This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേശവനാശാന്‍, പരവൂര്‍ വി. (1859 - 1917)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേശവനാശാന്‍, പരവൂര്‍ വി. (1859 - 1917)

മലയാളത്തിലെ പണ്ഡിതകവി, ചികിത്സകന്‍, പത്രപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായിത്തീര്‍ന്ന ഒരു സമുദായ പരിഷ്കര്‍ത്താവ്. കൊല്ലം താലൂക്കില്‍ പരവൂര്‍ എന്ന സ്ഥലത്തു കൊ.വ. 1034 കുംഭം 17-ന് (1859) കൊച്ചമ്പാളി ആശാന്‍ എന്ന ഭാഷാകവിയുടെ ഭാഗിനേയനായ വൈരവന്‍ വൈദ്യന്റെയും തയ്യില്‍ കുറുമ്പയമ്മയുടെയും മകനായി ജനിച്ചു. ആദ്യം പുതുക്കാട്ടുമഠത്തില്‍ കൃഷ്ണനാശാനില്‍നിന്നും പിന്നീട് ഇലത്തൂര്‍ കൃഷ്ണസ്വാമിശാസ്ത്രികളില്‍നിന്നും അദ്ദേഹത്തിന്റെ ശിഷ്യനായ അയ്യാസ്വാമി ശാസ്ത്രികളില്‍നിന്നും സംസ്കൃതം പഠിച്ചു. വ്യുത്പത്തിനേടി. അതിനും പുറമേ ആയുര്‍വേദവും ജ്യോതിഷവും പഠിച്ചു ആ വിഷയങ്ങളിലും പ്രാവീണ്യം സമ്പാദിച്ചു.

പരവൂര്‍ വി.കേശവനാശാന്‍

കണ്ടത്തില്‍ വര്‍ഗീസ് മാപ്പിള മലയാളമനോരമക്കമ്പനി സ്ഥാപിച്ച് കൊ.വ. 1065-ല്‍ ഒരു പത്രം പുറപ്പെടുവിച്ചപ്പോള്‍ ആശാനും ആ മാതൃക പിന്തുടര്‍ന്നു 1066-ല്‍ 10,000 ഉറുപ്പിക മൂലധനത്തില്‍ 'കേരളഭൂഷണക്കമ്പനി ക്ളിപ്തം' എന്നപേരില്‍ ഒരു കമ്പനി സ്ഥാപിച്ചു. ആ കമ്പനിയുടെ വകയായി 1067-ല്‍ സുജനാനന്ദിനി എന്നൊരു പ്രതിവാര വൃത്താന്തപത്രം ആരംഭിച്ചു. സാഹിത്യാഭിവൃദ്ധി ലക്ഷ്യമാക്കി ഓരോ ലക്കത്തോടുംകൂടി ഒരു സുജനാനന്ദിന്യുപപത്രം കൂടി പ്രസിദ്ധീകരിച്ചു. വലിയ കോയിത്തമ്പുരാന്‍, കുഞ്ഞിക്കുട്ടന്‍ത്തമ്പുരാന്‍, കൊച്ചുണ്ണിത്തമ്പുരാന്‍, കുണ്ടൂര്‍ നാരായണമേനോന്‍, സി.എസ്. സുബ്രഹ്മണ്യന്‍പോറ്റി, മൂലൂര്‍ എസ്. പദ്മനാഭപ്പണിക്കര്‍ തുടങ്ങിയ സാഹിത്യമഹാരഥന്മാര്‍ അതിലെ എഴുത്തുകാരായിരുന്നു. പത്രം ഇടയ്ക്കുനിന്നുപോയി. 1078-ല്‍ പുനര്‍ജീവിപ്പിച്ചു രണ്ടുമൂന്നു കൊല്ലംകൂടി നടത്തി. സാഹിത്യപരമായും സാമുദായികമായും ഈ പത്രം അനുഷ്ഠിച്ചിട്ടുള്ള സേവനങ്ങള്‍ അവിസ്മരണീയങ്ങളാണ്. 1080-ലെ കുപ്രസിദ്ധമായ നായരീഴവ ലഹളയോടനുബന്ധിച്ച് ഏതോ കുബുദ്ധികള്‍ കേരളഭൂഷണം പ്രസ് തീവച്ചു നശിപ്പിച്ചുകളഞ്ഞു.

'മുറിവേല്പിക്കിലും ധൂര്‍ത്തര്‍ പത്രം ചുട്ടുപൊടിക്കിലും

മുഷ്ക്കിന്നു കീഴടങ്ങാതെ മരിപ്പോളം തടുക്കുവിന്‍'

എന്നു കുമാരനാശാന്‍ ഈ സംഭവം വ്യംഗ്യഭംഗ്യാ സൂചിപ്പിച്ചിട്ടുണ്ട്.

നാനാജാതിയില്‍പ്പെട്ട അനേകം പണ്ഡിതശിഷ്യന്മാരുടെ ഗുരുഭൂതനാണ് കേശവനാശാന്‍. ആജീവനാന്തം ആചരിച്ചുവന്ന അധ്യാപനവൃത്തിയുടെ ഫലമായിട്ടാണ് ആശാന്‍ എന്ന ബഹുമാനപ്പേര് ഇദ്ദേഹത്തിനു ലഭിച്ചത്. പ്രസിദ്ധകവിയായ കെ.സി. കേശവപിള്ള ഇദ്ദേഹത്തിന്റെ ശിഷ്യന്മാരില്‍ ഒരാളാണ്. ജ്യോതിഷത്തിലും വൈദ്യത്തിലും പ്രശംസാവഹമായ സാമര്‍ഥ്യം ഇദ്ദേഹം പ്രദര്‍ശിപ്പിച്ചിരുന്നു. ഗജചികിത്സയും ആയുര്‍വേദവിധിപ്രകാരമുള്ള ശസ്ത്രക്രിയയും വിദഗ്ധമായി നടത്തിയിട്ടുണ്ട്. സമുദായപരിഷ്കരണപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഇദ്ദേഹത്തിനു വളരെ സമുന്നതമായ ഒരു സ്ഥാനമുണ്ട്. കൊ.വ. 1080-ല്‍ ശ്രീനാരായണഗുരുദേവന്റെ സാന്നിധ്യത്തില്‍ ഒരു മഹായോഗം പരവൂരില്‍ വിളിച്ചുകൂട്ടി; താലികെട്ടടിയന്തിരം മുതലായ അനാചാരങ്ങള്‍ നിര്‍ത്തല്‍ ചെയ്യുന്നതിനു നിശ്ചയം ചെയ്കയും അതു നടപ്പില്‍ വരുത്തുകയും ചെയ്തു. എസ്.എന്‍.ഡി.പി. യോഗം ഡയറക്ടറായും ശ്രീമൂലം പ്രജാസഭാമെമ്പറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ആശാന് സംസ്കൃതത്തിലും കവനം ചെയ്വാനും സരസോജ്ജ്വലമായരീതിയില്‍ ഗദ്യമെഴുതാനും കഴിയുമായിരുന്നു. സുജനാനന്ദിനിയില്‍ ആശാന്‍ എഴുതിയിട്ടുള്ള മുഖപ്രസംഗങ്ങള്‍ ശക്തിക്കും സാരള്യത്തിനും സര്‍വോപരി ഭാഷാശുദ്ധിക്കും പ്രസിദ്ധി പെറ്റവയാണ്. പാതാളരാമായണം ആട്ടക്കഥ, പതിവ്രതാധര്‍മം കിളിപ്പാട്ട്, കല്യാണസൌഗന്ധികം അമ്മാനപ്പാട്ട് എന്നിവയ്ക്കു പുറമേ മാധവനിദാനത്തിന് സാരചന്ദ്രിക എന്നൊരു വ്യാഖ്യാനവും ചങ്ങാരത്തു നാരായണപിള്ള ആശാന്റെ വൈദ്യസംഗ്രഹത്തിന് ഒരു ലഘുടിപ്പണിയും എഴുതിയിട്ടുണ്ട്. കൊ.വ. 1092 ധനുമാസം 27-ന് 58-ാമത്തെ വയസ്സില്‍ അന്തരിച്ചു.

(എന്‍.കെ. ദാമോദരന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍