This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ്

ഖാദി ബോര്‍ഡ് ആസ്ഥാനം

ഖാദി-ഗ്രാമ വ്യവസായങ്ങളുടെ വികസനാര്‍ഥം കേരള സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന സ്ഥാപനം. കേരള ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡ് ആക്റ്റ്-1957-ന്റെ വ്യവസ്ഥകളനുസരിച്ച് 1957 ആഗസ്റ്റില്‍ നിലവില്‍വന്ന ഈ ബോര്‍ഡിന്റെ ആസ്ഥാനം തിരുവനന്തപുരമാണ്. ഖാദിഗ്രാമവ്യവസായങ്ങള്‍ സംഘടിപ്പിക്കുക, വികസിപ്പിക്കുക, നിയന്ത്രിക്കുക എന്നിവയാണ് ഈ സ്ഥാപനത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍. സംരംഭകര്‍ക്ക് നൂല്‍നൂല്പ്, നെയ്ത്ത് തുടങ്ങിയവയില്‍ പരിശീലനം നല്‍കല്‍, ഈ സ്ഥാപനത്തിന്റെ കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന യൂണിറ്റുകള്‍ക്ക് ധനസഹായം നല്‍കല്‍, വിപണനസൗകര്യം ഏര്‍പ്പെടുത്തല്‍ തുടങ്ങിയവയും ഈ ബോര്‍ഡിന്റെ പ്രവര്‍ത്തനലക്ഷ്യങ്ങളില്‍പ്പെടുന്നു. ബോര്‍ഡിന്റെ സ്ഥാപനത്തിന് മുമ്പു ഖാദിഗ്രാമ വ്യവസായങ്ങള്‍ ചുരുങ്ങിയ തോതിലേ നടന്നിരുന്നുള്ളു. എന്നാല്‍ ബോര്‍ഡിന്റെ സ്ഥാപനത്തോടെ സംസ്ഥാനത്തെ ഖാദിഗ്രാമ വ്യവസായങ്ങള്‍ സംസ്ഥാനതലത്തില്‍ ആസൂത്രണം ചെയ്തു വിപുലീകരിച്ചതിന്റെഫലമായി ഖാദി ഗ്രാമവ്യവസായങ്ങള്‍ അഭൂതപൂര്‍വമായി വികസിക്കുകയുണ്ടായി. നിലവില്‍ 25,000-ത്തോളം ഖാദി യൂണിറ്റുകളാണ് ബോര്‍ഡിനു കീഴില്‍ പ്രവര്‍ത്തിക്കുന്നത്.

ദേശീയ സംഘടനയായ ഖാദി ഗ്രാമവ്യവസായക്കമ്മിഷന്റെ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന സംസ്ഥാനബോര്‍ഡ് ദേശീയക്കമ്മിഷന്റെ പരിപാടികള്‍ എറ്റെടുത്തു നടത്തുന്നു. പരുത്തി, മസ്ലിന്‍, പോളിവസ്ത്രങ്ങള്‍ തുടങ്ങിയവയുടെ നൂല്‍നൂല്പും നെയ്ത്തും ബോര്‍ഡിന്റെ കീഴില്‍ വിവിധ യൂണിറ്റുകളില്‍ നടത്തപ്പെടുന്നു. പട്ടുവസ്ത്രങ്ങളും ഖാദി ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ നിര്‍മിക്കപ്പെടുന്നുണ്ട്. ആംബര്‍, ഖാദി, ഭക്ഷ്യേതര എണ്ണകളും സോപ്പും, തീപ്പെട്ടി, കരുപ്പുകട്ടി, ഗോബര്‍ഗ്യാസ്, ഗ്രാമീണ കളിമണ്‍പാത്രം, തുകല്‍, ഈറ-മുള ഇവയുടെ ഉത്പാദനം, ധാന്യങ്ങളുടെയും പയറുവര്‍ഗങ്ങളുടെയും സംസ്കരണം, ചുണ്ണാമ്പു നിര്‍മാണം, നാരുവ്യവസായം, കൊല്ലപ്പണിയും ആശാരിപ്പണിയും, പഴങ്ങളുടെ സംസ്കരണം, കൈകൊണ്ടു നിര്‍മിക്കുന്ന കടലാസ്, എല്ലു പൊടിക്കല്‍ തുടങ്ങിയവ ബോര്‍ഡ് സാമ്പത്തിക സഹായം നല്‍കുന്ന ചില ഗ്രാമവ്യവസായങ്ങളാണ്. സഹകരണ സംഘങ്ങള്‍ക്കും രജിസ്റ്റര്‍ ചെയ്യപ്പെട്ട ധര്‍മസ്ഥാപനങ്ങള്‍ക്കുമാണ് ബോര്‍ഡ് പ്രധാനമായും സാമ്പത്തിക സഹായം നല്‍കുന്നത്. തേന്‍, നല്ലെണ്ണ, തുണിത്തരങ്ങള്‍, സോപ്പ്, നോട്ട്ബുക്ക്, മെത്ത തുടങ്ങിയ വ്യവസായങ്ങള്‍ക്കും ബോര്‍ഡ് സാമ്പത്തിക സഹായം നല്‍കുന്നു. ബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള ഒരു സ്റ്റാന്‍ഡിങ് ഫൈനാന്‍സ് കമ്മിറ്റി സാമ്പത്തിക സഹായത്തിനു സമര്‍പ്പിക്കുന്ന ഓരോ അപേക്ഷയും പരിശോധിച്ച് വായ്പയുടെ പരിധി നിര്‍ദേശിക്കുന്നു. ജില്ലാതലത്തിലുള്ള ഉപദേശസമിതികളാണ് വായ്പ അനുവദിക്കുന്നതിനുവേണ്ട ശിപാര്‍ശകള്‍ സമര്‍പ്പിക്കുന്നത്. ഖാദിഗ്രാമവ്യവസായങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനും ആവശ്യമായ സാങ്കേതിക സഹായങ്ങള്‍ നല്‍കുന്നതിനും എല്ലാ ജില്ലകളിലും ബോര്‍ഡിന് ഓഫീസുകളുണ്ട്.

തൊഴിലവസരങ്ങള്‍ക്ക് കുറവു വരുത്താതെ വൈദ്യുതിയും ആധുനിക യന്ത്രങ്ങളും ഉപയോഗിച്ച് ഉത്പാദനം വര്‍ധിപ്പിക്കുന്നതിനാവശ്യമായ നടപടികള്‍ ബോര്‍ഡ് സ്വീകരിച്ചിട്ടുണ്ട്. പരമ്പരാഗതമായ കിസാന്‍ ചര്‍ക്കയുടെ സ്ഥാനത്ത് ആറു മുതല്‍ 12 വരെ തക്ളി (spindle)കളുള്ള ലോഹ ചര്‍ക്ക ഏര്‍പ്പെടുത്തിക്കഴിഞ്ഞു. കളിമണ്‍ പാത്രനിര്‍മിതിയിലും കടലാസു നിര്‍മാണത്തിലും യന്ത്രങ്ങള്‍ ഉപയോഗിച്ചുവരുന്നു.

ഖാദി സൗഭാഗ്യ, ഖാദി ഗ്രാമസൌഭാഗ്യ തുടങ്ങിയ പേരുകളിലായി 218-ഓളം വിപണനകേന്ദ്രങ്ങളാണ് ബോര്‍ഡിനുള്ളത്. വിപണനം മെച്ചപ്പെടുത്തുന്നതിനായി ഉത്സവകാലത്ത് പ്രത്യേക പ്രദര്‍ശനങ്ങളും സംഘടിപ്പിക്കുന്നു. 2006-07 കാലത്ത് 12 കോടിയുടെ വിറ്റുവരവാണ് ബോര്‍ഡിനു ലഭിച്ചത്. ഏകദേശം 12,000-ത്തോളം തൊഴിലാളികളാണ് ഖാദി വസ്ത്രനിര്‍മാണരംഗത്തുള്ളത്. ഇവരുടെ ക്ഷേമത്തിനായി ഗവണ്‍മെന്റ് ഖാദി വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് എന്ന ക്ഷേമനിധി സ്ഥാപിച്ച് പ്രവര്‍ത്തിച്ചുവരുന്നു. 240 ദിവസം ഖാദി തൊഴിലില്‍ ഏര്‍പ്പെട്ട ഏതൊരാള്‍ക്കും ഈ ക്ഷേമനിധിയില്‍ ചേരാവുന്നതാണ്. 10 വര്‍ഷം സേവനമുള്ളവര്‍ക്ക് പ്രതിമാസം 300 രൂപ പെന്‍ഷന്‍ ക്ഷേമനിധി നല്‍കിവരുന്നു. ഇതിനുപുറമേ, ഒരു ഇന്‍ഷ്വറന്‍സ് പദ്ധതിയും നടപ്പിലാക്കിവരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍