This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേശവപ്പണിക്കര്‍, എന്‍. (1913 - 77)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേശവപ്പണിക്കര്‍, എന്‍. (1913 - 77)

സമുദ്രശാസ്ത്രജ്ഞന്‍, ഭരണാധികാരി എന്നീ നിലകളില്‍ പ്രഗല്ഭനായിരുന്ന കേരളീയന്‍. സമുദ്രശാസ്ത്ര നയരൂപവത്കരണത്തില്‍ പണിക്കരുടെ സംഭാവന ഇന്ത്യയ്ക്ക് ആഗോളാംഗീകാരം നേടിക്കൊടുത്തിട്ടുണ്ട്.

എന്‍.കേശവപ്പണിക്കര്‍

കോട്ടയത്ത് തിരുനക്കര മഹാദേവക്ഷേത്രത്തിനു പടിഞ്ഞാറുഭാഗത്തുള്ള നെടുമങ്ങാട്ടു ഭവനത്തില്‍ 1913 മേയ് 17-ന് ജനിച്ചു. പിതാവ് ഹെഡ്മാസ്റ്ററായിരുന്ന ശങ്കുണ്ണിമേനോനും മാതാവ് ജാനകിഅമ്മയും ആയിരുന്നു. കോട്ടയം സി.എം.എസ്. കോളജിലെ പഠനം പൂര്‍ത്തിയാക്കിയശേഷം കേശവപ്പണിക്കര്‍ മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍നിന്നും 1933-ല്‍ ജന്തുശാസ്ത്രത്തില്‍ ഒന്നാം ക്ളാസ്സോടെയും ഒന്നാം റാങ്കോടെയും ബിരുദം നേടി. പുസ്തകങ്ങളുടെ ഏടുകളില്‍ ഒതുങ്ങി നില്ക്കാതെ, പ്രകൃതിയില്‍ നിന്നും നേരിട്ടു കാര്യങ്ങള്‍ ഗ്രഹിക്കാനാണ് പണിക്കര്‍ ആദ്യംമുതല്ക്കേ ശ്രദ്ധിച്ചിരുന്നത്. ഉപ്പുവെള്ളത്തില്‍ ജലജീവികളുടെ ശാരീരികമായ അനുരൂപവത്കരണത്തെക്കുറിച്ച് പഠിക്കാന്‍ ഇദ്ദേഹം പ്രത്യേകം താത്പര്യം കാണിച്ചു. 1935-ല്‍ മദ്രാസ് സര്‍വകലാശാലയില്‍നിന്ന് പണിക്കര്‍ എം.എ. ബിരുദവും ഗവേഷണത്തില്‍ എം.എസ്സി ബിരുദവും സമ്പാദിച്ചു.

അഡയാര്‍ അഴിമുഖത്തെ ഉപ്പുവെള്ളത്തില്‍ വളരുന്ന ജീവികളുടെ സംവര്‍ധനയെക്കുറിച്ച് നടത്തിയ ഗവേഷണത്തിന് 1938-ല്‍ പണിക്കര്‍ക്ക് ഡോക്ടര്‍ ഒഫ് സയന്‍സ് ബിരുദം ലഭിച്ചു. ഗവേഷണത്തിലൂടെ ഡി.എസ്സി നേടിയ ഏറ്റവും പ്രായംകുറഞ്ഞ വ്യക്തി എന്ന ബഹുമതിയും പണിക്കര്‍ക്കു കിട്ടി. 1938-ല്‍ ഇദ്ദേഹത്തിന് ലണ്ടന്‍ സര്‍വകലാശാലയില്‍ നിന്നും പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ് ലഭിച്ചു. 1938 മുതല്‍ 43 വരെ ലണ്ടന്‍, കേംബ്രിജ് തുടങ്ങിയ സര്‍വകലാശാലകളിലും പ്ളിമത്തിലെ മറൈന്‍ ബയോളജിക്കല്‍ ലബോറട്ടറിയിലും ഇദ്ദേഹം ഗവേഷണം തുടര്‍ന്നു. ഇക്കാലത്ത് പ്രൊഫ. ഇ.ജെ. അല്ലന്‍, ഡോ. ഡബ്ള്യൂ. ആര്‍.ജി. ആറ്റ്കിന്‍സ്, പ്രൊഫ. എ.വി. ഹില്‍ തുടങ്ങിയ പ്രഗല്ഭരായ ജൈവശാസ്ത്രജ്ഞരുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ പണിക്കര്‍ക്കു സാധിച്ചു. കവച ജന്തുവര്‍ഗങ്ങളുടെ ഓസ്മോസിക നിയന്ത്രണത്തെക്കുറിച്ച് പണിക്കര്‍ പ്ളിമത്തില്‍ നടത്തിയ പഠനങ്ങള്‍ പ്രത്യേകം പരാമര്‍ശം അര്‍ഹിക്കുന്നു.

1943-ല്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ ജന്തുശാസ്ത്രവകുപ്പ് മേധാവിയായി പണിക്കര്‍ നിയമിക്കപ്പെട്ടു. 1944-ല്‍ മദ്രാസിലെ സുവോളജിക്കല്‍ ലബോറട്ടറിയുടെ ഡയറക്ടറായി നിയമിതനായ ഇദ്ദേഹത്തിനു രണ്ടുകൊല്ലം കൊണ്ട് ഈ പരീക്ഷണശാലയെ ഒരു ഗവേഷണ കേന്ദ്രമായി വികസിപ്പിക്കാന്‍ കഴിഞ്ഞു. 1946-ല്‍ ഫിഷറീസ് മേഖലയിലെ ഗവേഷണം രൂപപ്പെടുത്താനായി ഭക്ഷ്യ-കൃഷിവകുപ്പുമന്ത്രാലയം പണിക്കരെ ഡല്‍ഹിയിലേക്കു ക്ഷണിച്ചു. തുടര്‍ന്ന് മദ്രാസിലെ സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, കല്‍ക്കട്ടയിലെ സെന്‍ട്രല്‍ ഇന്‍ലാന്‍ഡ് ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവ പണിക്കരുടെ പരിശ്രമം കൊണ്ട് സ്ഥാപിക്കപ്പെട്ടു. 1951-ല്‍ ഇദ്ദേഹം സെന്‍ട്രല്‍ മറൈന്‍ ഫീഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യട്ടിന്റെ ഡയറക്ടറായി.

1957-ല്‍ ഇന്ത്യാഗവണ്‍മെന്റ് പണിക്കരെ ഫിഷറീസ് ഡെവല്പമെന്റ് ഉപദേശകനായി നിയോഗിച്ചു. ഈ പദവിയിലിരുന്നുകൊണ്ട് അനേകം ഗവേഷണ പരിശീലനകേന്ദ്രങ്ങള്‍ക്കു രൂപം നല്കുവാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു. കൊച്ചിയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഫിഷറീസ് ടെക്നോളജി, മുംബൈയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഫിഷറീസ് എഡ്യൂക്കേഷന്‍, കൊച്ചിയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഫിഷറീസ് ഓപ്പറേറ്റീവ്സ് എന്നിവ സ്ഥാപിക്കപ്പെട്ടത് കേശവപ്പണിക്കരുടെ ശ്രമത്തിന്റെ ഫലമായാണ്. ആഴക്കടല്‍ മത്സ്യബന്ധനത്തിനു വേണ്ടിയുള്ള കേന്ദ്രപദ്ധതി തയ്യാറാക്കിയതും ഇദ്ദേഹമാണ്. മുംബൈയിലെ ആഴക്കടല്‍ മത്സ്യബന്ധനകേന്ദ്രം സ്ഥാപിച്ചതും കേരളത്തിലെ ഇന്തോ-നോര്‍വീജിയന്‍ ഫിഷറീസ് പദ്ധതിക്കു തുടക്കം കുറിച്ചതും ഇദ്ദേഹം തന്നെ. 1962-ല്‍ പണിക്കര്‍ ഇന്ത്യന്‍ പ്രോഗാം ഒഫ് ദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ ഓഷ്യന്‍ എക്സ്പെഡിഷന്റെ (IIOE) ഡയറക്ടറായി സ്ഥാനം ഏറ്റു. ഇന്ത്യന്‍ നാവികസേനയുടെ ഐ.എന്‍.എസ്. കൃഷ്ണ ഉപയോഗിച്ച് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ 22 തവണ പര്യവേക്ഷണം നടത്തിയതും വളരെയധികം ശാസ്ത്രവിവരങ്ങള്‍ ശേഖരിച്ചതും ഇദ്ദേഹത്തിന്റെ നിര്‍ദേശാനുസരണമാണ്. പ്രസിദ്ധമായ ഇന്ത്യന്‍ ഓഷന്‍ ബയോളജിക്കല്‍ സെന്റര്‍ രൂപവത്കരിച്ചതും പണിക്കരായിരുന്നു. സി.എസ്.ഐ.ആറിന്റെയും യുണെസ്കോയുടെയും സംയുക്താഭിമുഖ്യത്തില്‍ കൊച്ചിയില്‍ പ്രവര്‍ത്തിച്ചുവരുന്ന ഈ കേന്ദ്രം ജന്തുപ്ളവകങ്ങള്‍ സംഭരിച്ച് തരംതിരിക്കുന്നതിനുവേണ്ടി 25 കപ്പലുകള്‍ ഉപയോഗപ്പെടുത്തുകയുണ്ടായി.

ഐ.ഐ.ഒ.ഇ.യുടെ വിജയകരമായ പ്രവര്‍ത്തനത്തെതുടര്‍ന്നാണ് 1966-ല്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഓഷ്യാനോഗ്രാഫി (NIO) സ്ഥാപിതമായത്. പണിക്കരെത്തന്നെ ഇതിന്റെ മേധാവിയാക്കുകയുണ്ടായി. 1973 മേയില്‍ ജോലിയില്‍നിന്നു വിരമിക്കുന്നതുവരെ പണിക്കര്‍ ഈ സ്ഥാനം അലങ്കരിച്ചു. പണിക്കരുടെ ശ്രമത്തിന്റെ ഫലമായാണ് എന്‍.ഐ.ഒ.യ്ക്കു സമുദ്രഗവേഷണത്തിനുവേണ്ടി ആര്‍.വി. ഗവേഷാനി എന്ന കപ്പല്‍ ലഭിച്ചത്. ഇന്ത്യയ്ക്കു ചുറ്റുമുള്ള സമുദ്രത്തിലെ ചരാചരവസ്തുക്കളെപ്പറ്റി പഠിക്കുന്നതിന് ഉപയോഗപ്പെടുത്തിയിട്ടുള്ള ഈ സമുദ്രയാനം പണിക്കരുടെ 'ഒഴുകുന്ന സ്മരണ'യായി വിശേഷിപ്പിക്കപ്പെടാറുണ്ട്.

പെന്‍ഷന്‍ പറ്റിയദിവസം തന്നെ (1973) പണിക്കരെ നാഷണല്‍ കമ്മിഷന്‍ ഓണ്‍ അഗ്രിക്കള്‍ച്ചറിന്റെ ഫുള്‍ടൈം മെമ്പറായി ഇന്ത്യാഗവണ്‍മെന്റ് നിയോഗിച്ചു. 1974-ല്‍ പണിക്കര്‍ കൊച്ചിന്‍ സര്‍വകലാശാലയുടെ വൈസ്ചാന്‍സലറായി നിയമിതനായി. കേരള ഗവണ്‍മെന്റിന്റെ സയന്‍സ് ആന്‍ഡ് ടെക്നോളജി കമ്മിറ്റിയുടെ ചെയര്‍മാന്‍, പ്ളാനിങ്ബോര്‍ഡ് അംഗം എന്നീ സ്ഥാനങ്ങളും പണിക്കര്‍ വഹിച്ചു. കൊച്ചിന്‍ സര്‍വകലാശാലയില്‍ സമുദ്രശാസ്ത്രവിഭാഗത്തിന്റെ വികസനത്തിനും വളര്‍ച്ചയ്ക്കും പാതയൊരുക്കിയത് കേശവപ്പണിക്കരാണ്. ഫിസിക്കല്‍ ഓഷ്യാനോഗ്രാഫി, മറൈന്‍ ജിയോളജി, മറൈന്‍ കെമിസ്ട്രി, ഫിഷറീസ് ടെക്നോളജി എന്നിങ്ങനെ വിവിധ വകുപ്പുകള്‍ അവിടെ രൂപവത്കരിച്ചതും ഇദ്ദേഹമാണ്. 1977 ജൂണ്‍ 24-ന് തിരുവനന്തപുരത്ത് സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ ഒരു സമ്മേളനത്തില്‍ പങ്കെടുത്തശേഷം രാത്രി 8.30-ന് ഹൃദ്രോഗം മൂലം ആകസ്മികമായി ഇദ്ദേഹം നിര്യാതനായി.

തന്റെ ഔദ്യോഗിക ജീവിതത്തില്‍ പണിക്കര്‍ അനവധി ബിരുദങ്ങളും അവാര്‍ഡുകളും നേടിയിട്ടുണ്ട്. ഇന്ത്യന്‍ അക്കാദമി ഒഫ് സയന്‍സസ് (1943), സുവോളജിക്കല്‍ സൊസൈറ്റി ഒഫ് ഇന്ത്യ (1947), ലണ്ടനിലെ റോയല്‍ സൊസൈറ്റി ഒഫ് ആര്‍ട്സ് (1950), നാഷണല്‍ അക്കാദമി ഒഫ് സയന്‍സസ് (1951), നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സയന്‍സസ് ഒഫ് ഇന്ത്യ (ഇപ്പോള്‍ ഇന്ത്യന്‍ നാഷണല്‍ സയന്‍സ് അക്കാദമി-1952), ഇന്ത്യന്‍ ജിയോഫിസിക്കല്‍ യൂണിയന്‍ (1964) എന്നിവയുടെ ഫെലോ ആയി പണിക്കര്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇന്‍ഡോ-പസിഫിക് ഫിഷറീസ് കൌണ്‍സില്‍ (1954-57), യുണെസ്കോയുടെ ഇന്റര്‍-ഗവണ്‍മെന്റല്‍ ഓഷ്യാനോഗ്രാഫിക് കമ്മിഷന്‍ (1964-66) എന്നിവയുടെ ചെയര്‍മാനായും ഐ.സി.എസ്.യു.-യുടെ സയന്റിഫിക് കമ്മിറ്റി ഓണ്‍ ഓഷ്യാനിക് റിസര്‍ച്ചിന്റെ മെമ്പറായും ഇദ്ദേഹം സേവനം അനുഷ്ഠിച്ചിരുന്നു. ഡെന്മാര്‍ക്കില്‍നിന്നും 1953-ല്‍ ഗലന്തിയാമെഡല്‍, സുവോളജിക്കല്‍ സൊസൈറ്റി ഒഫ് ഇന്ത്യയുടെ 1961-63-ലെ സര്‍ ദൊറാബ്ജി ടാറ്റാ മെഡല്‍, ഇന്ത്യന്‍ നാഷണല്‍ സയന്‍സ് അക്കാദമിയുടെ 1971-ലെ ചന്ദ്രകലാ ഹോറാ മെഡല്‍ എന്നിവ പണിക്കര്‍ക്കു ലഭിക്കുകയുണ്ടായി. 1973-ല്‍ ഇന്ത്യാഗവണ്‍മെന്റ് 'പദ്മശ്രീ' ബഹുമതി നല്കി ഇദ്ദേഹത്തെ ആദരിച്ചു. പശ്ചിമജര്‍മനിയില്‍ നിന്നും പ്രസിദ്ധം ചെയ്തുവരുന്ന അന്തര്‍ദേശീയ സമുദ്രശാസ്ത്ര പ്രസിദ്ധീകരണമായ മറൈന്‍ ബയോളജി, മിയാമി (യു.എസ്.)യില്‍നിന്നും പുറപ്പെടുന്ന ബുള്ളറ്റിന്‍ ഒഫ് മറൈന്‍ സയന്‍സസ് തുടങ്ങി ഉന്നത നിലവാരം പുലര്‍ത്തുന്ന നിരവധി ശാസ്ത്ര പ്രസിദ്ധീകരണങ്ങളുടെ പത്രാധിപസമിതിയിലെ അംഗമായും കേശവപ്പണിക്കര്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍