This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേശാലങ്കാരം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേശാലങ്കാരം

തലമുടി ആകര്‍ഷകമാകുംവിധം അലങ്കരിച്ചൊരുക്കുന്ന കല. കറുത്ത്, നീണ്ട്, ചുരുണ്ട തലമുടി ആരോഗ്യത്തിന്റെയും സൗന്ദര്യത്തിന്റെയും ലക്ഷണമായി പുരാതനകാലം മുതല്ക്കുതന്നെ കണക്കാക്കിവരുന്നു. തലമുടി വിവിധ രീതിയില്‍ അലങ്കരിക്കുന്നതില്‍ ആദിമമനുഷ്യര്‍ ആഹ്ലാദവും അഭിമാനവും കൊണ്ടിരുന്നു. വസ്ത്രധാരണം ചെയ്യുവാന്‍ തുടങ്ങുന്നതിനു മുമ്പായിത്തന്നെ മനുഷ്യന്‍ കേശാലങ്കാരത്തില്‍ ഏര്‍പ്പെട്ടിരുന്നതായി ചരിത്രവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. വേട്ടയാടപ്പെട്ട മൃഗങ്ങളുടെ കൊഴുപ്പ് ഉപയോഗിച്ച് മുടി മിനുക്കുവാനും കൂര്‍ത്ത എല്ലിന്‍കഷണങ്ങള്‍, മരച്ചീളുകള്‍, മുള്ളന്‍പന്നിയുടെ മുള്ളുകള്‍ മുതലായവകൊണ്ട് മുടി ചീകിയൊതുക്കുവാനും ഉറപ്പുള്ള ലതകള്‍കൊണ്ടു മുടി കെട്ടിവച്ച് പുഷ്പങ്ങള്‍കൊണ്ട് അലങ്കരിക്കുവാനും ആദിമമനുഷ്യര്‍ക്കു അറിയാമായിരുന്നു എന്നാണ് ചരിത്രകാരന്മാര്‍ വ്യക്തമാക്കുന്നത്. കേശാലങ്കാരം ഒരു കലയായി, പരിഷ്കാരമായി രൂപം പ്രാപിച്ചത് മറ്റേതു രാജ്യത്തിലെക്കാളും മുമ്പായി ഈജിപ്തിലാണെന്ന് കരുതപ്പെടുന്നു. ആറായിരത്തിലേറെ വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ ഈജിപ്തുകാര്‍ കേശാലങ്കാരത്തിനു വിവിധതരം കൃത്രിമ മുടികള്‍-വിഗ്ഗുകള്‍-ഉപയോഗിച്ചിരുന്നതായി തെളിവുകള്‍ ഉണ്ട്. കേശാലങ്കാരവിദഗ്ധര്‍ക്ക് വൈദ്യനിപുണന്മാരുടെ സ്ഥാനവും മാനവും പുരാതന ഈജിപ്തിലെ സമൂഹത്തില്‍ ലഭിച്ചിരുന്നു. ഗ്രീക്കുസംസ്കാരകാലത്തും ആ രാജ്യത്ത്, ഈജിപ്തിലെന്നപോലെ കേശാലങ്കാരം പ്രത്യേകം ശ്രദ്ധ ആകര്‍ഷിച്ചിരുന്ന ഒന്നാണ്. തലമുടി വിവിധതരത്തില്‍ സംവിധാനം ചെയ്യുകയെന്നത് അവിടെ സ്ത്രീപുരുഷഭേദമെന്യേ ഏവര്‍ക്കും പ്രിയങ്കരമായിരുന്നു. നീണ്ടമുടി ചുരുളുകളാക്കി തലയില്‍ അലങ്കരിക്കുന്നത് അവരുടെ കേശാലങ്കാര രീതിയാണ്. മുടി കുറഞ്ഞവര്‍ വിഗ്ഗുകള്‍ ഉപയോഗിക്കുക എന്നതും വിരളമല്ലായിരുന്നു. തലമുടിക്ക് നീലനിറം നല്കുന്നത് പുരാതനഗ്രീസില്‍ പരിഷ്കാരമായി കരുതപ്പെട്ടു. പുരാതന റോമാസാമ്രാജ്യവും കേശാലങ്കാരത്തില്‍ ശ്രദ്ധ ചെലുത്തിയിരുന്നതായി കാണാം. സമൂഹത്തിലെ സ്ഥാനഭേദമനുസരിച്ചു കേശസംവിധാനവും അല്പാല്പം വ്യത്യസ്തമായിരുന്നു. അടിമപ്പെണ്ണുങ്ങള്‍ തലമുടിയുടെ നിറം മാറ്റണമെന്നത് അക്കാലത്തു നിര്‍ബന്ധമായ ഒരു നിയമമായിരുന്നു. ക്രമേണ പാശ്ചാത്യരാജ്യങ്ങള്‍ പരിഷ്കാരകേന്ദ്രങ്ങളായി മാറി. ഫ്രാന്‍സില്‍ കാതറിന്‍ ഡി മെഡിസി(Catherine de Medici)യുടെ കാലത്താണ് കേശലങ്കാരത്തിന് ഏറ്റവും കൂടുതല്‍ പ്രചാരം ലഭിച്ചത്. പരിഷ്കാരകേന്ദ്രമായ പാരിസ്, പിന്നീട് മറ്റു രംഗങ്ങളിലെപ്പോലെ കേശാലങ്കാരത്തിലും പുതിയ പുതിയ രീതികളുടെ കടിഞ്ഞാണ്‍ പിടിച്ചുതുടങ്ങി. ഇംഗ്ളണ്ടില്‍ മേരിരാജ്ഞി(Queen Mary)യുടെ കാലത്ത് നവീനകേശാലങ്കാര രീതികള്‍ പ്രചരിതമായി. ആ രാജ്ഞി തന്നെ ഒട്ടേറെ തരം വിഗ്ഗുകളുടെ ഉടമയായിരുന്നു.

ഭാരതം മറ്റു പല രംഗങ്ങളിലുമെന്നപോലെ, കേശാലങ്കാരത്തിലും വളരെ പുരാതനമായ ഒരു പാരമ്പര്യത്തിന്റെ ഉടമയാണ്. ഇവിടത്തെ പുരാണേതിഹാസങ്ങളില്‍ വിവരിക്കപ്പെട്ടിരിക്കുന്ന ദേവീദേവന്മാര്‍ക്ക് മറ്റു പല അലങ്കാരങ്ങളോടൊപ്പം തന്നെ പ്രധാനമായ കേശാലങ്കാരവും ഉണ്ടായിരുന്നതായി മനസ്സിലാക്കാം. ഇതില്‍നിന്നും കേശാലങ്കാരത്തിന് ഭാരതത്തില്‍ പണ്ടുതന്നെ അത്യുന്നതമായ സ്ഥാനമുണ്ടായിരുന്നതായി വ്യക്തമാണ്. ഉത്തമ രത്നങ്ങള്‍ പതിച്ച 'മിന്നും പൊന്നിന്‍കിരീടം' വിഷ്ണുഭഗവാന്‍ ശിരോലങ്കാരമായി അണിഞ്ഞപ്പോള്‍ ശിവന്‍ ജടാധാരിയായി ചന്ദ്രക്കലയും സര്‍പ്പവുമൊക്കെയാണ് മുടിയില്‍ ധരിച്ചത്. ശ്രീകൃഷ്ണന്റെ ഏറ്റവും പ്രിയങ്കരമായ കേശാലങ്കാരവസ്തു മയില്‍പ്പീലിയാണല്ലോ. ശിശുപാലന് വിവാഹം ചെയ്തുകൊടുക്കുവാന്‍ നിശ്ചയിച്ചിരുന്ന രുക്മിണിയെ ശ്രീകൃഷ്ണന്‍ അപഹരിച്ചു കൊണ്ടുപോകുവാന്‍ മുതിര്‍ന്നപ്പോള്‍, അതു തടുക്കുവാന്‍ എത്തിയ രുക്മിണീസഹോദരനായ രുക്മിയെ തോല്പിക്കുകയും സ്യാലനെ വധിക്കാനുള്ള വൈഷമ്യംകൊണ്ട് ശിരച്ഛേദനത്തിനു തുല്യമായ കേശച്ഛേദം ചെയ്ത് അപമാനിച്ചു പറഞ്ഞയയ്ക്കുകയും ചെയ്തു എന്നും പുരാണങ്ങളില്‍ പറയുന്നു. ഇതില്‍നിന്നും പൌരാണിക കാലത്തു മുടിക്ക് എത്ര മാന്യമായ സ്ഥാനമാണ് ജനങ്ങള്‍ കല്പിച്ചിരുന്നതെന്നു മനസ്സിലാക്കാം. ഹൈന്ദവര്‍ക്കിടയിലെ ഉന്നതജാതിയില്‍പ്പെട്ടവര്‍ അവശ്യം നിര്‍വഹിക്കേണ്ട ഷോഡശക്രിയകളില്‍ ചൗളം അഥവാ തലമുടി വിധിപ്രകാരം കളയുക എന്ന ചടങ്ങും ഉള്‍പ്പെടുന്നു.


ഇന്ത്യയിലെ ജനങ്ങള്‍ സ്ത്രീപുരുഷഭേദമെന്യേ തലമുടി വളര്‍ത്തിവന്നിരുന്നു. പുരുഷന്മാര്‍ മുടി മുറിച്ചു കളഞ്ഞാലും കുടുമ വയ്ക്കത്തക്ക മുടിയെങ്കിലും വളര്‍ത്താറുണ്ട്. കേരളേതരപ്രദേശങ്ങളില്‍ പുരുഷന്മാരുടെ കുടുമ തലയുടെ പിന്‍ഭാഗത്തായിട്ടാണു കാണുന്നത്. കുടുമയ്ക്കു വേണ്ടതിലധികമുള്ള മുടി അവര്‍ മുറിച്ചു കളയാറുമുണ്ട്. കേരളത്തില്‍ കുടുമ, മുന്‍കുടുമയായി തലയ്ക്കു മുകളിലോ ഇടതു വശത്തായിട്ടോ കെട്ടിവച്ചിരുന്നു. പാശ്ചാത്യവിദ്യാഭ്യാസത്തിന്റെ ഫലമായി കുടുമ ഇന്ന് സമൂഹത്തില്‍നിന്നും ഏതാണ്ട് പൂര്‍ണമായും അപ്രത്യക്ഷമായിരിക്കുന്നു എന്നുതന്നെ പറയാം. സിക്കുകാരും മുന്‍വശത്തായിട്ടാണ് കുടുമകെട്ടി ഉറപ്പിക്കുന്നത്. കുടുമയ്ക്കു മുകളിലായി മുടിയെ ആച്ഛാദനം ചെയ്തുകൊണ്ട് അവര്‍ തലപ്പാവു ധരിക്കുന്നു.

കേരളത്തിലെ സ്ത്രീകള്‍ മുടി വളര്‍ത്തുന്നതിലും പ്രസാധനം ചെയ്യുന്നതിലും ഉത്സുകരാണ്. വേഷത്തിലെന്നപോലെ കേശസംവിധാനരീതിയിലും പ്രാദേശികവ്യത്യാസങ്ങള്‍ കാണാം. കേരളത്തിലെ സ്ത്രീകള്‍ നിത്യവും കുളിക്കുന്നു. കുളികഴിഞ്ഞ് തലയുടെ ഇരുവശങ്ങളില്‍ നിന്നും പുറകില്‍ മധ്യത്തില്‍നിന്നും ഏതാനും തലമുടി നാരുകള്‍ ചേര്‍ത്ത് പിന്നിയിടാറുണ്ട്. തലമുടി ഉണങ്ങുവാനായി വിടര്‍ന്നുകിടക്കുന്നതോടൊപ്പം മുടി പറന്നുവീണ് മുഖത്ത് അലോസരപ്പെടുത്താതിരിക്കുവാനും ഈ 'കുളിപ്പിന്നല്‍' രീതി സഹായിക്കുന്നു. കുട്ടികളും ചെറുപ്പക്കാരും ഈ രീതിയില്‍ മുടി വയ്ക്കാറുണ്ടെങ്കിലും പ്രായമായവര്‍ തലമുടിയറ്റം വിരലിലൂടെ ചുറ്റിയെടുത്ത് കെട്ടാക്കി ഉറപ്പിക്കുകയാണ് പതിവ്. മുടിയുടെ തുമ്പ് കെട്ടിയിടുന്നതിനു പകരം നീളമനുസരിച്ച് മടക്കിക്കെട്ടിയും ഇടാറുണ്ട്. ഉണങ്ങിയ മുടി തലയില്‍ കെട്ടിവയ്ക്കുകയാണ് സാധാരണരീതി. ആദ്യകാലങ്ങളില്‍-കഴിഞ്ഞ നൂറ്റാണ്ടിലൊക്കെത്തന്നെയും-ഉള്ള ചിത്രങ്ങള്‍ നോക്കിയാല്‍ കേരളത്തിലെ സ്ത്രീകള്‍ തലമുടി തലയുടെ മുകള്‍ഭാഗത്തോ വശത്തോ ആയിട്ടാണ് കെട്ടിവച്ചിരുന്നതെന്നു മനസ്സിലാക്കാം. ക്രമേണ തലക്കെട്ടിന്റെ സ്ഥാനം വശത്തുനിന്നും പുറകിലേക്കുമാറി. കഴുത്തിനു താഴെയായോ കഴുത്തോടു ചേര്‍ന്നോ അല്പം മുകളിലായിട്ടോ ആണ് തലമുടി കെട്ടിവയ്ക്കുന്നത്. മുടി കോതിയശേഷം ഇടത്തെ കൈയില്‍ ചുറ്റിയെടുത്ത്, ആ ചുറ്റിലൂടെ മുടിത്തുമ്പു കോര്‍ത്തെടുത്താണ് തനി മലയാള രീതിയില്‍ മുടി കെട്ടിവയ്ക്കുന്നത്. വേണ്ടത്ര മുടിയില്ലാത്തവര്‍ 'വാര്‍മുടി' അഥവാ കൃത്രിമമുടി അകത്തുവച്ചും മുടി കെട്ടിവയ്ക്കാറുണ്ട്. മുടി മെടഞ്ഞിടുകയെന്നത് കേരളീയമായ കേശാലങ്കാര രീതിയല്ല. പഴയ പല തറവാടുകളിലും ജീവിതത്തിലൊരിക്കലും മുടി മെടഞ്ഞിട്ടിട്ടില്ലാത്ത സ്ത്രീകള്‍ ഇന്നും ജീവിച്ചിരിക്കുന്നുണ്ട്. അത് 'പരദേശി' രീതിയായി-അയല്‍ സംസ്ഥാനമായ തമിഴ്നാട്ടിലെ കേശസംവിധാനമായി-കണക്കാക്കപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ മുടി മെടഞ്ഞിടുന്നത് കേരളത്തില്‍ സര്‍വസാധാരണമാണ്. മുടി നന്നായി കോതിയശേഷം മൂന്ന് സമഭാഗങ്ങളായി വിഭജിക്കുന്നു. ഓരോ ഭാഗവും ഒന്നിനു മേല്‍ ഒന്നെന്ന രീതിയില്‍ മെടഞ്ഞെടുക്കുകയാണു ചെയ്യുന്നത്. നല്ല നീണ്ടുചുരുണ്ടമുടി ഇപ്രകാരം പകുതിയോ മുക്കാല്‍ ഭാഗമോ വരെ മെടഞ്ഞശേഷം അഗ്രങ്ങള്‍ വിടര്‍ത്തിട്ടിരിക്കുന്നതു കാണാന്‍ നല്ല ഭംഗിയുണ്ട്. മുടി ഇപ്രകാരം ഒന്നായോ തലയുടെ ഇരുവശങ്ങളിലുമായി രണ്ടായിട്ടോ മെടഞ്ഞിടാവുന്നതാണ്. ദക്ഷിണേന്ത്യയില്‍ ചെറിയ പെണ്‍കുട്ടികള്‍ രണ്ടായി മെടഞ്ഞിടുന്നു; പ്രായമായവര്‍ ഒന്നായും. എന്നാല്‍ ഉത്തരേന്ത്യയിലുള്ളവര്‍ പ്രായഭേദ്യമെന്യേ രണ്ടായി മെടഞ്ഞിടുന്നതു കാണാം. മുടി അറ്റം വരെ മെടഞ്ഞിടുകയാണെങ്കില്‍ റിബണോ നാടയോ കൊണ്ട് കെട്ടിയിടുകയോ കുഞ്ചലം കൊണ്ട് അലങ്കരിക്കുകയോ ചെയ്യുന്നു. നൂല്‍രൂപത്തിലും ഉരുണ്ടും ഉള്ള കുഞ്ചലങ്ങള്‍ ഉണ്ട്. ഇവ കമ്പിളി നൂലോ കൃത്രിമപ്പട്ടുനൂലോ കൊണ്ട് നിര്‍മിക്കപ്പെട്ടവയാണ്. സാധാരണയായി ഇവ കറുപ്പുനിറമുള്ളവയാണെങ്കിലും പച്ച, നീല, ചുവപ്പ് മുതലായ നിറങ്ങളിലും ലഭ്യമാണ്. കുഞ്ചലങ്ങള്‍, മുത്തുകള്‍, ലോഹത്തകിടുകള്‍, മണികള്‍ മുതലായവയാല്‍ അലങ്കൃതമായും കാണപ്പെടുന്നുണ്ട്. ഉയര്‍ന്ന സാമ്പത്തിക സ്ഥിതിയിലുള്ളവര്‍ക്കിടയില്‍ തങ്കത്തകിടുകളുള്ള കുഞ്ചലങ്ങളും കണ്ടുവരുന്നു.

തലമുടി പിരിച്ച് ചുറ്റി വൃത്താകൃതിയിലോ അണ്ഡാകൃതിയിലോ തലയില്‍ ഉറപ്പിക്കുകയെന്നതും കേരളത്തിലെ സ്ത്രീകള്‍ക്കിടയില്‍ സാധാരണ കണ്ടുവരുന്ന രീതിയാണ്. ഇങ്ങനെ ഉറപ്പിക്കുന്നതിനാവശ്യമായ 'U' ആകൃതിയിലുള്ള പ്രത്യേകം കേശസൂചികള്‍ ലഭ്യമാണ്.

മേല്പറഞ്ഞവ പരമ്പരാഗതമായ ചില കേശാലങ്കാര രീതികളാണ്. പരിഷ്കാരം അവയുടെ മുഖച്ഛായയില്‍ വ്യത്യാസം വരുത്തിക്കൊണ്ടേയിരിക്കുന്നു. രാജ്യങ്ങള്‍ തമ്മിലുള്ള ആശയവിനിമയവും സമ്പര്‍ക്കവും വര്‍ധിച്ചതോടെ അതതു രാജ്യങ്ങളിലെ തനതായ കേശാലങ്കാരരീതികളില്‍ പല മാറ്റങ്ങളും വന്നിട്ടുണ്ട്. ഇപ്പോഴും മാറ്റങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു. പാശ്ചാത്യസംസ്കാരത്തിന്റെ പ്രചോദനത്തിന്റെ ഫലമായി സ്ത്രീ പുരുഷഭേദമെന്യേ തലമുടി നീളം കുറച്ച് മുറിച്ചിടുന്ന രീതിക്കു പ്രചാരം ലഭിച്ചിരിക്കുന്നു. തലമുടിയെ മുഖാകൃതിക്കനുസരണമായി വെട്ടിയിടുന്നത് ആകര്‍ഷകമായി ഇന്നു കരുതപ്പെടുന്നു. അപ്രകാരം മുഖാകൃതിക്കനുസൃതമായി കേശാലങ്കാരം നടത്തുവാനായി ആദ്യംതന്നെ മുഖാകൃതി മനസ്സിലാക്കണം. അതിനായി മുടി നന്നായി പിറകിലോട്ടു ചീകി കെട്ടിവയ്ക്കുക. ഒരു നിലക്കണ്ണാടിക്കു മുമ്പില്‍ നിലയുറപ്പിക്കുക. കണ്ണാടിയിലെ പ്രതിബിംബത്തില്‍ മുഖത്തിന്റെ രൂപരേഖ വരയ്ക്കുക. ആ രൂപരേഖയില്‍ നിന്നും മുഖാകൃതി വിശകലനം ചെയ്തെടുക്കുവാന്‍ സാധിക്കുന്നു. സാധാരണയായി മുഖാകൃതിയെ വ്യത്യസ്തമായി ആറു തരത്തിലുള്ളതായി കണക്കാക്കാം.

1. വട്ടമുഖം. 'പൂര്‍ണചന്ദ്രനിഭാനന' എന്നും മറ്റും കവികള്‍ പാടിപ്പുകഴ്ത്താറുണ്ടെങ്കിലും വൃത്താകൃതിയിലുള്ള മുഖം വാസ്തവത്തില്‍ അത്രയേറെ ആകര്‍ഷകമല്ല. തനി വൃത്താകൃതിക്ക് മാറ്റം തോന്നത്തക്കവിധത്തില്‍, അതായത് മുഖത്തിന് അല്പംകൂടിനീളം തോന്നത്തക്കവിധത്തില്‍ മുടി സംവിധാനം ചെയ്യുകയാണ് അഭിലഷണീയം. മുടി ചീകുമ്പോള്‍ തലയ്ക്കുമുകളില്‍ ഉയര്‍ന്നും വശത്ത് തലയോടിനോടു ചേര്‍ന്നും മുടി ചീകുന്നതായാല്‍ മുഖത്തിന് കൂടുതല്‍ നീളം ഉള്ളതായി തോന്നുകയും ചെയ്യും.

2. മറിഞ്ഞ ത്രികോണാകൃതി (Inverted triangle). മുഖത്തിന്റെ മേല്‍ഭാഗം കൂടുതല്‍ വിസ്തൃതമായും അടിഭാഗം കൂര്‍ത്തുമിരിക്കുന്ന മുഖാകൃതിയാണിത്. മേല്‍ഭാഗത്തെ പരപ്പിനെ മറയ്ക്കുംവിധം തലയുടെ മുകള്‍ഭാഗത്ത് മുടി ഉയര്‍ന്നുനില്ക്കുന്നതരം കേശാലങ്കാരരീതി തെരഞ്ഞെടുക്കണം. കൂര്‍ത്ത താടിയില്‍ കഴിവതും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഇടയാകാത്ത കേശസംവിധാനമാണ് സ്വീകരിക്കേണ്ടത്.

3. ത്രികോണാകൃതി. കീഴ്ത്താടിയെല്ലുകളുടെ വിസ്താരം മുഖത്തിനു ത്രികോണാകൃതി നല്കുന്നു. താടിയെല്ലുകളെ ആച്ഛാദനം ചെയ്യുന്ന കേശസംവിധാനമാണ് ഇത്തരം മുഖത്തിന് ഏറ്റവും ഉചിതമായിട്ടുള്ളത്.

4. ഡയമണ്‍ ആകൃതി. മുഖത്തിന്റെ ഇരുവശങ്ങള്‍ക്കും കൂടുതല്‍ വിസ്താരമുണ്ടായിട്ടും താടികൂര്‍ത്തും മേല്‍ഭാഗം ഇടുങ്ങിയും ഉള്ള മുഖാകൃതിയെ ഡയമണ്‍ ആകൃതിയെന്നു വിശേഷിപ്പിക്കാം. മുകള്‍ഭാഗം ഉയര്‍ന്നതും വശങ്ങള്‍ ഇടുങ്ങിയതും കഴുത്ത് മൂടുന്നതിന് ഉതകുന്നതും ആയ കേശാലങ്കാരരീതി തെരഞ്ഞെടുക്കണം.

5. നീണ്ടമുഖം. താരതമ്യേന നീളക്കൂടുതലുള്ള മുഖങ്ങള്‍ക്ക് കൂടുതല്‍ വീതി തോന്നത്തക്കവിധത്തില്‍ വശങ്ങളിലേക്കു വ്യാപിച്ചുനില്ക്കുന്ന വിധത്തില്‍ തലമുടി ക്രമീകരിക്കുന്നത് ഉചിതമാ യിരിക്കും. മുഖത്തിന് നീളം വര്‍ധിപ്പിച്ചുകാണിക്കുംവിധത്തില്‍ തലയുടെ മുകള്‍ഭാഗം ഉയര്‍ന്നുനില്ക്കുന്ന കേശാലങ്കാര രീതികള്‍ ഇവിടെ അഭികാമ്യമല്ല.

6. അണ്ഡാകൃതി. ഏറ്റവും ആകര്‍ഷകമായ മുഖാകൃതിയാണിത്. മിക്കവാറും എല്ലാത്തരം കേശസംവിധാനങ്ങളും ഇത്തരം മുഖാകൃതിക്ക് അനുയോജ്യമായിരിക്കും. മുടി വിവിധ തരത്തില്‍ വെട്ടിയിടുന്നതുപോലെത്തന്നെ പല തരത്തില്‍ കെട്ടിവയ്ക്കുന്നതും പരിഷ്കാരമാണ്. പരമ്പരാഗതമായ മുടികെട്ടലുകള്‍ക്കു പുറമേ മറ്റു പല തരത്തിലുള്ള മുടിസംവിധാനവും ചെയ്തുവരുന്നു. ആകര്‍ഷകമായ നിരവധി രീതികളില്‍ മുടി ചുറ്റിവയ്ക്കാമെന്നതിനാല്‍, കേശസംവിധാനരീതികള്‍ക്കും പരിമിതിയില്ലെന്നു പറയാവുന്നതാണ്. 'മുടിയുണ്ടെങ്കില്‍ ചാച്ചും ചരിച്ചും കെട്ടാ'മെന്ന് ഒരു ചൊല്ലു തന്നെയുണ്ടല്ലോ.

പഴയകാലത്ത് മുടി നല്ലതുപോലെ എണ്ണ പുരട്ടി തിളങ്ങുംവിധം കോതിവയ്ക്കുകയായിരുന്നു പതിവ്. ചെമ്പരത്തി, റോസ തുടങ്ങിയ പല ചെടികളുടെ നീരെടുത്ത് താളിയാക്കി തേച്ചിരുന്നത് മുടിയിലെ എണ്ണമയം തീര്‍ത്തും കളഞ്ഞിരുന്നില്ല. മാത്രമല്ല ആഴ്ചയില്‍ ഒന്നോ രണ്ടോ പ്രാവശ്യം നല്ലപോലെ എണ്ണ തേച്ചുകുളിക്കുകയും ചെയ്തിരുന്നു. ഇന്നിപ്പോള്‍ മുടി ഷാംപൂ മുതലായവ തേച്ച് എണ്ണ നിശ്ശേഷം കളഞ്ഞ് തലമുടി പറക്കും വിധമാക്കി വേണ്ട രീതിയില്‍ പ്രത്യേകം കേശതൈലങ്ങള്‍ ഉപയോഗിച്ച് വേണ്ട രൂപത്തില്‍ ഉറപ്പിച്ചുവയ്ക്കുന്നു. നനഞ്ഞമുടി പ്രത്യേകം കേശതൈലങ്ങള്‍ തേച്ച് ക്ളിപ്പുകള്‍ ഉപയോഗിച്ചു കുറേ സമയം വയ്ക്കുമ്പോള്‍ മുടിയ്ക്കു നാം ഉദ്ദേശിക്കുന്ന ആകൃതി-ചുരുളിച്ചയും മറ്റും-കിട്ടുന്നു. നിത്യവും കുളിക്കുന്നവര്‍ക്കിടയില്‍ മുടി സെറ്റു ചെയ്യുക പ്രായോഗികമല്ല.

നീളക്കുടുതലുള്ള മുടി 'കുതിരവാല്‍' പോലെ കെട്ടിവയ്ക്കുന്നതും ഒരു രീതിയാണ്. മുടി നല്ലപോലെ കോതിയശേഷം റിബണോ പ്രത്യേകം ക്ളിപ്പോ ഉപയോഗിച്ച് ഒന്നായി തലയുടെ പുറകില്‍ കെട്ടിയിടുന്നു. മുടിയുടെ അഗ്രം സ്വതന്ത്രമായി വിരിച്ചിട്ടിരിക്കും. കുതിരവാലിനോടു സദൃശമായ ഈ കേശാലങ്കാരരീതി ബാല്യ-കൌമാര പ്രായങ്ങളിലാണ് കൂടുതലായി അനുയോജ്യമായിട്ടുള്ളത്. റിബണോ, ക്ളിപ്പോ ഉപയോഗിക്കുന്നതിനുപകരം കുറച്ചു മുടിനാരുകൊണ്ടുതന്നെ കെട്ടിയിടുന്ന ശകുന്തളാചിത്രത്തെ അനുസ്മരിപ്പിക്കുന്ന രീതിയും ഇന്നും അനുകരിക്കപ്പെടുന്നു. നല്ല നീളമുള്ള ചുരുണ്ട മുടിയെങ്കില്‍, മുടി ഒരു പ്രാവശ്യം ചുറ്റിയിട്ട്, ആ ചുറ്റിലൂടെ മുടിയുടെ അറ്റം വെളിയിലേക്കെടുത്ത് വിടര്‍ത്തിയിട്ടും ശകുന്തളാരീതിയില്‍ മുടിസംവിധാനം ചെയ്യാവുന്നതാണ്.

മുടി ചുറ്റിക്കെട്ടി പല രീതിയിലും ഉറപ്പിക്കുന്നു. മുടിക്കെട്ടിന്റെ വലുപ്പം, സ്ഥാനം, രീതി എന്നിവ പരിഷ്കാരമനുസരിച്ച് മാറിക്കൊണ്ടേയിരിക്കും. പഴയകാലത്ത് മുമ്പില്‍ വശത്തായി ഉറപ്പിച്ചിരുന്നത് ഇന്നിപ്പോള്‍ പുറകിലോട്ടു മാറിയതായി മുമ്പ് പ്രസ്താവിച്ചല്ലോ. 'അജന്താ'രീതിയില്‍ മുടിക്കെട്ട് പുറകില്‍ കഴുത്തിനോടു ചേര്‍ന്ന് ഒരു വശത്തേക്കായി-ഇടത്തോ വലത്തോ-മാറി ഉറപ്പിച്ചിരിക്കുന്നു. ചില കാലങ്ങളില്‍ മുടിക്കെട്ട് ഉയര്‍ന്ന് തലയ്ക്കു മുകള്‍ഭാഗം വരെ എത്തുമ്പോള്‍ മറ്റു ചില സമയത്ത് മുടിക്കെട്ട് കഴുത്തിനു താഴെയായിക്കാണാം. കൃത്രിമമുടിനാരുകള്‍ നിറച്ച 'ബണ്ണുകള്‍' (മുടിയുണ്ടകള്‍) അകത്തുവച്ചു മുടി അവയെ ആച്ഛാദനം ചെയ്യത്തക്കവിധത്തില്‍ ക്രമീകരിക്കുന്നത് ഒരു കാലത്ത് സര്‍വസാധാരണമായിരുന്നു. ഇത്തരം ബണ്ണുകള്‍ തലയുടെ വലുപ്പത്തിന് അനുപാതമല്ലാത്തവിധം വലുതായി ആവിഷ്കരിക്കുന്നതും ചില കാലത്തെ പ്രത്യേകതയായിരുന്നു. ക്രമേണ അവയുടെ വലുപ്പം ചുരുങ്ങുകയും അവ രംഗത്തുനിന്ന് പിന്മാറുകയും ചെയ്തുവരുന്നു. സങ്കീര്‍ണമായ-വിവിധ തരത്തില്‍ ആവിഷ്കരിക്കപ്പെട്ട-കൃത്രിമമുടികള്‍ കടകളില്‍ സുലഭമാണ്. 'എലിവാലന്‍ മുടി'യെന്നു വിശേഷിപ്പിക്കും വിധം കേശദൌര്‍ലഭ്യമുള്ള ദുര്‍ഭഗകള്‍ക്ക് ഇത്തരം കൃത്രിമമുടിക്കെട്ടുകള്‍ വലിയ അനുഗ്രഹമാണ്. സ്വന്തം മുടി കെട്ടി ഒതുക്കിവച്ചശേഷം കൃത്രിമ മുടിക്കെട്ട് അവയ്ക്കുമുകളിലായി ഉറപ്പിക്കപ്പെടുന്നു. ഇപ്രകാരം കൃത്രിമമുടിയോ മുടിക്കെട്ടോ ഉപയോഗിക്കാതെ, സ്വന്തംമുടി ചുരുട്ടിക്കെട്ടിവയ്ക്കുന്നതും ഒരുതരം പരിഷ്കാരമാണ്. മുടിചുറ്റി 8 എന്ന ആകൃതിയില്‍ ഉറപ്പിക്കുന്ന രീതിയും ചില കാലത്ത് സുലഭമായിരുന്നു.

പ്രായം, പരിഷ്കാരം, സംസ്കാരപശ്ചാത്തലം മുതലായവയനുസരിച്ച് കേശപ്രസാധന രീതികളും മാറിവരുന്നു. മുടിയെ വിവിധതരത്തില്‍ സംവിധാനം ചെയ്തശേഷം അതിനെ പല തരത്തില്‍ അലങ്കരിക്കുന്നതും പ്രാചീന രീതിയാണെന്ന് മുമ്പു സൂചിപ്പിച്ചുവല്ലോ. മുടി സുഗന്ധപൂര്‍ണമാക്കുന്നതിനായി സുഗന്ധ തൈലങ്ങള്‍ ഉപയോഗിക്കുന്നു. സുഗന്ധപുഷ്പങ്ങളായ മുല്ല, പിച്ചകം മുതലായവ മാലയാക്കി മുടിക്കെട്ടില്‍ ചൂടുന്നു. വധുവിന്റെ തലമുടി മുഴുവനും തന്നെ അപ്രകാരം പൂക്കളാല്‍ അലങ്കരിക്കപ്പെടുന്നു. മെടഞ്ഞിട്ട മുടിയില്‍ മെടയലിനനുസൃതമായി പൂവ് ചുറ്റിയെടുക്കാറുണ്ട്. കെട്ടിവച്ച മുടിയില്‍, ആകൃതിക്കനുസൃതമായി പൂമാല ചുറ്റുന്നത് സൗ ന്ദര്യവും സുഗന്ധവും പ്രദാനം ചെയ്യുന്നു. റോസ, കനകാംബരം തുടങ്ങിയ വര്‍ണശബളമായ പൂക്കളും കേശാലങ്കാരത്തിന് ഉപയോഗിച്ചുവരുന്നു. പ്രകൃതിയെ പൂജിക്കുന്ന ഭാരതീയര്‍ പ്രകൃതിലഭ്യങ്ങളായ പുഷ്പങ്ങള്‍കൊണ്ട് കേശാലങ്കാരം നടത്തുന്നതില്‍ പ്രത്യേകം ആനന്ദം കണ്ടെത്തുന്നവരാണ്. എന്നാല്‍ കൃത്രിമ പുഷ്പങ്ങള്‍ ഉപയോഗിച്ചും മുടി അലങ്കരിക്കാറുണ്ട്. വിവിധ നിറത്തിലും തരത്തിലും ഉള്ള കേശാലങ്കാരവസ്തുക്കള്‍ ഇന്നു ലഭ്യമാണ്. നാടകള്‍, സൂചികള്‍, സ്ളൈഡുകള്‍, കമ്പികള്‍ തുടങ്ങി വിവിധതരം കേശാലങ്കാരവസ്തുക്കള്‍ ഇന്ന് കടകളില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നു. വിവാഹാദ്യാഘോഷവേളകളിലും നൃത്തവേദികളിലും ഉപയോഗിക്കുന്നതിനു പറ്റിയ പ്രത്യേക കേശാഭരണങ്ങള്‍ തന്നെയുണ്ട്. തലയ്ക്കു മുകളില്‍ കേശ മധ്യത്തില്‍ ഒരു മാല തൂക്കി അതില്‍നിന്നും പതക്കം നെറ്റിയിലേക്കിടാറുണ്ട്. കൂടാതെ നെറ്റി ചേരുന്നിടത്തായി മുടിയോട് ചേര്‍ന്ന് ഇരുവശത്തും ആഭരണങ്ങള്‍ ഇട്ട് അലങ്കരിക്കുന്ന രീതിയും കണ്ടുവരുന്നു. കല്ലുകള്‍ പതിച്ച മുടിപ്പൂക്കള്‍ സമ്പന്നരുടെ ഇടയില്‍ കേശാലങ്കാരത്തിനുപയോഗിക്കുന്നു. ചിലപ്പോള്‍ മിന്നാമിനുങ്ങുപോലെ മിന്നിക്കുന്നതിനുള്ള ക്രമീകരണവും ഈ മുടിപ്പൂക്കളില്‍ കാണാറുണ്ട്. മുടിയില്‍ സൂക്ഷിക്കുന്ന ബാറ്ററിയില്‍ നിന്നും വൈദ്യുതോര്‍ജം കമ്പിവഴി ബള്‍ബുകളുലെത്തിച്ചാണ് അവയ്ക്കു പ്രകാശം നല്കുന്നത്. ഇത്തരം മുടിവിളക്കുകള്‍ ഈ നൂറ്റാണ്ടിന്റെ ആദ്യകാലങ്ങളില്‍ ചില ജന്മിഗൃഹങ്ങളില്‍ ഉപയോഗിച്ചിരുന്നു. മുത്തുമാലകള്‍ ചുറ്റിയും മുടി അലങ്കരിച്ചുവരുന്നു.

ഇപ്രകാരം വിവിധ തരത്തില്‍ കേശസംവിധാനം നടത്തിയുള്ള അലങ്കാരം സ്ത്രീകള്‍ക്കു പ്രത്യേകിച്ചും അനന്തമായ ആനന്ദം നല്കുന്നു. ഈ രംഗത്ത് പ്രത്യേകം വൈദഗ്ധ്യവും പരിശീലനവും നേടിയ ഒട്ടേറെ വനിതകള്‍ ഇന്ന് നഗരങ്ങളില്‍ കേശാലങ്കാരം ഒരു ഉപജീവനമാര്‍ഗമായിത്തന്നെ സ്വീകരിച്ചിട്ടുണ്ട്.

(പ്രൊഫ. ചന്ദ്രാവലീതമ്പുരാന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍