This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേളു, എം.കെ. (1906 - 1991)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേളു, എം.കെ. (1906 - 1991)

കേരളത്തിലെ കമ്യൂണിസ്റ്റ് നേതാവ്. 1906-ല്‍ വടകരയിലെ പരവന്തലയില്‍ ചാത്തുനായരുടെയും മാധവി അമ്മയുടെയും മകനായി ജനിച്ചു. എരഞ്ഞിക്കല്‍ ഉണ്ണിക്കണിയാരുടെ എഴുത്തുപ്പള്ളിക്കൂടം, പാറമ്മല്‍ സ്കൂള്‍, ബ്രഹ്മവിദ്യാസംഘം എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം ചെയ്തു.

എം.കെ. കേളു

സമൂഹത്തില്‍ നിറഞ്ഞുനിന്നിരുന്ന ജാതീയ അസമത്വങ്ങളോടുള്ള രോഷമാണ് കേളുവിനെ പൊതുപ്രവര്‍ത്തനരംഗത്തേക്ക് അടുപ്പിച്ചത്. വാഗ്ഭടാനന്ദനുമായുള്ള സൌഹൃദം ആത്മവിദ്യാസംഘത്തിന്റെ പ്രവര്‍ത്തനങ്ങളുമായി ഇദ്ദേഹത്തെ അടുപ്പിച്ചു. മൊയാരത്ത് ശങ്കരനാണ് ഇദ്ദേഹത്തിന്റെ രാഷ്ട്രീയഗുരു. ഗാന്ധിജിയുടെ പയ്യന്നൂര്‍ സന്ദര്‍ശനം കേളുവിനെ ആവേശം കൊള്ളിച്ചു. 1928-ല്‍ എം.കെ. കേളു, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ അംഗമായി. വടകര ടൗണ്‍ കോണ്‍ഗ്രസ് കമ്മിറ്റി നിലവില്‍ വന്നപ്പോള്‍ അതിന്റെ സെക്രട്ടറിയും തുടര്‍ന്ന് കോണ്‍ഗ്രസ്സിന്റെ കുറുമ്പ്രനാട് താലൂക്ക് കമ്മിറ്റി സെക്രട്ടറിയുമായി. 1935 മുതല്‍ 1942 വരെ കെ.പി.സി.സി. അംഗമായും പ്രവര്‍ത്തിച്ചു. വിദേശ വസ്ത്രബഹിഷ്കരണം, തക്ളിയില്‍ നൂല്‍നൂല്‍ക്കല്‍, ദലിതോദ്ധാരണം, കള്ളുഷാപ്പ് പിക്കറ്റിങ് തുടങ്ങിയ കോണ്‍ഗ്രസ്സിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും ഇദ്ദേഹം സജീവമായി പങ്കെടുത്തു.

സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തതിന് പലതവണ അറസ്റ്റിലായി. ഉപ്പുസത്യഗ്രഹത്തില്‍ പങ്കെടുത്തതിനായിരുന്നു ആദ്യത്തെ അറസ്റ്റ്. 1932-ല്‍ ഗാന്ധിജിയെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ചു നടത്തിയ പ്രചാരണജാഥയില്‍ പങ്കെടുത്തതിന് അറസ്റ്റിലായി. രണ്ടുവര്‍ഷത്തെ തടവുശിക്ഷയും ലഭിച്ചു. അധ്യാപകസമരത്തെ പിന്തുണച്ച് വടകരയില്‍ ചേര്‍ന്ന ഒരു പൊതുയോഗത്തില്‍ പ്രസംഗിച്ചതിന് 1939-ല്‍ വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടു.

1936-ല്‍ അഖിലേന്ത്യാ കിസാന്‍ സഭ രൂപംകൊണ്ടപ്പോള്‍, മൊകേരിക്കടുത്ത് വട്ടോളിയില്‍ കുറുമ്പ്രനാട് താലൂക്ക് കര്‍ഷകസംഘം രൂപീകരണസമ്മേളനത്തിനും 1938-ല്‍ വടകരയില്‍ ആദ്യമായി ബീഡി ചുരുട്ടു തൊഴിലാളികളെ സംഘടിപ്പിച്ച് വടകര ബീഡി-സിഗാര്‍ വര്‍ക്കേഴ്സ് യൂണിയന് ജന്മം നല്‍കിയതും ഇദ്ദേഹമാണ്.

കോണ്‍ഗ്രസ്സുകാരനായിരുന്ന കേളുവേട്ടന്‍ ക്രമേണ കോണ്‍ഗ്രസ് സോഷ്യലിസ്റ്റുകാരനും കമ്യൂണിസ്റ്റുകാരനുമായി മാറി. കേരളത്തിലെ കോണ്‍ഗ്രസ് സോഷ്യലിസ്റ്റുകാര്‍ കമ്യൂണിസ്റ്റുകാരായി മാറാന്‍ തീരുമാനിച്ച പാറപ്പുറം സമ്മേളനത്തില്‍ (1939) പങ്കെടുത്തവരില്‍ എം.കെ. കേളുവും ഉണ്ടായിരുന്നു. കമ്യൂണിസ്റ്റുകാരനായതിനുശേഷം കുറുമ്പ്രനാട് താലൂക്കില്‍ കര്‍ഷകപ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ വ്യാപൃതനായി. 1946-ല്‍ ഒളിവില്‍ പോയ ഇദ്ദേഹം പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ അറസ്റ്റിലായി. 1948-ല്‍ ഒഞ്ചിയത്തുനടന്ന പൊലീസ് വെടിവയ്പിലും ലോക്കപ്പുമര്‍ദനത്തിലും പ്രതിഷേധിച്ചവര്‍ക്കെതിരെ നടന്ന പൊലീസ് ഇടപെടലുകളുടെ പ്രധാനലക്ഷ്യം എം.കെ. കേളുവിനെയും സംഘത്തെയും തുറങ്കിലടയ്ക്കുക എന്നതായിരുന്നു. എന്നാല്‍ ഒഞ്ചിയത്തെ പാര്‍ട്ടി പ്രവര്‍ത്തകര്‍ കൊടുംത്യാഗം സഹിച്ച് നേതാക്കളെ രക്ഷിച്ചു. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കുറുമ്പ്രനാട് താലൂക്കിലെ പ്രധാന സംഘാടകനായിരുന്ന എം.കെ. കേളു, ജില്ലാ-സംസ്ഥാന കമ്മിറ്റികളിലും കണ്‍ട്രോള്‍ കമ്മിഷനിലും അംഗമായി പ്രവര്‍ത്തിച്ചു.

1962-ലെ ഇന്ത്യാ-ചൈന അതിര്‍ത്തി സംഘട്ടനത്തിന്റെ പശ്ചാത്തലത്തിലും ജയില്‍വാസമനുഭവിക്കേണ്ടിവന്നു. ഇദ്ദേഹത്തിന് ജീവിതകാലത്ത് സമരപോരാട്ടങ്ങളുടെ പേരില്‍ ഏതാണ്ട് 16 തവണ ജയിലില്‍ കഴിയേണ്ടിവന്നിട്ടുണ്ട്. 1964-ല്‍ സി.പി.ഐ.(എം) നിലവില്‍ വന്നപ്പോള്‍ എം.കെ. കേളു, പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1973 മുതല്‍ 1988 വരെ പാര്‍ട്ടിയുടെ കോഴിക്കോട് ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു.

ആദ്യത്തെ കേരള നിയമസഭയില്‍ അംഗമായിരുന്ന കേളുവേട്ടന്‍, 1965-ല്‍ ജയിലില്‍ കിടന്നുകൊണ്ട് മത്സരിച്ചു ജയിച്ചുവെങ്കിലും ആ നിയമസഭ വിളിച്ചുചേര്‍ക്കപ്പെടുകയുണ്ടായില്ല. 1967-ല്‍ മേപ്പയ്യൂര്‍ മണ്ഡലത്തില്‍ നിന്ന് വീണ്ടും മത്സരിച്ചു ജയിച്ചു. 1968 മുതല്‍ 1971 വരെ വടകര മുനിസിപ്പല്‍ ചെയര്‍മാനായിരുന്നു. 1991 മേയ് 19-ന് ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍