This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേരള പീപ്പിള്‍സ് ആര്‍ട്സ് ക്ലബ്ബ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേരള പീപ്പിള്‍സ് ആര്‍ട്സ് ക്ലബ്ബ്

നിങ്ങള്‍ എന്നെ കമ്യുണിസ്റ്റാക്കി നാടകത്തിലെ ഒരു രംഗം

കേരളത്തിലെ ഒരു പ്രൊഫഷണല്‍ നാടക സമിതി. കെ.പി.എ.സി. എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന കേരള പീപ്പിള്‍സ് ആര്‍ട്സ് ക്ലബ്ബിന് കേരളത്തിന്റെ സാമൂഹിക സാംസ്കാരിക ചരിത്രത്തില്‍ നിര്‍ണായക സ്ഥാനമുണ്ട്. സാംസ്കാരിക പ്രവര്‍ത്തനത്തിലൂടെ ജനങ്ങളില്‍ സാമൂഹികബോധം സൃഷ്ടിക്കുക എന്നതാണ് കെ.പി.എ.സി.യുടെ പ്രഖ്യാപിത ലക്ഷ്യം. ആലപ്പുഴ ജില്ലയിലെ കായംകുളത്താണ് ഈ നാടക സമിതിയുടെ ആസ്ഥാനം സ്ഥിതിചെയ്യുന്നത്.


1950-ല്‍ 'എന്റെ മകനാണ് ശരി' എന്ന നാടകാവതരണത്തിലൂടെയാണ് കെ.പി.എ.സി. യുടെ രംഗാവിഷ്കാരചരിത്രം ആരംഭിക്കുന്നത്. തിരുവനന്തപുരത്തെ വി.ജെ.ടി. ഹാളായിരുന്നു ആദ്യവേദി. നാടകത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ച രാജഗോപാലന്‍ നായര്‍, ജനാര്‍ദനക്കുറുപ്പ് എന്നിവര്‍ക്കുപുറമേ സുലോചന, ജാനകി തുടങ്ങിയവരായിരുന്നു അഭിനേതാക്കള്‍. ആദ്യനാടകം അധിക വിജയം നേടിയില്ല. തുടര്‍ന്ന് തോപ്പില്‍ ഭാസി ഒളിവില്‍ കഴിഞ്ഞിരുന്ന കാലത്ത് 'സോമന്‍' എന്ന പേരില്‍ എഴുതിയ 'മുന്നേറ്റ'മെന്ന ഏകാങ്കത്തിന്റെ വികസിതരൂപമായ നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി അവതരിപ്പിച്ചുകൊണ്ട് കേരളത്തിലെ ഫ്യൂഡല്‍ സമ്പ്രദായത്തെയും സാമൂഹിക അനാചാരങ്ങളെയും കെ.പി.എ.സി. ചോദ്യം ചെയ്തു. കേരളത്തില്‍ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ജനകീയവത്കരണത്തില്‍ നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി എന്ന നാടകം വഹിച്ചിട്ടുള്ള പങ്ക് വിപ്ലവകരമാണ്. വയലാറിന്റെ വരികള്‍ക്ക് ദേവരാജന്‍ ഈണം പകര്‍ന്ന 'ബലികുടീരങ്ങളെ' തുടങ്ങിയ ഗാനങ്ങള്‍ കേരള ജനതയെ ഒന്നാകെ ആവേശഭരിതരാക്കി. ഇക്കാലഘട്ടത്തിലെ നാടകഗാനങ്ങളുടെ ആലാപനത്തിലൂടെ കെ.എസ്. ജോര്‍ജ്, കെ.പി.എ.സി. സുലോചന തുടങ്ങിയവര്‍ മലയാള നാടകഗാനലോകത്ത് ചിരപ്രതിഷ്ഠ നേടി. കാമ്പിശ്ശേരി കരുണാകരന്‍, രാജഗോപാലന്‍ നായര്‍, സുലോചന മുതലായവരായിരുന്നു ഈ നാടകത്തിലെ അഭിനേതാക്കള്‍. ക്രമേണ കെ.പി.എ.സി.യുടെ പ്രവര്‍ത്തനം കായംകുളത്തേക്കു മാറ്റിയതോടെ കെ.പി.എ.സി., കായംകുളം എന്ന സ്ഥിരമായ മേല്‍വിലാസം ഈ നാടക സംഘത്തിനുണ്ടായി.

കെ.പി.എ.സി.ആസ്ഥാനം

ജി. ജനാര്‍ദനക്കുറുപ്പ് ഈ സംഘത്തിന്റെ ആദ്യകാല പ്രസിഡന്റും ഐസക് ജോര്‍ജ് (പട്ടാണിപ്പറമ്പില്‍ കുട്ടപ്പന്‍) സെക്രട്ടറിയും ആയിരുന്നു. നാടകങ്ങള്‍ക്കുവേണ്ടി ഗാനം രചിച്ചവരില്‍ പ്രമുഖനായ ഒ.എന്‍.വി. കുറുപ്പും സംഗീതസംവിധായകരായ ദേവരാജനും ബാബുരാജും നാടകസംഘത്തിന്റെ പുരോഗതിക്കു സഹായിച്ചവരാണ്. സമൂഹഗാനം രംഗത്ത് ആദ്യമായി അവതരിപ്പിച്ച് വിജയം കൈവരിച്ചതും ഈ സംഘമാണ്. ഒ.മാധവന്‍, വി. സാംബശിവന്‍, പി. ജെ. ആന്റണി, കോട്ടയം ചെല്ലപ്പന്‍, ലീല, ലളിത, സുലോചന, തോപ്പില്‍ കൃഷ്ണപിള്ള മുതലായ ആദ്യകാലനടീനടന്മാരുടെ നിസ്വാര്‍ഥമായ സേവനത്തിലൂടെ ഇതിനെ വളര്‍ത്തിയെടുത്തു. ഇക്കാലത്ത് നാടക രചയിതാവ്, നാടകസംവിധായകന്‍ എന്നീ നിലകളില്‍ തോപ്പില്‍ ഭാസി ഈ നാടക സംഘത്തിന്റെ നെടുന്തൂണായി മാറി. അണിയറയിലിരുന്നുകൊണ്ടു നിശ്ശബ്ദമായി സംഘത്തിനുവേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിക്കൊണ്ട് കേശവന്‍ പോറ്റിയും കെ.പി.എ.സി.യുടെ വളര്‍ച്ചയില്‍ പ്രധാന പങ്കുവഹിച്ചു. നാട്ടുപ്രമാണിമാരുടെയും നാടുവാഴിത്തത്തിന്റെയും ഭീഷണികളും അക്രമങ്ങളും നേരിട്ടുകൊണ്ടുകൂടിയാണ് 1960-കളില്‍ കേരളത്തിന്റെ പലയിടങ്ങളിലും കെ.പി.എ.സി. നാടകങ്ങള്‍ അവതരിപ്പിച്ചിരുന്നത്. സര്‍വേക്കല്ല്, മുടിയനായ പുത്രന്‍, പുതിയ ആകാശം; പുതിയ ഭൂമി, ശരശയ്യ, മൂലധനം, കൈയും തലയും പുറത്തിടരുത്, മൃച്ഛകടികം, ഭഗവാന്‍ കാലുമാറുന്നു, ഒളിവിലെ ഓര്‍മകള്‍ തുടങ്ങി 50-ലേറെ നാടകങ്ങളാണ് കഴിഞ്ഞ ആറുപതിറ്റാണ്ടുകൊണ്ട് കെ.പി.എ.സി. രംഗത്തവതരിപ്പിച്ചിട്ടുള്ളത്. ഇതില്‍ ഏതാണ്ട് 17-ലേറെ നാടകങ്ങള്‍ തോപ്പില്‍ ഭാസി രചിച്ചതാണ്. പൊന്‍കുന്നം വര്‍ക്കി, വൈക്കം ചന്ദ്രശേഖരന്‍നായര്‍, എന്‍.എന്‍. പിള്ള, എസ്.എല്‍. പുരം സദാനന്ദന്‍, എന്‍. കൃഷ്ണപിള്ള, കെ.ടി. മുഹമ്മദ്, തിക്കോടിയന്‍, കണിയാപുരം രാമചന്ദ്രന്‍ തുടങ്ങിയ പ്രമുഖരും കെ.പി.എ.സി.ക്കു വേണ്ടി നാടകങ്ങള്‍ രചിക്കുകയുണ്ടായി. ഒ.എന്‍.വി., വയലാര്‍ രാമവര്‍മ, കേശവന്‍പോറ്റി തുടങ്ങിയവരായിരുന്നു ആദ്യകാല ഗാനരചയിതാക്കള്‍. എം.ബി. ശ്രീനിവാസന്‍, കെ. രാഘവന്‍, എല്‍.പി. ആര്‍. വര്‍മ, എം.എസ്. ബാബുരാജ്, വി. ദക്ഷിണാമൂര്‍ത്തി, എം.കെ. അര്‍ജുനന്‍ എന്നിവര്‍ ഈണം പകര്‍ന്ന ഗാനങ്ങള്‍ കെ.എസ്. ജോര്‍ജും കെ.പി.എ.സി. സുലോചനയും ആലപിച്ചു.

കെ.പി. ഉമ്മര്‍, എന്‍. ഗോവിന്ദന്‍കുട്ടി, ശങ്കരാടി, ആലുമ്മൂടന്‍, മണവാളന്‍ ജോസഫ്, കെ.പി.എ.സി. ലളിത, അടൂര്‍ഭാസി, പാലാ തങ്കച്ചന്‍, കവിയൂര്‍ പൊന്നമ്മ, കെ.പി.എ.സി. സണ്ണി, കോട്ടയം ചെല്ലപ്പന്‍, ശ്രീലത, ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍, സായ്കുമാര്‍ തുടങ്ങിയ അഭിനേതാക്കള്‍ സിനിമാരംഗത്തേക്കു കടന്നുവന്നത് കെ.പി.എ.സി.യുടെ നാടകങ്ങളിലൂടെയാണ്.

ഒട്ടനവധി അവാര്‍ഡുകള്‍ കെ.പി.എ.സി. നേടിയിട്ടുണ്ട്. അഭിനയത്തിനു പ്രേമനും (കൈയും തലയും പുറത്തിടരുത്) കൈനകരി തങ്കരാജും (സൂക്ഷിക്കുക, ഇടതുവശം പോകുക) സംവിധാനത്തിനു തോപ്പില്‍ ഭാസിയും (കൈയും തലയും പുറത്തിടരുത്-1982, ഭഗവാന്‍ കാലുമാറുന്നു-1983), 1984-ലെ ഏറ്റവും നല്ല രണ്ടാമത്തെ നാടകമെന്ന നിലയില്‍ സൂക്ഷിക്കുക, ഇടതുവശം പോകുക എന്നതും സ്റ്റേറ്റ് അവാര്‍ഡിന് അര്‍ഹത നേടി. തോപ്പില്‍ കൃഷ്ണപിള്ളയും പ്രേമനും സംഗീതനാടക അക്കാദമി അവാര്‍ഡ് നേടിയിട്ടുണ്ട്. 1983-ല്‍ സംഗീതനാടക അക്കാദമി തോപ്പില്‍ ഭാസിയെ ഫെലോഷിപ്പു നല്‍കി ആദരിച്ചു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍, ഗള്‍ഫ് രാജ്യങ്ങള്‍, അമേരിക്ക, കാനഡ എന്നിവിടങ്ങളിലും ഒട്ടനവധി വേദികളില്‍ കെ.പി.എ.സി. നാടകങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.

കെ.പി.എ.സി.യുടെ വളര്‍ച്ചയുടെ ഘട്ടത്തില്‍ ഒ. മാധവനും വിജയകുമാരിയും സംഘത്തില്‍ നിന്നും തെറ്റിപ്പിരിഞ്ഞു കാളിദാസകലാകേന്ദ്രത്തിനു രൂപം നല്‍കി. കെ. എസ്. ജോര്‍ജും സുലോചനയും സംഘവുമായുള്ള ബന്ധം അവസാനിപ്പിച്ചു സ്വന്തം നാടകസംഘങ്ങള്‍ രൂപവത്കരിച്ചു. പൃഥ്വിരാജ്, മദ്രാസിലെ സുബ്രഹ്മണ്യം, ബല്‍രാജ് സാഹ്നി, ബിമല്‍ റോയി എന്നിവര്‍ രൂപം നല്‍കിയ ഇന്ത്യന്‍ പീപ്പിള്‍സ് തിയെറ്റര്‍ അസോസിയേഷന്‍ (ഐ. പി.ടി.എ.) എന്ന കലാപ്രസ്ഥാനവുമായി കെ.പി.എ.സി. അതിന്റെ വളര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ നിരന്തരബന്ധം പുലര്‍ത്തിയിരുന്നു. ഇന്ത്യന്‍ പാരമ്പര്യം ഉള്‍ക്കൊണ്ടും ഇന്ത്യന്‍ സമകാലിക സമൂഹത്തോട് സത്യസന്ധത പുലര്‍ത്തിക്കൊണ്ടും പുതിയ നാടകവേദി സൃഷ്ടിക്കുകയെന്നതായിരുന്നു ഐ.പി.ടി.എ. യുടെ ലക്ഷ്യം.

1986-ല്‍ ഒരു നൃത്തവിദ്യാലയത്തിനും 1987-ല്‍ ഒരു സംഗീത പഠനകേന്ദ്രത്തിനും 2009-ല്‍ സ്കൂള്‍ ഒഫ് ആര്‍ട്സിനും കെ.പി.എ.സി. തുടക്കമേകി. 1972-ല്‍ പുറത്തിറങ്ങിയ 'ഏണിപ്പടികള്‍' ആണ് ഏക ചലച്ചിത്രസംരംഭം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍