This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേരള സ്റ്റേറ്റ് ഹൗസിങ് ബോര്‍ഡ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേരള സ്റ്റേറ്റ് ഹൗസിങ് ബോര്‍ഡ്

ഹൗസിങ് ബോര്‍ഡ്

പാര്‍പ്പിടമില്ലാത്തവര്‍ക്ക്, പ്രത്യേകിച്ചും ദുര്‍ബലവിഭാഗത്തില്‍പ്പെട്ടവര്‍ക്ക്, പാര്‍പ്പിടമുണ്ടാക്കി നല്കുന്നതിനുവേണ്ടി കേരള സര്‍ക്കാര്‍ ആരംഭിച്ചിട്ടുള്ള സ്ഥാപനം. 1971-ലെ കേരള സ്റ്റേറ്റ് ഹൗസിങ് ബോര്‍ഡ് ആക്റ്റിനു വിധേയമായി 1971-ല്‍ ബോര്‍ഡ് നിലവില്‍വന്നു. ബോര്‍ഡിന്റെ ആസ്ഥാനം തിരുവനന്തപുരമാണ്. 17 അംഗങ്ങളുള്ള ഒരു സമിതിയാണ് ഭരണകാര്യങ്ങള്‍ നിര്‍വഹിക്കുന്നത്. ഇതിന്റെ ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ള അനൗദ്യോഗികാംഗങ്ങളെ ഗവണ്‍മെന്റ് യഥാകാലം നാമനിര്‍ദേശം ചെയ്യുന്നു. സ്വന്തമായി ഭൂമിയുള്ളവര്‍ക്ക് വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഭവനനിര്‍മാണ വായ്പകളും ബോര്‍ഡ് നല്കിവരുന്നു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലെ റീജിയണല്‍ ഓഫീസുകളും ജില്ലാ ഓഫീസുകളും മുഖാന്തരമാണ് ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. സംസ്ഥാനത്തൊട്ടാകെ 7 ലക്ഷം വീടുകളും 5000-ത്തോളം ഫ്ളാറ്റുകളും ഹൌസിങ് ബോര്‍ഡ് നിര്‍മിച്ചിട്ടുണ്ട്. 12 ലക്ഷം ചതുരശ്ര അടിയില്‍പ്പരം വിസ്തൃതിയില്‍ നിരവധി വാണിജ്യ/ഓഫീസ് സമുച്ചയങ്ങള്‍ നിര്‍മിച്ച് ബോര്‍ഡ് പാട്ടത്തിന് നല്കിയിട്ടുണ്ട്. ബഹുനില ഫ്ളാറ്റുകള്‍ ഉള്‍പ്പെടെ 165-ല്‍പ്പരം ഭവനപദ്ധതികളാണ് ഹൗസിങ് ബോര്‍ഡ് പൂര്‍ത്തിയാക്കിയിട്ടുള്ളത്. ഇതിനു പുറമേ വാണിജ്യകേന്ദ്രങ്ങള്‍, സര്‍ക്കാര്‍ മന്ദിരങ്ങള്‍, ഹോസ്റ്റലുകള്‍, ഹൗസിങ് കോംപ്ളക്സുകള്‍ തുടങ്ങിയവയും ബോര്‍ഡ് നിര്‍മിച്ചുവരുന്നു.

നഗരപരിധിയില്‍ താമസിക്കുന്ന, സാമ്പത്തികമായി പിന്നോക്കം നില്ക്കുന്നവര്‍ക്കുള്ള ഭവനപദ്ധതി-ഇന്നൊവേറ്റീവ് ഹൗസിങ്-പുരോഗമിച്ചുവരുന്നു. ലക്ഷംവീട് പദ്ധതി ഹൗസിങ് ബോര്‍ഡിന്റെ ഒരു നാഴികക്കല്ലാണ്. ആദിവാസികള്‍ക്കു വേണ്ടിയുള്ള ഭവനപദ്ധതി വയനാട്ടില്‍ നടന്നുവരുന്നു. 2 സെന്റ് ഭൂമി സ്വന്തമായുള്ള, മറ്റു സാമ്പത്തിക വരുമാനമില്ലാത്തവര്‍ക്ക് വീട് വയ്ക്കാന്‍ ധനസഹായം നല്കുന്ന പദ്ധതിയാണ് സുരക്ഷ ഹൗസിങ് സ്കീം. സുനാമി ബാധിതപ്രദേശങ്ങള്‍ ഉള്‍പ്പെടെയുള്ള തീരപ്രദേശങ്ങളിലും ബോര്‍ഡ് ഭവനനിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നുണ്ട്. പാരസ്പര്യം എന്ന പദ്ധതിയിലൂടെ തിരുവനന്തപുരത്ത്, ബഹുനില അപ്പാര്‍ട്ട്മെന്റുകള്‍ നിര്‍മിച്ചു നല്കുന്നുണ്ട്. സ്വന്തമായി ഭൂമിയില്ലാത്തവര്‍ക്ക് രണ്ടരലക്ഷം രൂപ വിലവരുന്ന ഫ്ളാറ്റുകള്‍ നിര്‍മിച്ചു നല്‍കുന്ന സാഫല്യം പദ്ധതിയും ബോര്‍ഡു മുഖാന്തരമാണ് നടക്കുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍