This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേരള ബുക്സ് ആന്‍ഡ് പബ്ളിക്കേഷന്‍ സൊസൈറ്റി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേരള ബുക്സ് ആന്‍ഡ് പബ്ലിക്കേഷന്‍ സൊസൈറ്റി

പ്രിന്റിങ് യുണിറ്റ് - കേരള ബുക്സ് ആന്‍ഡ് പബ്ളിക്കേഷന്‍ സൊസൈറ്റി

സ്കൂള്‍ പാഠ്യപുസ്തകങ്ങളുടെ അച്ചടിക്കുവേണ്ടി കേരളസര്‍ക്കാര്‍ നടത്തിവരുന്ന സ്ഥാപനം. ഇതിന്റെ ആസ്ഥാനം കൊച്ചിയിലെ കാക്കനാടാണ്. നിശ്ചിതകാലാവധിക്കകം പാഠ്യപുസ്തകങ്ങള്‍ തയ്യാറാക്കുന്നതിന് സംസ്ഥാനത്തിനകത്തും പുറത്തുമുള്ള സ്വകാര്യ അച്ചടിശാലകളെ ആശ്രയിക്കുന്ന സ്ഥിതിക്കു വിരാമമിടണമെന്ന ഉദ്ദേശ്യത്തോടെയാണ് സ്കൂള്‍ പാഠ്യപുസ്തകങ്ങളുടെ അച്ചടി പൂര്‍ണമായി നിര്‍വഹിക്കാന്‍ തക്ക ആധുനിക സൌകര്യങ്ങളുള്ള ഒരു അച്ചടിശാല തുടങ്ങാന്‍ തീരുമാനിച്ചത്. ഇതനുസരിച്ച് 1976 മാ. 1-ന് കേരള ബുക്സ് ആന്‍ഡ് പബ്ളിക്കേഷന്‍സ് സൊസൈറ്റി രജിസ്റ്റര്‍ ചെയ്യപ്പെട്ടു. പൂര്‍വജര്‍മനിയിലെ യൂനിടെക്ന എന്ന സ്ഥാപനത്തിന്റെ സാമ്പത്തിക-സാങ്കേതിക സഹായത്തോടെയാണ് അഞ്ചു കോടി രൂപ മുതല്‍മുടക്കുള്ള ഈ സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. 1976-ല്‍ ആരംഭിച്ച കെട്ടിടനിര്‍മാണം 1978 ജൂണില്‍ പൂര്‍ത്തിയായി. 1976 മേയില്‍ അച്ചടിയുടെ സാങ്കേതിക മേല്‍നോട്ടം നിര്‍വഹിക്കേണ്ടവരെ തെരഞ്ഞെടുത്ത് പരിശീലനാര്‍ഥം പൂര്‍വജര്‍മനിയിലേക്ക് അയയ്ക്കുകയും ചെയ്തു. 1976 സെപ്തംബര്‍ മുതല്‍ അച്ചടിയന്ത്രങ്ങളും മറ്റുപകരണങ്ങളും എത്തിത്തുടങ്ങി. 1977 സെപ്തംബറില്‍ യന്ത്രങ്ങള്‍ സ്ഥാപിച്ചുതുടങ്ങുകയും 78 മേയില്‍ അതു പൂര്‍ത്തിയാക്കുകയും ചെയ്തു. കളര്‍, രണ്ടു കളര്‍, ഒരു കളര്‍ ഓഫ്സെറ്റ് യന്ത്രങ്ങള്‍, മോണോടൈപ്പ് പഞ്ചിങ്, കാസ്റ്റിങ് യന്ത്രങ്ങള്‍, റിപ്രൊഡക്ഷന്‍ ക്യാമറ, ആട്ടോമാറ്റിക് കോളേറ്റിങ്, ബയന്റിങ്, സ്റ്റേപ്ലിങ്, കട്ടിങ് യന്ത്രങ്ങള്‍, പേപ്പര്‍ സസ്പെന്‍ഷന്‍ എക്വിപ്മെന്റ് തുടങ്ങിയ അത്യാധുനിക യന്ത്രങ്ങള്‍ ഇവിടെയുണ്ട്. വളരെ വേഗതയിലും സൂക്ഷ്മമായും പുസ്തകനിര്‍മാണം നടത്താന്‍ ഈ യന്ത്രസാമഗ്രികള്‍ സഹായിക്കുന്നു. 1984 മുതല്‍ ഗവണ്‍മെന്റിനുവേണ്ടി ലോട്ടറി ടിക്കറ്റുകളും ഇവിടെനിന്ന് അച്ചടിച്ചു നല്‍കുന്നുണ്ട്. ആഴ്ചയില്‍ ഏകദേശം 65 ലക്ഷം ലോട്ടറി ടിക്കറ്റുകള്‍ ഇവിടെനിന്നും അച്ചടിക്കുന്നുണ്ട്. ഇതിനുപുറമേ സര്‍വകലാശാലകള്‍, ഗവണ്‍മെന്റ് ഡിപ്പാര്‍ട്ടുമെന്റുകള്‍ എന്നിവിടങ്ങളിലേക്ക് വേണ്ട പ്രസിദ്ധീകരണങ്ങളും ഈ പ്രസ്സില്‍ അച്ചടിക്കുന്നുണ്ട്. സര്‍ക്കാര്‍ മേഖലയിലെ ഏറ്റവും വലിയ ബഹുവര്‍ണ ഓഫ്സെറ്റ് പ്രസ്സാണ് ഇവിടത്തേത്. പ്രതിദിനം ശരാശരി ഒരു ലക്ഷം പുസ്തകങ്ങള്‍ അച്ചടിക്കാന്‍ ശേഷിയുള്ളതാണ് ഈ പ്രസ്. 300-ലധികം തൊഴിലാളികള്‍ ഇവിടെ പണിയെടുക്കുന്നു. ഈ പ്രസ്സില്‍ അച്ചടിച്ച ആദ്യത്തെ പുസ്തകം 1978 ഒ. 17-ന് പുറത്തുവന്നു. ഉന്നതവിദ്യാഭ്യാസവകുപ്പിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ചെയര്‍മാനായുള്ള ഒരു ഔദ്യോഗിക ഭരണസമിതിക്കാണ് സൊസൈറ്റിയുടെ ഭരണച്ചുമതല. കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയിലേക്കുവേണ്ട നാലു കോടിയില്‍പ്പരം പാഠപുസ്തകങ്ങള്‍ ഇവിടെനിന്നും അച്ചടിച്ചു നല്‍കുന്നു.

വിദ്യാലയങ്ങള്‍ക്കാവശ്യമുള്ള പുസ്തകങ്ങള്‍ക്കു പുറമേ പോസ്റ്റര്‍, ബഹുവര്‍ണകലണ്ടര്‍, ബാലന്‍സ്ഷീറ്റ് എന്നിവയും തയ്യാറാക്കിവരുന്നുണ്ട്. ഈ സൊസൈറ്റിയുടെ നിയന്ത്രണത്തിലുള്ള പ്രസിദ്ധീകരണവിഭാഗത്തിന്റെ ആദ്യത്തെ പ്രസിദ്ധീകരണം മഹാകവി കുമാരനാശാന്റെ പൂക്കളം എന്ന പുസ്തകമായിരുന്നു. ധാരാളം ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി മനോഹരമായി അച്ചടിച്ച ഈ ഗ്രന്ഥം അന്താരാഷ്ട്ര ശിശുവര്‍ഷത്തിലാണ് പ്രസാധനം ചെയ്യപ്പെട്ടത്. തൊഴില്‍വകുപ്പ് പ്രസിദ്ധീകരണമായ തൊഴില്‍ ക്ഷേമരംഗം, കൃഷി വകുപ്പിന്റെ ഹരിതദളം, അഹാഡ്സ് റിപ്പോര്‍ട്ട് എന്നിവ കെ.ബി.പി.എസ്സില്‍ നിന്നും അച്ചടിക്കുന്നവയാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍