This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൈമാന്‍ ദ്വീപുകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൈമാന്‍ ദ്വീപുകള്‍

Cayman Islands

കരീബിയന്‍ കടലില്‍ വെസ്റ്റിന്‍ഡീസ് മേഖലയില്‍ സ്ഥിതി ചെയ്യുന്ന ഒരു ദ്വീപസമൂഹം. 190 40' വടക്ക് 790 50' പടിഞ്ഞാറ് ഗ്രാന്‍ഡ് കൈമാന്‍, ലിറ്റില്‍ കൈമാന്‍, കൈമാന്‍ ബ്രാക് എന്നീ സാമാന്യം വലിയ ദ്വീപുകളും മറ്റനേകം തുരുത്തുകളും ഉള്‍പ്പെടുന്ന കൈമാന്‍ ദ്വീപസമൂഹമൊട്ടാകെ പവിഴപ്പുറ്റുകളാണ്. മൊത്തം വിസ്തീര്‍ണം: 269 ച.കി.മീ.; തലസ്ഥാനം: ജോര്‍ജ്ടൗണ്‍; ജനസംഖ്യ: 54,878 (2010).

സെവന്‍മൈല്‍ ബീച്ച് - കൈമാന്‍ ദ്വീപ്

ക്രിസ്റ്റഫര്‍ കൊളംബസിന്റെ പര്യടന(1503)ത്തിനിടയില്‍ കണ്ടെത്തിയ ഈ ദ്വീപുകള്‍ക്ക് അദ്ദേഹം കടലാമകളുടെ ആധിക്യം പരിഗണിച്ച് ടര്‍ട്ടുഗാസ് എന്നു പേരിട്ടു. സ്പെയിന്‍കാര്‍ ഈ ദ്വീപുകളെ പാടെ വിഗണിക്കുകയാണുണ്ടായത്. 18-ാം ശതകത്തില്‍ ജമേക്കയില്‍ ആധിപത്യമുറപ്പിച്ച ബ്രിട്ടീഷുകാര്‍ ഈ ദ്വീപുകളില്‍ ആദ്യമായി കുടിയേറി. ജമേക്ക സ്വതന്ത്രമായപ്പോള്‍ കൈമാന്‍ ദ്വീപുകള്‍ ആ രാജ്യത്തിന്റെ അധീനപ്രദേശമായിത്തീര്‍ന്നു. 1959-ല്‍ കൈമാന്‍ ദ്വീപുകള്‍ക്ക് സ്വയംഭരണാധികാരം നല്കപ്പെട്ടു. തിരഞ്ഞെടുപ്പിലൂടെ രൂപംകൊള്ളുന്ന ജനപ്രതിനിധി സഭയുടെ ശിപാര്‍ശകളനുസരിച്ച് ജമേക്കയിലെ ഗവര്‍ണറാല്‍ ഭരിക്കപ്പെടുന്ന ഒരു വ്യവസ്ഥയാണ് ഇപ്പോഴുള്ളത്. ജനങ്ങളില്‍ 85 ശതമാനവും ക്രിസ്തുമതക്കാരാണ്. ബുദ്ധിസം, ഇസ്ലാം, ഹിന്ദുമതം തുടങ്ങിയവയാണ് കൈമാന്‍ ദ്വീപിലെ ഇതര മതവിഭാഗങ്ങള്‍.

ജോര്‍ജ്ടൗണ്‍

ജമേക്കയ്ക്ക് 304 കി.മീ. വടക്കു പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ഗ്രാന്‍ഡ് കൈമാനാണ് കൈമാന്‍ ദ്വീപസമൂഹത്തിലെ ഏറ്റവും വലിയ ദ്വീപ്. 35 കി.മീ. നീളവും 6-13 കി.മീ. വീതിയുമുള്ള ഈ ദ്വീപിലാണ് കൈമാനിലെ ജനങ്ങളില്‍ 80 ശതമാനവും വസിക്കുന്നത്. തലസ്ഥാനമായ ജോര്‍ജ്ടൗണിനു പുറമേ ബോഡന്‍ ടൌണ്‍ എന്ന മറ്റൊരു പട്ടണവും ഈ ദ്വീപിലുണ്ട്. ഗ്രാന്‍ഡ് കൈമാനിന് വടക്കു കിഴക്ക് 96 മുതല്‍ 144 വരെ കി. മീ. അകലെയായി ചിതറിക്കിടക്കുന്നവയാണ് കൈമാന്‍ ദ്വീപസമൂഹത്തിലെ മറ്റു ദ്വീപുകള്‍. ഇവയില്‍ കൈമാന്‍ ബ്രാക്, മധ്യഭാഗത്ത് എഴുന്നു നില്ക്കുന്ന ഭീമാകാരമായ വെള്ളക്കുന്നുമൂലം വിദൂരത്തു നിന്നുപോലും വേര്‍തിരിച്ചറിയാവുന്നതാണ്. കുന്നിലെ ചുണ്ണാമ്പുപാറകളാണ് വെളുപ്പുനിറത്തിനു നിദാനം. കൈമാന്‍ ദ്വീപുകളില്‍ നദികള്‍ ഇല്ലെന്നുതന്നെ പറയാം. കടലോരങ്ങള്‍ ചെങ്കുത്തായ പാറക്കെട്ടുകളും വിള്ളലുകളും നിറഞ്ഞു സങ്കീര്‍ണപ്രകൃതിയുള്ളവയാണ്. ദ്വീപുകളുടെ ഉള്‍ഭാഗം പൊതുവേ താണനിലങ്ങളാണ്.

കൈമാന്‍ ദ്വീപുകളിലെ പ്രധാന സസ്യവര്‍ഗം വിവിധയിനം പനകളാണ്. പനനാരു പിരിച്ചുണ്ടാക്കുന്ന ബലമേറിയ കയറുകളും വടങ്ങളും കയറ്റിഅയയ്ക്കുന്നതില്‍ ഈ ദ്വീപുകള്‍ പ്രസിദ്ധി നേടിയിരിക്കുന്നു. ആമയിറച്ചിയും ആമത്തോടുകൊണ്ടുള്ള കൗതുക വസ്തുക്കളുമാണ് മറ്റൊരു കയറ്റുമതിയിനം. യു.എസ്, ജമേക്ക എന്നീ രാജ്യങ്ങളാണ് പ്രധാന വാണിജ്യപങ്കാളികള്‍. കടലാമബന്ധനം ഈ ദ്വീപുകളിലെ മുന്തിയ ഉപജീവനമാര്‍ഗമാണ്. വരുമാനമാര്‍ഗങ്ങളില്‍ ഏറ്റവും മികച്ചത് ടൂറിസമാണ്. വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി ഗതാഗതസൌകര്യങ്ങളും ഹോട്ടല്‍ വ്യവസായവും ശ്രദ്ധാപൂര്‍വം അഭിവൃദ്ധിപ്പെടുത്തിയിരിക്കുന്നു. ഗ്രാന്‍ഡ് കൈമാനിലെ ഓവര്‍ റോബര്‍ട്ട്സ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നു കിങ്സ്ടണ്‍, മിയാമി, സാന്‍ജോസ്, പനാമാ സിറ്റി തുടങ്ങിയ വന്‍കിടനഗരങ്ങളിലേക്ക് പതിവായി വിമാന സര്‍വീസുകളുണ്ട്. പ്രകൃതിസുന്ദരമായ കൈമാന്‍ ബ്രാക്ദ്വീപിലും വിമാനമിറങ്ങുന്നതിനുള്ള സൌകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

(എന്‍.ജെ.കെ.നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍