This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേശവശാസ്ത്രി, കരമന (1866 - 1934)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേശവശാസ്ത്രി, കരമന (1866 - 1934)

കരമന കേശവശാസ്ത്രി

പ്രശസ്ത സംസ്കൃതപണ്ഡിതനും കവിയും. കേശവശാസ്ത്രി കൊ.വ. 1042 കന്നി 16-ന് (1866) പദ്മനാഭപുരത്തു ജനിച്ചു. അച്ഛനമ്മമാര്‍ ബാല്യത്തില്‍ മരിച്ചുപോയതു കൊണ്ട് തിരുവനന്തപുരത്ത് കരമന ഗ്രാമത്തില്‍ താമസിച്ചിരുന്ന പിതൃവ്യന്‍ നാണു അയ്യരുടെ സംരക്ഷണത്തിലാണ് വളര്‍ന്നത്. ഗുരുകുലവിദ്യാഭ്യാസ സമ്പ്രദായപ്രകാരം ശാമുശാസ്ത്രികളുടെ അടുക്കല്‍ ചെന്ന് കാവ്യനാടകാലങ്കാരാദികളില്‍ നല്ല പാണ്ഡിത്യം സമ്പാദിക്കുകയുണ്ടായി. പതിനാറു വയസ്സു തികയുംമുമ്പ് കവിതാരചനയിലും പരിചയം നേടി. അന്നത്തെ ഹജൂര്‍ക്കച്ചേരിയില്‍ ഒരു വാളണ്ടിയറായി സേവനം തുടങ്ങി. കണ്ടുകൃഷിക്കച്ചേരി, മേല്‍ക്കങ്ങാണം ശേഖരിപ്പ്, താലൂക്കുകച്ചേരി ഡെപ്യൂട്ടിരായസം, ഡിവിഷന്‍കച്ചേരി ഗുമസ്തന്‍ എന്നീ ജോലികളിലായിരുന്നു ആദ്യകാല പ്രവര്‍ത്തനം. ഡിവിഷന്‍കച്ചേരിയില്‍ ജോലിയിലിരിക്കവേ, തിരുവനന്തപുരത്ത് സംസ്കൃതപാഠശാല സ്ഥാപിച്ചതായറിഞ്ഞ് അവിടെ ഒരു അധ്യാപകനായി നിയമിക്കണമെന്ന് ദിവാന്‍ രാമയ്യങ്കാര്‍ക്ക് അപേക്ഷ അയച്ചു. അതിന്റെ ഒരു പകര്‍പ്പും അതിലെ ആശയം അടങ്ങിയ ഏതാനും സംസ്കൃതപദ്യങ്ങളും കേരളവര്‍മ വലിയകോയിത്തമ്പുരാനും അയച്ചുകൊടുത്തു. ശാസ്ത്രിയുടെ പദ്യരചനാപാടവം വലിയകോയിത്തമ്പുരാനെ സംതൃപ്തനാക്കി. അദ്ദേഹത്തിന്റെ ശിപാര്‍ശപ്രകാരം ശാസ്ത്രിയെ സംസ്കൃതപാഠശാലയില്‍ അധ്യാപകനായി നിയമിച്ചു. 20 വര്‍ഷം ആ ഉദ്യോഗത്തില്‍ തുടര്‍ന്നു. പിന്നീട് ചാല ഹൈസ്കൂളില്‍ സംസ്കൃത മുന്‍ഷി, മലയാളപണ്ഡിതന്‍ എന്നീ സ്ഥാനങ്ങള്‍ ആറുവര്‍ഷം വഹിച്ചു. 1915-ല്‍ ശാസ്ത്രി തിരുവനന്തപുരം മഹാരാജാസ് കോളജില്‍ സംസ്കൃതപണ്ഡിതനായി നിയമിതനായി. ഏഴുവര്‍ഷം ആ ഉദ്യോഗത്തില്‍ തുടര്‍ന്നു. ഇദ്ദേഹത്തിന്റെ പാണ്ഡിത്യവൈഭവവും അധ്യാപനപാടവവും ശിഷ്യസഹസ്രങ്ങളെ ആകര്‍ഷിക്കുകയുണ്ടായി. ഉന്നതസ്ഥാനങ്ങള്‍ വഹിച്ചിരുന്ന അസംഖ്യം ഉദ്യോഗസ്ഥന്മാര്‍ ശിഷ്യവത്സലനായ ശാസ്ത്രിയുടെ അടുക്കല്‍ വന്നു സംസ്കൃതം പഠിച്ചിരുന്നു. സംസ്കൃതത്തിലും മലയാളത്തിലും ഇദ്ദേഹം അസംഖ്യം കൃതികള്‍ രചിച്ചിട്ടുണ്ട്. നീലകണ്ഠ ദീക്ഷിതരുടെ സംസ്കൃതകൃതികളായ കലിവിഡംബനം, സഭാരഞ്ജനം, വൈരാഗ്യശതകം എന്നിവയുടെയും കേരളവര്‍മവലിയ കോയിത്തമ്പുരാന്റെ ശാകുന്തള പാരമ്യത്തിന്റെയും മലയാളവിവര്‍ത്തനവും തോട്ടയ്ക്കാട്ട് ഇക്കാവമ്മയുടെ സുഭദ്രാര്‍ജുനം നാടകത്തിന്റെ സംസ്കൃതവിവര്‍ത്തനവും പോപ്പിന്റെ യൂണിവേഴ്സല്‍ പ്രേയര്‍ (Universal Prayer) എന്ന കൃതിയുടെ സംസ്കൃതവിവര്‍ത്തനവും ശാസ്ത്രിയുടെ കൃതികളില്‍ പ്രാധാന്യമര്‍ഹിക്കുന്നു. ഇവയ്ക്കു പുറമേ ആര്യാഗീതിസഹസ്രം, ശിഖിരിണീസ്തുതി, സൂര്യശതകം മുതലായ പത്തിലധികം സംസ്കൃത പദ്യകൃതികളും ഇദ്ദേഹം എഴുതിയിട്ടുണ്ട്. കൊ.വ. 1109 മേടം 20-ന് (1934 മേയ്) ഇദ്ദേഹം അന്തരിച്ചു.

(വി.ആര്‍. പരമേശ്വരന്‍പിള്ള)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍