This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേരള സ്റ്റേറ്റ് വാട്ടര്‍ സപ്ലൈ ആന്‍ഡ് സാനിറ്റേഷന്‍ ഏജന്‍സി (ജലനിധി)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേരള സ്റ്റേറ്റ് വാട്ടര്‍ സപ്ലൈ ആന്‍ഡ് സാനിറ്റേഷന്‍ ഏജന്‍സി (ജലനിധി)

ഗ്രാമീണ മേഖലയില്‍ കുടിവെള്ളവും ശുചിത്വവും ഉറപ്പുവരുത്തുന്നതിനായി ലോകബാങ്കിന്റെ സാമ്പത്തിക സഹായത്തോടെ സംസ്ഥാന ജലസേചന വകുപ്പിനു കീഴില്‍ കേരളസര്‍ക്കാര്‍ രൂപം നല്‍കിയിട്ടുള്ള ഒരു സ്വയംഭരണ ഏജന്‍സി. കേരള റൂറല്‍ വാട്ടര്‍ സപ്ലൈ ആന്‍ഡ് സാനിറ്റേഷന്‍ ഏജന്‍സി(KRWSA)യാണ് ജലനിധി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്നത്. കുടിവെള്ളം, ശുചിത്വം, ആരോഗ്യം, ജലസുരക്ഷ എന്നീ ഘടകങ്ങള്‍ കൂട്ടിയിണക്കുന്ന സമഗ്ര പദ്ധതിയാണ് ജലനിധി. ഇത് ജനപങ്കാളിത്തത്തോടെ ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയും, പദ്ധതിയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കായി ഗുണഭോക്താക്കളില്‍ നിന്നും ചെറിയതുക സമാഹരിക്കുകയും ചെയ്യുന്നു. ഗ്രാമങ്ങളിലെ കുടിവെള്ള ക്ഷാമത്തിന് ഈ പദ്ധതി ഒരു പരിധിവരെ പരിഹാരമാകുമെന്നാണ് പ്രതീക്ഷ. 1999 നവംബറില്‍ രൂപീകൃതമായ ജലനിധിയുടെ ആദ്യ ഘട്ടപ്രവര്‍ത്തന(2001-2008)ങ്ങള്‍ തുടക്കത്തില്‍ തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലും 2006 മുതല്‍ ആലപ്പുഴ ഒഴികെയുള്ള ഇതരജില്ലകളിലായി 112 പഞ്ചായത്തുകളിലുമാണ് നടപ്പാക്കിയത്. ജലദൗര്‍ലഭ്യം നേരിടുന്ന പഞ്ചായത്തുകള്‍ എന്നതിനോടൊപ്പം ദരിദ്രജനവിഭാഗങ്ങള്‍ ഏറെയുള്ളതും അടിസ്ഥാന വികസനത്തില്‍ പിന്നോക്കം നില്ക്കുന്നതുമായ പ്രദേശങ്ങളാണ് ഇതിനായി തെരഞ്ഞെടുത്തത്.

6.55 കോടി ഡോളര്‍ ലോകബാങ്ക് സഹായത്തോടെ 2001 നവംബര്‍ രണ്ടിന് ആരംഭിച്ച ജലനിധിയുടെ ഒന്നാംഘട്ടം 2008 സെപ്തംബര്‍ 30-ന് ഔപചാരികമായി പൂര്‍ത്തിയാക്കി. 3964 ചെറുകിട കുടിവെള്ള പദ്ധതികളും, 15 ബൃഹത്പദ്ധതികളും ഒന്നിലധികം ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന സംയുക്ത പദ്ധതികളും ഈ ഘട്ടത്തില്‍ വിജയകരമായി നടപ്പിലാക്കുകയുണ്ടായി. ഇതിലൂടെ 9,95,000 പേര്‍ക്ക് പ്രയോജനമുണ്ടായതായി ലോകബാങ്ക് പുറത്തിറക്കിയ അവലോകനറിപ്പോര്‍ട്ട് വിലയിരുത്തുന്നു. ഈ പദ്ധതിപ്രകാരം കുടിവെള്ള-ശുചിത്വ മേഖലകളില്‍ മികച്ച പ്രകടനം നടത്തിയ 85 ഗ്രാമപഞ്ചായത്തുകള്‍ക്ക് കേന്ദ്രസര്‍ക്കാറിന്റെ ക്ലീന്‍വില്ലേജ് പദ്ധതി പ്രകാരമുള്ള നിര്‍മല്‍ ഗ്രാമ പുരസ്കാരവും ലഭിച്ചു.

2010 മുതല്‍ അഞ്ചു വര്‍ഷത്തെ കാലാവധി ലക്ഷ്യം വച്ചാണ് രണ്ടാംഘട്ടം നടപ്പിലാക്കിവരുന്നത്. 1022 കോടി രൂപ മുതല്‍മുടക്കില്‍ 200 ഗ്രാമപഞ്ചായത്തുകള്‍ രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നു. ചെലവിന്റെ 75 ശതമാനം സര്‍ക്കാരും 15 ശതമാനം ഗ്രാമപഞ്ചായത്തും 10 ശതമാനം ഗുണഭോക്തൃ സമിതിയും വഹിക്കും. 20 ലക്ഷം പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്. പട്ടികജാതി, പട്ടിക-ഗോത്ര വിഭാഗക്കാര്‍, മത്സ്യത്തൊഴിലാളികള്‍, പിന്നോക്കവിഭാഗങ്ങള്‍ തുടങ്ങിയവര്‍ക്ക് പ്രത്യേക ഇളവുകള്‍ നല്‍കുന്നതാണ്.

പദ്ധതി നടപ്പിലാക്കാന്‍ മേഖലാ തലത്തില്‍ പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കും. മേഖലാ യൂണിറ്റിന്റെ ഭാഗമായി പദ്ധതി നടപ്പിലാക്കുന്ന ഗ്രാമപഞ്ചായത്തുകളില്‍ എന്‍ജിനീയര്‍, അക്കൌണ്ടന്റ് എന്നിവരടങ്ങുന്ന പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ് ഉണ്ടായിരിക്കും.

സാധാരണ കുടിവെള്ള പദ്ധതികളില്‍ നിന്നും വ്യത്യസ്തമായി കമ്മിഷന്‍ ചെയ്യുന്ന പദ്ധതിയുടെ പരിപാലനവും ഉടമസ്ഥതയും ഗ്രാമപഞ്ചായത്തുകളിലും ജനകീയ സമിതികളിലും നിക്ഷിപ്തമായിരിക്കും എന്നത് ജലനിധി പദ്ധതിയുടെ സവിശേഷതയാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍