This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേരള സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേരള സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍

മനുഷ്യാവകാശ സംരക്ഷണ നിയമ(1993)ത്തിലെ 21-ാം വകുപ്പു പ്രകാരം കേരളത്തില്‍ രൂപീകൃതമായ കമ്മിഷന്‍. മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുക എന്ന ദൗത്യമാണ് 1998 ഡി. 11-ന് തിരുവനന്തപുരം ആസ്ഥാനമായി നിലവില്‍ വന്ന സംസ്ഥാന മനുഷ്യാവകാശ കമ്മിഷനുള്ളത്. ഭരണഘടന ഉറപ്പു ചെയ്യുന്നതോ, അന്താരാഷ്ട്ര ഉടമ്പടികളില്‍ ഉള്‍ക്കൊള്ളിക്കപ്പെട്ടതോ ഭാരതത്തില്‍ കോടതികള്‍ക്ക് നടപ്പിലാക്കാവുന്നതോ ആയ ജീവന്‍, സ്വാതന്ത്യ്രം, സമത്വം, അന്തസ്സ് എന്നിവ സംബന്ധിച്ച അവകാശങ്ങളെയാണ് മനുഷ്യാവകാശങ്ങള്‍ എന്നു പറയുന്നത്. മനുഷ്യാവകാശ ലംഘനത്തിന് ഇരയായ വ്യക്തിയോ അല്ലെങ്കില്‍ അയാള്‍ക്കുവേണ്ടി മറ്റൊരു വ്യക്തിയോ അല്ലെങ്കില്‍ കമ്മിഷന്‍ സ്വമേധയായോ കേസെടുത്ത് അതിന്മേല്‍ അന്വേഷണം നടത്തുന്നതാണ്. സംസ്ഥാന സര്‍ക്കാരിനെ മുന്‍കൂട്ടി അറിയിച്ചശേഷം ചികിത്സ, ദുര്‍ഗുണപരിഹാരം, സംരക്ഷണം എന്നിവയ്ക്കായി ആള്‍ക്കാരെ അല്ലെങ്കില്‍ തടവില്‍ പാര്‍പ്പിക്കുകയോ അല്ലെങ്കില്‍ താമസിപ്പിക്കുകയോ ചെയ്തിട്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഏതു ജയിലിലും മറ്റ് സ്ഥാപനങ്ങളിലും അന്തേവാസികളുടെ ജീവിതസാഹചര്യങ്ങള്‍ പഠിച്ച് അതേക്കുറിച്ച് ശിപാര്‍ശകള്‍ സമര്‍പ്പിക്കാനുള്ള അധികാരവും കമ്മിഷനുണ്ട്. മനുഷ്യാവകാശ ധ്വംസനം തടയുന്നതിനു വേണ്ട മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും കമ്മിഷന്‍ നിയമനടപടി സ്വീകരിക്കാറുണ്ട്. മനുഷ്യാവകാശങ്ങളെപ്പറ്റി സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളില്‍പ്പെട്ട ജനങ്ങളെ ബോധവത്കരിക്കുന്നതിനായി വിവിധതരം പരിപാടികള്‍ സംഘടിപ്പിക്കുക, ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റിതര സ്ഥാപനങ്ങളെയും സന്നദ്ധസംഘടനകളെയും പരിപോഷിപ്പിക്കുക എന്നീ ഉത്തരവാദിത്തങ്ങളും കമ്മിഷന്‍ നിര്‍വഹിച്ചുവരുന്നു.

മനുഷ്യാവകാശ ധ്വംസന കേസുകളില്‍ അന്വേഷണം നടത്താന്‍ കേന്ദ്ര/സംസ്ഥാന ഗവണ്‍മെന്റുകളുടെ അനുമതിയോടെ ഏത് ഏജന്‍സിയെയും കമ്മിഷന് ഉപയുക്തമാക്കാനുള്ള അധികാരമുണ്ട്. ഇത്തരം പ്രത്യേക സാഹചര്യങ്ങളില്‍ ഒരു സിവില്‍ കോടതിക്കുള്ള അധികാര പരിധിയാണ് കമ്മിഷനുള്ളത്. പരാതി അന്വേഷിച്ച് ബോധ്യപ്പെട്ടാല്‍ പരാതിക്കാരന്/കക്ഷികള്‍ക്ക് ആവശ്യമായ നഷ്ടപരിഹാരം/മറ്റു പരിഹാര നിര്‍ദേശങ്ങള്‍ എന്നിവ ഉത്തരവിടാനുള്ള അധികാരവും മനുഷ്യാവകാശ കമ്മിഷനുണ്ട്. ഡോ. പാലോട്ട് മോഹന്‍ദാസാണ് കേരള സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ ആദ്യ ചെയര്‍മാനായിരുന്നത്. ചെയര്‍പേഴ്സണും മറ്റ് മൂന്ന് അംഗങ്ങളുമടങ്ങിയ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ ആസ്ഥാനം തിരുവനന്തപുരമാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍