This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേരള ടൂറിസം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (KTDC)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേരള ടൂറിസം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (KTDC)

കെ.ടി.ഡി.സി. ലോഗോ

കേരളത്തിലെ വിനോദസഞ്ചാര മേഖലയുടെ വികസനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റ് സ്ഥാപനം. 1966-ല്‍ സ്ഥാപിതമായ കെ.ടി.ഡി.സി.യുടെ ആസ്ഥാനം തിരുവനന്തപുരമാണ്. ഇതുകൂടാതെ ജില്ലാ ഓഫീസുകളുമുണ്ട്. ഗവണ്‍മെന്റ് നിയന്ത്രണത്തിലുള്ള ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, റസ്റ്റ്ഹൌസുകള്‍ എന്നിവയുടെ നടത്തിപ്പും കേരളത്തിലെ വിനോദസഞ്ചാര പ്രവര്‍ത്തനങ്ങളുടെ ഏകോപനവും നിയന്ത്രണവുമാണ് കെ.ടി.ഡി.സി.യുടെ പ്രവര്‍ത്തന ലക്ഷ്യങ്ങള്‍. 'ദൈവത്തിന്റെ സ്വന്തം നാട്ടിലെ ഔദ്യോഗിക ആതിഥേയന്‍' എന്ന കെ.ടി.ഡി.സി. മുദ്രാവാക്യത്തില്‍ നിന്നാണ് 'ദൈവത്തിന്റെ സ്വന്തം നാട്' എന്ന വിളിപ്പേര് കേരളത്തിനു ലഭിച്ചത്.

കെ.ടി.ഡി.സി.

കേരളത്തിലെ വിനോദ സഞ്ചാര മേഖലയുടെ വികസനത്തില്‍ കെ.ടി.ഡി.സി.ക്ക് നിര്‍ണായക സ്വാധീനമാണുള്ളത്. കേരളത്തിലുടനീളമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളെപ്പറ്റിയുള്ള വിവരങ്ങള്‍ സഞ്ചാരികള്‍ക്ക് പ്രദാനം ചെയ്യുക, അവിടങ്ങളില്‍ ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള പശ്ചാത്തലസൌകര്യങ്ങള്‍ ഒരുക്കുക എന്നിവ കെ.ടി.ഡി.സി. നിര്‍വഹിക്കുന്നു. പഞ്ചനക്ഷത്ര ഹോട്ടലുകള്‍, ബജറ്റ് ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, മോട്ടലുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള 40-ല്‍പ്പരം ഹോട്ടലുകള്‍ നാല് നാമമുദ്രകളിലായി അറിയപ്പെടുന്നു.

പ്രീമിയം എന്ന നാമമുദ്രയില്‍ പഞ്ചനക്ഷത്ര-ചതുര്‍നക്ഷത്ര ഹോട്ടലുകളാണുള്ളത്. തിരുവനന്തപുരത്തെ മാസ്കറ്റ്; കോവളത്തെ സമുദ്ര; എറണാകുളത്തെ ബോള്‍ഗാട്ടി ഐലന്റ് റിസോര്‍ട്ട്, മറീന പാലസ്; തേക്കടിയിലെ ആരണ്യ നിവാസ്, ലേക്ക് പാലസ്; കുമരകത്തെ വാട്ടര്‍സ്കേപ്സ്; മൂന്നാറിലെ ടീ കൌണ്ടി എന്നിവ പ്രീമിയം വിഭാഗത്തില്‍പ്പെടുന്ന കെ.ടി.ഡി.സി. ഹോട്ടലുകളാണ്.

വാല്യുപ്ലസ് വിഭാഗത്തില്‍ മൂന്ന് നക്ഷത്രഹോട്ടലുകളാണുള്ളത്. 'ടാമറിന്റ്' നാമമുദ്രയില്‍ കേരളമൊട്ടാകെയായി 15 ബജറ്റ് ഹോട്ടലുകളും കെ.ടി.ഡി.സി.യുടേതായി പ്രവര്‍ത്തിച്ചുവരുന്നു. 'ആരാം' എന്ന പേരില്‍ ദേശീയപാതകള്‍ക്ക് സമീപം മോട്ടലുകളും നടത്തുന്നു. കെ.ടി.ഡി.സി. വിവിധ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് പാക്കേജ് ടൂറുകളും സംഘടിപ്പിച്ചുവരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍