This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേരള സ്റ്റേറ്റ് ടെക്സ്റ്റൈല്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേരള സ്റ്റേറ്റ് ടെക്സ്റ്റൈല്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ്

പ്രവര്‍ത്തനരഹിതമായി പൂട്ടിക്കിടക്കുന്ന തുണിമില്ലുകളുടെ പുനരുദ്ധാരണത്തിനുവേണ്ടി കേരള സര്‍ക്കാര്‍ ആരംഭിച്ച സ്ഥാപനം. 1972-ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഈ സ്ഥാപനം ആദ്യകാലങ്ങളില്‍ സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്റെ ഉപവിഭാഗമായാണ് പ്രവര്‍ത്തിച്ചിരുന്നത്. 1978-ല്‍ ഇത് സര്‍ക്കാരിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള കമ്പനിയായി. കേരളത്തിലെ തുണി വ്യവസായത്തിന് ആവശ്യമായ നൂല്‍, വിവിധ തുണിത്തരങ്ങള്‍, പരുത്തി വ്യവസായത്തിനാവശ്യമായ അസംസ്കൃത വസ്തുക്കള്‍ എന്നിവ പരിശോധിച്ച് അവയുടെ ഗുണനിലവാരം നിര്‍ണയിക്കുന്നതിനുവേണ്ടി കോര്‍പ്പറേഷന്റെ കീഴില്‍ തിരുവനന്തപുരത്ത് ഒരു പരിശോധനാകേന്ദ്രവും (Centre for Applied Research and Development in Textiles -CARDT) പ്രവര്‍ത്തിച്ചുവരുന്നു.

കേരളത്തിലെ ഏറ്റവും പഴക്കമുള്ള തുണിമില്ല് ആയ കോഴിക്കോട്ടെ മലബാര്‍ സ്പിന്നിങ് ആന്‍ഡ് വീവിങ് മില്‍സ് 1983-ല്‍ കേരള സ്റ്റേറ്റ് ടെക്സ്റ്റൈല്‍ കോര്‍പ്പറേഷന്റെ കീഴിലായി. എന്നാല്‍ നവീകരണത്തിന്റെ അഭാവവും തുടര്‍ച്ചയായുണ്ടായ നഷ്ടവുംമൂലം 2003 മുതല്‍ പ്രവര്‍ത്തനരഹിതമായ ഇതിന്റെ നവീകരണപദ്ധതികള്‍ ആസൂത്രണം ചെയ്തുവരുന്നു. ഏറ്റുമാനൂരിലെ കോട്ടയം ടെക്സ്റ്റൈല്‍സ്, ചെങ്ങന്നൂരിലെ പ്രഭുറാം മില്‍സ്, കോട്ടയ്ക്കലിലെ എടരിക്കോട് ടെക്സ്റ്റൈല്‍സ് എന്നിവ ഈ സ്ഥാപനത്തിന്റെ നിയന്ത്രണത്തിന്‍കീഴില്‍ പ്രവര്‍ത്തിക്കുന്നവയാണ്. ഇതില്‍ എടരിക്കോട് മില്‍, കോര്‍പ്പറേഷന്റെ മേല്‍നോട്ടത്തില്‍ 1987-ല്‍ ആരംഭിച്ചതാണ്. ആദ്യകാലങ്ങളില്‍ കൊച്ചിയിലെ അളഗപ്പനഗര്‍ ടെക്സ്റ്റൈല്‍ ലിമിറ്റഡ്, തിരുവനന്തപുരത്തെ വിജയമോഹിനി മില്‍സ് ലിമിറ്റഡ്, തൃശൂരിലെ കേരള ലക്ഷ്മി മില്‍സ് ലിമിറ്റഡ് എന്നിവ കേരള സംസ്ഥാന ടെക്സ്റ്റൈല്‍ കോര്‍പ്പറേഷന്റെ കീഴിലായിരുന്നെങ്കിലും പിന്നീട് ഇവ നാഷണല്‍ ടെക്സ്റ്റൈല്‍ കോര്‍പ്പറേഷന്റെ നിയന്ത്രണത്തിലായി. സീതാറാം ടെക്സ്റ്റൈല്‍സും ട്രിവാന്‍ഡ്രം സ്പിന്നിങ് മില്‍സ് ലിമിറ്റഡും ഇപ്പോള്‍ ടെക്സ്റ്റൈല്‍ കോര്‍പ്പറേഷന്റെ ഭരണനിയന്ത്രണത്തിന്‍ കീഴിലാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍