This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേശവന്‍നായര്‍, കുറ്റിപ്പുറത്ത് (1882 - 1959)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേശവന്‍നായര്‍, കുറ്റിപ്പുറത്ത് (1882 - 1959)

കേരളീയകവിയും അധ്യാപകനും. പട്ടാമ്പിക്കും തിരൂരിനുമിടയ്ക്കുള്ള കുറ്റിപ്പുറവുമായി ഇദ്ദേഹത്തിനു ഒരു ബന്ധവുമില്ല. ഇദ്ദേഹത്തിന്റെ നാമത്തോടു ഒട്ടിനില്ക്കുന്ന കുറ്റിപ്പുറം തറവാട്ടുപേരാണ്. അതു തിരുവില്വാമലയിലാണ്. തിരൂരിനു തെക്കു സ്ഥിതിചെയ്യുന്ന മംഗലം ഗ്രാമത്തില്‍ ഇദ്ദേഹം കൊ.വ. 1058-ല്‍ (1882 സെപ്തംബറില്‍) ജനിച്ചു. അമ്മ കുറ്റിപ്പുറം തറവാട്ടിലെ മീനാക്ഷി അമ്മയാണ്; അച്ഛന്‍ വള്ളത്തോള്‍ കോഴിപ്പറമ്പുവീട്ടിലെ കൊച്ചുണ്ണിമേനോനും.

കുറ്റിപ്പുറത്ത് കേശവന്‍നായര്‍

ബാല്യകാലവിദ്യാഭ്യാസം ഗുരുകുലസമ്പ്രദായത്തിലായിരുന്നു. മഹാകവി വള്ളത്തോളിന്റെ മാതുലനും സംസ്കൃത പണ്ഡിതനുമായ വള്ളത്തോള്‍ രാമുണ്ണി മേനോനായിരുന്നു ഗുരുനാഥന്‍. വള്ളത്തോളും ആ ഗുരുകുലത്തിലെ സതീര്‍ഥ്യനായിരുന്നു. അവരോടൊപ്പം വള്ളത്തോള്‍ ഗോപാലമേനോനും കഥാസരിത്സാഗര കര്‍ത്താവായ കിട്ടുണ്ണിനായരും മറ്റും പഠിച്ചിരുന്നു.

ഗുരുകുലത്തില്‍ കഴിയുന്ന കാലത്തുതന്നെ ആ കുട്ടികള്‍ കവിതാരചന ഒരു വിനോദവ്യായാമമായി ശീലിച്ചുവന്നു. ഈ കവികളെ ഒരു കുലയിലെ കുസുമങ്ങളായി കരുതിയാണ് 'വള്ളത്തോള്‍ക്കമ്പനി' എന്ന വിശേഷണം സാഹിത്യകുതുകികള്‍ അവര്‍ക്കു സമ്മാനിച്ചത്. ആചാര്യോത്തംസമായ രാമുണ്ണിമേനോന്‍ അന്തരിച്ചതിനുശേഷം ഗുരുകുലത്തിന്റെ ചുക്കാന്‍ നിയന്ത്രിച്ചത് മഹാകവി വള്ളത്തോളാണ്. വള്ളത്തോള്‍ കേരള കല്പദ്രുമത്തിന്റെ മാനേജരായി തൃശൂര്‍ക്കു പോയപ്പോള്‍ ഗുരുകുലത്തിന്റെ സാരഥ്യം കുറ്റിപ്പുറത്തു കേശവന്‍നായരെയാണ് ഏല്പിച്ചത്.

മഹാകവി വള്ളത്തോളിന്റെ സഹോദരിയായ അമ്മുക്കുട്ടി അമ്മയെയാണ് കേശവന്‍നായര്‍ വിവാഹം ചെയ്തത്. അധികനാള്‍ കഴിയുംമുമ്പു ഇദ്ദേഹം തൃശൂരില്‍നിന്നു പുറപ്പെട്ടിരുന്ന കവനകൌമുദി മാസികയുടെ മാനേജരായി നിയമിതനായി. ആ മാസികയ്ക്കു ലേഖനങ്ങള്‍ സമ്പാദിക്കുവാനും വരിക്കാരെ ചേര്‍ക്കുവാനും ഇദ്ദേഹം ഒരഖിലതിരുവിതാംകൂര്‍ സര്‍ക്കീട്ടുനടത്തി.

ആ 'തെക്കന്‍ യാത്ര'യെപ്പറ്റി മനോഹരമായ ഒരു കവിതയും എഴുതിയിട്ടുണ്ട്. അധികം വൈകാതെ ഇദ്ദേഹം തൃശൂര്‍ ഗവണ്‍മെന്റ് ഹൈസ്കൂളിലെ മലയാളം പണ്ഡിതരായി നിയമിതനായി. മലബാറില്‍ മാപ്പിളലഹള നടന്ന കാലമായിരുന്നു അത്. നാട്ടുകാരുടെ പ്രിയങ്കരനായ ഇദ്ദേഹത്തിന്റെ കുടുംബത്തിനു കൂറുള്ള മാപ്പിളമാര്‍തന്നെ സംരക്ഷണം നല്കിയിരുന്നു. പിന്നീട് എറണാകുളം മഹാരാജാസ്കോളജിലെ മലയാളം ലക്ചററായി. ചങ്ങമ്പുഴയും വൈലോപ്പിള്ളിയും മറ്റും ഇദ്ദേഹത്തിന്റെ ശിഷ്യന്മാരാണ്.

കാവ്യോപഹാരം, നവ്യോപഹാരം, പ്രപഞ്ചം, ഓണം കഴിഞ്ഞു എന്നിവയാണ് ഇദ്ദേഹത്തിന്റെ ഖണ്ഡകവിതകള്‍. ഭാസന്റെ പ്രതിമാനാടകവും കാളിദാസന്റെ ശാകുന്തളവും മസൃണ മധുരമായ ശൈലിയില്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ഹസ്രത്തിലെ മാണിക്യം എന്നൊരു സ്വതന്ത്രനാടകവും രചിച്ചിട്ടുണ്ട്. സുലളിതമായ ദ്രാവിഡവൃത്തത്തില്‍ ഇദ്ദേഹം ഭഗവദ്ഗീത തര്‍ജുമ ചെയ്തെങ്കിലും അത് അച്ചടിക്കപ്പെട്ടിട്ടില്ല. സുഭാഷിതങ്ങള്‍ എന്നൊരു പദ്യകൃതിയും രചിച്ചിട്ടുണ്ട്.

1959 ഫെബ്രുവരിയില്‍ ഇദ്ദേഹം ചേന്നരയിലെ 'നന്ദന'ത്തു വച്ച് അന്തരിച്ചു.

(ടി.എന്‍. ഗോപിനാഥന്‍നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍