This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേശവദാസ്, ഡാന്‍സര്‍ (1917 - 80)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേശവദാസ്, ഡാന്‍സര്‍ (1917 - 80)

ഡാന്‍സര്‍ കേശവദാസ്

ഒരു കേരളീയ നര്‍ത്തകന്‍. കഥകളിനടനത്തിന്റെ ഉപജ്ഞാതാവായ ഡോ. ഗുരു ഗോപിനാഥിന്റെ ആദ്യകാലശിഷ്യന്മാരിലൊരാളായ ഇദ്ദേഹം തിരുവിതാംകൂര്‍ പൊലീസ് സേനയില്‍ സുപ്രണ്ടായിരുന്ന സത്യവാന്‍ ഗോപാലപിള്ളയുടെ മകനായി 1917-ല്‍ ജനിച്ചു. ബാല്യം മുതല്ക്കേ സംഗീതാദി സുകുമാരകലകളില്‍ തത്പരനായിരുന്ന ഇദ്ദേഹം സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ കാലത്താണ് ഗോപിനാഥ് തിരുവനന്തപുരത്തു പൂജപ്പുരയില്‍ നര്‍ത്തനാലയം ആരംഭിച്ചത്. പ്രസ്തുത കലാസ്ഥാപനത്തിലെ ആദ്യകാല വിദ്യാര്‍ഥിയായി പ്രവേശിച്ച കേശവദാസ് അതിവേഗം ഗോപിനാഥിന്റെ വത്സലശിഷ്യന്മാരിലൊരുവനായിത്തീര്‍ന്നു. ഗോപിനാഥ്, തങ്കമണി എന്നിവരുടെ നേതൃത്വത്തിലുള്ള നൃത്തസംഘത്തിലെ പ്രധാന നര്‍ത്തകരിലൊരുവനായി ഇന്ത്യയ്ക്കകത്തും പുറത്തും നൃത്തകലാപ്രകടനങ്ങളില്‍ പങ്കുകൊണ്ടു. ഗോപിനാഥ് കേരളം വിട്ടുപോകുന്നതുവരെ കേശവദാസ് അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ഗോപിനാഥും കേശവദാസും ചേര്‍ന്നുള്ള 'ഗീതോപദേശം' എന്ന നൃത്തരംഗം അസംഖ്യം നൃത്തകലാനിരൂപകന്മാരുടെ പ്രശംസനേടി. ഗോപിനാഥ് കേരളം വിട്ടതോടെ കേശവദാസ് ചെന്നൈയില്‍ താമസമാക്കി സ്വന്തമായി ഒരു നൃത്തവിദ്യാലയം നടത്തി. പിന്നീട് ഇദ്ദേഹം എ.വി.എം. സ്റ്റുഡിയോയിലെ നൃത്തസംവിധായകനായി 'നാമിരുവര്‍' എന്ന പ്രശസ്ത തമിഴ് സിനിമയുള്‍പ്പെടെ പലതിന്റെയും നൃത്തസംവിധാനം നിര്‍വഹിച്ചു. ആയിടക്കാണ് ഇദ്ദേഹം എ.വി.എം. സ്റ്റുഡിയോയിലെ നര്‍ത്തകിയായ ലക്ഷ്മീദേവിയെ വിവാഹം കഴിച്ചത്. അതിനുശേഷം ഇദ്ദേഹം ഗ്രേറ്റ് ഈസ്റ്റേണ്‍ സര്‍ക്കസ്സിലെ നൃത്തസംവിധായകനായി. തുടര്‍ന്ന് തിരുവനന്തപുരത്തു സ്വന്തമായൊരു നൃത്തവിദ്യാലയം സ്ഥാപിച്ചു അനേകം വിദ്യാര്‍ഥികളെ നൃത്തം അഭ്യസിപ്പിച്ചു. ഭാര്യയായ ലക്ഷ്മിയും ശിഷ്യകളുമൊന്നിച്ചു കേരളത്തിന്റെ നാനാഭാഗങ്ങളില്‍ നൃത്തപ്രകടനങ്ങള്‍ നടത്തി. ബാംഗ്ളൂരിലേക്ക് താമസം മാറ്റിയ ഇദ്ദേഹം അവിടെ നൃത്തവിദ്യാലയം ആരംഭിച്ചു വിജയകരമായി നടത്തിവരവേ 1980 ജൂല. 29-നു പെട്ടെന്ന് നിര്യാതനായി.

ഗുരുഗോപിനാഥന്റേതുപോലുള്ള ശുദ്ധമായ ക്ലാസ്സിക്കല്‍ നൃത്തകലയായിരുന്നു കേശവദാസ് പ്രകടിപ്പിച്ചത്. കഥകളി സമ്പ്രദായത്തിലുള്ള നൃത്തകലാപ്രകടനത്തില്‍ കേശവദാസിനെ കവച്ചുവയ്ക്കാന്‍ ആരുമുണ്ടായിരുന്നില്ല. ആകാരഭംഗി, അഭ്യാസപാടവം, മെയ്വഴക്കം എന്നിവ ഇദ്ദേഹത്തിന്റെ നൃത്തങ്ങളെ ആകര്‍ഷകമാക്കി.

(ഡി.കെ. സുന്ദരേശ്വരിഅമ്മ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍