This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേശവന്‍ വൈദ്യര്‍, സി.ആര്‍. (1904 - 99)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേശവന്‍ വൈദ്യര്‍, സി.ആര്‍. (1904 - 99)

കേരളത്തിലെ ഒരു വ്യവസായ പ്രമുഖനും സാമൂഹിക പ്രവര്‍ത്തകനും സാംസ്കാരിക പ്രവര്‍ത്തകനും വൈദ്യവിദ്യാനിപുണനും. മീനച്ചില്‍ താലൂക്കില്‍ രാമപുരം പകുതിയില്‍ കൊങ്ങാട്ടുകരയില്‍ ചുള്ളിക്കാട്ടു രാമന്റെയും കുഞ്ഞിളയച്ചിയുടെയും മകനായി കൊ.വ. 1080 ചിങ്ങം 11-ന് (1904) ജനിച്ചു. ഇടക്കോലി വി. എം. സ്കൂളില്‍നിന്ന് ഏഴാംക്ളാസ് പരീക്ഷ ജയിച്ചശേഷം ഒരു ഗ്രാന്റ് സ്കൂള്‍ അധ്യാപകനായി ജീവിതമാരംഭിച്ചു. കൊ.വ. 1107-ല്‍ സര്‍ക്കാര്‍ സ്കൂളില്‍ നിയമനം കിട്ടി. അക്കാലത്തുതന്നെ സാമൂഹികസേവനത്തില്‍ വ്യാപൃതനായി. ശ്രീനാരായണ സേവാസംഘം, സഹോദരസംഘം, സഹകരണസംഘം എന്നിവ സ്ഥാപിച്ച് അവയുടെ കാര്യദര്‍ശിയായി പ്രവര്‍ത്തിച്ചു. കൊ.വ. 1104-ല്‍ എസ്.എന്‍.ഡി.പി. യോഗം ഡയറക്ടറായി തെരഞ്ഞെടുക്കപ്പെട്ടു.

സി.ആര്‍. കേശവന്‍ വൈദ്യര്‍

കൊ.വ. 1105-ല്‍ വിവാഹിതനായി. അനുദിനം പെരുകിവന്ന സാമ്പത്തിക വൈഷമ്യംമൂലം നാട്ടില്‍ തുടര്‍ന്നു ജീവിക്കാന്‍ നിവൃത്തിയില്ലാതെ വരികയാല്‍ ഇദ്ദേഹം കൊ.വ. 1109 ഇടവം 6-ന് നാടുവിട്ടു. ജീവിതമാര്‍ഗം തേടിയുള്ള യാത്രയില്‍ പലേടത്തും ചുറ്റിത്തിരിഞ്ഞ് ഒടുവില്‍ കൂര്‍ക്കഞ്ചേരി സിദ്ധവൈദ്യാശ്രമത്തിലെ രാമാനന്ദസ്വാമിയുടെ ശിഷ്യനായി. സിദ്ധവൈദ്യരീതിയില്‍ വിദഗ്ധമായി ചികിത്സിക്കാന്‍ സ്വാമിയില്‍നിന്നു പഠിച്ചു. കൊ.വ. 1115-ല്‍ ഇരിങ്ങാലക്കുടയില്‍ ഒരു സിദ്ധവൈദ്യാശ്രമം സ്വന്തമായി ആരംഭിച്ചു. വൈദ്യരുടെ ചികിത്സാനൈപുണ്യത്തെ പുരസ്കരിച്ചു കോഴിക്കോടു സാമൂതിരിപ്പാട് 1953-ല്‍ 'വൈദ്യരത്നം' എന്ന ബഹുമതി നല്കി.

ആ പരിശ്രമം അതിവേഗം അഭിവൃദ്ധിപ്പെട്ടുവെങ്കിലും ചന്ദ്രികാസോപ്പിന്റെ നിര്‍മാതാവെന്ന നിലയിലാണ് വൈദ്യര്‍ പ്രസിദ്ധനായിത്തീര്‍ന്നത്. നിരന്തരമായ ഗവേഷണവും നിപുണമായ പരസ്യവുംകൊണ്ട് ചന്ദ്രികാസോപ്പുവ്യവസായം വന്‍ വിജയമായി.

സെന്‍ട്രല്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടര്‍, ഇരിങ്ങാലക്കുട സര്‍വീസ് സഹകരണസംഘം പ്രസിഡന്റ്, എസ്.എന്‍.ഡി.പി. യോഗം പ്രസിഡന്റ്, എസ്.എന്‍.ട്രസ്റ്റ് മെമ്പര്‍, പിന്നോക്ക സമുദായ സംവരണക്കമ്മിറ്റി പ്രസിഡന്റ്, കൊച്ചി എസ്.എന്‍.ഡി.പി. യോഗം ഡയറക്ടര്‍, കൊച്ചി ഹരിജന്‍ വെല്‍ഫെയര്‍ കമ്മിറ്റി അംഗം, ഇരിങ്ങാലക്കുട മണ്ഡലംകോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി, കൊച്ചി ഡി.സി.സി. മെമ്പര്‍, ആകാശവാണി ഉപദേശകസമിതി അംഗം, സാഹിത്യപരിഷത് നിര്‍വാഹകസമിതി അംഗം, കേരള കലാമണ്ഡലം ജനറല്‍ കൌണ്‍സില്‍ മെമ്പര്‍, ഉണ്ണായിവാര്യര്‍ സ്മാരക കലാനിലയം പ്രസിഡന്റ്, ഇരിങ്ങാലക്കുട മഹാത്മാലൈബ്രറി പ്രസിഡന്റ്, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ഡെവലപ്മെന്റ് കമ്മിറ്റി ചെയര്‍മാന്‍, ലാല്‍ മെമ്മോറിയല്‍ ഹോസ്പിറ്റല്‍ ഗവേണിങ് ബോഡി ചെയര്‍മാന്‍, ചന്ദ്രികാ എഡ്യൂക്കേഷണല്‍ ട്രസ്റ്റ് ചെയര്‍മാന്‍ തുടങ്ങി നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ഇരിങ്ങാലക്കുടയില്‍ എസ്.എന്‍. ട്രെയിനിങ് സ്കൂള്‍, എസ്.എന്‍. ഹൈസ്കൂള്‍, എസ്.എന്‍. പ്രൈമറി സ്കൂള്‍ എന്നീ വിദ്യാലയങ്ങള്‍ സ്ഥാപിച്ചത് ഇദ്ദേഹമാണ്. കണിമംഗലം ശ്രീനാരായണ ഹൈസ്കൂള്‍, കൂര്‍ക്കഞ്ചേരി ശ്രീ ബോധാനന്ദ പ്രൈമറി സ്കൂള്‍ എന്നീ വിദ്യാലയങ്ങളുടെ മാനേജരായിരുന്നു.

വൈദ്യര്‍ നല്ല ഒരു ഗദ്യകാരനും കവിയും സഹൃദയനുമാണ്. ശ്രീനാരായണ ചിന്തകള്‍, വിചാരദര്‍പ്പണം, മാര്‍ഗദര്‍ശികള്‍, പ്രത്യൌഷധവിധിയും പ്രഥമചികിത്സയും, ഗുരുചരണങ്ങളില്‍ എന്നിവ ഇദ്ദേഹത്തിന്റെ പ്രസിദ്ധകൃതികളില്‍പ്പെടുന്നു. എസ്.എന്‍.ഡി.പി. യോഗത്തിന്റെ ജിഹ്വയായി കുമാരനാശാന്‍ ആരംഭിച്ചതും ഇടയ്ക്കു മുടങ്ങിക്കിടന്നതുമായ വിവേകോദയം മാസിക ഇദ്ദേഹം പരിഷ്കൃതരീതിയില്‍ പ്രസിദ്ധീകരിച്ചുപോന്നു. ധന്വന്തരി, ആയുര്‍വേദരത്നം എന്നീ വൈദ്യമാസികകളുടെ പത്രാധിപരായിരുന്നിട്ടുണ്ട്.

1999 ന. 6-ന് ഇദ്ദേഹം അന്തരിച്ചു.

(എന്‍.കെ. ദാമോദരന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍