This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൊച്ചിന്‍ കോണ്‍ഗ്രസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൊച്ചിന്‍ കോണ്‍ഗ്രസ്

കൊച്ചിയില്‍ 1937-ല്‍ രൂപംകൊണ്ട രാഷ്ട്രീയസംഘടനകളില്‍ ഒന്ന്. രാഷ്ട്രീയപ്രബുദ്ധത കൊച്ചിനിവാസികളില്‍ പ്രബലമായിരുന്ന കാലഘട്ടത്തിലാണ് ഡോ. പട്ടാഭി സീതാരാമയ്യ തൃശൂരില്‍ വന്ന് 1937 ന. 21-ന് ഒരു പൊതുയോഗത്തില്‍ അധ്യക്ഷത വഹിച്ചുകൊണ്ട് ദേശസ്നേഹികളാകാന്‍ ജനങ്ങളെ ഉദ്ബോധിപ്പിച്ചത്. അതിനെത്തുടര്‍ന്ന് ഉത്സാഹഭരിതരായ രാഷ്ട്രീയപ്രവര്‍ത്തകര്‍ ഉത്തരവാദഭരണലക്ഷ്യം നേടുന്നതിനു പ്രചാരണം ആരംഭിച്ചു. അങ്ങനെ കൊച്ചിയില്‍ രണ്ടു രാഷ്ട്രീയസംഘടനകള്‍ സംജാതമായി; കൊച്ചിന്‍ കോണ്‍ഗ്രസ്സും കൊച്ചിന്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സും.

ഈ സംഘടനകള്‍ക്കു അഖിലേന്ത്യാ കോണ്‍ഗ്രസ് സംഘടനയുമായി ബന്ധമുണ്ടായിരുന്നില്ല. ലക്ഷ്യം ഉത്തരവാദഭരണസമ്പ്രദായം കൊച്ചിയില്‍ നടപ്പാക്കണമെന്നുള്ളതായിരുന്നു. ഇരു കോണ്‍ഗ്രസ്സുകള്‍ തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ നിലനിന്നിരുന്നു. പൂര്‍ണമായും രാഷ്ട്രീയപാര്‍ട്ടികള്‍ മാത്രം ഉള്‍ക്കൊള്ളുന്ന ഉത്തരവാദിത്തഭരണാവകാശം വേണമെന്നു കൊച്ചിന്‍ കോണ്‍ഗ്രസ് ഊന്നിപ്പറഞ്ഞു. എസ്.എന്‍.ഡി.പി. മുതലായ സാമുദായിക സംഘടനകളെ ചേര്‍ക്കുന്ന കാര്യത്തില്‍ ഇവര്‍ ഏകാഭിപ്രായക്കാരായിരുന്നില്ല. ഇരുകൂട്ടരും ഉത്തരവാദിത്തപ്രക്ഷോഭണ സമരപരിപാടികള്‍ ആവിഷ്കരിച്ചിരുന്നു.

1938 ജനു. 17-ന് കൊച്ചിരാജാവ് പരിമിതമായ ഭരണപരിഷ്കാരങ്ങള്‍ വിളംബരം ചെയ്തു. തിരഞ്ഞെടുക്കപ്പെട്ട 38 പേരും നാമനിര്‍ദേശം ചെയ്തിട്ടുള്ള 20 പേരും ചേര്‍ന്ന 58 അംഗങ്ങളുള്ള നിയമസഭയിലെ ഭൂരിപക്ഷകക്ഷിയുടെ പ്രതിനിധിയെ മന്ത്രിയാക്കുവാന്‍ നിശ്ചയിച്ചു. തുടര്‍ന്നുള്ള തിരഞ്ഞെടുപ്പില്‍ കൊച്ചിന്‍കോണ്‍ഗ്രസ് 13-ഉം കൊച്ചിന്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് 12-ഉം സ്വതന്ത്രന്മാരും പുരോഗമന കക്ഷികളുംകൂടി 13-ഉം സീറ്റുകള്‍ നേടി. കൊച്ചിന്‍ കോണ്‍ഗ്രസ് സ്വതന്ത്രന്മാരുടെ പിന്തുണയോടുകൂടി 1938 ജൂണ്‍ 17-ന് മന്ത്രിസഭ രൂപവത്കരിച്ചു. അമ്പാട്ടു ശിവരാമമേനോന്‍ ഗ്രാമോദ്ധാരണമന്ത്രിയായി. ആഗ. 30-നു അദ്ദേഹം മരിച്ചതിനെത്തുടര്‍ന്ന് എ.ആര്‍. മേനോന്‍ മന്ത്രിയായി. കൊച്ചിന്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സും പ്രതിപക്ഷക്കാരും കൂടി 1942 ജനു. 25-ന് അവിശ്വാസപ്രമേയത്തില്‍ക്കൂടി അദ്ദേഹത്തെ പുറത്താക്കി. പകരം ടി.കെ. നായര്‍ മന്ത്രിസ്ഥാനം ഏറ്റെടുത്തു. രണ്ടാം ലോകയുദ്ധം കാരണം നിയമസഭയുടെ കാലാവധി 1945 ജൂല. 11 വരെ നീട്ടി. ഉത്തരവാദഭരണം പൂര്‍ണമായ രീതിയില്‍ നേടിയെടുക്കുന്നതിനു കൊച്ചി രാജ്യനിവാസികള്‍ താത്പര്യം പ്രകടിപ്പിച്ചു. എന്നാല്‍ നാട്ടുരാജ്യങ്ങളില്‍ പ്രത്യേക രാഷ്ട്രീയപ്രക്ഷോഭണപരിപാടികള്‍ക്കു കോണ്‍ഗ്രസ് വിലക്കു കല്പിച്ചു. കൊച്ചിയില്‍ രാഷ്ട്രീയപ്രവര്‍ത്തനങ്ങള്‍ക്കു സ്തംഭനാവസ്ഥ വന്നുചേര്‍ന്നു. നിവാരണമാര്‍ഗമായി രാഷ്ട്രീയപരിപാടികള്‍ നിര്‍വിഘ്നം നടത്തുന്നതിനുവേണ്ടി കൊച്ചിരാജ്യപ്രജാമണ്ഡലം എന്ന ഒരു പുതിയ സംഘടന തൃശൂര്‍ ആസ്ഥാനമാക്കി രംഗപ്രവേശം ചെയ്തതോടെ കൊച്ചിന്‍ കോണ്‍ഗ്രസ്സിനു പ്രസക്തിയില്ലാതെയായി. നോ. കൊച്ചി രാജ്യപ്രജാമണ്ഡലം

(പ്രൊഫ. എ.വി. പോള്‍സന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍