This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേരള ഗസറ്റിയേഴ്സ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേരള ഗസറ്റിയേഴ്സ്

വില്യം ഹണ്ടര്‍

കേരളത്തെ സംബന്ധിച്ച ഭൂവിജ്ഞാനപരവും സാംസ്കാരികവും സാമുദായികവും സാമ്പത്തികവും ഭരണപരവും ചരിത്രപരവുമായ 'വൃത്താന്തങ്ങളുടെ ഭണ്ഡാരം' (നോ. ഗസറ്റിയര്‍). സര്‍ വില്യം ഹണ്ടറിന്റെ നേതൃത്വത്തില്‍ പ്രസിദ്ധീകരിച്ച ഇംപീരിയല്‍ ഗസറ്റിയര്‍ ഒഫ് ഇന്ത്യ എന്ന ബൃഹദ്ഗ്രന്ഥപരമ്പര പരിഷ്കരിച്ച് 14 വാല്യങ്ങളിലായി 1885-87-ല്‍ പുനഃപ്രകാശനം ചെയ്തു. ഈ പരമ്പരയ്ക്കുവേണ്ടി വില്യം ലോഗന്‍ തയ്യാറാക്കി 1887-ല്‍ രണ്ടു വാല്യങ്ങളിലായി പ്രസിദ്ധീകരിച്ച മലബാര്‍ മാന്വല്‍ ആണ് കേരളത്തിലെ ഗസറ്റിയറിന്റെ ആദിമരൂപം. ഈ മാന്വല്‍ 1906-ലും 1951-ലും പുനഃപ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. 1904-05-ല്‍ സി.എ. ഇന്നസ് നിര്‍മിച്ചതും പിന്നീട് 1908-ല്‍ എച്ച്.വി. ഇവന്‍സ് പുനഃപരിശോധന ചെയ്തു പരിഷ്കരിച്ചു പ്രസിദ്ധപ്പെടുത്തിയതുമായ ദ് മലബാര്‍ ഡിസ്ട്രിക്റ്റ് ഗസറ്റിയര്‍ ആണ് മറ്റൊരു പ്രാമാണിക ഗ്രന്ഥം. കേരളത്തിന്റെ മറ്റു രണ്ടു ഭാഗങ്ങളായിരുന്ന തിരുവിതാംകൂറും കൊച്ചിയും ബ്രിട്ടീഷ്-ഇന്ത്യന്‍ മാതൃകയിലുള്ള ഗസറ്റിയറുകള്‍ അല്പവ്യതിയാനങ്ങളോടുകൂടി 'സ്റ്റേറ്റ് മാന്വലുകള്‍' എന്ന പേരില്‍ പ്രസിദ്ധപ്പെടുത്തുകയുണ്ടായി. 1906-ല്‍ മൂന്നു വാല്യങ്ങളായി വി. നാഗമയ്യ പ്രസിദ്ധപ്പെടുത്തിയ തിരുവിതാംകൂര്‍ സ്റ്റേറ്റ് മാന്വലും 1911-ല്‍ സി. അച്യുതമേനോന്‍ തയ്യാറാക്കിയ ദ് കൊച്ചിന്‍ സ്റ്റേറ്റ് മാന്വലും 1940-ല്‍ ടി. കെ. വേലുപ്പിള്ള സമ്പാദനം ചെയ്തു നാലു വാല്യങ്ങളായി പ്രസിദ്ധീകരിച്ച തിരുവിതാംകൂര്‍ സ്റ്റേറ്റ് മാന്വലും ഈ പരമ്പരയിലെ ആധികാരിക ഗ്രന്ഥങ്ങളാണ്. സ്വാതന്ത്ര്യലബ്ധിക്കുശേഷം സംജാതമായ ഉണര്‍വിനനുസരണമായി, പ്രത്യേകിച്ച് സംസ്ഥാന പുനഃസംഘടനയ്ക്കുശേഷം, ഈ ഗ്രന്ഥങ്ങളിലെ പ്രതിപാദ്യങ്ങളില്‍ സിംഹഭാഗത്തിനും പരിഷ്കരണം അനിവാര്യമായി അനുഭവപ്പെട്ടു. അതുകൊണ്ട് രണ്ടാം പഞ്ചവത്സര പദ്ധതിയിലെ ഒരു വിദ്യാഭ്യാസ വികസന പരിപാടിയെന്ന നിലയില്‍, ഗസറ്റിയര്‍ ഗ്രന്ഥങ്ങള്‍ പരിഷ്കരിക്കുവാന്‍ കേരളാഗവണ്‍മെന്റും മറ്റു സ്റ്റേറ്റുകളിലെയും കേന്ദ്രത്തിലെയും ഗവണ്‍മെന്റുകളെപ്പോലെ തയ്യാറായി. അങ്ങനെയാണ് 1958-ല്‍ കേരള ഗസറ്റിയര്‍ വകുപ്പ് സ്ഥാപിതമായത്.

1955-ല്‍ ഇന്ത്യാ ഗവണ്‍മെന്റ് നിയമിച്ച വിദഗ്ധക്കമ്മിറ്റി ഗസറ്റിയറിന്റെ ഉള്ളടക്കത്തെ സംബന്ധിച്ച് ഒരു ഏകീകൃത പരിപാടി ആവിഷ്കരിച്ചു. അഖിലേന്ത്യാ പരമ്പര, സംസ്ഥാന (സ്റ്റേറ്റ്) പരമ്പര, ജില്ലാ (ഡിസ്ട്രിക്റ്റ്) പരമ്പര എന്നിങ്ങനെ മൂന്നു പരമ്പരകളായിട്ടാണ് ഗസറ്റിയര്‍ ഗ്രന്ഥങ്ങളെ സംവിധാനം ചെയ്തിട്ടുള്ളത്. കേരളത്തിലെ 10 ജില്ലകളെ സംബന്ധിച്ച ഗസറ്റിയറുകള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. 1966 വരെ പ്രസിദ്ധപ്പെടുത്തിയ ജില്ലാ ഗസറ്റിയറുകള്‍ക്കു സപ്ലീമെന്റുകള്‍ പ്രസിദ്ധീകരിക്കുക എന്നൊരു പദ്ധതി 1980-ല്‍ ഇന്ത്യാ ഗവണ്‍മെന്റ് ആവിഷ്കരിക്കുകയുണ്ടായി. ഈ പരിപാടിയനുസരിച്ച് തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂര്‍, കോഴിക്കോട് ഗസറ്റിയര്‍-സപ്ലീമെന്റുകള്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു.

സംസ്ഥാനത്തിന്റെ പൊതുരൂപം പ്രകാശിപ്പിക്കുന്ന സ്റ്റേറ്റ് ഗസറ്റിയറുകളായിരുന്നു ഈ പരമ്പരകളില്‍ പരമപ്രധാനം. 1981-ല്‍ കേരള ഗസറ്റിയേഴ്സിന്റെ പ്രസിദ്ധീകരണച്ചുമതല കേരള സര്‍ക്കാരിന്റെ പ്രസിദ്ധീകരണവകുപ്പ് ഏറ്റെടുക്കുകയും പിന്നീട് കേരള ചരിത്ര ഗവേഷണ കൗണ്‍സി(KCHR)ലായി ഇത് രൂപാന്തരം പ്രാപിക്കുകയും ചെയ്തു.

(അടൂര്‍ രാമചന്ദ്രന്‍ നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍