This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേളുനായര്‍, പി. വിദ്വാന്‍ (1899 - 1929)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേളുനായര്‍, പി. വിദ്വാന്‍ (1899 - 1929)

ഭാഷാസംഗീതനാടക പ്രസ്ഥാനത്തിനും നാടകവേദിക്കും പുതിയൊരു വഴി തുറന്നു കാട്ടിയ കവിയും നടനും ഗായകനും. ഇദ്ദേഹം നീലേശ്വരത്തു ജനിച്ചു. കാഞ്ഞങ്ങാട് ഗുരുകുലത്തില്‍ വച്ചു സംസ്കൃതം പഠിച്ചു; പട്ടാമ്പിയില്‍ പുന്നശ്ശേരി നമ്പിയുടെ ശിഷ്യനായി ഉപരിപഠനം തുടര്‍ന്നു. പട്ടാളസേവനം കഴിഞ്ഞെത്തിയ ഇദ്ദേഹം അധ്യാപനവൃത്തിയില്‍ ഏര്‍പ്പെട്ടു; അതോടൊപ്പം ദേശീയ പ്രസ്ഥാനത്തിലും പങ്കെടുത്തു.

പാദുകാപട്ടാഭിഷേകം, ലങ്കാദഹനം, ധ്രുവചരിതം, ജനാര്‍ദനദാസ് ചരിതം, ശ്രീകൃഷ്ണലീല, കബീര്‍ദാസ് ചരിതം, പാക്കനാര്‍ ചരിതം, സമ്പൂര്‍ണരാമായണം, വിവേകോദയം (അപൂര്‍ണം), പ്രഹ്ളാദചരിതം (അപൂര്‍ണം) എന്നിവയാണ് കേളുനായരുടെ പ്രധാനകൃതികള്‍. സംഗീതനാടക അക്കാദമി വിദ്വാന്‍ പി. കേളുനായരുടെ കൃതികള്‍ എന്ന ഒരു ഗ്രന്ഥം (1975) പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ജനാര്‍ദനദാസിന്റെ ജീവിതത്തിലെ തിക്താനുഭവങ്ങളെ അനാവരണം ചെയ്യുന്ന കൃതിയാണ് ജനാര്‍ദനദാസ് ചരിതം. ജാതിമതങ്ങള്‍ക്കതീതമായി ചിന്തിക്കുവാന്‍ പാക്കനാര്‍ ചരിതവും കബീര്‍ദാസ് ചരിതവും ആഹ്വാനം ചെയ്യുന്നു. യാഥാസ്ഥിതികതയും പുരോഗാമിത്വവും തമ്മിലുള്ള സംഘട്ടനമാണ് വിവേകോദയത്തിലെ ഇതിവൃത്തം.

തമിഴ് നാടകങ്ങളുടെ കേവലാനുകരണങ്ങളല്ല കേളുനായരുടെ കൃതികള്‍. നാടകം കേവലമൊരു വിനോദമെന്നു കരുതുന്നവര്‍ക്കു ഇദ്ദേഹത്തിന്റെ കൃതികള്‍ രുചിച്ചെന്നുവരില്ല. പണ്ഡിതോചിതമായ പ്രൌഢശൈലിയിലാണ് അവ രചിക്കപ്പെട്ടിരുന്നത്. പ്രാസഭംഗി ഒത്തിണങ്ങിയ ഗാനങ്ങള്‍ അവയില്‍ ഏറെയുണ്ട്. വിദ്വാന്‍ കേളുനായരുടെ നാടകങ്ങള്‍ക്കെല്ലാം സാമൂഹികമോ സദാചാരപരമോ ധാര്‍മികമോ രാഷ്ട്രീയമോ ആയ അന്തര്‍ദര്‍ശനമുണ്ട്. ജാതിമതഭേദം, സവര്‍ണമേധാവിത്വം, സദാചാരധ്വംസനം തുടങ്ങിയവയെ ഇദ്ദേഹം വെറുത്തിരുന്നു. വൈദേശിക ചെങ്കോലിന്റെ മര്‍ദനത്തില്‍ നിന്ന് മോചനം നേടാനുള്ള മാര്‍ഗങ്ങള്‍ ഇദ്ദേഹം സ്വകൃതികളിലൂടെ ചൂണ്ടിക്കാട്ടി.

(ഡോ. എം.വി. വിഷ്ണുനമ്പൂതിരി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍