‍ മുതല്‍ മുംബൈ ഹൈയില്‍ നിന്ന് കിട്ടുന്ന ക്രൂഡ് ഓയിലും ഇവിടെ ശുദ്ധീകരിക്കപ്പെടുന്നു. അസംസ്കൃതവസ്തുവായ ക്രൂഡ് ഓയില്‍ ലഭ്യമാക്കുന്നത് ഇന്ത്യാഗവണ്‍മെന്റാണ്. ഷിപ്പിങ് കോര്‍പ്പറേഷന്‍ ഒഫ് ഇന്ത്യ വഴി എറണാകുളം ജെട്ടിയില്‍ എത്തുന്ന ക്രൂഡ് ഓയില്‍ സു. 15 സെ.മീ. വ്യാസമുള്ള പൈപ്പ്ലൈന്‍ വഴി 12 കി.മീ. ദൂരത്തുള്ള റിഫൈനറിയുടെ സ്റ്റോറേജ് ടാങ്കുകളിലെത്തുന്നു.

റിഫൈനറിയില്‍ മോട്ടോര്‍ സ്പിരിറ്റ്, നാഫ്താ, മണ്ണെണ്ണ, ഹൈ സ്പീഡ് ഡീസല്‍, ലൈറ്റ് ഡീസല്‍ ഓയില്‍, ഫര്‍ണസ് ഓയില്‍, ലിക്വിഫൈഡ് പെട്രോളിയം ഗ്യാസ് (പാചകത്തിനു വേണ്ടിയുള്ള ഗ്യാസ്), ആസ്ഫാള്‍ട്ട്, ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവല്‍ എന്നിവ നിര്‍മിക്കപ്പെടുന്നു. ഇവയെല്ലാം ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് വഴിയാണ് വിതരണ ചെയ്യപ്പെടുന്നത്. കേരളത്തിനാവശ്യമായ എല്ലാ പെട്രോളിയം ഉത്പന്നങ്ങളും ഇവിടെ ഉത്പാദിപ്പിക്കപ്പെടുന്നു. തമിഴ്നാട്, കര്‍ണാടകം എന്നീ സംസ്ഥാനങ്ങള്‍ക്കുള്ള പെട്രോളിയം ഉത്പന്നങ്ങളുടെ ഒരു ഭാഗവും കൊച്ചിന്‍ റിഫൈനറി നല്കുന്നുണ്ട്. കൊച്ചിന്‍ റിഫൈനറിക്ക് ഒമ്പതു സംസ്കരണ വിഭാഗങ്ങളുണ്ട്. ക്രൂഡ് യൂണിറ്റ്, നാഫ്താ ഹൈഡ്രോ ഡിസള്‍ഫറൈസേഷന്‍ യൂണിറ്റ്, കെറസിന്‍ ഹൈഡ്രോ ഡിസള്‍ഫറൈസേഷന്‍ യൂണിറ്റ്, റിഫോര്‍മര്‍ യൂണിറ്റ്, എല്‍.പി.ജി. യൂണിറ്റ്, കെറസിന്‍ ഹൈഡ്രോ ഡിസള്‍ഫറൈസേഷന്‍ യൂണിറ്റ്, വിസ്ബ്രേക്കര്‍ യൂണിറ്റ്, വാക്വം ഓക്സിഡൈസര്‍ യൂണിറ്റ്, കാസ്റ്റിക് വാഷ് മെറോക്സ് ട്രീറ്റ്മെന്റ് യൂണിറ്റ്, യൂട്ടിലിറ്റീസ് (3 ബോയ്ലര്‍കള്‍) ഇവയ്ക്കൊട്ടാകെ മണിക്കൂറില്‍ 60 ടണ്‍ സ്റ്റീം പ്രഷര്‍ശേഷിയുണ്ട്.

ഇപ്പോള്‍ പുതിയ ചില ഉത്പാദനപരിപാടികള്‍ റിഫൈനറി ആവിഷ്കരിച്ചിട്ടുണ്ട്. സെക്കന്‍ഡറി പ്രോസസിങ് സ്കീമിന്റെ ഭാഗമായി 116.60 കോടി രൂപ ചെലവുവരുന്ന ദശലക്ഷം ടണ്‍ ഫ്ളൂയിഡ് കാറ്റലിറ്റിക് ക്രാക്കിങ് യൂണിറ്റ് സ്ഥാപിക്കാനുദ്ദേശിക്കുന്നുണ്ട്. എണ്ണ ശുദ്ധീകരണശാലയുടെ പ്രതിവര്‍ഷസംസ്കരണശേഷി 3.3 ദശലക്ഷം ടണ്ണില്‍നിന്ന് 4.5 ദശലക്ഷം ടണ്‍ ആയി വര്‍ധിപ്പിക്കാനും ഉദ്ദേശിക്കുന്നു. ഇതിന് 15.56 കോടി രൂപ ചെലവുവരും. സെക്കന്‍ഡറി പ്രോസസ്സിങ് സ്കീമിനുവേണ്ട സാങ്കേതിക സഹായത്തിന് എന്‍ജിനിയേഴ്സ് ഇന്ത്യാ ലിമിറ്റഡ്, യു.എസ്സിലെ യൂണിവേഴ്സല്‍ ഓയില്‍ പ്രോഡക്ട്സ് എന്നീ സ്ഥാപനങ്ങളുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. സെക്കന്‍ഡറി പ്രോസസ്സിങ് സ്കീം, ശേഷി വികസന സ്കീം എന്നിവയ്ക്കുവേണ്ട സജ്ജീകരണങ്ങള്‍ 1984 ഫെ. 28-ന് പൂര്‍ത്തിയായി. ഈ പുതിയ പ്രോജക്റ്റുകള്‍ക്കാവശ്യമായ ജലം ലഭ്യമാക്കുന്നതിന് കേരള സര്‍ക്കാര്‍ 4.5 കോടി രൂപ മുതല്‍മുടക്കി രാമമംഗലം ജലവിതരണപദ്ധതി നടപ്പിലാക്കുന്നുണ്ട്. ഇന്ത്യാഗവണ്‍മെന്റും ലോകബാങ്കും നല്കുന്ന വായ്പ കൊണ്ടാണ് പ്രോജക്റ്റുകള്‍ നടത്താനുദ്ദേശിക്കുന്നത്. ഇന്ത്യയിലെ എണ്ണ ശുദ്ധീകരണശാലകളുടെ വികസനത്തിനുവേണ്ടി ലോകബാങ്ക് അനുവദിച്ച 20 കോടി ഡോളറില്‍ കൊച്ചിന്‍ റിഫൈനറീസിന് 3.5 കോടി ഡോളര്‍ ലഭിക്കും. ബെന്‍സീന്‍ എക്സ്ട്രാക്ഷന്‍ പ്ളാന്റ്, ഡിലേയ്ഡ് കോക്കിങ് യൂണിറ്റ് എന്നിവ സ്ഥാപിക്കുന്നതിനുവേണ്ടി 141 കോടി രൂപ ചെലവുവരുന്ന രണ്ടു പദ്ധതികളും ഇന്ത്യാഗവണ്‍മെന്റിനു സമര്‍പ്പിച്ചിട്ടുണ്ട്. 1981-82 വരെയുള്ള മുതല്‍മുടക്ക് 39.11 കോടി രൂപയാണ്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഈ ശുദ്ധീകരണശാലയുടെ വിറ്റുവരവില്‍ വമ്പിച്ച പുരോഗതിയുണ്ടായിട്ടുണ്ട്. 1978-79 ല്‍ വിറ്റുവരവ് 254.41 കോടി രൂപയായിരുന്നു. 1981-82 ല്‍ ഇത് 772.35 കോടി രൂപയായി ഉയര്‍ന്നു. നികുതി കഴിക്കാതെയുള്ള ലാഭം 1978-79, 1981-82 എന്നീ വര്‍ഷങ്ങളില്‍ യഥാക്രമം 5.74 കോടി രൂപയും 15.87 കോടി രൂപയുമായിരുന്നു. ഓഹരിയുടമകള്‍ക്ക് 1981-82 ല്‍ 72.38 ശ.മാ. ഡിവിഡന്റ് നല്കുകയുണ്ടായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍