This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേശവമേനോന്‍, കെ.പി. (1886 - 1978)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേശവമേനോന്‍, കെ.പി. (1886 - 1978)

സ്വാതന്ത്ര്യസമരസേനാനിയും മലയാള സാഹിത്യകാരനും. കേരളത്തിന്റെ ദേശീയപ്രസ്ഥാനത്തിലും സാഹിത്യരംഗത്തും ഒരു കാലഘട്ടത്തെ പ്രതിനിധാനം ചെയ്ത വ്യക്തിത്വമായിരുന്നു കെ.പി. കേശവമേനോന്റേത്. പാലക്കാട്ടുനിന്നും പതിനേഴു കി.മീ. ദൂരം വരുന്ന തരൂര്‍ ഗ്രാമത്തില്‍ കിഴക്കേപൊറ്റെ വീട്ടില്‍ 1886 സെപ്. 1-ന് പാലക്കാട്ടു   രാജകുടുംബത്തില്‍പ്പെട്ട ഭീമന്‍ അച്ചന്റെയും കിരീടാവകാശിയായ അവിടത്തെ രാജാവിന്റെ പുത്രി മീനാക്ഷിനേത്യാരമ്മയുടെയും പുത്രനായി ജനിച്ചു. ഇദ്ദേഹം 1906-ല്‍ ലക്ഷ്മിക്കുട്ടി നേത്യാരമ്മയെ വിവാഹം കഴിച്ചു. 19 വര്‍ഷങ്ങള്‍ക്കുശേഷം അവര്‍ മരിച്ചപ്പോള്‍ അവരുടെ സഹോദരിയും വിധവയുമായ അമ്മുക്കുട്ടി നേത്യാരമ്മയെ പത്നിയായി സ്വീകരിച്ചു.

കെ.പി.കേശവമേനോന്‍

കോഴിക്കോട്ടു കേരളവിദ്യാശാലയില്‍ (ഇന്നത്തെ ഗുരുവായൂരപ്പന്‍ കോളജ്) ആരംഭിച്ച വിദ്യാര്‍ഥിജീവിതം മദ്രാസിലെ ക്രിസ്ത്യന്‍ കോളജില്‍ ബിരുദത്തിനും ലണ്ടനില്‍ ബാര്‍ അറ്റ് ലായ്ക്കും പഠനം നടത്തി ഇദ്ദേഹം പൂര്‍ത്തിയാക്കി. ലണ്ടനില്‍ നിന്നും 1915-ല്‍ ഇദ്ദേഹം നാട്ടിലേക്കു മടങ്ങിവരികയും മലബാറില്‍ ഹോം റൂള്‍ ലീഗ് സ്ഥാപിക്കപ്പെട്ടപ്പോള്‍ അതിന്റെ സെക്രട്ടറി സ്ഥാനം സ്വീകരിക്കുകയും ചെയ്തു. ഹോം റൂള്‍ ലീഗ് പ്രതിനിധിയായി ഇദ്ദേഹം വൈസ്രോയി മൊണ്ടേഗുവിനെ ഭരണപരിഷ്കാരം ചര്‍ച്ച ചെയ്യുവാന്‍ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. യുദ്ധഫണ്ടു പിരിവിനായി കോഴിക്കോട്ടു ടൌണ്‍ഹാളില്‍ വിളിച്ചുകൂട്ടിയതും കളക്ടര്‍ ആധ്യക്ഷ്യം വഹിച്ചതുമായ യോഗത്തില്‍ ഫണ്ടുപിരിവ് നല്കുന്നതിനെതിരായി മലയാളത്തില്‍ സംസാരിച്ചുകൊണ്ട് ഇദ്ദേഹം നാട്ടുകാരെ ആവേശം കൊള്ളിക്കുകയും യോഗം ബഹിഷ്കരിക്കുകയും ചെയ്തത് അന്നത്തെ ഒരു വലിയ സംഭവമായിരുന്നു. മദ്രാസില്‍ 1919-ല്‍ തോട്ടികളെയും റിക്ഷാത്തൊഴിലാളികളെയും സംഘടിപ്പിക്കുന്നതില്‍ ഇദ്ദേഹം നേതൃത്വം കൊടുത്തു. പിന്നീട് നിസ്സഹകരണകാലത്തു തന്റെ വക്കീല്‍പ്രാക്ടീസ് ഉപേക്ഷിച്ചു കേരളത്തില്‍ കോണ്‍ഗ്രസ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു; അതിന്റെ സെക്രട്ടറിയായി സ്ഥാനമേല്ക്കുകയും ചെയ്തു. കോണ്‍ഗ്രസ്-ഖിലാഫത്തു പ്രസ്ഥാനം മലബാറില്‍ ഊര്‍ജിതപ്പെടുത്തുകയും മാപ്പിളകലാപം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ സമാധാനം സ്ഥാപിക്കുവാന്‍ പരിശ്രമിക്കുകയും അഭയാര്‍ഥികള്‍ക്കായി ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്ത ഇദ്ദേഹം ദേശീയപ്രസ്ഥാനം ശക്തിപ്പെടുത്താന്‍ ഒരു പത്രം ആവശ്യമാണെന്നു മനസ്സിലാക്കിക്കൊണ്ടു മാതൃഭൂമി സ്ഥാപിച്ച് 1923 മുതല്‍ 25 വരെ അതിന്റെ മുഖ്യപത്രാധിപരായി പ്രവര്‍ത്തിച്ചു (നോ. മാതൃഭൂമി). ഗാന്ധിജിയുടെ വിചാരണയെ ആസ്പദമാക്കി ദ് ഗ്രേറ്റ് ട്രയല്‍ (The Great Trial) എന്ന ഗ്രന്ഥം ഇക്കാലത്തു പ്രസിദ്ധപ്പെടുത്തി. കോണ്‍ഗ്രസ്സിന്റെ സന്ദേശവും അയിത്തോച്ചാടനം തുടങ്ങിയ നിര്‍മാണപരിപാടികളും കേരളത്തിലെങ്ങും പ്രചരിപ്പിക്കുന്നതിലായിരുന്നു ഇദ്ദേഹം ശ്രദ്ധവച്ചത്. അയിത്തജാതിക്കാരുടെ സഞ്ചാരസ്വാതന്ത്യ്രം നിലനിര്‍ത്തുവാനായി ആരംഭിച്ച വൈക്കം സത്യഗ്രഹത്തില്‍ ഇദ്ദേഹം പങ്കെടുക്കുകയുണ്ടായി. ഇദ്ദേഹം ശിക്ഷയ്ക്കു വിധേയനായി തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ ആറു മാസത്തോളം കഴിച്ചുകൂട്ടി.

സാമ്പത്തികവും കുടുംബപരവുമായ കാരണങ്ങളാല്‍ മേനോന്‍ കോണ്‍ഗ്രസ് സെക്രട്ടറി സ്ഥാനം രാജിവയ്ക്കുകയും 1925-ല്‍ വീണ്ടും മദ്രാസില്‍ പ്രാക്ടീസ് ആരംഭിക്കുകയും ചെയ്തു. പിന്നീട് 1927-ല്‍ മലയയിലേക്കു കപ്പല്‍ കയറി. ഇദ്ദേഹം 1948 വരെ ജീവിച്ചത് മലയയിലായിരുന്നു. അവിടെ പല കേന്ദ്രങ്ങളിലുമുള്ള ഇന്ത്യാക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ കാര്യമായ പങ്കുവഹിച്ചു. സിംഗപ്പൂരിലെ ഇന്ത്യന്‍ അസോസിയേഷന്റെയും മറ്റു ട്രേഡ് യൂണിയനുകളുടെയും ഒരു പ്രധാന പ്രവര്‍ത്തകനായി മാറി. രണ്ടാം ലോകയുദ്ധം ആരംഭിച്ചപ്പോള്‍ ജപ്പാന്‍ മലയ ആക്രമിക്കുകയും ആ സന്ദര്‍ഭത്തില്‍ ഇന്ത്യന്‍ ഇന്‍ഡിപ്പെന്‍ഡന്‍സ് ലീഗ് അവിടെ രൂപവത്കരിക്കുകയും ചെയ്തിരുന്നു. ഇദ്ദേഹം ലീഗിന്റെ പ്രവര്‍ത്തക സമിതിയില്‍ അംഗമാകുകയും ടോക്കിയോവില്‍ റാഷ്ബിഹാരിബോസ് പങ്കെടുത്ത യോഗത്തില്‍ സംബന്ധിക്കുകയും ചെയ്തു. ലീഗിന്റെ പ്രവര്‍ത്തകസമിതിയിലെ അംഗമായ കേശവമേനോന്‍ അതിന്റെ പ്രസിദ്ധീകരണവിഭാഗം മന്ത്രികൂടിയായിരുന്നു. പക്ഷേ, ജപ്പാന്‍കാരുടെ ഉദ്ദേശ്യശുദ്ധിയില്‍ ഇദ്ദേഹത്തിനു സംശയം തോന്നുകയാല്‍ തന്റെ സ്ഥാനം രാജിവച്ചൊഴിഞ്ഞു. ഇക്കാരണത്താല്‍ ജപ്പാന്‍കാര്‍ മേനോനെ അറസ്റ്റ് ചെയ്യുകയും 1944 ഏപ്രില്‍ മുതല്‍ 45 ആഗസ്റ്റ് വരെ വിവിധ മിലിട്ടറി ജയിലുകളില്‍ തടവുകാരനായി പാര്‍പ്പിക്കുകയും ചെയ്തു. യുദ്ധമവസാനിച്ചപ്പോള്‍ 1946 ഒക്ടോബറില്‍ ഇദ്ദേഹം ഇന്ത്യയിലേക്കു മടങ്ങി. ഈ അവസരത്തില്‍ കേരള കലാമണ്ഡലത്തില്‍വച്ചു ചേര്‍ന്നിരുന്ന ഐക്യകേരളം സംബന്ധിച്ച ആലോചനായോഗത്തില്‍ ആധ്യക്ഷ്യം വഹിച്ചു. വീണ്ടും സിംഗപ്പൂരിലേക്കു തിരിച്ചുപോയ ഇദ്ദേഹം 1948 ജൂല. 17-ന് അവിടെനിന്നും നാട്ടിലേക്കുമടങ്ങി. അതേ വര്‍ഷം ആഗ. 1-ന് ഇദ്ദേഹം മാതൃഭൂമിയുടെ പത്രാധിപത്യം സ്വീകരിച്ചു. ജവാഹര്‍ലാല്‍ നെഹ്റു ആവശ്യപ്പെട്ടതനുസരിച്ച് 1951-ല്‍ സിലോണിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണറായി ചാര്‍ജെടുത്തു. ഇന്ത്യാക്കാരായ കുടിയേറ്റക്കാരുടെ പൌരാവകാശം സംബന്ധിച്ച ചില കാര്യങ്ങളില്‍ ഇന്ത്യാഗവണ്‍മെന്റുമായുള്ള അഭിപ്രായഭിന്നതകള്‍ കാരണം പതിനഞ്ചുമാസങ്ങള്‍ക്കുശേഷം കേശവമേനോന്‍ തന്റെ സ്ഥാനം രാജിവച്ചൊഴിഞ്ഞു. വീണ്ടും 1952 ഒക്ടോബറില്‍ ഇദ്ദേഹം മാതൃഭൂമിയുടെ പത്രാധിപസ്ഥാനം സ്വീകരിച്ചു. അതോടൊപ്പം ഐക്യകേരളം രൂപവത്കരിക്കാനുള്ള ബഹുജനപ്രക്ഷോഭണങ്ങള്‍ക്കു നേതൃത്വവും നല്കി.

ബഹുജന ശ്രദ്ധേയനായ ഒരു രാഷ്ട്രീയ പ്രവര്‍ത്തകനെന്നതിലുമുപരി മലയാളത്തിലെ അറിയപ്പെടുന്ന ഒരു ഗ്രന്ഥകാരന്‍ കൂടിയാണ് കേശവമേനോന്‍. ഇദ്ദേഹത്തിന്റെ പ്രഥമ ഗ്രന്ഥം, ലാലാ ലജ്പത്റായ് 1908-ല്‍ പ്രസിദ്ധീകൃതമായി; അവസാനഗ്രന്ഥമായ സമ്പൂര്‍ണജീവിതം 1976-ലും. ഈ കാലയളവില്‍ 32 ഗ്രന്ഥങ്ങള്‍ ഇദ്ദേഹം പ്രസിദ്ധീകരിച്ചു. ഗോപാലകൃഷ്ണ ഗോഖലെ (1915), ലോകമാന്യതിലകന്‍ (1916), ബിലാത്തിവിശേഷം (1916), മഹാത്മാഗാന്ധി (1920), ബന്ധനത്തില്‍നിന്ന് (1924), അസ്തമനം (1935), ഭൂതവും ഭാവിയും (1947), ജീവിതചിന്തകള്‍ (1955), ദാനഭൂമി (1956), കഴിഞ്ഞകാലം (1957), പ്രഭാതദീപം, വിജയത്തിലേക്ക് (1961), അബ്രഹാം ലിങ്കണ്‍ (1962), ജവാഹര്‍ലാല്‍നെഹ്റു, രാഷ്ട്രപിതാവ് രണ്ടു ഭാഗങ്ങള്‍ (1968-69), നവഭാരത ശില്പികള്‍ നാലുഭാഗങ്ങള്‍ (1971-74), നാം മുന്നോട്ട് അഞ്ചുഭാഗങ്ങള്‍ (1965-74), യേശുദേവന്‍, സമകാലീനരായ ചില കേരളീയര്‍ രണ്ടു ഭാഗങ്ങള്‍ (1974-75), സായാഹ്നചിന്തകള്‍ (1975) എന്നിവയാണ് ഇദ്ദേഹത്തിന്റെ ഗ്രന്ഥങ്ങള്‍. ഇവയില്‍ പതിനഞ്ച് ഗ്രന്ഥങ്ങള്‍ ജീവചരിത്രപരങ്ങളാണ്. ജീവിതചിന്തകള്‍, നാം മുന്നോട്ട് തുടങ്ങിയവ സാന്ത്വനസാഹിത്യവിഭാഗത്തിലുള്‍പ്പെടുന്നു. അസ്തമനം ശ്രദ്ധേയമായ ഒരു ചെറുകഥാ സമാഹാരമാണ്; ബിലാത്തിവിശേഷം ഒരു യാത്രാവിവരണവും. കഴിഞ്ഞകാലം ആത്മകഥാപരമാണ്; ഇതിന് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡും (1958) സാഹിത്യപ്രവര്‍ത്തക സഹകരണസംഘം അവാര്‍ഡും ലഭിച്ചിട്ടുണ്ട്.

പൊതുരംഗങ്ങളില്‍ അര്‍പ്പണബുദ്ധിയോടെ പ്രവര്‍ത്തിച്ച ഇദ്ദേഹം കര്‍മമണ്ഡലങ്ങളിലെല്ലാം തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു. തെറ്റെന്നു തനിക്കു തോന്നുന്ന കാര്യങ്ങള്‍ തുറന്നു പറയാനും അവയെ എതിര്‍ക്കാനും മടിച്ചിരുന്നില്ല. ഏറ്റവും വിശാലമായ അര്‍ഥത്തില്‍ ഇദ്ദേഹം ഒരു സ്വാതന്ത്ര്യസമരസേനാനിയായിരുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ ഇദ്ദേഹം വഹിച്ച പങ്ക് വിലപ്പെട്ടതായിരുന്നുവെന്നു മാത്രമല്ല, മനുഷ്യസ്വാതന്ത്യ്രത്തിനു എവിടെയെല്ലാം വിലങ്ങുകള്‍ അനുഭവപ്പെട്ടിട്ടുണ്ടോ അവിടെയെല്ലാം തന്റെ ശബ്ദം ഉയര്‍ത്താന്‍ മേനോന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പ്രലോഭനങ്ങള്‍ക്കു വശംവദനായി സ്വന്തം ആദര്‍ശങ്ങളില്‍നിന്നും കടുകിട വ്യതിചലിച്ചിരുന്നില്ല. സിലോണ്‍ ഹൈക്കമ്മിഷണര്‍ സ്ഥാനം, സാഹിത്യ അക്കാദമി വര്‍ക്കിങ് പ്രസിഡന്റുപദവി, ഇന്ത്യന്‍ ഇന്‍ഡിപ്പെന്‍ഡന്‍സ് ലീഗിലെ മന്ത്രിസ്ഥാനം തുടങ്ങിയവയെല്ലാം ഉപേക്ഷിക്കേണ്ടിവന്നത് ഇദ്ദേഹത്തിന്റെ ഉറച്ച ആദര്‍ശനിഷ്ഠകൊണ്ടുമാത്രമാണ്.

അവസാനത്തെ രണ്ടു ദശവര്‍ഷക്കാലം ഇദ്ദേഹത്തിനു പൂര്‍ണമായും കാഴ്ചശക്തി നഷ്ടപ്പെട്ടിരുന്നു. അത്തരം പരിതഃസ്ഥിതിയില്‍പ്പോലും കേശവമേനോന്‍ തന്റെ ഗ്രന്ഥരചന മുന്നോട്ടുകൊണ്ടുപോയി. ഇന്ത്യാഗവണ്‍മെന്റില്‍നിന്ന് 'പദ്മഭൂഷണ്‍' ബഹുമതിയും (1966) കോഴിക്കോടു സര്‍വകലാശാലയില്‍നിന്ന് ഡോക്ടര്‍ ബിരുദവും ഇദ്ദേഹത്തിനു ലഭിക്കുകയുണ്ടായി. കേരള സാഹിത്യ അക്കാദമി, തുഞ്ചന്‍സ്മാരകം, പൌരസംഘം തുടങ്ങിയ പല പ്രസ്ഥാനങ്ങളുമായി ഇദ്ദേഹം അഭേദ്യമായി ബന്ധപ്പെട്ടിരുന്നു.

1978 ന. 9-ന് കോഴിക്കോട് ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍