This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൈതച്ചക്ക

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൈതച്ചക്ക

Pineapple

വളരെയധികം പ്രചാരമുള്ള ഒരു ഉഷ്ണമേഖലാഫലം. ഇതിനെ നമ്മുടെ നാട്ടില്‍ പുറുത്തിച്ചക്ക എന്നും കൈതയെ പുറുത്തിച്ചെടി എന്നും വിളിക്കുന്നു. ബ്രൊമിലീയേസി സസ്യകുടുംബത്തില്‍പ്പെടുന്ന കൈതയുടെ ശാ. നാ.: അനനാസ് കോമോസസ് (Ananas comosus) എന്നാണ്. തെക്കെ അമേരിക്കന്‍ ഉഷ്ണമേഖലയിലാണ് കൈതച്ചെടി ഉദ്ഭവിച്ചതെന്ന് കരുതപ്പെടുന്നു.

വര്‍ഷംമുഴുവന്‍ നല്ല മഴയും 16° C-നും 32° C -നും ഇടയില്‍ അന്തരീക്ഷതാപനിലയും ഉള്ള സ്ഥലങ്ങളില്‍ ആണ് കൈത സമൃദ്ധമായി വളരുന്നത്. റബ്ബര്‍ കഴിഞ്ഞാല്‍ രാജ്യാന്തരവിപണിയില്‍ ഏറ്റവും പ്രചാരമുള്ളത് കൈതച്ചക്കയ്ക്കും അതിന്റെ ഉത്പന്നങ്ങള്‍ക്കുമാണ്. വളരെ നൂറ്റാണ്ടുകള്‍ക്കുമുമ്പുതന്നെ തെക്കേ അമേരിക്കക്കാര്‍ ആഹാരത്തിനും ചില ഔഷധങ്ങള്‍ക്കും ഒരുതരം മദ്യം തയ്യാറാക്കുന്നതിനും വേണ്ടി കൈത കൃഷിചെയ്തുവന്നിരുന്നു. കായിക പ്രവര്‍ധനംമൂലം എളുപ്പത്തില്‍ വംശവര്‍ധനവു നടത്താനും വരള്‍ച്ചയെ അതിജീവിച്ച് വളരാനുമുള്ള കൈതച്ചെടിയുടെ കഴിവും ഇതിന്റെ കൃഷിയുടെ പെട്ടെന്നുള്ള പ്രചാരത്തിനു കാരണമായിത്തീര്‍ന്നു.

കൈതച്ചക്ക

ഫിലിപ്പൈന്‍സ് ആണ് ലോകത്തെ കൈതച്ചക്ക ഉത്പാദനത്തില്‍ മുന്‍പന്തിയിലുള്ളത്. തായ്ലണ്ട്, ഇന്തോനേഷ്യ, ചിലി, ബ്രസീല്‍ എന്നിവിടങ്ങള്‍ക്കു പുറമേ ഇന്ത്യയിലും കൈതച്ചക്ക വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്. കേരളത്തില്‍ എറണാകുളം ജില്ലയിലെ വാഴകുളത്താണ് കൈതച്ചക്കക്കൃഷി വാണിജ്യാടിസ്ഥാനത്തില്‍ വ്യാപകമായി ഉള്ളത്.

കൈത ഒരു ദ്വിവര്‍ഷീയ സസ്യമാണ്. ഏതാനും വര്‍ഷങ്ങള്‍ വളരുന്നയിനങ്ങളും വിരളമല്ല. ഒരു മുഖ്യാക്ഷവും അതില്‍ നിന്ന് ഉദ്ഭവിക്കുന്നതും റോസെറ്റ് ആകൃതിയിലുള്ളതുമായ അനവധി നീണ്ട ഇലകളും അടങ്ങിയതാണ് കൈതച്ചെടിയുടെ കായികഭാഗങ്ങള്‍. ഇതിന്റെ തണ്ടിന് 60-90 സെ.മീ. വരെ നീളംകാണും. ഇലകള്‍ നീണ്ടതും നാരുനിറഞ്ഞതും വാള്‍പോലെ കൂര്‍ത്തതും കടുംപച്ചനിറമുള്ളതും ആണ്. ചിലയിനങ്ങളില്‍ അരികില്‍ മുള്ളുകള്‍ കാണപ്പെടുന്നു. ഇലയ്ക്ക് ഒരു മീറ്ററോ അതിലധികമോ നീളവും 5-7 സെ.മീ. വീതിയും ഉണ്ടാകാറുണ്ട്. ഇലകളുടെ ഉപരിതലം 'V' ആകൃതിയില്‍ പൊഴിരൂപം പൂണ്ടതും അടിഭാഗം കാണ്ഡത്തെ പൊതിഞ്ഞിരിക്കുന്നതുമാണ്. ആദ്യവര്‍ഷത്തെ വളര്‍ച്ചയില്‍ സ്റ്റാര്‍ച്ച് ശേഖരിക്കപ്പെടുന്നതുകൊണ്ട് മുഖ്യാക്ഷത്തിന് വണ്ണംകൂടുന്നു.

ചെടികള്‍ ഒരു വര്‍ഷം വളര്‍ച്ചയെത്തിയശേഷം അഗ്രമുകുളം ഒരു പൂങ്കുലയായി വളരുന്നു. ഇതില്‍ കാണുന്ന അനവധി ഇളംചുവപ്പുനിറമുള്ള പൂക്കള്‍ അവൃന്തീയവും മുഖ്യാക്ഷത്തില്‍ സര്‍പ്പിലവിന്യാസരീതിയില്‍ നിവിഷ്ടവുമാണ്. ഓരോ പുഷ്പത്തെയും പൊതിഞ്ഞ് സൂക്ഷിക്കുവാന്‍ കൂര്‍ത്ത അഗ്രമുള്ള ഓരോ സഹപത്രവും ഉണ്ട്. ഓരോന്നിലും രണ്ടുനിര പരിദളപുടവും കാണപ്പെടുന്നു. രണ്ടു നിരകളിലായി ആറു ദളങ്ങളുണ്ട്. സ്വതന്ത്രങ്ങളായ ഈ ദളങ്ങളില്‍ ബാഹ്യനിരയിലുള്ളവ ചെറുതും ഉള്‍നിരയിലുള്ളവ വലുതുമാണ്. ഉള്‍ഭാഗത്തെ ദളങ്ങളുടെ അടിഭാഗം യോജിച്ച് ഒരു നാളീരൂപം കൈക്കൊള്ളുന്നു. ആറ് സ്വതന്ത്രകേസരങ്ങളുണ്ട്. മൂന്നു ശാഖകളോടുകൂടിയ വര്‍ത്തികാഗ്രമുള്ള നേര്‍ത്ത ഒരു വര്‍ത്തിക കാണപ്പെടുന്നു. അണ്ഡാശയം അധോവര്‍ത്തിയോ അര്‍ധാധോവര്‍ത്തിയോ ആകാം. പരസ്പരം യോജിക്കുന്ന മൂന്നു കാര്‍പ്പലുകളുണ്ട്. ഓരോ കാര്‍പ്പലിലും പത്തുമുതല്‍ പതിനഞ്ചുവരെ അണ്ഡങ്ങളുണ്ടാവും. പൂങ്കുലയിലെ ഏറ്റവും അടിയിലുള്ള പുഷ്പങ്ങള്‍ ആദ്യം വിടരുകയും മുകളിലേക്കുള്ളവ പിന്നീട് ക്രമേണ വിടരുകയും ചെയ്യുന്നു. ഒരു പൂങ്കുലയിലെ എല്ലാ പുഷ്പങ്ങളും വിടരാന്‍ ഏകദേശം മൂന്നാഴ്ചയോളം സമയമെടുക്കും. പുഷ്പങ്ങള്‍ അതിരാവിലെ വിടരുകയും വൈകുന്നതോടെ വാടുകയും ചെയ്യുന്നു. കൃഷിചെയ്യപ്പെടുന്ന മിക്കവാറും എല്ലായിനങ്ങളും സ്വബീജസംയോഗഫലമായി വിത്തുകളുത്പാദിപ്പിക്കാന്‍ പ്രാപ്തമല്ല. കൃഷിയിറക്കുന്ന ഇനങ്ങള്‍ തമ്മിലോ കൃഷിയിറക്കുന്ന ഇനങ്ങളും വന്യങ്ങളായ ഇനങ്ങളും തമ്മിലോ പരപരാഗണവും പരബീജസംയോഗവും നടന്നാല്‍ സമൃദ്ധമായ വിത്തുത്പാദനം ഉണ്ടാകുന്നു. സാധാരണയായി ഹമ്മിങ് ബേഡ്സ് എന്ന ചെറിയ കിളികളാണ് കൈതയില്‍ പരപരാഗണം നടത്തുന്നത്.

ഛേദിച്ച കൈതച്ചക്ക

ഒരു പുഷ്പമഞ്ജരിയിലെ മുഴുവന്‍ പുഷ്പങ്ങളുടെയും അണ്ഡാശയങ്ങള്‍ വളര്‍ന്ന് യോജിച്ചു ഒരു ഗുച്ഛിത ഫലമായിത്തീരുന്നു. ഇതിനെ സോറോസിസ് എന്നു പറയുന്നു. കൈതച്ചക്കയുടെ നടുവിലുള്ള മാംസളഭാഗമാണ് പൂങ്കുലവൃന്തം. പുഷ്പിച്ച് ഏകദേശം ഏഴുമാസത്തിനകം ഫലങ്ങള്‍ പാകമാകുന്നു. പൂങ്കുലത്തണ്ടിന് അസാധാരണമാംവിധം വണ്ണം വയ്ക്കുകയും അതിലെ ഓരോ ബെറിപോലുള്ള ഫലങ്ങളും തമ്മില്‍ കൂടിച്ചേര്‍ന്ന് കൈതച്ചക്ക ഉണ്ടാവുകയും ചെയ്യുന്നു. പരിദളപുടങ്ങളും പുഷ്പത്തിനെ പൊതിഞ്ഞിരിക്കുന്ന സഹപത്രവും കൊഴിഞ്ഞുപോകുന്നില്ല. ഇവ ഫലത്തെ ആവരണം ചെയ്യുന്ന കട്ടിയുള്ള തൊലിയായി രൂപപ്പെടുന്നു. അടുത്തടുത്തുള്ള പുഷ്പങ്ങളുടെ സഹപത്രങ്ങള്‍ ഈ പ്രക്രിയയ്ക്കിടയില്‍ ഭാഗികമായി സംലയിക്കുന്നു. സിലിണ്ടറാകൃതിയിലാണ് കൈതച്ചക്ക രൂപംകൊള്ളുന്നത്. ഇതിന്റെ അഗ്രഭാഗം ആധാരഭാഗത്തെക്കാള്‍ വണ്ണംകുറഞ്ഞതും റോസെറ്റ് രീതിയില്‍ കാണപ്പെടുന്ന ഒട്ടനവധി ഇലകള്‍ അടങ്ങിയ ഒരു മകുടത്തെ വഹിക്കുന്നതുമാണ്. ഫലം പാകമാകുമ്പോള്‍ മുഖ്യാക്ഷത്തില്‍ സംഭരിക്കപ്പെട്ട അന്നജം പഞ്ചസാരകളായി മാറുന്നു. ഇത് ഫലങ്ങളിലേക്ക് സംചലിച്ച് അതേരൂപത്തില്‍ ശേഖരിക്കപ്പെടുന്നു. ഫലത്തിന്റെ ഒരു ദശയിലും അന്നജം അല്പംപോലും ഉണ്ടാകാറില്ല. പഴുത്ത കൈതച്ചക്കയ്ക്ക് പ്രത്യേകനിറവും മണവും ഉണ്ട്. കൈതച്ചക്കയില്‍ സിട്രിക് അമ്ളം, മാലിക് അമ്ളം, ധാരാളം പഞ്ചസാരകള്‍, പ്രോട്ടീന്‍, ദഹിപ്പിക്കാനുതകുന്ന ബ്രോമിലീന്‍ എന്ന എന്‍സൈം, വിറ്റാമിന്‍ എ, സി തുടങ്ങിയവയും അടങ്ങിയിരിക്കുന്നു. കരോട്ടിന്‍, സാന്തോഫില്‍ എന്നിവയുടെ സാന്നിധ്യംകൊണ്ടാണ് ഫലത്തിനു മഞ്ഞനിറമുണ്ടാകുന്നത്.

നിരവധിയിനം കൈതച്ചക്കകള്‍ ഇന്ന് ലോകത്ത് കൃഷി ചെയ്തുവരുന്നു. സ്മൂത്ത് സയനെ, ഹിലോ, ജയന്റ് ക്യൂ, എമാണ്ടേലിറിയോ, റെഡ് സ്പാനിഷ് (Red Spanish), ഷാര്‍ലോട്ടെ റോത്ത്സ്ചൈല്‍ഡ് (Charlotte Rothischild), കബാസോണി (Cabazoni), വലേറ, കെയ്കാര പേള്‍, മൌറീഷ്യസ്, ക്യൂന്‍ എന്നിവ വ്യാവസായികാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്ന ചില ഇനങ്ങളാണ്.

ഫലത്തിനു മുകളില്‍ കാണുന്ന മകുടമോ, ചെടിയുടെ ചുവട്ടില്‍ പത്രകക്ഷ്യങ്ങളില്‍നിന്നും പുറപ്പെടുന്ന കന്നുകളോ (sucker) പിരിച്ചുവച്ചാണ് സസ്യപ്രജനനം നടത്തുന്നത്. ഫലത്തിനു തൊട്ടുതാഴെ പൂങ്കുലത്തണ്ടില്‍നിന്നും പുറപ്പെടുന്ന കന്നുകളെ (slips)യും തണ്ടിന്റെ മണ്ണിനടിയിലുള്ള ഭാഗത്തുനിന്നും ഉണ്ടാകാവുന്ന കന്നുകളെ (ratoons) യും പ്രജനനത്തിന് ഉപയോഗിക്കുന്നു. ഇലകളെല്ലാം മാറ്റിയശേഷം 3-5 സെ.മീ. ഘനത്തില്‍ മണ്‍തിട്ടകളില്‍ പാകി മുളപ്പിച്ചെടുക്കുന്ന തൈകളെ (Disc Sucker) യും പ്രജനനത്തിനുപയോഗിക്കുന്നു. ഡിസ്ക് സക്കര്‍ കൊണ്ടുണ്ടാകുന്ന ചെടികള്‍ കായ്ക്കാന്‍ കാലതാമസം നേരിടുന്നു. ക്യൂ, ക്വൂന്‍, മൌറീഷ്യസ് എന്നിവയാണ് കേരളത്തില്‍ പ്രധാനമായും കൃഷി ചെയ്യുന്നവ. മുള്ളില്ലാത്ത ഇനമായ ക്യൂവിന്റെ ഫലങ്ങള്‍ക്ക് സ്വാദ് കുറവാണ്. ഓരോന്നിനും 2-3 കിലോ ഭാരം ഉണ്ടായിരിക്കും. പഴുത്തുകഴിഞ്ഞാല്‍ എളുപ്പത്തില്‍ കേടാകും എന്നത് ഇതിന്റെ പോരായ്മയാണ്. നട്ട് 20-24 മാസം കഴിഞ്ഞേ വിളവെടുക്കാന്‍ കഴിയൂ. എന്നാല്‍ മൌറീഷ്യസ് ഇനത്തിന്റെ ഫലങ്ങള്‍ക്ക് സ്വാദ് കൂടുതലാണ്. ഓരോന്നിനും 1-2 കിലോ ഭാരം ഉണ്ടായിരിക്കും. രണ്ടാഴ്ചവരെ ഫലം കേടുകൂടാതെ ഇരിക്കും. കോണിക്കല്‍ ആകൃതിയിലുള്ള ഫലമായതിനാല്‍ ക്യാനിങ് വ്യവസായത്തിന് യോജിച്ചതല്ല. നടാന്‍ ഉപയോഗിക്കുന്ന കന്നുകള്‍ക്ക് 500 ഗ്രാമിനും ഒരു കിലോയ്ക്കും ഇടയില്‍ തൂക്കമുണ്ടായിരിക്കണം. ഇങ്ങനെ ശേഖരിച്ച കന്നുകള്‍ നടുന്നതിനു മുമ്പായി ഒരാഴ്ച തണലില്‍ ഉണക്കണം. പിന്നീട് കന്നിന്റെ താഴത്തെ 2-3 ഉണങ്ങിയ ഇലകള്‍ അടര്‍ത്തിമാറ്റി ഒരാഴ്ചകൂടി ഉണക്കണം. ഏകദേശം ഒരു മീറ്ററോളം വീതിയില്‍ ചാലുകള്‍ കീറി അതില്‍ രണ്ട് നിരയായി വേണം കന്നുകള്‍ നടാന്‍. നിലമൊരുക്കുമ്പോള്‍ കാലിവളമോ കമ്പോസ്റ്റോ ചേര്‍ക്കുന്നതിനൊപ്പം കന്നു നട്ട് 2-3 മാസം ഇടവിട്ട് മൂന്നു തവണയായി ഫോസ്ഫറസ്, നൈട്രജന്‍, പൊട്ടാഷ് തുടങ്ങിയ രാസവളങ്ങളും ചേര്‍ക്കാം. കളനിയന്ത്രണമാണ് കൈതച്ചക്ക കൃഷിയില്‍ അത്യാവശ്യം വേണ്ട മറ്റൊരു ഘടകം. കന്നില്‍ ഏകദേശം 40 ഇലകളാകുമ്പോള്‍ ഹോര്‍മോണ്‍ ചേര്‍ക്കാവുന്നതാണ്. കൈതച്ചെടികളില്‍ ഒരേ സമയം പുഷ്പിക്കാനും വിളയാനും ഇത് സഹായിക്കുന്നു. എത്തിഫോണ്‍, യൂറിയ, കാത്സ്യം കാര്‍ബണേറ്റ് എന്നിവ പ്രത്യേക അനുപാതത്തില്‍ സംയോജിപ്പിച്ചാണ് ഹോര്‍മോണ്‍ തയ്യാറാക്കുന്നത്. ഇതിനുശേഷം ഏകദേശം അഞ്ച് മാസമാകുമ്പോഴേക്കും കായ്കള്‍ വിളവെടുപ്പിന് പാകമാകും. ഒരു കൈതച്ചെടിയില്‍ നിന്നും മൂന്ന് പ്രാവശ്യം വരെ വിളവെടുപ്പ് നടത്താം. വിളവെടുക്കുന്ന സമയത്ത് കിളിര്‍ത്തുവരുന്ന കന്നുകളെ ശ്രദ്ധയോടെ സംരക്ഷിക്കേണ്ടതുണ്ട്.

പൈനാ ഫൈബര്‍ തുണിത്തരങ്ങള്‍

കൈതച്ചെടിക്ക് കേരളത്തില്‍ കാര്യമായി രോഗബാധയൊന്നും ഉണ്ടാകാറില്ല. പക്ഷേ ധാരാളമായി കൃഷി ചെയ്യുന്ന ഹാവായ് പോലുള്ള രാജ്യങ്ങളില്‍ പല രോഗങ്ങളും പുഴുക്കേടുകളും കാണുന്നുണ്ട്. കായ്ചീയല്‍ ആണ് സാധാരണ കണ്ടുവരുന്നത്. കായ്കളുടെ മധ്യഭാഗം വെള്ളം നിറഞ്ഞതുപോലെയാകുന്നു. ഈ രോഗം ബാധിച്ചാല്‍ കൈതച്ചക്ക ഉപയോഗശൂന്യമാകും. ഈ രോഗമുണ്ടാകുന്നത് സാധാരണ മഴക്കാലത്താണ്. ഇലചീയല്‍, തണ്ടുചീയല്‍ എന്നിവയും കൈതയ്ക്ക് ഉണ്ടാകാറുണ്ട്.

സ്ക്വാഷ്, ജാം, ജെല്ലി, ജ്യൂസ് എന്നിവ നിര്‍മിക്കുന്നതിനായാണ് കൈതച്ചക്ക വ്യാപകമായി ഉപയോഗിക്കുന്നത്. ദഹനത്തെ ത്വരിതപ്പെടുത്തുന്നതിനുള്ള കഴിവ് കൈതച്ചക്കയ്ക്കുണ്ട്.

ചൈന, ശ്രീലങ്ക, ഫിലിപ്പൈന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ കൈതയുടെ പ്രധാനമായ ഉപയോഗം ഇലയിലെ വെളളനിറമുള്ള പൈനാഫൈബര്‍ (Pina-fiber) നാരുകളാണ്. ഇവ വളരെ മൃദുവായ തുണിത്തരങ്ങള്‍ നെയ്യുന്നതിന് ഉപയോഗിക്കുന്നു. മീന്‍ പിടുത്തക്കാര്‍ ചൂണ്ടനൂല്‍ ഉണ്ടാക്കുന്നതിനും ഇവ ഉപയോഗപ്പെടുത്താറുണ്ട്. വെള്ളനിറവും നല്ല ബലവുമുള്ള ഈ നാരുകള്‍ വെള്ളത്തിലിട്ടാല്‍ അഴുകിപ്പോകുന്നില്ല. കൈത അടുത്തടുത്ത് നട്ടാല്‍ വളരെ നീളത്തിലുള്ള ഇലകളുണ്ടാകും. മൂപ്പെത്താത്ത ഇലകളില്‍ നിന്നാണ് നാരുകളെടുക്കുന്നത്. ഏകദേശം രണ്ടുവര്‍ഷം പ്രായമായ ഇലകള്‍ ശേഖരിച്ച് ഉണക്കി ചീകിയെടുത്ത് കൂട്ടിക്കെട്ടി നെയ്യുന്നു. ഫിലിപ്പൈന്‍സിലെ പൈനാക്ളോത്ത് ഏറ്റവും മൃദുവും വിലകൂടിയതുമായ തുണിയിനമാണ്. നാട്ടുവൈദ്യത്തില്‍ വാതത്തിനും മുറിവ് ഉണങ്ങാനും കൈതച്ചെടിയുടെ ഭാഗങ്ങള്‍ ഉപയോഗിക്കാറുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍