This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേരള ലീഗല്‍ സര്‍വീസസ് അതോറിറ്റി (KELSA)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേരള ലീഗല്‍ സര്‍വീസസ് അതോറിറ്റി (KELSA)

നാഷണല്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നയങ്ങളും നിര്‍ദേശങ്ങളുമനുസരിച്ച് ലോക് അദാലത്തുകളിലൂടെ ജനങ്ങള്‍ക്ക് സൗജന്യനിയമസഹായം നല്‍കുന്ന സംവിധാനം.

1987-ല്‍ നിലവില്‍ വന്ന ലീഗല്‍ സര്‍വീസസ് ആക്ട് പ്രകാരമാണ് ഇന്ത്യയില്‍ നാഷണല്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റിയും കേരളത്തില്‍, അതിന്റെ സംസ്ഥാന ഘടകമായ കേരള ലീഗല്‍ സര്‍വീസസ് അതോറിറ്റിയും രൂപംകൊണ്ടത്. നീതി ലഭിക്കുക എന്നത് സമൂഹത്തിലെ എല്ലാവരുടെയും അവകാശമാണ് എന്നിരിക്കെ, സാമ്പത്തികവും പലതരത്തിലുള്ള പരിമിതികളും നിമിത്തം സമൂഹത്തിലെ അശരണര്‍ക്ക് നീതി ലഭിക്കാതെപോകുന്ന സാഹചര്യം ഒഴിവാക്കി ഇത്തരക്കാര്‍ക്ക് സൌജന്യമായി തന്നെ നിയമസഹായം നല്‍കുകയും ചെയ്യുക എന്നതാണ് ലീഗല്‍ സര്‍വീസസ് അതോറീറ്റീസ് ആക്ടിലൂടെ ലക്ഷ്യമിടുന്നത്.

സമൂഹത്തിലെ സാധുക്കള്‍ക്കും പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കും ഭരണഘടന ഉറപ്പുനല്‍കുന്ന നിയമപരമായ അവകാശങ്ങള്‍ ലഭ്യമാക്കുകയാണ് കേരള ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ ദൗത്യം. നിയമസഹായങ്ങള്‍ക്കുപുറമേ സ്കൂള്‍, കോളജ് തലത്തിലും കുടുംബശ്രീ പോലുള്ള സ്ത്രീകളുടെ സ്വയംസഹായസംഘങ്ങള്‍ മുഖേനയും കെല്‍സ നിയമസാക്ഷരതാക്ളാസ്സുകള്‍ സംഘടിപ്പിച്ചുവരുന്നു.

മുതിര്‍ന്ന അഭിഭാഷകരും, വിവിധ മേഖലകളില്‍ പ്രത്യേകം വൈദഗ്ധ്യം നേടിയിട്ടുള്ള അഭിഭാഷകരും ഉള്‍പ്പെട്ട ഒരു നിയമസഹായ പാനല്‍ 'കെല്‍സ'യ്ക്കുണ്ട്. സംസ്ഥാന അതോറിറ്റി, ഹൈക്കോടതിയുടെ നിയമസഹായസമിതി, ജില്ലാതല നിയമസഹായ അതോറിറ്റികള്‍, താലൂക്ക്തല നിയമസഹായ സമിതികള്‍ എന്നിവ ചേര്‍ന്നാണ് 'കെല്‍സ'യുടെ നിയമസഹായ പാനലിനെ നയിക്കുന്നത്. നിയമസഹായം കാംക്ഷിക്കുന്നവര്‍ക്ക് പാനലിലെ അഭിഭാഷകര്‍ സൗജന്യനിയമസഹായം നല്‍കുന്നതിനുപുറമേ പരിശീലന പരിപാടികളും സംഘടിപ്പിക്കാറുണ്ട്. എക്സിക്യൂട്ടീവ് ചെയര്‍മാനാണ് 'കെല്‍സ'യുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ജില്ലാ ജഡ്ജിമാരാണ് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ (DLSA) ചെയര്‍മാന്‍. താലൂക്കുതലത്തില്‍ പ്രസ്തുത മേഖലയില്‍ ഏറ്റവും മുതിര്‍ന്ന അഭിഭാഷകരാണ് താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റികളുടെ അധികാരി. ഹൈക്കോടതിയില്‍ എല്ലാ പ്രവൃത്തിദിനങ്ങളിലും ഒരു മുതിര്‍ന്ന ജഡ്ജിയുടെ അധ്യക്ഷതയില്‍ ഹോക്കോര്‍ട്ട് ലീഗല്‍ സര്‍വീസസ് കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നു. ഇതിനുപുറമേ തിരുവനന്തപുരത്തും എറണാകുളത്തും സ്ഥിരമായി ലോക് അദാലത്തുകളും സംഘടിപ്പിക്കപ്പെട്ടുവരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍