This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേശവപ്പണിക്കര്‍, കെ.ജി. (1915-84)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേശവപ്പണിക്കര്‍, കെ.ജി. (1915-84)

സംസ്കൃതപണ്ഡിതനും കാഥികനുമായ കവി. ചെങ്ങന്നൂര്‍ താലൂക്കില്‍ ബുധനൂര്‍ പടിഞ്ഞാറ്റുംമുറിയില്‍ കളീക്കല്‍ കിഴക്കേതില്‍ വീട്ടില്‍ സി. നാണിയമ്മയുടെയും തിരുവല്ല ഇരുവെളിപ്ര കോന്നാത്തുവീട്ടില്‍ കെ.എന്‍. ഗോവിന്ദന്‍ വൈദ്യന്റെയും പുത്രനായി 1915 ജനുവരിയില്‍ ജനിച്ചു. ജനിച്ച് എട്ടാംമാസത്തില്‍ പോളിയോ രോഗബാധ കൊണ്ട് ഇടതുകാല്‍ തളര്‍ന്നുപോയി. നാലഞ്ചുവയസ്സുവരെ സഞ്ചരിക്കാന്‍ കഴിവില്ലായിരുന്നു.

കെ.ജി.കേശവപ്പണിക്കര്‍

അപ്പൂപ്പനായ നാരായണന്‍ ജ്യോത്സ്യരും അച്ഛനും ചെറുപ്പത്തിലേ വാക്യം, പരല്‍പ്പേര്, ജ്യാക്കള്‍, കാലദീപം ഇത്യാദി ചൊല്ലിക്കൊടുത്ത് അവ മനഃപാഠം പഠിപ്പിച്ചിരുന്നു. അച്ഛന്റെ അനുജനായ പി.എന്‍. കേശവനാശാന്‍ സിദ്ധരൂപാദികളും പഠിപ്പിച്ചു. വീട്ടിന്റെ തൊട്ടടുത്തുള്ള കളരിയില്‍ പഠിപ്പിച്ചിരുന്ന മന്നത്തു നീലകണ്ഠപ്പിള്ളയാശാനില്‍നിന്ന് നിലത്തെഴുത്തു പഠിച്ചു. ഹൈസ്കൂളുകള്‍ വീട്ടില്‍നിന്നും അകലെയായിരുന്നതിനാല്‍ ഉപരിപഠനത്തിനു നിര്‍വാഹമില്ലാതെ വീട്ടിലിരുന്ന ഇദ്ദേഹം സംസ്കൃതാഭ്യസനം തുടര്‍ന്നു. ശ്രീകൃഷ്ണവിലാസം, രഘുവംശം, മാഘം, രാമായണംചമ്പു, കുവലയാനന്ദം തുടങ്ങിയവ കേശവനാശാനാണ് പഠിപ്പിച്ചത്. ബഥനിയിലെ കന്യാസ്ത്രീകളില്‍നിന്നും ഇംഗ്ളീഷും പഠിച്ചുകൊണ്ടിരുന്നു. ഇതോടൊത്ത് ഹരിപ്പാട്ടുകാരന്‍ നാരായണപിള്ള, പദ്മനാഭപിള്ള, എടത്വാക്കാരന്‍ ശങ്കരദാസ് എന്നീ ഭാഗവതന്മാരില്‍ നിന്നും സംഗീതവും അഭ്യസിച്ചു.

കുടുംബ ബന്ധുവായ വിദ്വാന്‍ കെ.ഒ. ഗോപാലഗണകന്‍ താന്‍ പ്രഥമാധ്യാപകനായിരുന്ന കാവുംഭാഗം സംസ്കൃതപാഠശാലയില്‍ ഇദ്ദേഹത്തെ പരീക്ഷിച്ചു ചതുര്‍ഥക്ലാസ്സില്‍ ചേര്‍ത്തു. പണ്ഡിതനും കവിയുമായിരുന്ന വിദ്വാന്‍ ഗോപാലഗണകന്റെയും ഒന്നാംകിട കഥകളി നടനും സംസ്കൃതത്തിലും ഹിന്ദിയിലും തികഞ്ഞ പണ്ഡിതനുമായിരുന്ന രാമവര്‍മത്തമ്പാന്റെയും കീഴിലുള്ള പഠിത്തം സംസ്കൃതഭാഷയിലും കഥകളിയിലും ഹിന്ദിഭാഷയിലും സാമാന്യത്തിലധികം അവഗാഹമുണ്ടാക്കി. ശാസ്ത്രിപരീക്ഷ പാസ്സായതിനുശേഷം കേശവപ്പണിക്കര്‍ പട്ടാമ്പി സംസ്കൃത മഹാപാഠശാലയില്‍ ചേര്‍ന്നു. മഹാപണ്ഡിതന്മാരായ പുന്നശ്ശേരി നീലകണ്ഠശര്‍മ, പ്രൊഫ. നാരായണന്‍ നമ്പീശന്‍, പ്രൊഫ. കെ.പി. നാരായണപ്പിഷാരൊടി, പ്രൊഫ. പാലക്കാട്ടുനാരായണ ശാസ്ത്രികള്‍ മുതലായവരായിരുന്നു അവിടത്തെ ഗുരുനാഥന്മാര്‍. വിദ്വാന്‍ സി.എസ്. നായര്‍, പുന്നശ്ശേരിയുടെ പ്രഥമശിഷ്യന്‍ വാചസ്പതി പരമേശ്വരന്‍ മൂസ്സ്ത്, കെ.വി.എം. എന്നിങ്ങനെയുള്ള പണ്ഡിതവരേണ്യന്മാരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതിനും ഇദ്ദേഹത്തിന് അവസരം ലഭിച്ചു. അസുഖബാധ നിമിത്തം ഫൈനല്‍ ശിരോമണിപരീക്ഷ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. പിന്നീട് തിരുവനന്തപുരത്തുവന്ന് കെ. ബാലരാമപ്പണിക്കരുടെയും ഇ.വി. ദാമോദരന്റെയും കൂടെ പേട്ടയില്‍ താമസിച്ചു പഠിച്ച് അടുത്ത വര്‍ഷത്തെ പരീക്ഷ എഴുതിയാണ് പാസ്സായത്.

ഇദ്ദേഹം പതിനാലു വയസ്സുള്ളപ്പോള്‍ത്തന്നെ കവിത എഴുതിത്തുടങ്ങി. ഇരുപതാമത്തെ വയസ്സില്‍ പട്ടാമ്പി സംസ്കൃത കോളജില്‍ പഠിക്കുന്ന കാലത്ത്, സംസ്കൃത പദ്യങ്ങള്‍ എഴുതാന്‍ ആരംഭിച്ചു. അവിടത്തെ അധ്യാപകനായിരുന്ന കെ.പി. നാരായണപ്പിഷാരൊടി കവിത തിരുത്തിക്കൊടുത്ത് പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. വിദ്യാലയം വിട്ടതിനുശേഷം മലയാളത്തിലും സംസ്കൃതത്തിലും കവിതകള്‍ എഴുതി. മലയാളത്തിലെഴുതിയ കവിതകള്‍ മാതൃഭൂമി, മലയാളരാജ്യം, ജനയുഗം എന്നീ വാരികകളില്‍ പ്രസിദ്ധീകരിച്ചിരുന്നു. സംസ്കൃതത്തില്‍ രചിച്ചത് ഖണ്ഡകൃതികളായിരുന്നു. ക്ഷേത്രപ്രവേശനവിളംബരത്തെ ആധാരമാക്കിയുള്ള വിശ്വസൌന്ദര്യം എന്ന കാവ്യമാണ് ഇദ്ദേഹത്തിന്റെ ആദ്യത്തെ സംസ്കൃതകൃതി.

ഭാരതപതാക എന്ന ഖണ്ഡകൃതിയാണ് പിന്നീട് എഴുതിയത്. ഈ കൃതിയില്‍ മോഹന്‍ജൊദരോ ഘട്ടം മുതല്‍ 1947 ആഗ. 15 വരെയുള്ള ഭാരതീയ സംസ്കാരധാരകളുടെ ഉത്പത്തിവികാസപരിണാമങ്ങളെ 250 ശ്ളോകങ്ങളിലൂടെ അവതരിപ്പിച്ചിരിക്കുന്നു. ഐക്യരാഷ്ട്രസഭയ്ക്കു സമര്‍പ്പിക്കണമെന്നുള്ള ഉദ്ദേശ്യത്തോടെ ലോകരാഷ്ട്രവൈജയന്തി എന്ന ഒരു സംസ്കൃതഖണ്ഡകാവ്യവും എഴുതി. വേദാന്തവേദനാ എന്ന ഖണ്ഡകൃതി സംസ്കാരകേരളം എന്ന സാംസ്കാരിക വകുപ്പിന്റെ മാസികയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഇദ്ദേഹം കോട്ടയത്ത് എം.പി. പോള്‍ നടത്തിയിരുന്ന ട്യൂട്ടോറിയല്‍ കോളജിലും ബി.എ.യ്ക്കും എം.എ.യ്ക്കും മലയാളം, സംസ്കൃതം എന്നീ വിഷയങ്ങള്‍ മാത്രം പഠിപ്പിക്കുന്ന സ്വന്തം ട്യൂട്ടോറിയല്‍ കോളജിലുമായി കുറേക്കാലം കഴിഞ്ഞുകൂടി. ഒടുവില്‍ കൊല്ലം ജില്ലയില്‍ എടക്കിടം എന്ന ഗ്രാമത്തിലുള്ള ശ്രീശങ്കരവിദ്യാപീഠത്തില്‍ ജോലിനോക്കി. അവിടെവച്ച് 1974 ആഗ. 21-ന് പെട്ടെന്ന് പക്ഷവാതത്തിന്റെ ആഘാതമേറ്റു ബോധംകെട്ടുവീണു. അതിനെത്തുടര്‍ന്ന് ചികിത്സയിലായി.

കഥാപ്രസംഗത്തില്‍ തത്പരനായിരുന്ന കേശവപ്പണിക്കര്‍ കവിതകളും ഗാനങ്ങളും സ്വയം രചിച്ചാണ് കഥാപ്രസംഗരംഗത്ത് അരങ്ങേറിയത്. 'രക്തസാക്ഷി' എന്ന ബൈബിള്‍ കഥയായിരുന്നു ആദ്യത്തേത്. ഇദ്ദേഹം ഇരുപത്തിനാലു കഥകള്‍ രചിച്ച് കേരളത്തിലങ്ങോളമിങ്ങോളം കഥാപ്രസംഗപരിപാടികള്‍ നടത്തിയിട്ടുണ്ട്. ഉത്തരരാമചരിതം മുതലായ സംസ്കൃത നാടകങ്ങളിലും ആഗസ്റ്റ് 15 മുതലായ മലയാളനാടകങ്ങളിലും അഭിനയിച്ച് നടനെന്ന പ്രശസ്തിയും ഇദ്ദേഹം നേടി. ഇദ്ദേഹത്തിന്റെ രാഷ്ട്രീയപ്രവര്‍ത്തനം ദേശീയഗാനങ്ങളും ഗാന്ധിയന്‍ കഥകളെ ആസ്പദമാക്കിയുള്ള കഥാപ്രസംഗങ്ങളും മാത്രമായി ഒതുങ്ങിയിരുന്നു. പില്ക്കാലത്ത് ഇദ്ദേഹം മാര്‍ക്സിന്റെ ആരാധകനായി മാറി. എങ്കിലും ഭാരതത്തിന്റെ സംസ്കാരപാരമ്പര്യത്തില്‍ അവസാനംവരെയും അഭിമാനിച്ചിരുന്നു. കഥാപ്രസംഗകലയിലെന്നപോലെത്തന്നെ ഒരു കാലത്ത് സാഹിത്യപ്രസംഗകലയിലും വെന്നിക്കൊടി പാറിച്ചിരുന്ന ഇദ്ദേഹം 1984 ഡി. 19-ന് നിര്യാതനായി.

(നീലമ്പേരൂര്‍ രാമകൃഷ്ണന്‍ നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍