This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേശവപിള്ള, കെ.സി. (1868 - 1913)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേശവപിള്ള, കെ.സി. (1868 - 1913)

മലയാള ഗായകകവിയും നാടകകൃത്തും. കൊല്ലം പരവൂരില്‍ വാഴവിള വീട്ടില്‍ ലക്ഷ്മി അമ്മയുടെയും പരവൂര്‍ വലിയവെളിച്ചത്തുവീട്ടില്‍ രാമന്‍പിള്ളയുടെയും മകനായി കൊ.വ. 1043 മകരം 22-ന് (1868 ഫെ.) ജനിച്ചു. പരവൂര്‍ 'മലയാം' പള്ളിക്കൂടത്തില്‍ അഞ്ചുകൊല്ലം പഠിച്ചു. 15-ാമത്തെ വയസ്സില്‍ പ്രഹ്ലാദചരിതം ആട്ടക്കഥ എഴുതി. പരവൂര്‍ വി. കേശവനാശാനില്‍ നിന്ന് സംസ്കൃതവും എണ്ണയ്ക്കാട്ടു രാജരാജവര്‍മത്തമ്പുരാനില്‍ നിന്ന് വ്യാകരണവും പഠിച്ചു. ഗുരുമുഖത്തുനിന്നും സ്വയം പരിശ്രമിച്ചും ഇംഗ്ളീഷുഭാഷയിലും പ്രായോഗികപരിചയം നേടി.

കെ.സി.കേശവപിള്ള

കേശവനാശാന്റെ കീഴിലുള്ള പഠനത്തിനുശേഷം അച്ഛനമ്മാവന്മാരെ പ്രവൃത്തിക്കണക്കെഴുത്തില്‍ സഹായിച്ചു. കൊ.വ. 1063 മുതല്‍ ഒരു വര്‍ഷത്തോളം കൊല്ലത്ത് ഒരു വൈദ്യശാലയില്‍ സംസ്കൃതം പഠിപ്പിച്ചു. പെരിനാട്ട് ഒരു സംസ്കൃതപാഠശാല സ്ഥാപിച്ചു രണ്ടു വര്‍ഷക്കാലം നടത്തി. കൊ.വ. 1066 മുതല്‍ സ്വദേശത്തുതന്നെ ഒരു പാഠശാല സ്ഥാപിച്ചു സംസ്കൃതം പഠിപ്പിച്ചു. കൊ.വ. 1072-ല്‍ കൊല്ലം മലയാം പള്ളിക്കൂടത്തില്‍ അധ്യാപകനായും കൊ.വ. 1076-ല്‍ കൊല്ലം ഇംഗ്ളീഷ് ഹൈസ്കൂളില്‍ മലയാളം മുന്‍ഷിയായും ഇടയ്ക്ക് അല്പകാലം സംസ്കൃതം മുന്‍ഷിയായും ജോലിനോക്കി. കൊ.വ. 1077 മകരത്തില്‍ (1902) മുന്‍ഷിപ്പണി വിട്ട് വടശ്ശേരി വേലായുധന്‍ തമ്പിയുടെ (ശ്രീമൂലം തിരുനാള്‍ രാജാവിന്റെ പുത്രന്‍) അധ്യാപകനായി തിരുവനന്തപുരത്തേക്കുമാറി. അതോടുകൂടി വടശ്ശേരി ഭഗവതിപ്പിള്ള കൊച്ചമ്മച്ചിയുടെയും വി. കൃഷ്ണന്‍ തമ്പിയുടെയും അധ്യാപകനായി. ഇതോടൊപ്പം കവിതയെഴുതുകയും പത്രങ്ങള്‍ക്കും മാസികകള്‍ക്കും ലേഖനങ്ങള്‍ എഴുതി നല്കുകയും ചെയ്തു. കാവ്യമഞ്ജരി എന്നൊരു മാസികയുടെ പത്രാധിപത്യം അല്പകാലം വഹിച്ചു.

ഹിരണ്യാസുരവധം ആട്ടക്കഥ, രുക്മിണീസ്വയംവരം കമ്പടിക്കളിപ്പാട്ട്, വൃകാസുരവധം വഞ്ചിപ്പാട്ട്, പാര്‍വതീസ്വയംവരം അമ്മാനപ്പാട്ട്, സുരതവിധി പാന, നാരായണമാഹാത്മ്യം കിളിപ്പാട്ട്, രാസക്രീഡ ഊഞ്ഞാല്‍പ്പാട്ട്, ശൂരപദ്മാസുരവധം, ശ്രീകൃഷ്ണവിജയം, സ്തവരത്നാവലി, സംഗീതമഞ്ജരി എന്നിവയാണ് ഇദ്ദേഹത്തിന്റെ കൃതികള്‍.

കവി കോട്ടയത്തു കവിസമാജത്തിനു പോയപ്പോഴത്തെ വിശേഷങ്ങള്‍ വര്‍ണിക്കുന്ന കവിസമാജ യാത്രാശതകവും (കൊ.വ. 1067) നാഗമയ്യായുടെ താത്പര്യപ്രകാരം ആയിടയ്ക്കെഴുതിയ കൊല്ലം നഗരവര്‍ണനം മണിപ്രവാളവും ചരിത്രപ്രാധാന്യമുള്ള കൃതികളാണ്. ഈ കാലത്ത് 'രാമാനുകരണം' കഥയെ രാഘവമാധവം എന്ന പേരില്‍ അഞ്ചങ്കങ്ങളുള്ള ഒരു നാടകമാക്കി. 'നിര്‍മഥ് നാതി നവീന നാടക ഘടാടോപത്തെയിന്നാടകം' എന്ന് കേരളപാണിനിയുടെ പ്രശംസ ഇതു നേടി. പിന്നീടു ചിലരുടെ അഭിപ്രായമനുസരിച്ച് ഇതില്‍ സന്ദര്‍ഭോചിതമായ ഏതാനും ഗാനങ്ങള്‍ കൂടി എഴുതിച്ചേര്‍ക്കുകയും രണ്ടാം പതിപ്പിനു സംഗീതരാഘവമാധവം എന്നു പേരു കൊടുക്കുകയും ചെയ്തു. സാമൂഹികമായ ദുരാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും ദൂരീകരിക്കുക എന്ന ലക്ഷ്യംവച്ചു നിര്‍മിച്ച ഒരു കല്പിത കഥാനാടകമാണ് ലക്ഷ്മീകല്യാണം (കൊ.വ. 1069). മാനവിക്രമ ഏട്ടന്‍തമ്പുരാന്‍ ഇതിനെ സംസ്കൃതത്തില്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. 1070-ല്‍ അതുവരെയുള്ള തന്റെ മറ്റെല്ലാ കൃതികളെയും അതിശയിക്കുന്ന ആസന്നമരണ ചിന്താശതകം നിര്‍മിച്ചു. 'ഈ കവിയുടെ യശസ്സിനെ അദ്ദേഹത്തിന്റെ മറ്റു കൃതികളെക്കാള്‍ ഈ അല്പമായ ശതകത്തിന് മേല്‍ അടിസ്ഥാനപ്പെടുത്തി ഭവിഷ്യത് സന്തതികള്‍ ഘോഷിക്കും.' എന്ന് കേരളമിത്രം അഭിപ്രായപ്പെടുകയുണ്ടായി. അക്കൊല്ലം രചിച്ച കേരളവര്‍മവിലാസം എന്ന സംസ്കൃതകാവ്യം കവി ആ ഭാഷയിലും അനായാസം കവനം ചെയ്വാന്‍ സമര്‍ഥനാണെന്നു തെളിയിച്ചു. സംസ്കൃതം, ഇംഗ്ളീഷ് മുതലായ ഭാഷകളില്‍നിന്നു തര്‍ജുമ ചെയ്തവയും അപ്പപ്പോള്‍ സ്വതന്ത്രമായി രചിച്ചവയും ആയ ഒട്ടുവളരെ പദ്യങ്ങള്‍ അടങ്ങിയ സുഭാഷിത രത്നാകരം കൊ.വ. 1075-ല്‍ ഇദ്ദേഹം പ്രസിദ്ധപ്പെടുത്തി. കൊ.വ. 1079-ലും കൊ.വ. 1083-ലും എഴുതിയ രണ്ടു സംഗീതനാടകങ്ങളാണ് സദാരാമയും വിക്രമോര്‍വശീയവും. കൊ.വ. 1079-ല്‍ത്തന്നെ ഏ. ആര്‍. രാജരാജവര്‍മയുടെ ആംഗലസാമ്രാജ്യത്തിന്റെ വിവര്‍ത്തനവും പുറത്തുവന്നു. കൊ.വ. 1080 മുതലുള്ള പില്ക്കാലകൃതികളില്‍ ഷഷ്ഠിപൂര്‍ത്തിഷഷ്ഠി (കൊ.വ. 1080), സാഹിത്യവിലാസം (കവിതാസമാഹാരം), കേശവീയം മഹാകാവ്യം (കൊ.വ. 1088) എന്നിവയാണ് പ്രാധാന്യമര്‍ഹിക്കുന്നത്. കേരളവര്‍മ വലിയകോയിത്തമ്പുരാന്റെ ഷഷ്ഠിപൂര്‍ത്തിയെ ഉദ്ദേശിച്ച് എഴുതിയ അറുപതു പദ്യങ്ങളുള്‍ക്കൊള്ളുന്ന ഒരു ഖണ്ഡകാവ്യമാണ് ഷഷ്ഠിപൂര്‍ത്തിഷഷ്ഠി. 'ശിഷ്ടിഗ്രസത് കവികുലേശ്വരഭാഷ തന്നില്‍ പുഷ്ടാര്‍ഥയാം കവിതയില്ലിതുപോലെ വേറെ' എന്നാണ് കൊട്ടാരത്തില്‍ ശങ്കുണ്ണി ഇതിനെ പ്രശംസിച്ചത്. കവിയുടെ ഒന്നാംകിടയിലുള്ള കൃതികള്‍ ഉള്‍ക്കൊള്ളുന്ന ഒരു ഖണ്ഡകാവ്യസമുച്ചയമാണ് സാഹിത്യവിലാസം.

മലയാളസാഹിത്യത്തില്‍ വളരെ ഒച്ചപ്പാടുണ്ടാക്കിയ ദ്വിതീയാക്ഷരപ്രാസവാദത്തില്‍ ഒരു പ്രധാനപങ്കുവഹിച്ച ആളാണ് കെ.സി. കേശവപിള്ള. കൊ.വ. 1083-മാണ്ട് തിരുവനന്തപുരം കോളജ് മലയാളസമാജ വാര്‍ഷികയോഗത്തില്‍ 'ഭാഷാകവിത'യെ ആസ്പദമാക്കി ഇദ്ദേഹം ചെയ്ത ഒരു പ്രസംഗമാണ് വിവാദത്തിനു കാരണമായത്. ഇദ്ദേഹത്തിന്റെ ചില അഭിപ്രായങ്ങളെ ഖണ്ഡിച്ചുകൊണ്ട് ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍ ഒരു ലേഖനമെഴുതി. ഇവര്‍ തമ്മില്‍ പിന്നെ നടന്ന ദ്വിതീയാക്ഷരപ്രാസവാദ കോലാഹലത്തിനിടയില്‍ മലയാളത്തിനു കെ.സി.-യില്‍നിന്നു ലഭിച്ച ഒരു വിലപ്പെട്ട മഹാകാവ്യമാണ് കേശവീയം. നോ. കേശവീയം

കൊ.വ. 1067-ല്‍ കോട്ടയത്തുവച്ചു നടന്ന കവിസമാജത്തിന്റെ ഘടികാവിംശതി പരീക്ഷയിലും കവിതാ ചാതുര്യപരീക്ഷയിലും ഒന്നാമതായി ജയിച്ച് മദിരാശി സ്വര്‍ണമോതിരവും മെഡലും സമ്മാനം വാങ്ങി. ഭാഷാനാരായണീയ രചനയ്ക്കു ഭാഷാപോഷിണി സഭയില്‍നിന്ന് നാല്പതു രൂപയും മൂലംതിരുനാള്‍ രാജാവില്‍നിന്ന് രത്നഖചിതമായ മോതിരവും നേടി. സുഭാഷിതരത്നാകരം ഇദ്ദേഹത്തിനു മൂലംതിരുനാളില്‍ നിന്ന് വീരശൃംഖല നേടിക്കൊടുത്തു. ആറ്റിങ്ങല്‍ മൂത്ത തമ്പുരാന്‍, പുതിയ കോവിലകത്തു എടത്രാപ്പാടു തമ്പുരാന്‍, മാനവിക്രമ ഏട്ടന്‍ തമ്പുരാന്‍ മുതലായ തമ്പുരാക്കന്മാരില്‍നിന്ന് ഇദ്ദേഹത്തിനു പല പല സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഏറ്റവും വിലപ്പെട്ട സമ്മാനം വലിയ കോയിത്തമ്പുരാനില്‍ നിന്നു കിട്ടിയ 'സരസഗായകകവിമണി' എന്ന ബിരുദമാണ്. ഇദ്ദേഹം കൊ.വ. 1089 ചിങ്ങം 20-ന് (1913 സെപ്.) അന്തരിച്ചു.

(എന്‍.കെ. ദാമോദരന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍