This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേശവമേനോന്‍, പി. (1917 - 79)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേശവമേനോന്‍, പി. (1917 - 79)

കേരളീയനായ പ്രമുഖ ഗണിതശാസ്ത്രജ്ഞന്‍. പാലക്കാടു ജില്ലയിലെ അയലൂര്‍ കൊടകര വീട്ടില്‍ കൃഷ്ണനുണ്ണിക്കര്‍ത്താവിന്റെയും ആലത്തൂര്‍ കാട്ടുശ്ശേരി പുളിയക്കോട് ദേവകിയമ്മയുടെയും പുത്രനായി 1917 സെപ്. 4-ന് കേശവമേനോന്‍ ജനിച്ചു. ആലത്തൂരില്‍ 1933-ല്‍ സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി; ഉപരിപഠനത്തിനായി മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍ ചേര്‍ന്നു. 1939-ല്‍ ഗണിതശാസ്ത്രത്തില്‍ പ്രശസ്തമാംവണ്ണം എം.എ. ബിരുദം നേടി.

കേശവമേനോന്‍ സംഖ്യാസിദ്ധാന്തത്തിന്റെ ഒരു ഭാഗമായ 'അങ്കഗണിതഫലനം' (Theory of Arithmetic Functions) എന്ന വിഷയത്തെക്കുറിച്ച് പ്രൊഫ. വൈദ്യനാഥസ്വാമിയുടെ മേല്‍നോട്ടത്തില്‍ 1939-ല്‍ ഗവേഷണമാരംഭിച്ചു; 1941-ല്‍ എം.എസ്സി. ബിരുദം നേടി. പിന്നീട് സംഖ്യാസിദ്ധാന്തത്തിന്റെ നൂതനമേഖലകളിലേക്കും ഗണിതശാസ്ത്രത്തിലെ മറ്റു ചില അപൂര്‍വ ശാഖകളിലേക്കും ഗവേഷണപ്രവര്‍ത്തനം വ്യാപിപ്പിക്കുകയുണ്ടായി. ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള ഗണിതശാസ്ത്രജേണലുകളില്‍ എഴുപതില്‍പ്പരം ഗവേഷണപ്രബന്ധങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. തന്റെ ഗവേഷണങ്ങളുടെ ഫലങ്ങളില്‍ ചിലത് രാജ്യരക്ഷയ്ക്കും മറ്റും പ്രയോജനകരമാക്കുവാന്‍കൂടി ഇദ്ദേഹത്തിനു കഴിഞ്ഞു. അണ്ണാമല സര്‍വകലാശാല, മാതൃകലാലയമായ മദ്രാസ് ക്രിസ്ത്യന്‍ കോളജ് എന്നിവയില്‍ ലക്ചററായി മേനോന്‍ ജോലി നോക്കി. 'സംഖ്യാസിദ്ധാന്തത്തിനുള്ള സംഭാവനകള്‍' (Contributions to the Theory of Numbers) എന്ന ശീര്‍ഷകത്തില്‍ ഇദ്ദേഹം സമര്‍പ്പിച്ച പ്രബന്ധത്തെ അടിസ്ഥാനമാക്കി മദ്രാസ് സര്‍വകലാശാല 1948-ല്‍ മേനോന് ഡി.എസ്സി. ബിരുദം നല്കി. 1949-ല്‍ രാജ്യരക്ഷാമന്ത്രി കാര്യാലയത്തില്‍പ്പെട്ട 'ജോയിന്റ് സൈഫര്‍ ബ്യൂറോ'യില്‍ റിസര്‍ച്ച് ഓഫീസറായി തെരഞ്ഞെടുക്കപ്പെട്ടു. 1955-56-ല്‍ ഗവേഷണം സംബന്ധിച്ച് പശ്ചിമജര്‍മനിയില്‍ ഇദ്ദേഹം ഒരു പ്രസംഗപരമ്പര നടത്തി. 1958-ല്‍ സൈഫര്‍ ബ്യൂറോയില്‍ ആദ്യത്തെ ഡയറക്ടറായി നിയമിക്കപ്പെട്ടു. ഇന്ത്യന്‍ നാഷണല്‍ സയന്‍സ് അക്കാദമി ഇദ്ദേഹത്തെ 1967-ല്‍ ഫെലോ ആയി തെരഞ്ഞെടുത്തു. 1975-ല്‍ പെന്‍ഷന്‍പ്രായമെത്തിയപ്പോള്‍ കേന്ദ്രഗവണ്‍മെന്റ് ഇദ്ദേഹത്തിന്റെ സേവനം രണ്ടു കൊല്ലത്തേക്കുകൂടി നീട്ടിക്കൊടുത്തു. 1977-ല്‍ റിട്ടയര്‍ ചെയ്ത ഉടന്‍ തന്നെ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡല്‍ഹിശാഖയുടെ ക്ഷണമനുസരിച്ച് അവിടെ പ്രൊഫസറായി. ഇന്ത്യന്‍ മാത്തമാറ്റിക്കല്‍ സൊസൈറ്റി കൗണ്‍സില്‍, അറ്റോമിക് എനര്‍ജി കമ്മിഷന്‍, മാത്തമാറ്റിക്സ് ഉപദേശകസമിതി, ഇന്ത്യന്‍ അക്കാദമി ഒഫ് സയന്‍സ്, ഇന്ത്യന്‍ നാഷണല്‍ സയന്‍സ് അക്കാദമിയുടെ സയന്‍സ് കൗണ്‍സില്‍ മുതലായവയില്‍ അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ക്രിപ്പറ്റോസ് ക്രിപ്പറ്റ് എന്ന പേരില്‍ ഗണിതശാസ്ത്രഗവേഷണത്തിന്റെ പ്രായോഗിക ഫലങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ജേണല്‍ ഇദ്ദേഹം തുടങ്ങുകയും അതിന്റെ ആദ്യത്തെ എഡിറ്ററായി സേവനമനുഷ്ഠിക്കുകയും ചെയ്തു.

ബോംബെയില്‍ ഒരു ഹ്രസ്വസന്ദര്‍ശനത്തിനിടയില്‍ 1979 ന. 22-ന് ഇദ്ദേഹം അന്തരിച്ചു.

(ഡോ. സി.എസ്. വെങ്കിട്ടരാമന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍