This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേശവപ്പണിക്കര്‍, തകഴി (1867 - 1939)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേശവപ്പണിക്കര്‍, തകഴി (1867 - 1939)

കഥകളിനടനും ഗായകനും ആയ നാട്യാചാര്യന്‍. തകഴിയില്‍ കൊല്ലന്തറവീട്ടില്‍ 1867-ല്‍ ജനിച്ചു. അക്കാലത്തെ കഥകളിയാശാന്മാരില്‍ പ്രമാണിയായിരുന്ന തകഴി വേലുപ്പിള്ളയാശാന്റെ കീഴില്‍ അഭ്യസനം നടത്തി. ആറടിയോളം ഉയരവും സ്ഥൂലിച്ച ശരീരവും മാംസളമായ മുഖവും മുഖത്തു കളിയാടിയിരുന്ന കൂസലില്ലായ്മയും ആരുടെയും ശ്രദ്ധപിടിച്ചുപറ്റാന്‍ പോന്നവയായിരുന്നു. ഭീമാകാരനായ പണിക്കരുടെ ഏറ്റവും പ്രസിദ്ധവേഷം ദുര്യോധനവധത്തിലെ രൗദ്രഭീമനായിരുന്നു. ഭീമനാശാന്‍, ഭീമന്‍ കേശവപ്പണിക്കര്‍ എന്നിങ്ങനെയാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്. രൗദ്രഭീമന്റെ തേപ്പിന് ഇദ്ദേഹം ചില മാറ്റങ്ങള്‍ വരുത്തിയിരുന്നു. ചുണ്ടിന്റെ ചുവപ്പിനു ചുറ്റും വെള്ളമനയോലയും ചുവപ്പും കറുപ്പുമായ രേഖകള്‍ കൊണ്ടു മീശയും ഇദ്ദേഹത്തിന്റെ പരിഷ്കാരമാണ്. പണിക്കര്‍ വരുത്തിയ പരിഷ്കാരമാണ് ഇന്നും സര്‍വസാധാരണമായിക്കാണുന്നത്.

എല്ലാ ആദ്യവസാനവേഷങ്ങളും കെട്ടിയിരുന്നെങ്കിലും രൗദ്രഭീമന്‍, ഹനുമാന്‍, നരസിംഹം, വീരഭദ്രന്‍, ബാലി, ബകവധത്തില്‍ ആശാരി എന്നിങ്ങനെയുള്ള കഥാപാത്രങ്ങളുടെ അഭിനയത്തില്‍ അതിരറ്റ പാടവം കാണിച്ചിരുന്നു. രൗദ്രഭീമന്റെ ഉഗ്രംപശ്യത മാത്രമല്ല, ദുശ്ശാസനനെ കാണുന്ന നിമിഷം മുതല്‍ വധംവരെ ദൃഷ്ടി ദുശ്ശാസനനില്‍ത്തന്നെ കേന്ദ്രീകരിക്കുന്നതും ഈ നോട്ടത്തില്‍ ആസന്നമായ വധത്തിന്റെയും മൃഗീയമായ രുധിരപാനത്തിന്റെയും ഭീകരത പ്രസ്പഷ്ടമായി പ്രതിബിംബിപ്പിക്കുന്നതും ദുശ്ശാസനന്റെ മാറുപിളര്‍ന്ന് ചോരകുടിച്ച് മൃതദേഹത്തിനു സമീപം വച്ചുതന്നെ പാഞ്ചാലിയുടെ മുടി കെട്ടുന്നതും ആണ് ഇദ്ദേഹത്തിന്റെ രൗദ്രഭീമവേഷം ശ്രദ്ധേയമാക്കിയത്.

കഥകളി ആശാനെന്ന നിലയിലാണ് കേശവപ്പണിക്കര്‍ക്ക് ഏറെ പ്രശസ്തി. പതിനാലു വര്‍ഷത്തോളം കീരിക്കാട്ട് തോപ്പില്‍കളിയോഗത്തിലെ ആശാനായിരുന്നു. തോട്ടം ശങ്കരന്‍ നമ്പൂതിരിയുടെ ആദ്യത്തെ ആശാനും ചെങ്ങന്നൂര്‍ രാമന്‍പിള്ളയുടെ ആജീവനാന്ത ആശാനുമായിരുന്നു ഇദ്ദേഹം. കര്‍ക്കശനായ ആശാന്റെ ശിക്ഷണം ക്ലേശകരവും ശിക്ഷ നിര്‍ദയവുമായിരുന്നു. 1939-ല്‍ ഇദ്ദേഹം അന്തരിച്ചു.

(നീലമ്പേരൂര്‍ രാമകൃഷ്ണന്‍നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍