This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേശവന്‍ വൈദ്യന്‍, വെളുത്തേരി (1857 - 96)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേശവന്‍ വൈദ്യന്‍, വെളുത്തേരി (1857 - 96)

കേരളീയ വിദ്വത്കവിയും വാഗ്മിയും. 'ഇരട്ടക്കരള'നെന്നും 'രണ്ടാം ഉദ്ദണ്ഡ'നെന്നും പേരെടുത്ത ഇദ്ദേഹം തിരുവനന്തപുരത്തു മണക്കാട്ടു തോട്ടം എന്ന സ്ഥലത്തു ഇരുക്കുളങ്ങര ദുര്‍ഗാക്ഷേത്രത്തിനു കിഴക്കുമാറി വെളുത്തേരി കുടുംബത്തില്‍ ഈശ്വരന്‍ പദ്മനാഭന്റെയും നെയ്യാറ്റിന്‍കര തലേത്തോപ്പില്‍ അഴകിയമ്മയുടെയും മകനായി കൊ.വ. 1033 കന്നി(1857)യിലെ മകം നക്ഷത്രത്തില്‍ ജനിച്ചു. സ്ഥലത്തെ ഒരു ആശാന്റെ കീഴില്‍ എഴുത്തും വായനയും പഠിച്ചു. 12-ാമത്തെ വയസ്സില്‍ പുതുപ്പള്ളിയില്‍ കുമ്മംപള്ളി രാമന്‍പിള്ളയാശാന്റെ കീഴില്‍ സംസ്കൃതകാവ്യനാടകാലങ്കാരാദികളും അഷ്ടാംഗഹൃദയവും പഠിച്ചു. കവിത, അര്‍ഥപ്രവചനം, വാദപ്രതിവാദം, പ്രസംഗം, സംഗീതം, അഭിനയം, ചികിത്സ, കായികാഭ്യാസം എന്നിവയില്‍ പരിശീലനവും നേടി. നാട്ടില്‍ മടങ്ങിയെത്തിയശേഷം വിദ്യാഭ്യാസ പ്രചാരണത്തില്‍ ഏര്‍പ്പെട്ടു. ഒപ്പം കരമന വെങ്കിടശാസ്ത്രി, ഇലത്തൂര്‍ രാമശാസ്ത്രി മുതലായ വിദ്വാന്മാരില്‍നിന്നു വ്യാകരണം, തര്‍ക്കം, വേദാന്തം, മീമാംസ തുടങ്ങിയ വിഷയങ്ങളും തൈക്കാട്ടു അയ്യാവ്സ്വാമി എന്ന സിദ്ധയോഗിയില്‍നിന്നു യോഗവിദ്യയും അഭ്യസിച്ചു.

ഈ കാലമായപ്പോഴേക്കും ഇദ്ദേഹം പല ഗ്രന്ഥങ്ങളുടെയും കര്‍ത്താവായി പ്രശസ്തിയാര്‍ജിച്ചുകഴിഞ്ഞിരുന്നു. കൊ.വ. 1050-ാമാണ്ടിടയ്ക്കു പ്രസിദ്ധീകൃതമായ ഗോവിന്ദപ്പിള്ളയുടെ ഭാഷാചരിത്രത്തില്‍ ഇദ്ദേഹത്തിന്റെ ബാലിസുഗ്രീവസംഭവം വഞ്ചിപ്പാട്ട്, അഭിജ്ഞാനശാകുന്തളം (തര്‍ജുമ), അഷ്ടാംഗഹൃദയം (തര്‍ജുമ), ഗീതോപദേശം (തര്‍ജുമ) എന്നീ കൃതികളെപ്പറ്റിയുള്ള പരാമര്‍ശമുണ്ട്. സുന്ദോപസുന്ദയുദ്ധം (ആട്ടക്കഥ), സൗരപുരാണം (തര്‍ജുമ), അര്‍ഥാലങ്കാരമണിപ്രവാളം എന്നിവ കൊ.വ. 1057-നുമുമ്പു രചിക്കപ്പെട്ട കൃതികളാണ്. അര്‍ഥാലങ്കാരമണിപ്രവാളം ഭാഷയിലുണ്ടായ ആദ്യത്തെ അലങ്കാരശാസ്ത്രഗ്രന്ഥം എന്ന നിലയില്‍ പ്രത്യേക പ്രാധാന്യം അര്‍ഹിക്കുന്നു. അതിന്റെ രചനയില്‍ സംതൃപ്തനായ വിശാഖംതിരുനാള്‍ രാജാവു ഗ്രന്ഥകര്‍ത്താവിനെ കൊട്ടാരത്തില്‍ വിളിച്ചുവരുത്തി അഭിനന്ദിക്കുകയും ഒരു വീരശൃംഖല സമ്മാനിക്കുകയും ചെയ്തു. ഗുഹാനന്ദശതകം (സംസ്കൃതസ്തോത്രകാവ്യം), തിലോത്തമാവിജയം (ആട്ടക്കഥ), വഞ്ചിരാജവംശചരിതം (സംസ്കൃതകാവ്യം), ബാലപാഠാമൃതം (സംസ്കൃതവ്യാകരണം), സുഹൃത്സന്ദേശശതകം (വിനോദകവിത), പ്രസന്നരാഘവം (തര്‍ജുമ), ദുര്‍ഗാനന്ദവിലാസം (ദേവീസ്തവം), രതിരഹസ്യം ഇവയാണ് ഇദ്ദേഹത്തിന്റെ അറിയപ്പെട്ട മറ്റു കൃതികള്‍.

വിശാഖം തിരുനാള്‍ രാജാവിന്റെ നിര്‍ദേശപ്രകാരം വെളുത്തേരി മലബാറില്‍പോയി വലപ്പാട്ടു മാമിവൈദ്യരുടെ അന്തേവാസിയായി ആയുര്‍വേദത്തിലെ പഞ്ചകര്‍മചികിത്സയില്‍ വൈദഗ്ധ്യം സമ്പാദിച്ചു.

അന്നോളം താണവര്‍ഗക്കാര്‍ക്ക് ദുഷ്പ്രവേശമായിരുന്ന സാഹിത്യരംഗത്തും ഇതരകലാരംഗങ്ങളിലും അംഗീകാരം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ ഇദ്ദേഹം കേരളക്കരയില്‍ ഒരു ജൈത്രയാത്രതന്നെ നടത്തുകയുണ്ടായി. പ്രതിയോഗികളെ വാദപ്രതിവാദത്തില്‍ തോല്പിക്കുകയായിരുന്നു അന്ന് അംഗീകാരം നേടാനുള്ള മാര്‍ഗം. കവിത, പാരായണപ്രവചനം, പ്രസംഗം, ശാസ്ത്രവാദം എന്നിവയില്‍ തന്റെ അജയ്യത തെളിയിച്ചുകൊണ്ടായിരുന്നു ആ ജൈത്രയാത്ര.

കേശവന്‍ വൈദ്യന്റെ അന്ത്യഘട്ടം ക്ളേശഭൂയിഷ്ഠമായിരുന്നു. വിശാഖംതിരുനാള്‍ നാടുനീങ്ങിയതോടൂകൂടി കൊട്ടാരവുമായുണ്ടായിരുന്ന ബന്ധത്തിനു ശൈഥില്യം സംഭവിച്ചു. അടുത്തൂണ്‍ ഒഴികെയുള്ള എല്ലാ പതിവുകളും നിര്‍ത്തലാക്കപ്പെട്ടു. ഇരുകുളങ്ങര ദുര്‍ഗാഭഗവതി ക്ഷേത്രത്തില്‍ ഒരു മാസത്തോളം ഭജനമിരുന്നുകൊണ്ട് ദുര്‍ഗാനന്ദവിലാസം എന്ന സ്തോത്രകാവ്യം കൊ.വ. 1072 കന്നി 21-ന് എഴുതി പൂര്‍ത്തിയാക്കി. അന്നേദിവസം തന്നെ അന്തരിച്ചു.

(എന്‍.കെ. ദാമോദരന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍