This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക്

കേരളസംസ്ഥാനത്തെ സഹകരണ അപെക്സ് ബാങ്ക്. 1915 ന. 23-ന് ട്രിവാന്‍ഡ്രം സെന്‍ട്രല്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ഈ സ്ഥാപനം ട്രാവന്‍കൂര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്റ്റ് അനുസരിച്ച് ആരംഭിച്ച ആദ്യത്തെ സഹകരണബാങ്കാണ്. കാലക്രമേണ ഈ ബാങ്കിന്റെ പ്രവര്‍ത്തനമേഖലയ്ക്കും പേരിനുതന്നെയും പല മാറ്റങ്ങളുമുണ്ടായി. 1943-ല്‍ ഈ ബാങ്കിന്റെ പേര് ട്രാവന്‍കൂര്‍ സെന്‍ട്രല്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് എന്നാക്കി. 1954-ല്‍ ഇത് ട്രാവന്‍കൂര്‍-കൊച്ചി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കായി മാറി. 1956-ലെ സംസ്ഥാന പുനഃസംഘടനയെത്തുടര്‍ന്ന് ബാങ്കും പുനഃസംഘടിപ്പിക്കപ്പെട്ടു. അങ്ങനെ 1956 ന. 1 മുതല്‍ ബാങ്കിന്റെ പേര് കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് എന്നായി. അന്നുമുതല്‍ ഈ ബാങ്ക് കേരളസംസ്ഥാനത്തെ അപെക്സ് സഹകരണബാങ്കായാണ് പ്രവര്‍ത്തിച്ചുവരുന്നത്.

കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് - ആസ്ഥാനം

ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളുടെ മാതൃകയില്‍ കേരളത്തിലെ സഹകരണ വായ്പാസ്ഥാപനങ്ങള്‍ക്കും ഒരു 'ത്രിതല' ഘടനയാണുള്ളത്; ഗ്രാമതലത്തില്‍ 1587 പ്രാഥമിക കാര്‍ഷിക വായ്പാസംഘങ്ങളും ജില്ലാതലത്തില്‍ 14 ജില്ലാസഹകരണബാങ്കുകളും സംസ്ഥാനതലത്തില്‍ സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കും. സംസ്ഥാനത്തെ ഹ്രസ്വകാലകാര്‍ഷിക വായ്പയ്ക്കുവേണ്ട വിഭവങ്ങള്‍ മുഴുവന്‍ സ്വരൂപിക്കുന്നതിനും വിതരണം ചെയ്യുന്നതിനും സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് നേതൃത്വംവഹിക്കുന്നു. 1966 ജൂലായില്‍ ഈ ബാങ്കിനെ റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യാ ആക്റ്റി(1934)ന്റെ രണ്ടാം പട്ടികയില്‍പ്പെടുത്തി. 1972 ഏപ്രിലില്‍ ബാങ്കിങ് റഗുലേഷന്‍ ആക്റ്റ് (1949) 22-ാം വകുപ്പനുസരിച്ച് ബാങ്കിങ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ഈ ബാങ്കിന് ലൈസന്‍സ് ലഭിച്ചു.

കേരള കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്റ്റ് 1969-ലെ നിര്‍വചനമനുസരിച്ച് ഈ ബാങ്ക് ഫൈനാന്‍സിങ് ബാങ്ക് ആണ്. അതായത് ഇതര സഹകരണസംഘങ്ങള്‍ മാത്രം അംഗങ്ങളായുള്ള ഈ ബാങ്ക് പണം സ്വരൂപിച്ച് അംഗങ്ങള്‍ക്കുതന്നെ വായ്പ നല്കുന്ന സഹകരണസംഘം ആണ്. സഹകരണാടിസ്ഥാനത്തില്‍ അംഗങ്ങളുടെ സാമ്പത്തിക താത്പര്യങ്ങളും പൊതുജനങ്ങളുടെ താത്പര്യവും സംരക്ഷിക്കുകയെന്നതാണ് ഈ ബാങ്കിന്റെ പ്രധാന ലക്ഷ്യം. ഈ ലക്ഷ്യം അടിസ്ഥാനമാക്കി റിസര്‍വ്ബാങ്ക് ഒഫ് ഇന്ത്യ വ്യവസ്ഥ ചെയ്യുന്ന നിയമങ്ങളുടെയും ചട്ടങ്ങളുടെയും ചട്ടക്കൂട്ടില്‍നിന്നുകൊണ്ട് ഈ ബാങ്ക് ബാങ്കിങ് പ്രവര്‍ത്തനങ്ങള്‍ നടത്തുകയും അംഗസ്ഥാപനങ്ങള്‍ക്ക് വായ്പ നല്കുകയും ചെയ്യുന്നു.

ജില്ലാ സഹകരണബാങ്കുകളിലെ പ്രതിനിധികളും ഗവ. പ്രതിനിധികളും ചേര്‍ന്ന ജനറല്‍ബോഡിയാണ് ബാങ്കിന്റെ പരമാധികാരസമിതി.

ഓഹരിമൂലധനം, നിക്ഷേപങ്ങള്‍, റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യ, നാഷണല്‍ ബാങ്ക് ഫോര്‍ അഗ്രിക്കള്‍ച്ചര്‍ ആന്‍ഡ് റൂറല്‍ ഡെവലപ്മെന്റ് (നബാര്‍ഡ്), സ്റ്റേറ്റ് ബാങ്ക് ഒഫ് ട്രാവന്‍കൂര്‍, നാഷണല്‍ കോ-ഓപ്പറേറ്റീവ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ (എന്‍.സി.ഡി.സി.), ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് ബാങ്ക് ഒഫ് ഇന്ത്യ (ഐ.ഡി.ബി.ഐ.) എന്നീ സ്ഥാപനങ്ങളില്‍ നിന്നുള്ള വായ്പകള്‍ എന്നിവയിലൂടെയാണ് ബാങ്ക് വിഭവങ്ങള്‍ സമാഹരിക്കുന്നത്. പ്രവാസി ഇന്ത്യാക്കാരുടെ സ്ഥിരം നിക്ഷേപങ്ങള്‍ ഉള്‍പ്പെടെ എല്ലാ തരത്തിലുള്ള നിക്ഷേപങ്ങളും ബാങ്ക് സ്വീകരിക്കുന്നുണ്ട്. മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍, തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍, പഞ്ചായത്തുകള്‍ എന്നിവയില്‍ നിന്നുമുള്ള നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതിനും ബാങ്കിനെ ഗവണ്‍മെന്റ് അനുവദിച്ചിട്ടുണ്ട്. ഇതിനുംപുറമേ സാധാരണ ബാങ്കിങ് പ്രവര്‍ത്തനങ്ങളും ബാങ്ക് നടത്തിവരുന്നുണ്ട്. നിക്ഷേപങ്ങളിലൂടെ ബാങ്കിന്റെ വിഭവങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുവേണ്ടി ബാങ്ക് തദ്ദേശ ശാഖകള്‍ തുറന്നിട്ടുണ്ട്. കേരളത്തിലെ, ഗ്രാമീണമേഖലകളില്‍ സാമ്പത്തികാടിത്തറ സൃഷ്ടിക്കുന്നതില്‍ സഹകരണബാങ്കുകളുടെ പ്രസക്തി വളരെ വലുതാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍