This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേശവന്‍, സി. (1891 - 1969)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേശവന്‍, സി. (1891 - 1969)

സി. കേശവന്‍

കേരളത്തിലെ സാമൂഹികവും സാംസ്കാരികവും രാഷ്ട്രീയവുമായ മണ്ഡലങ്ങളില്‍ വിപ്ളവാത്മകമായ പരിവര്‍ത്തനത്തിനുവഴി തെളിച്ച രാഷ്ട്രീയ നേതാവ്. കൊല്ലം താലൂക്കില്‍ മയ്യനാട് എന്ന പ്രദേശത്തെ നെയ്ത്തുതൊഴിലില്‍ ഏര്‍പ്പെട്ടിരുന്ന ഒരു ഇടത്തരം ഈഴവ കുടുംബത്തില്‍ 1891 മേയ് 23-ന് ചക്കിയുടെയും കുഞ്ചേന്റെയും അഞ്ചാമത്തെ മകനായി ജനിച്ചു. ഒരു ഗവണ്‍മെന്റ് പ്രൈമറി സ്കൂളില്‍ വിദ്യാഭ്യാസമാരംഭിച്ചു. കുറച്ചുകാലം മയ്യനാട്ടും തുടര്‍ന്ന് കൊല്ലത്ത് സെന്റ് അലോഷ്യസ് സ്കൂളിലും ഗവണ്‍മെന്റ് ഇംഗ്ലീഷ് ഹൈസ്കൂളിലും പഠിച്ചു. വളരെ ക്ലേശങ്ങള്‍ സഹിച്ചാണ് ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. കുടുംബത്തില്‍ സാമ്പത്തികമായി വളരെ പ്രയാസങ്ങളുണ്ടായിരുന്നിട്ടും ജ്യേഷ്ഠന്‍ കുഞ്ഞുരാമന്റെ സഹായത്താല്‍ എറണാകുളം മഹാരാജാസ് കോളജില്‍ ഇന്റര്‍മീഡിയറ്റ് ക്ലാസ്സില്‍ ചേര്‍ന്നു. ജാതിയുടെ പേരില്‍ വളരെയേറെ അവശതകള്‍ നേരിടേണ്ടതായി വന്നുവെങ്കിലും സംഗീതപാടവവും അഭിനയചാതുര്യവും ഇദ്ദേഹത്തെ കോളജിലെ ശ്രദ്ധേയനായ ഒരു വിദ്യാര്‍ഥിയാക്കിത്തീര്‍ത്തു. ആദ്യത്തെ തവണ ഇന്റര്‍മീഡിയറ്റ് പരീക്ഷയില്‍ ജയിക്കാത്തതുകൊണ്ട് ഇദ്ദേഹം മയ്യനാട്ടു തിരിച്ചുവന്നു അപ്പോള്‍ അവിടെ ആരംഭിച്ച ഇംഗ്ളീഷ് സ്കൂളിലെ അധ്യാപകനായി ചേര്‍ന്നു. അതിനുശേഷം പാലക്കാട്ട് ഒരു സ്കൂളിലും അധ്യാപകനായി ജോലിനോക്കി. അവിടെയൊക്കെ തികഞ്ഞ ഒരു മാതൃകാധ്യാപകനായി ജീവിക്കുന്നതില്‍ കേശവന്‍ വളരെ ശ്രദ്ധിച്ചിരുന്നു. വിദ്യാലയജീവിതത്തിനിടയിലും അധ്യാപകവൃത്തിക്കിടയിലും ജാതിവ്യത്യാസംമൂലം അനുഭവിക്കേണ്ടിവന്ന തിക്താനുഭവങ്ങള്‍ ജാതിസമ്പ്രദായത്തെയും അതിന്റെ അടിസ്ഥാനത്തിലുള്ള അനീതികളെയും അസമത്വങ്ങളെയും എതിര്‍ക്കുവാന്‍ ഇദ്ദേഹത്തെ പ്രേരിപ്പിച്ചു. പാലക്കാട്ടുനിന്നു മടങ്ങി വന്ന്, 1920-ല്‍ കേശവന്‍ അമ്മാവനായ സി. വി. കുഞ്ഞുരാമന്റെ മകള്‍ വാസന്തിയെ വിവാഹം ചെയ്തു. അതിനുശേഷമാണ് ബി.എ.-ക്കു പഠിക്കാനായി തിരുവനന്തപുരത്ത് കോളജില്‍ ചേര്‍ന്നത്. സാമ്പത്തികമായി വളരെയേറെ പ്രയാസപ്പെട്ടാണു പഠിച്ചിരുന്നത്. അക്കാലത്ത് സംഗീതാഭിനയങ്ങളില്‍ കേശവനുണ്ടായിരുന്ന പാടവം, പ്രത്യേകിച്ച് ശാകുന്തളത്തില്‍ ദുഷ്യന്തനായി അഭിനയിക്കുന്നതില്‍ പ്രകടിപ്പിച്ചിരുന്ന കലാവൈദഗ്ധ്യം, അന്നത്തെ തിരുവനന്തപുരത്തെ സഹൃദയലോകത്തെ വളരെ ആകര്‍ഷിക്കുകയുണ്ടായി.

കേശവന്‍ ബി.എ. പാസ്സായി കുറേക്കഴിഞ്ഞപ്പോഴായിരുന്നു മഹാകവി രബീന്ദ്രനാഥ ടാഗൂര്‍ തിരുവനന്തപുരം സന്ദര്‍ശിച്ചത്. കുമാരനാശാന്റെ 'ദിവ്യകോകിലം' എന്ന കവിത, ടാഗൂറിന്റെ സ്വീകരണമഹാസമ്മേളനത്തില്‍ ആലപിച്ചത് തന്റെ ജീവിതത്തിലെ ഏറ്റവും ആനന്ദകരമായ ഒരു സന്ദര്‍ഭമായിരുന്നുവെന്ന് കേശവന്‍ തന്റെ പ്രസിദ്ധമായ ജീവിതസമരം എന്ന ആത്മകഥയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

അധ്യാപകവൃത്തികൊണ്ടു വലിയ പ്രയോജനമൊന്നുമുണ്ടാവുകയില്ലെന്നു തോന്നിയ കേശവന്‍ വ്യവസായം നടത്തണമെന്ന ഉദ്ദേശ്യത്തോടെ മ്യാന്മറില്‍ പോയി. എന്നാല്‍ അധികം താമസിയാതെ അതും പരാജയമായിത്തീരുകയാല്‍ മടങ്ങിപ്പോന്നു. നാരായണഗുരുവിന്റെ ഉപദേശമനുരിച്ച് നിയമപഠനം ആരംഭിക്കുകയും 1924-ല്‍ നിയമബിരുദമെടുത്തു കൊല്ലം കോടതികളില്‍ പ്രാക്ടീസ് തുടങ്ങുകയും ചെയ്തു. ക്രമേണ ദേശീയ പ്രസ്ഥാനത്തിലേക്കു ഇദ്ദേഹം ആകര്‍ഷിക്കപ്പെടുകയും വിദേശവസ്ത്ര ബഹിഷ്കരണം, നൂല്‍നൂല്പ്, മദ്യവര്‍ജനം എന്നീ പരിപാടികളിലേര്‍പ്പെടുകയും ചെയ്തു. സവര്‍ണരായ സഹപ്രവര്‍ത്തകരുടെ വര്‍ഗീയവാദത്തെ നേരിടാനും ജനാധിപത്യാടിസ്ഥാനത്തില്‍ ഇവിടത്തെ ഭരണരീതിയില്‍ മാറ്റം വരുത്താനുമായി കേശവന്‍ എസ്.എന്‍.ഡി.പി. യോഗത്തിന്റെ നേതൃത്വം ഏറ്റുകൊണ്ട് 1932-ല്‍ ചില രാഷ്ട്രീയപരിപാടികള്‍ ആവിഷ്കരിച്ചു. പ്രായപൂര്‍ത്തിവോട്ടവകാശം, സര്‍വീസിലും നിയമസഭയിലും ജനസംഖ്യാനുപാതികമായ സ്ഥാനങ്ങള്‍, ക്ഷേത്രപ്രവേശനം എന്നിവ ഇവയിലുള്‍പ്പെടുന്നു. 1933-ല്‍ ഇദ്ദേഹം ഇതിന്റെ ജനറല്‍ സെക്രട്ടറിയായി. അതോടൊപ്പം ക്രൈസ്തവരും മുസ്ലിങ്ങളുമായി കൂടിച്ചേര്‍ന്ന് 'ജോയിന്റ് പൊളിറ്റിക്കല്‍ കോണ്‍ഗ്രസ്' രൂപവത്കരിച്ചു. അതിന്റെ ആഭിമുഖ്യത്തില്‍ നിവര്‍ത്തനപ്രക്ഷോഭണം ആരംഭിച്ചു. ഇതിനോടനുബന്ധിച്ച് 1935 മേയ് 4-ന് കോഴഞ്ചേരിയില്‍ വച്ചു ചേര്‍ന്ന ഒരു മഹായോഗത്തില്‍ കേശവന്‍ ചെയ്ത പ്രസംഗം രാജദ്രോഹപരമാണെന്നു വ്യാഖ്യാനിച്ച് ഗവണ്‍മെന്റ് ഇദ്ദേഹത്തെ പ്രോസിക്യൂട്ടു ചെയ്തു ശിക്ഷിച്ചു ജയിലിലടയ്ക്കുകയുണ്ടായി. ഇതിനെത്തുടര്‍ന്നുണ്ടായ ജനരോഷവും പ്രക്ഷോഭണങ്ങളും ഗവണ്‍മെന്റിന്റെ നിലപാടില്‍ കാര്യമായ മാറ്റംവരുത്തി. ഗവണ്‍മെന്റ് നിയമസഭയില്‍ പ്രാതിനിധ്യം അംഗീകരിക്കുകയും സര്‍വീസ് കമ്മിഷനെ നിയമിക്കുകയും തുടര്‍ന്ന് ക്ഷേത്രപ്രവേശനവിളംബരം പുറപ്പെടുവിക്കുകയും ചെയ്തു. ശിക്ഷയുടെ കാലാവധി അവസാനിക്കുന്നതിനുമുമ്പുതന്നെ കേശവന്‍ ജയില്‍ മോചിതനായി. ജയിലില്‍ നിന്നു പുറത്തുവന്ന ഇദ്ദേഹം പൊതുസംഭാവനകള്‍ സ്വീകരിച്ചു കൌമുദി എന്ന പത്രമാരംഭിക്കുകയും ഗവണ്‍മെന്റിനെ വിമര്‍ശിച്ചുകൊണ്ടുള്ള നിശിതങ്ങളായ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തതോടെ പത്രത്തിന്റെ ലൈസന്‍സ് റദ്ദാക്കി. തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സിന്റെ സ്ഥാപകനേതാക്കന്മാരില്‍ ഒരാളായ ഇദ്ദേഹം അതിന്റെ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന കാലത്തു പല തവണ ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. ഭാരതം സ്വതന്ത്രമായതോടെ ജയില്‍മോചിതനായ ഇദ്ദേഹം തനിക്കു നില്കിയ ഒരു സ്വീകരണത്തില്‍ കാറല്‍ മാര്‍ക്സിനെ 'ഭഗവാന്‍' എന്നു വിശേഷിപ്പിച്ചുകൊണ്ട് അടുത്ത രാഷ്ട്രീയലക്ഷ്യം സോഷ്യലിസമാണെന്നു പ്രഖ്യാപിച്ചു. തുടര്‍ന്നു നടന്ന തിരഞ്ഞെടുപ്പിനുശേഷം തിരുവിതാംകൂറില്‍ പട്ടംതാണുപിള്ള രൂപവത്കരിച്ച പ്രഥമ മന്ത്രിസഭയില്‍ ടി.എം. വര്‍ഗീസിനോടൊപ്പം ഇദ്ദേഹവും ഒരു മന്ത്രിയായി. 1948 മാര്‍ച്ച് മുതല്‍ 48 ഒക്ടോബര്‍ വരെ ഈ മന്ത്രിസഭ നിലനിന്നു. തിരു-കൊച്ചി സംസ്ഥാന സംയോജനകാലത്ത് (1949 ജൂല. 1) കേശവന്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് പ്രസിഡന്റായിരുന്നു. 1951 ഫെബ്രുവരിയില്‍ ടി. കെ. നാരായണപിള്ളയുടെ രാജിയെത്തുടര്‍ന്ന് ഒരു രാഷ്ട്രീയ പ്രതിസന്ധി ഒഴിവാക്കാന്‍ 1951 ഫെ. 2 മുതല്‍ 1952 മാ. 12 വരെ ഇദ്ദേഹം മുഖ്യമന്ത്രിയായി പ്രവര്‍ത്തിച്ചു. തുടര്‍ന്ന് ഇദ്ദേഹം കുറേക്കാലം പ്രാദേശിക കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായിരുന്നു. ക്രമേണ ഇദ്ദേഹം സജീവ രാഷ്ട്രീയത്തില്‍നിന്നു വിരമിച്ചു. പ്രിയപത്നിയുടെ വേര്‍പാട് (1967) ഇദ്ദേഹത്തെ മാനസികമായി തളര്‍ത്തി. ഈ ദമ്പതികളുടെ അഞ്ചു സന്താനങ്ങളില്‍ പിതാവിന്റെ കാലടിപ്പാത പിന്തുടര്‍ന്ന് രാഷ്ട്രീയം, പത്രപ്രവര്‍ത്തനം, സാഹിത്യം എന്നീ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രസിദ്ധവാഗ്മിയായിരുന്ന കെ. ബാലകൃഷ്ണന്റെ പേര് എടുത്തുപറയത്തക്കതാണ്. ജീവിതസായാഹ്നം സ്വദേശത്തുതന്നെ ചെലവഴിച്ച സി. കേശവന്‍ 1969 ജൂല. 7-ന് അന്തരിച്ചു.

കേശവന്റെ ജീവിതവീക്ഷണം യുക്തിവാദാത്മകമായിരുന്നു. സമത്വത്തിലും സാഹോദര്യത്തിലും നീതിയിലും അടിയുറച്ച ഒരു സാമൂഹികവ്യവസ്ഥിതിയാണ് ഇദ്ദേഹം വിഭാവനം ചെയ്തത്. തന്റെ അഭിപ്രായങ്ങള്‍ തികച്ചും ധീരതയോടെ പറയാന്‍ ഒരിക്കലും ഇദ്ദേഹം മടിച്ചിരുന്നില്ല. ശബരിമലക്ഷേത്രം തീപിടിച്ചു നശിച്ചപ്പോള്‍ 'ഒരു ക്ഷേത്രം നശിച്ചാല്‍ അത്രയും അന്ധവിശ്വാസം നശിക്കും' എന്നു പറഞ്ഞത് അക്കാലത്ത് വളരെ കോളിളക്കമുണ്ടാക്കിയ ഒരു പ്രസ്താവനയായിരുന്നു. മനുഷ്യന്റെ എല്ലാ പുരോഗതിക്കും തടസ്സമായി നില്ക്കുന്നത് അന്ധവിശ്വാസങ്ങളാണെന്ന് ഇദ്ദേഹം മനസ്സിലാക്കിയിരുന്നു. ഇദ്ദേഹം നിര്‍ഭയനായ ഒരു രാഷ്ട്രീയപ്രവര്‍ത്തകനും നീതിബോധമുള്ള ഭരണാധികാരിയും വിട്ടുവീഴ്ചയില്ലാത്ത ഒരു ജനാധിപത്യവാദിയും നിഷ്കളങ്കനായ ഒരു മനുഷ്യസ്നേഹിയുമായിരുന്നു. ഇദ്ദേഹത്തിന്റെ ജീവിതസമരം (രണ്ടു ഭാഗങ്ങള്‍) എന്ന ആത്മകഥ അപൂര്‍ണമെങ്കിലും മലയാളത്തിലെ മികച്ച ആത്മകഥകളില്‍ ഒന്നാണ്.

(എം. പ്രഭ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍