This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേരള ദിനേശ് ബീഡിത്തൊഴിലാളി കേന്ദ്രസഹകരണ സംഘം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേരള ദിനേശ് ബീഡിത്തൊഴിലാളി കേന്ദ്രസഹകരണ സംഘം

കേരള ദിനേശ് ബീഡിത്തൊഴിലാളി കേന്ദ്രസഹകരണ സംഘം

കേരള സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ ആരംഭിച്ച ബീഡി വ്യവസായ സഹകരണ സ്ഥാപനം. സ്വകാര്യബീഡി നിര്‍മാതാക്കള്‍, കേരളത്തിലെ അവരുടെ സംരംഭം പെട്ടെന്ന് അവസാനിപ്പിച്ച അവസരത്തിലാണ് തൊഴില്‍ നഷ്ടപ്പെട്ട ആയിരക്കണക്കിന് ബീഡി തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിനായി കേരള സര്‍ക്കാര്‍ 1969-ല്‍ കേരള ദിനേശ് ബീഡിത്തൊഴിലാളി കേന്ദ്രസഹകരണ സംഘം ലിമിറ്റഡ് ആരംഭിച്ചത്. ഇതിന്റെ ആസ്ഥാനം കണ്ണൂരിലെ പയ്യാമ്പലമാണ്. കണ്ണൂരിനു പുറമേ കോഴിക്കോട്, കാസര്‍കോട് ജില്ലകളിലായി 18 ഉത്പാദനസംഘങ്ങള്‍ ഈ സ്ഥാപനത്തിനു കീഴില്‍ പ്രവര്‍ത്തിച്ചുവരുന്നു. 32,000-ത്തോളം തൊഴിലാളികളാണ് പ്രത്യക്ഷമായും പരോക്ഷമായും ബീഡിനിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. നിപ്പാണ്‍, ഗുജറാത്ത്, ഗുണ്ടൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പുകയില പ്രത്യേക അനുപാതത്തില്‍ ചേര്‍ത്താണ് ദിനേശ് ബീഡി നിര്‍മിക്കുന്നത്. കേരളത്തിനു പുറമേ തമിഴ്നാട്ടിലും കര്‍ണാടകത്തിലും ദിനേശ്ബീഡി വില്‍ക്കപ്പെടുന്നു. 2009-10 ല്‍ സംഘത്തിന്റെ മൊത്തം വിറ്റുവരവ് 27.46 കോടി രൂപയായിരുന്നു.

ഈ സംഘത്തിലെ തൊഴിലാളികള്‍ക്ക് ഫാക്ടറിത്തൊഴിലാളികള്‍ക്കുള്ള എല്ലാ ആനുകൂല്യങ്ങളും നല്‍കി വരുന്നു. ഇന്ത്യയില്‍ ഈ വ്യവസായത്തില്‍ ഏറ്റവും വര്‍ധിച്ച കൂലിക്കു പുറമേ കൂലിയോടുകൂടിയ ഞായറാഴ്ച ഒഴിവ്, കൂലിയോടുകൂടിയ ദേശീയ വിശേഷദിന ഒഴിവുകള്‍, കേരള ദിനേശ് ബീഡിദിനം (ഫെ. 15) എന്ന പേരില്‍ വിശേഷദിന ഒഴിവ്, ഗ്രാറ്റ്വിറ്റി, പ്രോവിഡന്റ് ഫണ്ട്, ഗര്‍ഭകാലാനുകൂല്യം എന്നിവയും അനുവദിക്കുന്നുണ്ട്. ബീഡിത്തൊഴിലാളികളുടെ 'മാഗ്നകാര്‍ട്ട' എന്നു വിശേഷിപ്പക്കപ്പെടുന്ന ബീഡി- സിഗാര്‍ നിയമം ഇദംപ്രഥമമായി ഭാരതത്തില്‍ പൂര്‍ണമായും നടപ്പാക്കിയ ഏക സ്ഥാപനവും ഇതുതന്നെയാണ്. നിയമം അനുശാസിക്കുന്നതിലുപരിയായി, സേവനത്തിലിരിക്കുമ്പോള്‍ ചരമമടയുന്ന തൊഴിലാളിയുടെ കുടുംബത്തിന് 5,000 രൂപ സംഘം അനുവദിക്കുന്നുണ്ട്. സേവനത്തില്‍ നിന്നും വിരമിക്കുന്ന തൊഴിലാളികള്‍ക്കും ഗുരുതരമായ രോഗം പിടിപ്പെട്ടിട്ടുള്ളവര്‍ക്കും ലംസംറിട്ടയര്‍മെന്റ് ആനുകൂല്യം നല്‍കുന്നതിനും വ്യവസ്ഥ ചെയ്തിരിക്കുന്നു. ബീഡി നിര്‍മാണത്തിനുപുറമേ തുണിത്തരങ്ങള്‍, കുട, ഭക്ഷ്യോത്പന്നങ്ങള്‍ തുടങ്ങിയവയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളും ദിനേശ് എന്ന ബ്രാന്‍ഡ് നാമത്തില്‍ ഇപ്പോള്‍ ഈ സ്ഥാപനത്തിനുകീഴില്‍ നടന്നുവരുന്നു.

ഇന്ത്യയിലെ അസംഘടിത തൊഴിലാളി മേഖലകളില്‍ തൊഴിലാളികളെ സഹകരണാടിസ്ഥാനത്തില്‍ സംഘടിപ്പിക്കുന്നതിന് കേന്ദ്രഗവണ്‍മെന്റ്മാതൃകയായി സ്വീകരിച്ചത് ഈ സ്ഥാപനത്തെയാണ്. അധ്യക്ഷന്‍ ഉള്‍പ്പെടെ ഒമ്പത് അംഗങ്ങള്‍ അടങ്ങിയ ഒരു ഭരണസമിതിയാണ് ഈ സംഘത്തിന്റെ ഭരണകാര്യങ്ങള്‍ നിയന്ത്രിക്കുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍