This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേശവന്‍ വൈദ്യന്‍, മയ്യനാട് സി.പി. (1895 - 1978)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേശവന്‍ വൈദ്യന്‍, മയ്യനാട് സി.പി. (1895 - 1978)

വൈദ്യശാസ്ത്രജ്ഞനും ജ്യൗതിഷികനുമായ അധ്യാപകനും കവിയും. ചാത്തന്നൂര്‍ താഴത്തുചേരി തെന്നിലഴികത്ത് വാഴവിള വീട്ടില്‍ പാര്‍വതി, പദ്മനാഭന്‍ എന്നിവരുടെ പുത്രനായി 1895 ഒ. 30-ന് ജനിച്ചു. അമ്മയുടെ അമ്മാവനില്‍ നിന്നു ആദ്യപാഠങ്ങള്‍ പഠിച്ചു. പിന്നീട് കുടിക്കോട്ടു വൈദ്യന്മാരോടൊത്തു താമസിച്ചു വിദ്യാഭ്യാസം തുടര്‍ന്നു. ചാവര്‍കോട്ടു കുഞ്ഞുശങ്കരന്‍ വൈദ്യന്റെ കീഴില്‍ സംസ്കൃതവും വൈദ്യവും അഭ്യസിച്ചു. പട്ടാമ്പി സംസ്കൃത കോളജില്‍ ഉപരിപഠനം നടത്തി സംസ്കൃതവിദ്വാന്‍ പരീക്ഷയും ഉത്തമവൈദ്യപരീക്ഷയും ഒപ്പമെഴുതി, രണ്ടിലും ഒന്നാംസ്ഥാനം കരസ്ഥമാക്കി. ഗുരുവര്യനായ പുന്നശ്ശേരിനമ്പി നീലകണ്ഠശര്‍മ അശ്വഘോഷന്റെ ബുദ്ധചരിതം പാരിതോഷികമായി നല്‍കി. കുട്ടിക്കൃഷ്ണമാരാര്‍ കേശവന്‍വൈദ്യരുടെ സതീര്‍ഥ്യനായിരുന്നു. ഉത്തമവൈദ്യബിരുദം നേടിയതുകൊണ്ട് ഇദ്ദേഹം വൈദ്യകലാനിധിക്ക് നേരിട്ടു ചേര്‍ന്ന് അതിലും പ്രശസ്തവിജയം വരിച്ചു. അമ്മാവന്മാരില്‍നിന്നും കുലവൃത്തിയായ ജ്യോതിഷവും പഠിച്ചു.

മയ്യനാട് സി.പി. കേശവന്‍ വൈദ്യന്‍

ചാവര്‍കോട്ടു കുഞ്ഞുശങ്കരന്‍വൈദ്യന്റെ കീഴിലെ അഭ്യസനം, വൈദ്യത്തില്‍ ഇദ്ദേഹത്തെ വിദഗ്ധനാക്കിത്തീര്‍ത്തു. ഗുരുവിന്റെ അനുവാദത്തോടെ കൊച്ചഴികത്തു മാധവന്‍ വൈദ്യനെ വൈദ്യം പഠിപ്പിക്കാന്‍ മയ്യനാട്ടു താമസമാക്കിയ ഇദ്ദേഹം വൈദ്യവൃത്തി നടത്തുകയും പലരെയും സംസ്കൃതവും വൈദ്യവും പഠിപ്പിക്കുകയും ചെയ്തു. പട്ടാമ്പിയിലെ ഉപരിപഠനത്തിനും അധ്യാപകവൃത്തി സ്വീകാരത്തിനും ശേഷവും വൈദ്യവും ജ്യോതിഷവും സാഹിത്യസേവനത്തോടൊപ്പം നടത്തിപ്പോന്നു. ഇദ്ദേഹം കൊട്ടിയം ഹൈസ്കൂളിലും നെടുങ്ങണ്ട എസ്.എന്‍.വി. ഹൈസ്കൂളിലും മലയാള ഭാഷാധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

അന്നത്തെ രീതിയനുസരിച്ച് സംസ്കൃത വിദ്യാഭ്യാസത്തോടൊപ്പം പദ്യരചനയിലും പരിശീലനം നേടി. കേരളകൌമുദി, മിതവാദി, വിവേകോദയം, ആത്മപോഷിണി, ഭാരതദീപം, വിദ്യാഭിവര്‍ധിനി, ദേശാഭിമാനി, സഹോദരി മുതലായ പ്രസിദ്ധീകരണങ്ങളില്‍ കുമാരനാശാനോടൊപ്പം വൈദ്യരും കവിത എഴുതിവന്നിരുന്നു. ശ്രീനാരായണഗുരുവിനെക്കുറിച്ച് നിരവധി കവിതകള്‍ എഴുതിയിട്ടുണ്ട്. എസ്.എന്‍.ഡി.പി. യോഗം കനകജൂബിലി ഗ്രന്ഥത്തില്‍വന്ന 'ഗുരുകടാക്ഷം' അവയില്‍ സവിശേഷ പ്രാധാന്യമര്‍ഹിക്കുന്നു. കെ.സി. കേശവപിള്ളയോടൊപ്പം ഇദ്ദേഹം നിരവധി ഗാനങ്ങളും പ്രത്യേകിച്ച് കഥകളിഗാനങ്ങളും എഴുതിയിട്ടുണ്ട്. അവ സമാഹരിക്കപ്പെട്ടിട്ടില്ല.

ദമയന്തി, ശ്രീബുദ്ധചരിതം മഹാകാവ്യം, ശ്രീനാരായണ കീര്‍ത്തനം, ശബരീ കീര്‍ത്തനം, ബാഷ്പബിന്ദു, മയൂഖലേഖ, വീരനേതാജി, മൂന്നു ഖണ്ഡകൃതികള്‍, ഉപേക്ഷിക്കപ്പെട്ട സീത, മധുവര്‍ജനമഞ്ജരി തുടങ്ങിയവയാണ് അച്ചടിക്കപ്പെട്ടിട്ടുള്ള കൃതികള്‍. ശ്രീബുദ്ധചരിതം അശ്വഘോഷന്റെ കൃതിയുടെ തര്‍ജുമയാണ്. ഉപേക്ഷിക്കപ്പെട്ട സീത ആശാന്റെ ചിന്താവിഷ്ടയായ സീതയുടെ മുന്നോടിയാണ്. ബാഷ്പബിന്ദു ഹൈസ്കൂള്‍ ക്ളാസ്സുകളില്‍ പാഠപുസ്തകമായിരുന്നു. ഇദ്ദേഹത്തിന്റെ മധുവര്‍ജനമഞ്ജരിയാണ് ഏറ്റവുമധികം പ്രചാരം നേടിയ കൃതി. ഇദ്ദേഹം സാഹിത്യചര്‍ച്ചകളിലും പ്രഭാഷണങ്ങളിലും സജീവമായി പങ്കെടുത്തുപോന്നിരുന്നു. 1978 ആഗ. 17-ന് അന്തരിച്ചു.

(നീലമ്പേരൂര്‍ രാമകൃഷ്ണന്‍ നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍