This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേശ് വാനി, എന്‍. എച്ച്. (1923 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേശ് വാ‌നി, എന്‍. എച്ച്. (1923 - )

ഇന്ത്യന്‍ ഭിഷഗ്വരന്‍. നന്ദകുമാര്‍ ഹേമരാജ് കേശ്വാനി 1923 ന. 11-ന് പാകിസ്താനിലെ ബാംഗുല്‍ ഡെറോയില്‍ ഡി. ഹേമരാജിന്റെയും അതുര്‍ബായിയുടെയും മകനായി ജനിച്ചു. എം.ബി.ബി.എസ്., എഫ്.സി.പി.എസ്. എന്നീ ബിരുദങ്ങള്‍ നേടിയശേഷം യു.എസ്സിലെ മിനസോട്ടാ സര്‍വകലാശാലയില്‍നിന്നും പിഎച്ച്.ഡി. ബിരുദം കരസ്ഥമാക്കി. 1948-52 കാലത്ത് കേശ്വാനി മുംബൈയിലെ കെ.ഇ.എം. ആശുപത്രിയിലെ ഡോക്ടറായി സേവനമനുഷ്ഠിച്ചു. 1953 മുതല്‍ 56 വരെ ഫിലാഡല്‍ഫിയയിലെ ജീന്‍സ് ഹോസ്പിറ്റലില്‍ അര്‍ബുദരോഗവിദഗ്ധനായി ജോലിനോക്കി. 1956-ല്‍ ന്യൂഡല്‍ഹിയിലെ ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസില്‍ ഡീനും പ്രൊഫസറുമായി നിയമിക്കപ്പെട്ടു. ശരീരശാസ്ത്രം, വൈദ്യശാസ്ത്രചരിത്രവിഭാഗം എന്നിവയുടെ മേധാവിയായിട്ടാണ് കേശ്വാനി ഇവിടെ സേവനം അനുഷ്ഠിച്ചത്. 1977-79 കാലഘട്ടത്തില്‍ ഇദ്ദേഹം ഇറാഖിലെ ബസ്റാ സര്‍വകലാശാലയിലെ അനാട്ടമി പ്രൊഫസറായി പ്രവര്‍ത്തിച്ചിരുന്നു. ഇപ്പോള്‍ കേശ്വാനി മുംബൈയിലെ ജസ്ലോക് ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററിലെ മെഡിക്കല്‍ ഡയറക്ടറായി ഔദ്യോഗിക ജീവിതം നയിച്ചുവരുന്നു. റോയല്‍ സൊസൈറ്റി ഒഫ് മെഡിസിന്‍, ഇന്ത്യന്‍ അക്കാദമി ഒഫ് മെഡിക്കല്‍ സയന്‍സസ്, ഇന്റര്‍നാഷണല്‍ അക്കാദമി ഒഫ് ഹിസ്റ്ററി ഒഫ് മെഡിസിന്‍ എന്നിവയുടെ ഫെലോ ആണ് കേശ്വാനി. അനാട്ടമിക്കല്‍ സൊസൈറ്റി ഒഫ് ഇന്ത്യ, ഇന്ത്യന്‍ അസോസിയേഷന്‍ ഫോര്‍ അഡ്വാന്‍സ്മെന്റ് ഒഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍, ഇന്ത്യന്‍ അസോസിയേഷന്‍ ഒഫ് ഹിസ്റ്ററി ഒഫ് മെഡിസിന്‍ എന്നിവയുടെ ആജീവനാന്താംഗത്വവും ഇദ്ദേഹത്തിനുണ്ട്.

1964-ല്‍ മിനസോട്ടാ സര്‍വകലാശാലയില്‍നിന്നും ഉന്നത സേവനത്തിനുള്ള ബഹുമതി കേശ്വാനിക്കു ലഭിക്കുകയുണ്ടായി. ഇന്ത്യന്‍ മെഡിക്കല്‍ കൌണ്‍സിലിന്റെ ഡോ. ബി.സി. റോയ് നാഷണല്‍ അവാര്‍ഡ് 1969-ല്‍ ഇദ്ദേഹത്തിനു നല്കപ്പെട്ടു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍