This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൈസര്‍, ജോര്‍ജ് (1878 - 1945)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൈസര്‍, ജോര്‍ജ് (1878 - 1945)

Kaiser, George

ജോര്‍ജ് കൈസര്‍

ജര്‍മന്‍ നാടകകൃത്ത്. 1878 ന. 25-ന് ജര്‍മനിയിലെ മാഗ്ഡെബര്‍ഗില്‍ ഒരു വ്യാപാരിയുടെ മകനായി ജനിച്ചു. 1898-ല്‍ പിതാവിനോടൊപ്പം ബ്യൂണോസ് അയേഴ്സില്‍ വ്യാപാരം ആരംഭിച്ച ഇദ്ദേഹം 1901-ല്‍ ശാരീരികാസ്വാസ്ഥ്യംമൂലം ആ തൊഴില്‍ വിടുകയും നാടകരചനയില്‍ ഏര്‍പ്പെടുകയും ചെയ്തു. അധികം വൈകാതെ ജര്‍മനിയിലെ അഭിവ്യഞ്ജന നാടകപ്രസ്ഥാനത്തിന്റെ പുരോഗാമികളില്‍ ഒരാള്‍ എന്ന നിലയില്‍ അംഗീകാരം നേടുവാന്‍ കൈസര്‍ക്കു സാധിച്ചു. ഏറ്റവും പുതിയ സങ്കേതങ്ങളും ഉജ്ജ്വലമായ സംഭാഷണങ്ങളും നാടകത്തില്‍ സന്നിവേശിപ്പിച്ചുകൊണ്ട് സാമൂഹികവും സാന്മാര്‍ഗികവുമായ പ്രശ്നങ്ങളെ ആധാരമാക്കി കോമഡികളും ഗൌരവയുക്തമായ നാടകങ്ങളും ഇദ്ദേഹം രചിച്ചു. അവ എല്ലാം ഒരുപോലെ വിജയംവരിക്കുകയും ചെയ്തു. ഹിറ്റ്ലറുടെ ഭരണകാലത്ത് (1938) കൈസര്‍കൃതികള്‍ കണ്ടുകെട്ടുകയും ചുട്ടെരിക്കുകയും ചെയ്തു. തുടര്‍ന്ന് കൈസര്‍ സ്വിറ്റ്സര്‍ലണ്ടിലേക്കു .

ഇദ്ദേഹത്തിന്റെ അറുപതു നാടകങ്ങളില്‍ പ്രധാനപ്പെട്ടവ യഹൂദ വിധവ (Die Judische Witwe-1911), ഹെന്റി രാജാവ് ( Konig Hahnrie - 1913), കലെയിലെ നഗരവാസികള്‍ (Die Burger von Calais - 1913), പ്രഭാതം മുതല്‍ അര്‍ധരാത്രിവരെ (Von Morgens Biz Mitternachts- 1916) എന്നിവയാണ്. പവിഴം (Die Koralle- 1917), ഗ്യാസ് I (Gas I 1918), ഗ്യാസ് II (Gas II - 1920) എന്നീ മൂന്നു നാടകങ്ങളും കൈസറിന്റെ ഏറ്റവും ശ്രദ്ധേയമായ രചനകളായി പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. പവിഴം ഒരു കോടീശ്വരന്റെ അധ്യാത്മിക പരിണാമം ചിത്രീകരിക്കുന്നു. ഗ്യാസ് വ്യവസായിക വ്യവസ്ഥിതിയെ കഠിനമായി അപലപിക്കുകയും യന്ത്രത്തിന്റെ ദുഷിച്ച തേര്‍വാഴ്ചയില്‍ നിന്നുള്ള മനുഷ്യവിമോചനത്തിനുവേണ്ടി വാദിക്കുകയും ചെയ്യുന്നു. മതിമതി (Es ist genug - 1932), സിസിലിയിലെ ഗ്രാമം (Villa Aurea - 1940) എന്നിങ്ങനെ രണ്ടു നോവലുകളുടെ കര്‍ത്താവെന്ന നിലയിലും കൈസര്‍ പ്രസിദ്ധനാണ്. യുദ്ധവിരോധം, വ്യവസായവത്കരണം, സൈനികമേധാവിത്വം, മനുഷ്യോചിത ഗുണങ്ങളുടെ പതനഭീതി, ആധ്യാത്മികത പുനരുജ്ജീവിപ്പിക്കാനുള്ള ഉത്കടമായ അഭിലാഷം തുടങ്ങിയവ കൈസര്‍കൃതികളുടെ പ്രതിപാദ്യവിഷയങ്ങളാണ്. ഇദ്ദേഹം 1945 ജൂണ്‍ 5-ന് സ്വിറ്റ്സര്‍ലണ്ടിലെ അസ്കോണയില്‍ നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍