This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേരള കോണ്‍ഗ്രസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേരള കോണ്‍ഗ്രസ്

കെ. എം. ജോര്‍ജ്

കേരളത്തിലെ ഒരു പ്രാദേശിക രാഷ്ട്രീയ കക്ഷി. നാല് ദശാബ്ദങ്ങളായി കേരള രാഷ്ട്രീയത്തില്‍ നിര്‍ണായകമായ പങ്കുവഹിക്കുവാന്‍ ഈ കക്ഷിക്ക് കഴിഞ്ഞിട്ടുണ്ട്.

കേരള സംസ്ഥാനത്തെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനുള്ളില്‍ രൂപംകൊണ്ട ഗ്രൂപ്പുരാഷ്ട്രീയമാണ് ഈ കക്ഷിക്കു ജന്മം കൊടുത്തത്. 1960-ല്‍ പട്ടം താണുപിളളയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്-പി.എസ്.പി കൂട്ടുമന്ത്രിസഭ അധികാരത്തില്‍ വന്നതു മുതല്‍, കോണ്‍ഗ്രസ്സിലെ നിയമസഭാഘടകവും സംഘടനാ ഘടകവും തമ്മില്‍ വ്യക്തമായ ഒരു ചേരിതിരിവുണ്ടായി. സംഘടനാ തലത്തില്‍ കെ. പി. സി. സി. അധ്യക്ഷന്‍ സി. കെ. ഗോവിന്ദന്‍നായരുടെ നേതൃത്വവും നിയമസഭാഘടകത്തില്‍ പി.റ്റി. ചാക്കോ, ആര്‍. ശങ്കര്‍ എന്നിവരുടെ നേതൃത്വവും അംഗീകരിക്കപ്പെട്ടിരുന്നു. താണുപിള്ള പഞ്ചാബ് ഗവര്‍ണറായപ്പോള്‍ ആര്‍. ശങ്കര്‍ മുഖ്യമന്ത്രിയും പി.റ്റി. ചാക്കോ ആഭ്യന്തര മന്ത്രിയുമായി അധികാരമേറ്റു. രണ്ടു ഘടകങ്ങളും തമ്മില്‍ വിരോധം വളര്‍ന്നുകൊണ്ടിരുന്നു. 1964 ഫെ. 20-ന് പി.റ്റി. ചാക്കോ മന്ത്രിസഭയില്‍ നിന്നും രാജി വയ്ക്കുകയും അദ്ദേഹത്തിന്റെ അനുയായികള്‍ ശങ്കര്‍ ഭരണത്തിനെതിരായി തിരിയുകയും ചെയ്തു. 1964 ജൂണില്‍ നടന്ന കെ.പി.സി.സി. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ചാക്കോ മത്സരിച്ചെങ്കിലും പരാജയപ്പെടുകയാണുണ്ടായത്. ആഗ. 2-ന് പെട്ടെന്നുണ്ടായ അദ്ദേഹത്തിന്റെ മരണം ഗ്രൂപ്പുവടംവലിയുടെ ശക്തി വര്‍ധിപ്പിക്കുവാനിടവരുത്തി. ശങ്കറുടെ രാജിയായിരുന്നു ചാക്കോ ഗ്രൂപ്പിന്റെ ലക്ഷ്യങ്ങളിലൊന്ന്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് മന്ത്രിസഭയ്ക്കനുകൂലമായ നിലപാടെടുത്തതോടുകൂടി പി.ടി. ചാക്കോ ഗ്രൂപ്പിന്റെ പ്രതീക്ഷ നശിച്ചു.

ഈ ഘട്ടത്തില്‍ പ്രജാസോഷ്യലിസ്റ്റ് പാര്‍ട്ടി ശങ്കര്‍ മന്ത്രിസഭയ്ക്കെതിരായി നിയമസഭയില്‍ അവിശ്വാസം കൊണ്ടുവന്നു. ചാക്കോ ഗ്രൂപ്പിലുണ്ടായിരുന്ന നിയമസഭാ സാമാജികരില്‍ പതിനഞ്ചുപേര്‍ മന്ത്രിസഭയ്ക്കെതിരായി വോട്ടു ചെയ്തു. അങ്ങനെ അവിശ്വാസ പ്രമേയം പാസാകുകയും ശങ്കര്‍ രാജിവയ്ക്കുകയും ചെയ്തു. വിഘടിതര്‍ കെ.എം. ജോര്‍ജിന്റെ നേതൃത്വത്തില്‍ 'കേരള പ്രദേശ് കോണ്‍ഗ്രസ് സമുദ്ധാരണസമിതി' എന്ന പേരില്‍ ഒരു പുതിയ രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം കൊടുത്തു. ഈ പാര്‍ട്ടി 1964 ഒ. 9-ന് 'കേരളകോണ്‍ഗ്രസ്' എന്ന പേരു സ്വീകരിച്ച് ഔപചാരികമായി രാഷ്ട്രീയരംഗത്തു പ്രവേശിച്ചു.

കെ. എം. മാണി

കേരള കോണ്‍ഗ്രസ് നേരിട്ട ആദ്യത്തെ നിയമസഭാ തിരഞ്ഞെടുപ്പ് 1965 ഒക്ടോബറിലാണ് നടന്നത്. അമ്പത്തിനാലു മണ്ഡലങ്ങളില്‍ മത്സരിച്ച പാര്‍ട്ടി ഇരുപത്തിനാലു സീറ്റുകള്‍ നേടി. കോണ്‍ഗ്രസ് വിരുദ്ധവും മാര്‍ക്സിസ്റ്റ് വിരുദ്ധവുമായ വോട്ടുകള്‍ ഏകോപിപ്പിക്കുക എന്നതായിരുന്നു പാര്‍ട്ടിയുടെ ലക്ഷ്യം. 1965-ലെ വിജയത്തിന്റെ നിര്‍ണായക ശക്തി ക്രിസ്ത്യന്‍, നായര്‍ സമുദായങ്ങളുടെ വോട്ടുകളായിരുന്നു. നായര്‍ സമുദായത്തിന്റെ അനിഷേധ്യ നേതാവായിരുന്ന മന്നത്തു പദ്മനാഭന്‍ കേരള കോണ്‍ഗ്രസ്സിനു പിന്തുണ നല്‍കി. ക്രിസ്ത്യന്‍സമുദായത്തിലെ സാധാരണ ജനങ്ങള്‍ അന്തരിച്ച ചാക്കോയുടെ കാന്തവലയത്തിനുളളിലായിരുന്നു. തിരഞ്ഞെടുപ്പില്‍ എറണാകുളം, കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളില്‍ കേരള കോണ്‍ഗ്രസ് രാഷ്ട്രീയശക്തിയാണെന്നു തെളിഞ്ഞു. പക്ഷേ യാതൊരു കക്ഷിക്കും ഭൂരിപക്ഷം ലഭിക്കായ്കയാല്‍ നിയമസഭ കൂടുകയോ ഗവണ്‍മെന്റ് രൂപവത്കരിക്കപ്പെടുകയോ ചെയ്തില്ല.

1965-ല്‍ കോണ്‍ഗ്രസ് വിരുദ്ധ-മാര്‍ക്സിസ്റ്റ് വിരുദ്ധ നിലപാടാണ് പാര്‍ട്ടി എടുത്തിരുന്നതെങ്കിലും പില്ക്കാലത്ത് രണ്ടു കക്ഷികളുമായും തിരഞ്ഞെടുപ്പിലും ഭരണത്തിലും കൂട്ടുകെട്ടിലേര്‍പ്പെടുവാന്‍ തയ്യാറായി.

1967-ല്‍ മാര്‍ക്സിസ്റ്റ് നേതൃത്വത്തില്‍ തിരഞ്ഞെടുക്കപ്പെട്ട സപ്തമുന്നണിയിലുണ്ടായ അന്തച്ഛിദ്രം, കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവായ അച്യുതമേനോന്റെ നേതൃത്വത്തില്‍ പുതിയ ഭരണകൂടമുണ്ടാക്കുവാന്‍ വഴിതെളിച്ചു. കേരളാ കോണ്‍ഗ്രസ്സിന്റെ പങ്കാളിത്തത്തോടെയായിരുന്നു പുതിയ നീക്കം. ചെയര്‍മാന്‍ കെ. എം. ജോര്‍ജ് ഗതാഗത-ആരോഗ്യ വകുപ്പുകളുടെ മന്ത്രിയായി ചാര്‍ജെടുത്തു. 1970-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ പക്ഷേ ഈ ഐക്യം നിലനിന്നില്ല. 1975-ല്‍ വീണ്ടും മന്ത്രിസഭയില്‍ ചേരുവാന്‍ കേരള കോണ്‍ഗ്രസ്സിന് അവസരം ലഭിച്ചു.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ നിന്നും അടര്‍ന്നു പോന്ന ഒരു വിഭാഗമെന്ന നിലയില്‍ കോണ്‍ഗ്രസ്സില്‍ നിന്നും വ്യത്യസ്തമായ പരിപാടി പാര്‍ട്ടിക്കില്ലായിരുന്നു. എന്നാല്‍ പാര്‍ട്ടിയുടെ തനിമ നിലനിര്‍ത്തുന്നതിനുവേണ്ടി ഒരു പ്രത്യേക പരിപാടിക്കു രൂപം കൊടുക്കുവാന്‍ നേതാക്കള്‍ നിര്‍ബദ്ധരായി. ഒരു പ്രാദേശിക പാര്‍ട്ടിയെന്ന നിലയില്‍ സംസ്ഥാനങ്ങള്‍ക്കു കൂടുതല്‍ അധികാരങ്ങളും ദേശീയ വിഹിതവും പാര്‍ട്ടി ആവശ്യപ്പെടുന്നു. സാമ്പത്തിക രംഗത്ത് സ്വകാര്യ, പൊതു, സഹകരണമേഖലകളുടെ സഹവര്‍ത്തിത്വത്തിനാണ് പാര്‍ട്ടി ഊന്നല്‍ കൊടുക്കുന്നത്. 1979-ല്‍ പാര്‍ട്ടി അംഗീകരിച്ച സാമ്പത്തിക പരിപാടികള്‍ 'ജനകീയ സോഷ്യലിസം' എന്ന പേരില്‍ അറിയപ്പെടുന്നു.

പാര്‍ട്ടി രൂപംകൊണ്ട് ഏതാനും വര്‍ഷങ്ങള്‍ക്കകം ഉള്‍പ്പാര്‍ട്ടി വഴക്കുകള്‍ പ്രത്യക്ഷപ്പെടുകയും പാര്‍ട്ടി പിളര്‍പ്പിലേക്കു നീങ്ങുകയും ചെയ്തു. 1974, 1976, 1979 എന്നീ വര്‍ഷങ്ങളില്‍ കേരള കോണ്‍ഗ്രസ്സിനു പിളര്‍പ്പിനെ നേരിടേണ്ടി വന്നു. ഇതില്‍ 1979-ലെ പിളര്‍പ്പ് ഏതാണ്ട് തുല്യമായ രണ്ടു കക്ഷികള്‍ക്കു ജന്മം കൊടുത്തു; കെ. എം. മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ്സും പി. ജെ. ജോസഫിന്റെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ്സും. 1980-ല്‍ മാണിയും ബാലകൃഷ്ണപിള്ളയും ഇടതുമുന്നണിയിലായി. എന്നാല്‍ മാണി വിഭാഗം പിന്തുണ പിന്‍വലിച്ചതിനാല്‍ നായനാര്‍ മന്ത്രിസഭ നിലംപൊത്തി. അടുത്ത പിളര്‍പ്പില്‍ ലോനപ്പന്‍ നമ്പാടന്‍ 'കേരള കോണ്‍ഗ്രസ് സോഷ്യലിസ്റ്റ്' രൂപീകരിച്ച് ഇടതുപക്ഷത്തോടൊപ്പം നിന്നു. 1982-ലെ തിരഞ്ഞെടുപ്പില്‍ എല്ലാ കേരള കോണ്‍ഗ്രസ് വിഭാഗങ്ങളും യു.ഡി.എഫില്‍ ആയിരുന്നു. 1984-ല്‍ തന്നെ എല്ലാവരും ചേര്‍ന്ന് കേരള കോണ്‍ഗ്രസ് ഒറ്റപ്പാര്‍ട്ടിയായി. എന്നാല്‍ ഈ ഐക്യം ഏറെനാള്‍ നീണ്ടുനിന്നില്ല.  ജോസഫും മാണിയും വേര്‍പെട്ട് രണ്ടു പാര്‍ട്ടികളായെങ്കിലും ഇരുവരും യു.ഡി.എഫില്‍ത്തന്നെ നിലകൊണ്ടു.

ഇക്കാലയളവില്‍ മാണിയോടൊപ്പം നിന്ന ബാലകൃഷ്ണപിള്ള ജോസഫ് ഗ്രൂപ്പിലും ജോസഫിനൊപ്പം നിന്ന ടി.എം. ജേക്കബ് മാണി ഗ്രൂപ്പിലും എത്തി. 1989-ല്‍  ജോസഫും പിള്ളയും വേര്‍പിരിഞ്ഞു. 'കേരള കോണ്‍ഗ്രസ് ബി' നിലവില്‍ വന്നു. പിന്നീട് 1993-ല്‍ ടി.എം. ജേക്കബും പി.എം. മാത്യുവും മാണി ഗ്രൂപ്പ് വിട്ട് കേരള കോണ്‍ഗ്രസ് ജേക്കബുമായി ചേര്‍ന്ന് 'കേരള കോണ്‍ഗ്രസ് ജേക്കബ്ബി'ന് രൂപംനല്‍കി. 1995-ല്‍ ബാലകൃഷ്ണപിള്ളയുടെ കേരള കോണ്‍ഗ്രസ് ബിയില്‍ നിന്നും തെറ്റിപ്പിരിഞ്ഞ ജോസഫ് എം. പുതുശ്ശേരി പുതിയ പാര്‍ട്ടിയുണ്ടാക്കി. പിന്നീട് പുതുശ്ശേരി മാണി ഗ്രൂപ്പിലെത്തി.

1996-ല്‍ വിവിധ കേരള കോണ്‍ഗ്രസ്സുകാര്‍ ഇടതുപക്ഷത്തുനിന്നുകൊണ്ട് തിരഞ്ഞെടുപ്പിനെ നേരിട്ടു. യു.ഡി.എഫിലായിരുന്ന മാണിക്ക് അഞ്ചും ജേക്കബ് ഗ്രൂപ്പിന് രണ്ടും പിള്ളയ്ക്ക് ഒന്നും സ്ഥാനാര്‍ഥികള്‍ ജയിച്ച് എം.എല്‍.എ.മാരായി പ്രതിപക്ഷത്തിരുന്നു. ഇടതുമുന്നണിയിലായിരുന്ന ജോസഫ് മന്ത്രിയായി. ജോസഫ് ഗ്രൂപ്പില്‍ നിന്നു പുറത്താക്കിയ അഡ്വ. ടി.പി. എബ്രഹാമിന്റെ നേതൃത്വത്തില്‍ 'സമാന്തര കേരള കോണ്‍ഗ്രസ്' രൂപവത്കരിക്കപ്പെട്ടു. പിന്നീട് ഈ പാര്‍ട്ടി മാണി ഗ്രൂപ്പില്‍ ലയിച്ചു.

2001-ല്‍ മാണി ഗ്രൂപ്പില്‍ നിന്നും പുറത്താക്കപ്പെട്ട പി.സി. തോമസ് 'ഇന്ത്യന്‍ ഫെഡറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (IFDP) എന്ന പാര്‍ട്ടിയുണ്ടാക്കി. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ജയിച്ച പി.സി. തോമസ് ബി.ജെ.പി. നേതൃത്വം നല്‍കിയ കേന്ദ്രമന്ത്രിസഭയില്‍ അംഗമായി.

പി.ജെ. ജോസഫ്

2003-ല്‍ പി.ജെ. ജോസഫിനൊപ്പം നിന്ന പി.സി. ജോര്‍ജിനെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റിയതിനെത്തുടര്‍ന്ന് ഇദ്ദേഹം 'കേരള കോണ്‍ഗ്രസ് സെക്യുലര്‍' രൂപീകരിച്ചു. ജോര്‍ജിന്റെ സെക്യുലര്‍ പാര്‍ട്ടിയില്‍ നിന്നും പുറത്തുവന്ന ഈപ്പന്‍ ജോര്‍ജ് വര്‍ഗീസ് പിന്നീട് 'ഒറിജിനല്‍ കേരള കോണ്‍ഗ്രസ്സി'നു രൂപംനല്‍കി. 2005 സെപ്തംബറില്‍ പി.സി. തോമസിന്റെ ഐ.എഫ്.ഡി.പി. ജോസഫ് ഗ്രൂപ്പില്‍ ലയിച്ചു. 2005-ല്‍ കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പ് കെ. കരുണാകരന്റെ നേതൃത്വത്തില്‍ രൂപവത്കരിക്കപ്പെട്ട 'ഡെമോക്രാറ്റിക് ഇന്ദിരാ കോണ്‍ഗ്രസ്-ഡി.ഐ.സി.യില്‍ ലയിച്ചുവെങ്കിലും ഒരു വര്‍ഷത്തിനുശേഷം 2006 സെപ്തംബറില്‍ ഇക്കൂട്ടര്‍ ഡി.ഐ.സി. വിട്ട് കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പിനു പുനര്‍ജന്മം നല്കി. 2006-ലെ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയോടൊപ്പം നിന്ന ജേക്കബ്, അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ അംഗമായി. പി.സി. ജോര്‍ജിന്റെ സെക്യുലര്‍ ജോസഫ് ഗ്രൂപ്പില്‍ ലയിച്ചു. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ടി.എം. ജേക്കബ് പിന്നീട് 2010 വരെ യു.ഡി.എഫിന് എതിരായ നിലപാടു സ്വീകരിച്ചു. 2011-ലെ തിരഞ്ഞെടുപ്പ് അടുത്തുവരികെ മന്ത്രിസ്ഥാനത്തുനിന്നും രാജിവച്ച് യു.ഡി.എഫില്‍ തിരികെ എത്തിയ ജോസഫും പി.സി. ജോര്‍ജും മാണിയുമായി ചേര്‍ന്ന് കേരള കോണ്‍ഗ്രസ് എന്ന ഒറ്റക്കക്ഷിക്കു രൂപം നല്‍കി. കെ.എം. മാണി പാര്‍ട്ടി ചെയര്‍മാനും പി.ജെ. ജോസഫ് ജനറല്‍ സെക്രട്ടറിയുമായി. തുടര്‍ന്ന് ഇക്കാലയളവില്‍ത്തന്നെ ടി.എം. ജേക്കബും യു.ഡി.എഫില്‍ തിരികെ സജീവമായി. 2011-ലെ തിരഞ്ഞെടുപ്പില്‍ സീറ്റ് ധാരണയെ സംബന്ധിച്ച് കേരള കോണ്‍ഗ്രസ് അണികള്‍ക്കിടയില്‍ ആശയക്കുഴപ്പവും അഭിപ്രായഭിന്നതകളും ഉണ്ടായെങ്കിലും നേതൃത്വം ഇടപെട്ട് അവ പരിഹരിച്ചു. 2011-ലെ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ മാണിയും ജോസഫും പിള്ളയുടെ മകന്‍ ഗണേശ്കുമാറും ടി.എം. ജേക്കബും മന്ത്രിമാരായി. ടി.എം. ജേക്കബിന്റെ മരണത്തെത്തുടര്‍ന്ന് ഇടക്കാല തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ച് മകന്‍ അനൂപ് ജേക്കബ്ബിന് മന്ത്രിപദവി ലഭിച്ചു. പി.സി. തോമസ് മാത്രമാണ് ഇടതുമുന്നണിയോടൊപ്പമുള്ളത്. നിലവില്‍ (2012) കേരള കോണ്‍ഗ്രസ്സിന് നാല് അംഗീകൃത ഗ്രൂപ്പുകളുണ്ട്.

1975 മുതല്‍ ഇന്നുവരെ (2012) കേരളത്തിലുണ്ടായ എല്ലാ മന്ത്രിസഭകളിലും കേരളാ കോണ്‍ഗ്രസ്സിന്റെ ഏതെങ്കിലും വിഭാഗങ്ങള്‍ പങ്കാളികളായിരുന്നു.

(ഡോ. ജോസ്ചന്ദര്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍