This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേരള ബ്യൂറോ ഒഫ് ഇന്‍ഡസ്ട്രിയല്‍ പ്രൊമോഷന്‍ (K-BIP)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേരള ബ്യൂറോ ഒഫ് ഇന്‍ഡസ്ട്രിയല്‍ പ്രൊമോഷന്‍ (K-BIP)

സംസ്ഥാനത്തെ വ്യാവസായിക മേഖലയുടെ വളര്‍ച്ചയ്ക്കായി കൂടുതല്‍ വ്യാപാര അവസരങ്ങള്‍ സൃഷ്ടിക്കുകയും ഇവിടത്തെ വ്യാവസായികാന്തരീക്ഷത്തിലേക്ക്, സംരംഭകരെ ആകര്‍ഷിക്കുന്നതിനായുള്ള നൂതന പരിപാടികള്‍ നടപ്പിലാക്കുകയും ചെയ്യുന്നതിനായി പ്രവര്‍ത്തിക്കുന്ന കേരള സര്‍ക്കാര്‍ സ്ഥാപനം. 1991-ല്‍ സ്ഥാപിതമായ കെ-ബിപ് ഒരു സ്വയംഭരണ സ്ഥാപനമാണ്. സംസ്ഥാന ചെറുകിട വികസന കോര്‍പ്പറേഷന്‍, കിന്‍ഫ്ര, ടെക്നോപാര്‍ക്ക് തുടങ്ങിയ വ്യവസായ വികസന സ്ഥാപനങ്ങളുമായി സഹകരിച്ചാണ് കേരള ബ്യൂറോ ഒഫ് ഇന്‍ഡസ്ട്രിയല്‍ പ്രൊമോഷന്‍ പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്തെ ചെറുകിട വ്യവസായ സംരംഭങ്ങളെപ്പറ്റിയുള്ള എല്ലാ വിവരങ്ങളും ഈ സ്ഥാപനത്തില്‍ ലഭ്യമാണ്. കേരള വിപണിയിലെ നിക്ഷേപ സാധ്യതകളെപ്പറ്റിയുള്ള വിവരങ്ങള്‍ ശേഖരിച്ച് വിശകലനം നടത്തുന്ന ഉത്തരവാദിത്തം കേരള ബ്യൂറോ ഒഫ് ഇന്‍ഡസ്ട്രിയല്‍ പ്രൊമോഷന്‍ നിര്‍വഹിച്ചുവരുന്നു. പുതിയ സംരംഭകരെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്നതിനായി അവര്‍ക്കുവേണ്ട എല്ലാ സഹായങ്ങളും ഈ സ്ഥാപനം ചെയ്തുകൊടുക്കുന്നു. സംസ്ഥാനത്തെ ചെറുകിട വ്യവസായ സംരംഭങ്ങള്‍ നേരിടുന്ന വെല്ലുവിളികളെപ്പറ്റി പഠനം നടത്തുകയും റിപ്പോര്‍ട്ട് തയ്യാറാക്കുകയും ചെയ്യുന്നതും ഈ സ്ഥാപനമാണ്. വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സമാന സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന കെ-ബിപ് ദേശീയ അന്തര്‍ദേശീയ ഏജന്‍സികള്‍ക്ക് കേരളത്തില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിനാവശ്യമായ കണ്ണിയായും വര്‍ത്തിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍