This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേരള സംസ്ഥാന പട്ടികജാതി, പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേരള സംസ്ഥാന പട്ടികജാതി, പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡ്

പട്ടികജാതി-പട്ടികവര്‍ഗത്തില്‍പ്പെട്ടവരുടെ സാമൂഹികവും വിദ്യാഭ്യാസപരവുമായ ഉന്നമനത്തിനുവേണ്ടി കേരളസര്‍ക്കാര്‍ നടത്തിവരുന്ന കോര്‍പ്പറേഷന്‍. കമ്പനിനിയമ വ്യവസ്ഥകള്‍ക്കനുസൃതമായി 1972 ഡി. 7-ന് രജിസ്റ്റര്‍ ചെയ്യപ്പെട്ട ഈ സ്ഥാപനത്തിന്റെ ആസ്ഥാനം തൃശൂരാണ്. ഗവണ്‍മെന്റ് നിയമിക്കുന്ന ഒരു ബോര്‍ഡ് ഒഫ് ഡയറക്ടേഴ്സാണ് ഈ കോര്‍പ്പറേഷന്റെ ഭരണം നിയന്ത്രിക്കുന്നത്. പട്ടികജാതി-പട്ടികവര്‍ഗങ്ങളുടെ ഉന്നമനത്തിനുവേണ്ടി കമ്പനിനിയമവ്യവസ്ഥയില്‍ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ആദ്യത്തെ സ്ഥാപനം എന്ന പ്രശസ്തിയും ഈ കോര്‍പ്പറേഷനുണ്ട്.

പട്ടികജാതി-പട്ടികവര്‍ഗത്തില്‍പ്പെട്ടവരുടെ ഉന്നമനത്തിനുവേണ്ടി കോര്‍പ്പറേഷന്‍ നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കിവരുന്നു. തൊഴിലില്ലാത്തവരെ ഓട്ടോറിക്ഷ ഓടിക്കാന്‍ പഠിപ്പിച്ച് അവര്‍ക്ക് ഹയര്‍ പര്‍ച്ചേസ് വ്യവസ്ഥയില്‍ ഓട്ടോറിക്ഷ വാങ്ങിക്കൊടുക്കുക; ചെറുകിട വ്യാപാരവാണിജ്യങ്ങള്‍ ആരംഭിക്കുന്നതിന് വായ്പ ലഭ്യമാക്കുക; കന്നുകാലികളെ വാങ്ങുന്നതിനുള്ള വായ്പ നല്കുക; കാര്‍ഷികപ്രവൃത്തികള്‍ക്കുവേണ്ട സ്ഥലം വാങ്ങുന്നതിന് വായ്പ നല്കുക; മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റുകളില്‍ വ്യവസായങ്ങള്‍ ആരംഭിക്കുന്നതിനുവേണ്ട മാര്‍ജിന്‍ മണി നല്കുക; പവര്‍ ടില്ലര്‍, ലേത്ത്, പൊടിപ്പുമില്‍, പമ്പ് സെറ്റ് എന്നിവ വാങ്ങുന്നതിന് വായ്പ നല്കുക തുടങ്ങിയവ ഇതില്‍പ്പെടുന്നു.

സാങ്കേതിക വിദഗ്ധര്‍, ഡോക്ടര്‍മാര്‍ എന്നിവര്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്തുന്നതിനും കോര്‍പ്പറേഷന്‍ വായ്പ അനുവദിച്ചുവരുന്നു. സ്വയംതൊഴില്‍ നേടുന്നതിന് സ്ത്രീകള്‍ക്കായി മഹിളാ സമൃദ്ധിയോജന, മഹിളാ കിസാന്‍ യോജന തുടങ്ങിയ പേരില്‍ കോര്‍പ്പറേഷന്‍ പദ്ധതികള്‍ നടത്തിവരുന്നു. വിദ്യാഭ്യാസവായ്പ, കംപ്യൂട്ടര്‍വായ്പ, വിവാഹവായ്പ എന്നിവ നല്കുന്നതിനു പുറമേ വിവിധ തൊഴിലധിഷ്ഠിത പരിശീലന പദ്ധതികളും കോര്‍പ്പറേഷന്‍ സംഘടിപ്പിച്ചുവരുന്നു. ദേശീയ പട്ടികജാതി, ധനകാര്യ വികസന കോര്‍പ്പറേഷന്‍, ദേശീയ പട്ടികവര്‍ഗ ധനകാര്യവികസന കോര്‍പ്പറേഷന്‍ എന്നിവയാണ് വായ്പ നല്കുന്നതിന് സംസ്ഥാന കോര്‍പ്പറേഷന് ധനസഹായം നല്കുന്നത്. 2008-2009 സാമ്പത്തികവര്‍ഷത്തെ പ്രവര്‍ത്തനമികവിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച രണ്ടാമത്തെ ധനകാര്യചാനലൈസിങ് ഏജന്‍സിക്കുള്ള ദേശീയ പുരസ്കാരത്തിന് സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ അര്‍ഹമായി. തുടക്കത്തില്‍ 2 കോടി രൂപ അംഗീകൃത ഓഹരി മൂലധനമുണ്ടായിരുന്ന ഈ സ്ഥാപനത്തിന്റെ ഇപ്പോഴത്തെ ഓഹരി മൂലധനം 125 കോടി രൂപയാണ്. പരമ്പരാഗത തൊഴിലുകളില്‍ ഏര്‍പ്പെട്ടിരുന്നവരെ സംഘടിപ്പിച്ച് സംസ്ഥാനത്തൊട്ടാകെ സഹകരണസംഘങ്ങള്‍ സ്ഥാപിക്കുന്നതിന് കോര്‍പ്പറേഷന്‍ മുന്‍കൈയെടുത്തിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍