This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേവലാത്മവാദം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേവലാത്മവാദം

Solipsism

ആത്മഭൂതാവസ്ഥ മാത്രമാണ് സുനിശ്ചിതമായ അസ്തിത്വം എന്ന തത്ത്വചിന്താപരമായ ഒരു സിദ്ധാന്തം. ആത്മാവിനു പരമപ്രാധാന്യം കല്പിക്കുന്ന ഈ സിദ്ധാന്തത്തിനു മൂന്നു പ്രധാന ഘടകങ്ങള്‍ ഉണ്ട്. താന്‍ ജീവിച്ചിരിക്കുന്നു അഥവാ സ്ഥിതിചെയ്യുന്നു എന്നുള്ളതല്ലാതെ മറ്റുള്ളവയെപ്പറ്റിയൊന്നും ഉറപ്പോ തെളിവോ ഇല്ല എന്ന വാദമാണ് ഇവയില്‍ ഒന്നാമത്തേത്. നീതിശാസ്ത്രജ്ഞന്മാരും മനഃശാസ്ത്രജ്ഞന്മാരും താത്പര്യം പ്രകടിപ്പിക്കാറുള്ള ഇഗോയിസം (അഹംവാദം, Eogism) എന്ന പേരിലറിയപ്പെടുന്ന ഈ സിദ്ധാന്തം സ്വാര്‍ഥതാത്പര്യത്തില്‍ അധിഷ്ഠിതമായ മനുഷ്യന്റെ പെരുമാറ്റരീതിയെയാണ് പ്രതിപാദിക്കുന്നത്.

ആത്മാവിനു മാത്രമേ പൂര്‍ണമായ അസ്തിത്വമുള്ളൂ എന്ന യുക്തിവാദമാണ് കേവലാത്മവാദസിദ്ധാന്തത്തിന്റെ മറ്റൊരു അംശം. ഞാന്‍ മാത്രം നിലനില്ക്കുന്നു അല്ലെങ്കില്‍ ആത്മാവു മാത്രമാണ് ഏക യാഥാര്‍ഥ്യം എന്ന ഈ സിദ്ധാന്തത്തിന്റെ ന്യായവാദം ഇപ്രകാരമാണ്: ഏതൊന്നിനെയും സംബന്ധിക്കുന്ന അസ്തിത്വവും ഇല്ലായ്മയും അനുഭവത്തിന്റെ വെളിച്ചത്തിലല്ലാതെ വിലയിരുത്താന്‍ നിര്‍വാഹമില്ല. അനുഭവത്തിനതീതമായി എന്തെങ്കിലും നിലനില്ക്കുന്നു എന്ന വാദത്തിനു യാതൊരുവിധത്തിലുള്ള അടിസ്ഥാനമോ അവലംബമോ ഇല്ല. യഥാര്‍ഥത്തില്‍ ബുദ്ധിശൂന്യമായിത്തോന്നുന്ന ഇതിനെ ഒരു വാദമുഖമായിപ്പോലും അംഗീകരിക്കാന്‍ സാധ്യമല്ല. എന്നാല്‍ ഉടന്‍ അനുഭവിച്ചറിയാന്‍ കഴിയുന്നതും ഒരു വ്യക്തിക്കു അനുഭവപ്പെടുന്നതും അയാളുടേത് മാത്രവുമായ വിഷയം തെറ്റാന്‍ സാധ്യമല്ല. അതുകൊണ്ട് അനുഭവത്തിനു വിധേയമാകുന്ന ആത്മാവിന്റെ അവസ്ഥകള്‍ക്കതീതമായി എന്തെങ്കിലും നിലനില്ക്കുന്നു എന്ന വാദം തികച്ചും അസത്യവും ബുദ്ധിശൂന്യവുമാണ്. യഥാര്‍ഥ കേവലാത്മവാദം (reality solipsism) അഥവാ അധ്യാത്മ കേവലാത്മവാദം (metaphysical solipsism) എന്ന പേരിലറിയപ്പെടുന്ന ഇതിന്റെ ഉപജ്ഞാതാക്കള്‍ അധ്യാത്മ തത്ത്വശാസ്ത്രപണ്ഡിതന്മാരാണ്.

ദെക്കാര്‍ദെ എന്ന തത്ത്വചിന്തകനാണ് പാശ്ചാത്യലോകത്തു കേവലാത്മവാദത്തെ ഒരു അംഗീകൃത ചിന്താധാരയാക്കി മാറ്റിയത്. ഇദ്ദേഹത്തിന്റെ അഭിമതത്തില്‍ ആകാശം, വായു, ഭൂമി, നിറം, ആകൃതി, ശബ്ദം എന്നിവയെല്ലാം മനുഷ്യമനസ്സിന്റെ സൃഷ്ടികള്‍ മാത്രമാണ്.

ജീവിതരഹസ്യത്തെക്കുറിച്ചും പ്രപഞ്ചസത്യത്തെക്കുറിച്ചുമുള്ള യഥാര്‍ഥമായ അറിവിന്റെയും മറ്റുള്ളവ നിലനില്ക്കുന്നു എന്നുള്ള അനിശ്ചിതമായ അറിവിന്റെയും ഉറവിടം ആത്മാവ് മാത്രമാണ് എന്ന ചിന്താഗതിയാണ് മൂന്നാമത്തെ ഘടകം. ഇത് വിജ്ഞാന കേവലാത്മവാദം (Epistimological solipsism) എന്ന പേരിലറിയപ്പെടുന്നു. ദെക്കാര്‍ദെക്കുശേഷമുള്ള പല ചിന്തകന്മാരും ഈ വാദത്തെ പിന്താങ്ങിയിട്ടുണ്ട്.

ഈ മൂന്നുവിധത്തിലുള്ള വാദങ്ങളും പ്രത്യക്ഷത്തില്‍ വ്യത്യസ്തമായി തോന്നാമെങ്കിലും ഈ വിധത്തിലല്ലെങ്കില്‍ മറ്റൊരുവിധത്തില്‍ ഇവ ആത്മാവിനെ അടിസ്ഥാനമാക്കിയുള്ളതും ആത്മാവിനു പ്രാമുഖ്യം കല്പിച്ചിട്ടുള്ളതുമാണ്. അതുകൊണ്ടു കേവലാത്മവാദത്തിന്റെ അംശങ്ങളുമായി മാത്രമെ ഇവയെ പരിഗണിക്കുവാന്‍ സാധിക്കൂ.

ഇന്ദ്രിയങ്ങള്‍കൊണ്ടു അനുഭവ(സ്മൃതിഭിന്നമായ ജ്ഞാനം)ത്തിനു വിഷയമാകുന്നതേ സത്യമാകു എന്ന ചാര്‍വാകസിദ്ധാന്തവുമായി ചില അംശങ്ങളില്‍ ഈ വാദം പൊരുത്തപ്പെടുന്നു. എന്നാല്‍ ചതുര്‍വിധഭൂതമയമായ ശരീരത്തില്‍നിന്നു ഭിന്നമായ ആത്മാവിനെ ചാര്‍വാകര്‍ അംഗീകരിക്കുന്നില്ല. ആത്മാവാണ് എല്ലാ അറിവുകള്‍ക്കും ആധാരം എന്ന നൈയായികമതത്തിന്റെ ചില അംശങ്ങളും ഈ കേവലാത്മവാദത്തില്‍ അടങ്ങിയിട്ടുണ്ട്. ഭാരതീയ ദാര്‍ശനികന്മാരെല്ലാം പ്രത്യക്ഷാദിപ്രമാണങ്ങളാല്‍ അനുഭവിക്കാവുന്ന പദാര്‍ഥങ്ങളെ മാത്രമാണ് അംഗീകരിക്കുന്നത്. 'മാനാധീനാ മേയസിദ്ധിഃ' (പ്രമേയസിദ്ധി പ്രാമാണാധീനമാണ്) എന്നാണവര്‍ സിദ്ധിക്കുന്നത്. അദ്വൈതികളുടെ സിദ്ധാന്തപ്രകാരം ആകാശാദിപ്രപഞ്ചം മുഴുവന്‍ മനഃസൃഷ്ടിയാണ്; അമനീഭാവത്തില്‍ അവ മറയുകയും ചെയ്യുന്നു. ഇങ്ങനെ നോക്കിയാല്‍ കേവലാത്മവാദം ഭാരതീയ ദാര്‍ശനികസിദ്ധാന്തങ്ങളുടെ പല അംശങ്ങളും ഉള്‍ക്കൊള്ളുന്നതാണെന്നു പറയാവുന്നതാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍