This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേശവന്‍ നമ്പൂതിരി, മൂത്തമന (1889 - 1956)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേശവന്‍ നമ്പൂതിരി, മൂത്തമന (1889 - 1956)

ചെണ്ടവാദനവിദഗ്ധന്‍. മുന്‍കൊച്ചിരാജ്യത്തെ തലപ്പള്ളി താലൂക്കില്‍ വെള്ളാറ്റഞ്ഞൂരുദേശത്ത് കൊ.വ. 1064 (1889) കന്നിമാസത്തിലെ രേവതിനക്ഷത്രത്തിലാണു ഇദ്ദേഹത്തിന്റെ ജനനം. സ്കൂള്‍ വിദ്യാഭ്യാസം തീരെ ഉണ്ടായിട്ടില്ല. ഒമ്പതാം വയസ്സുമുതല്‍തന്നെ ചെണ്ടകൊട്ടു തുടങ്ങി. ആദ്യമൊക്കെ ചെണ്ട തോളിലിട്ടുകൊട്ടുവാന്‍ വയ്യാതിരുന്നതുകൊണ്ടു ചെറിയ സ്റ്റുളില്‍വച്ചാണ് കൊട്ടിയിരുന്നത്. വെള്ളാറ്റഞ്ഞൂര്‍ തെക്കേ പുഷ്പകത്തു ശങ്കരന്‍ നമ്പീശനാണ് ആദ്യ ഗുരുനാഥന്‍. പാനേങ്കളി(സംഘക്കളി)യാണു ആദ്യമൊക്കെ കൊട്ടിക്കൊണ്ടിരുന്നത്. സംഘക്കളി എന്നുമെന്നും ഇദ്ദേഹത്തിനൊരു ഹരമായിരുന്നു. 'ചെമ്പുകൊട്ടി വാര്‍ക്കല്‍, നാലുപാദം ചൊല്ലല്‍ എന്നിങ്ങനെയുള്ള സന്ദര്‍ഭങ്ങളിലും പാനേങ്കളിയിലെ വേഷക്കാരന്‍, പാട്ടുകാരന്‍, ചെണ്ടക്കാരന്‍ എന്നിങ്ങനെയുള്ള സന്ദര്‍ഭങ്ങളിലും ഇദ്ദേഹത്തെ കണ്ടിട്ടുണ്ട്' എന്നാണ് എ.സി.ജി. രാജാ മൂത്തമനയെപ്പറ്റിയുള്ള ഓര്‍മകളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

മൂത്തമന കേശവന്‍ നമ്പൂതിരി

15-ാമത്തെ വയസ്സില്‍ നാല്ക്കാലില്‍ കുഞ്ഞിരാമന്‍ നമ്പീശന്റെ കളിയോഗത്തില്‍ ചെണ്ടക്കാരനായി പ്രവേശിച്ച ഉണ്ണിനമ്പൂതിരി ആസ്വാദകരുടെ മുക്തകണ്ഠമായ പ്രശംസയ്ക്കു പാത്രമായി. ഏഴിക്കര എടപ്പരത്തു പണിക്കരുടെയും കോട്ടുള്ളി ശങ്കരപ്പിള്ളയുടെയും കളിയോഗങ്ങളില്‍ ഉണ്ടായിരുന്ന കാലത്ത് ഇദ്ദേഹത്തിന്റെ ചെണ്ടക്കോലിന്റെ വിരുത് സഹൃദയന്മാരെ ആനന്ദത്തിലാറാടിച്ചിട്ടുണ്ട്.

മൂത്തമന രംഗപ്രവേശം ചെയ്യുന്ന കാലത്ത് ചെണ്ടവാദ്യത്തില്‍ അനിതരസാധാരണമായ പ്രാഗല്ഭ്യം കാണിച്ചിരുന്നത് ഗുരുവായൂര്‍ കുട്ടന്‍മാരാരായിരുന്നു. കുട്ടന്‍മാരാരെപ്പോലെ സമര്‍ഥനായൊരു ചെണ്ടക്കാരനെ കഥകളിരംഗത്തു കണ്ടിട്ടില്ല. മൂത്തമനയും മാരാരും തമ്മില്‍ നോക്കുമ്പോള്‍ പ്രായംകൊണ്ടും പ്രാഗല്ഭ്യംകൊണ്ടും യോഗ്യത മാരാര്‍ക്കായിരുന്നു. 1937-ല്‍ കുട്ടന്‍മാരാര്‍ അന്തരിച്ചതോടെ മൂത്തമന മുന്നോട്ടുവന്നു. മൂത്തമനയുടെ ചെണ്ടയുടെ സവിശേഷത ഒരു ആസ്വാദകന്‍ വിവരിക്കുന്നതിങ്ങനെയാണ്: 'മൂത്തമനയുടെ ചെണ്ടയുടെ ഘനവും മൂപ്പും അതൊന്നു വേറെ തന്നെയാണ്. ചെണ്ട വലിച്ച് എത്ര മുറുക്കിയാലും മൂപ്പു മതിയായി എന്നു അദ്ദേഹത്തിനു തോന്നാറില്ല. അങ്ങനെ മൂത്തമനയുടെ മൂപ്പുള്ള ചെണ്ടയില്‍നിന്നും പുറപ്പെടുന്ന ആ ശ്രവണസുഖദമായ അനുഭൂതി മറ്റാരുകൊട്ടിയാലും ഉണ്ടാവില്ലതന്നെ'. കോലുകളുടെ ഘനഗാംഭീര്യവും കൈസാധകവും- അതു ഇദ്ദേഹത്തിന്റെ കലോപാസനയില്‍ ലഭ്യമായ സിദ്ധിയാണ്.

മദ്ദളവായനയില്‍ അദ്ഭുതം സൃഷ്ടിച്ച വെങ്കിച്ചന്‍ സ്വാമിയും മൂത്തമനയും ചേര്‍ന്നപ്പോള്‍ ഉള്ള കഥകളിമേളം പ്രസിദ്ധമാണ്. മേളപ്പദത്തിന് രണ്ടുപേരുംകൂടി കൊട്ടുത്തുടങ്ങിയാല്‍ കൊട്ടില്‍ അന്യോന്യം ഒളിയമ്പുപ്രയോഗം തുടങ്ങും. എങ്കിലും മൂത്തമന ഏറ്റവും ഇഷ്ടപ്പെട്ടിരുന്ന മദ്ദളക്കാരന്‍ വെങ്കിച്ചന്‍ സ്വാമിയുടെ ശിഷ്യനായ തിരുവില്വാമല മാധവവാര്യരായിരുന്നു. മൂത്തമനയും മാധവവാര്യരും ചേര്‍ന്നുള്ള മേളപ്പദം ഒരിക്കല്‍ കേട്ടാല്‍ മരണം വരെ ചെവിയിലും അന്തരംഗത്തിലും മുഴങ്ങിക്കൊണ്ടിരിക്കുമെന്ന് പറയാറുണ്ട്. 'മൂത്തമനത്തിരുമേനിയും മാധവവാര്യരും കൂടി യോജിച്ചു നടപ്പാക്കിയിട്ടുള്ള മേളപ്പദത്തിന്റെ ഛായയാണ് ഇന്നും നാം കാണുന്ന മിക്ക മേളപ്പദങ്ങളും' എന്നാണ് മൂത്തമനയുടെ ശിഷ്യനായ ചെണ്ട വിദഗ്ധന്‍ കോട്ടയ്ക്കല്‍ കുട്ടന്‍മാരാര്‍ രേഖപ്പെടുത്തുന്നത്. 'മുദ്രകളെയും ഭാവങ്ങളെയും ഉള്‍ക്കൊണ്ടുകൊണ്ട് മേളത്തില്‍ ശബ്ദങ്ങള്‍ ഗുരുലഘുക്കളെക്കൊണ്ടും വ്യത്യസ്തകാലങ്ങളെക്കൊണ്ടും ഭാവത്തിനു ജീവന്‍ കൊടുക്കത്തക്കവണ്ണമുള്ള ഒരു മേളസമ്പ്രദായമാണ് അവര്‍ ആവിഷ്കരിച്ചു നടപ്പാക്കിയത്' എന്നും ഇദ്ദേഹം തുടര്‍ന്ന് എഴുതിയിരിക്കുന്നു.

കളിക്ക് എത്ര കൊട്ടിയാലും മൂത്തമനയ്ക്കു തൃപ്തിവരാറില്ല. കളി തുടങ്ങി ധനാശി ചൊല്ലുന്നതുവരെ നിന്നുകൊട്ടുന്ന പല രംഗങ്ങള്‍ക്കും ദൃക്സാക്ഷികളുണ്ട്. ഒരിക്കല്‍ 11 മണിക്കൂര്‍ നേരത്തേ ചെണ്ടപ്രയോഗം കഴിഞ്ഞു ചെണ്ട താഴെവച്ച് രണ്ടു ഇടുപ്പിലും കൈകുത്തി ഒന്നു മേല്പ്പോട്ടാഞ്ഞശേഷം പറഞ്ഞു: 'കളിക്കുകൊട്ടി, എന്റെ ആശയ്ക്കും ആഗ്രഹത്തിനും ഒത്തു മതിയാവോളം കൊട്ടി എന്ന ആത്മസംതൃപ്തി ഇന്നു മാത്രമാണ് എനിക്കുണ്ടായത്'.

കഥകളിക്കു വലിയ പ്രചാരം ഇല്ലാതിരുന്ന അക്കാലത്തുപോലും ഇദ്ദേഹം മുംബൈ, ചെന്നൈ എന്നിവിടങ്ങളില്‍ പര്യടനം നടത്തിയിട്ടുണ്ട്. പാരിതോഷികങ്ങള്‍ വളരെയധികം വാരിക്കൂട്ടി. തോന്നല്ലൂര്‍ കളിക്ക് നാട്ടുകാര്‍ നല്കിയ സ്വര്‍ണമാല ഇദ്ദേഹം വളരെക്കാര്യമായി കരുതി സൂക്ഷിച്ചിരുന്നു.

1939 മുതല്‍ 55 വരെ 16 വര്‍ഷം മൂത്തമന തിരുവനന്തപുരം വലിയ കൊട്ടാരം കളിയോഗത്തിലെ പ്രധാന ചെണ്ടക്കാരനായി പ്രവര്‍ത്തിച്ചു. കല്ലാറ്റു കുറുപ്പത്തു മാധവിയമ്മയായിരുന്നു ഇദ്ദേഹത്തിന്റെ സഹധര്‍മിണി. 1956-ല്‍ ഇദ്ദേഹം അന്തരിച്ചു.

(നീലമ്പേരൂര്‍ രാമകൃഷ്ണന്‍നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍