This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ (കെല്‍ട്രോണ്‍)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ (കെല്‍ട്രോണ്‍)

ഇലക്ട്രോണിക വ്യവസായവികസനത്തിനുവേണ്ടി കേരള ഗവണ്‍മെന്റിന്റെ അധീനതയിലുള്ള പൊതുമേഖലാസ്ഥാപനം. 'കെല്‍ട്രോണ്‍' എന്ന സംക്ഷിപ്ത നാമത്തിലാണ് ഇത് അറിയപ്പെടുന്നത്. ഇന്ത്യയില്‍ ഇത്തരമൊരു പൊതുമേഖലാസ്ഥാപനം സ്റ്റേറ്റുടമയില്‍ ആദ്യമായി രൂപം കൊണ്ടതു കേരളത്തിലാണ്. 1973 ആഗ. 30-ന് അറ്റോമിക് എനര്‍ജി കമ്മിഷന്‍ ചെയര്‍മാന്‍ ഡോ. എച്ച്.എന്‍. സേത്ന കെല്‍ട്രോണിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു. ഇലക്ട്രോണിക വ്യവസായ സമാരംഭങ്ങളെ പ്രോത്സാഹിപ്പിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുക; ഇലക്ട്രോണിക വ്യവസായസമാരംഭങ്ങള്‍ക്കു തയ്യാറാകുന്നവര്‍ക്ക് സാങ്കേതിക - സാമ്പത്തികസഹായം നല്കുക; ഉപയോഗപ്രദമായ ഇലക്ട്രോണിക വ്യവസായ സ്ഥാപനങ്ങള്‍ സ്ഥാപിക്കുകയും ഫലപ്രദമായി നടത്തുകയും നിയന്ത്രിക്കുകയും ചെയ്യുക; ഗവേഷണം, വികസനം, ഗുണനിലവാര നിയന്ത്രണം, ചെറിയതോതിലുള്ള വികസനപ്രവര്‍ത്തനങ്ങള്‍ തുടങ്ങി ഇലക്ട്രോണികവ്യവസായത്തിനാവശ്യമായ എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തുക; ശക്തവും ഊര്‍ജസ്വലവുമായ ഒരു വിപണന സമ്പ്രദായം കെട്ടിപ്പടുക്കുക; വ്യാവസായിക വികസനത്തിന് ഉതകുന്ന നയപരമായ കാര്യങ്ങളില്‍ ഗവണ്‍മെന്റിന് ഉപദേശം നല്കുക എന്നിങ്ങനെ വിവിധ ലക്ഷ്യങ്ങളോടെയാണ് കോര്‍പ്പറേഷന്‍ പ്രവര്‍ത്തിച്ചു തുടങ്ങിയത്.

കെല്‍ട്രോണിന്റെ ഇലക്ട്രോണിക് റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റ് സെന്ററിന്റെ ഉദ്ഘാടനം ഇന്ദിരാഗാന്ധി നിര്‍വ്വഹിക്കുന്നു

കെല്‍ട്രോണിന്റെ വാണിജ്യപരമായ പ്രവര്‍ത്തനങ്ങള്‍ 1973-74-ല്‍ ആരംഭിച്ചു. തിരുവനന്തപുരത്തു കരകുളം എന്ന പ്രദേശത്ത് ഒരു ടി.വി. റിസീവര്‍ നിര്‍മാണയൂണിറ്റ് സ്ഥാപിച്ചുകൊണ്ടാണ് ഇതിനു തുടക്കമിട്ടത്. ഐ.ടി. സേവനത്തിനായി തിരുവനന്തപുരത്ത് കെല്‍ട്രോണ്‍ ഹൗസും കുളത്തൂരില്‍ ഒരു നിര്‍മാണ യൂണിറ്റുമുണ്ട്. ഇതിനു പുറമേ ആലപ്പുഴയില്‍ അരൂരിലും കണ്ണൂരിലും കുറ്റിപ്പുറത്തും തൃശൂരും നിര്‍മാണയൂണിറ്റുകളും പ്രവര്‍ത്തിച്ചുവരുന്നു.

ഐ.എസ്.ആര്‍.ഒ.-യുടെ വിവിധ പദ്ധതികള്‍ക്കാവശ്യമായ ഇലക്ട്രോണിക ഉപകരണങ്ങള്‍ സി.സി.ടി.വി. ക്യാമറകള്‍, മെറ്റല്‍ ഡിറ്റക്ടറുകള്‍ തുടങ്ങിയ സുരക്ഷാ ഉപകരണങ്ങള്‍, സ്മാര്‍ട്ട് കാര്‍ഡ് റീഡര്‍, ട്രാഫിക് സംവിധാനത്തിലുപയോഗിക്കുന്ന സോളാര്‍ പവേര്‍ഡ് സിഗ്നല്‍ സിസ്റ്റം, സ്പീഡ് ഡിറ്റക്ടര്‍, വെഹിക്കിള്‍ ട്രാക്കിങ് സിസ്റ്റം, ഇന്ത്യന്‍ നേവിക്കുവേണ്ടിയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍, വിവിധ ആവശ്യങ്ങള്‍ക്കായുള്ള സോഫ്റ്റ് വെയറുകള്‍, ഇലക്ഷന്‍ ഐ.ഡി. കാര്‍ഡുകള്‍, യു.പി.എസ്., ബാറ്ററി ചാര്‍ജറുകള്‍, എല്‍.ഇ.ഡി. ലൈറ്റുകള്‍, ജി.പി.എസ് സംവിധാനമായ കെല്‍ട്രോണ്‍ -iTAC എന്നിവയാണ് കെല്‍ട്രോണിന്റെ ചില പ്രധാന ഉത്പന്നങ്ങള്‍. ഇവയുടെ വിപണനത്തിനായി വിപുലമായ ഒരു മാര്‍ക്കറ്റിങ് ശൃംഖല തന്നെയുണ്ട്. കെല്‍ട്രോണിനു കീഴിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ വിവരസാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട നിരവധി കോഴ്സുകള്‍ നടത്തപ്പെടുന്നുണ്ട്. 2012-ല്‍ പ്രതിരോധവകുപ്പിന്റെ ഡിഫന്‍സ് ടെക്നോളജി അബ്സോര്‍പ്ഷന്‍ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ കെല്‍ട്രോണിന് ലഭിച്ചിട്ടുണ്ട്.

(ടി.ജി. ജയകുമാര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍