This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേരള ഔദ്യോഗിക ഭാഷാ (നിയമനിര്‍മാണ) കമ്മിഷന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേരള ഔദ്യോഗിക ഭാഷാ (നിയമനിര്‍മാണ) കമ്മിഷന്‍

കേന്ദ്രനിയമങ്ങളുടെയും ചട്ടങ്ങളുടെയും മലയാളപരിഭാഷ പരിശോധിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന കേരള സര്‍ക്കാര്‍ സ്ഥാപനം. 1961-ല്‍ നിലവില്‍ വന്ന കേന്ദ്ര ഔദ്യോഗിക ഭാഷാ (നിയമനിര്‍മാണ) കമ്മിഷന്റെ ചുവടുപിടിച്ചാണ് 1968-ല്‍ തിരുവനന്തപുരം ആസ്ഥാനമാക്കി ഈ സ്ഥാപനം പ്രവര്‍ത്തനമാരംഭിച്ചത്. കേന്ദ്ര ഔദ്യോഗിക ഭാഷാ (നിയമനിര്‍മാണ) കമ്മിഷന്‍ തയ്യാറാക്കുന്ന ഹിന്ദിയിലുള്ള നിയമ പദങ്ങളുടെ പദാവലി (glossary) സൂക്ഷ്മപരിശോധനയ്ക്കു വിധേയമാക്കുകയും മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യാന്‍ അതില്‍ വേണ്ട തിരുത്തലുകള്‍ നിര്‍ദേശിക്കുകയും ചെയ്യുക എന്നതാണ് ഈ സ്ഥാപനത്തിന്റെ ഒരു ലക്ഷ്യം. ഇതുകൂടാതെ സംസ്ഥാന നിയമങ്ങള്‍, ചട്ടങ്ങള്‍, ഓര്‍ഡിനന്‍സുകള്‍ എന്നിവ മലയാളത്തിലാക്കുന്ന ജോലിയും സ്ഥാപനം നിര്‍വഹിച്ചുവരുന്നു. നിലവില്‍ കേന്ദ്രനിയമങ്ങളെല്ലാം യഥാവിധം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി, കേന്ദ്ര ഔദ്യോഗിക ഭാഷാ (നിയമനിര്‍മാണ) കമ്മിഷന് അംഗീകാരത്തിനായി അയച്ചുകൊടുക്കുന്ന പ്രവര്‍ത്തനമാണ് ഈ സ്ഥാപനം നിര്‍വഹിച്ചുപോരുന്നത്. നിയമങ്ങളുടെ മലയാള പരിഭാഷ അച്ചടിക്കുന്നതിനും പ്രസിദ്ധീകരിക്കുന്നതിനും ചെലവാകുന്ന തുക കേന്ദ്രസര്‍ക്കാര്‍ വഹിക്കും. കേന്ദ്രനിയമങ്ങളെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്നതിനായി പ്രവര്‍ത്തിക്കുന്ന ഏക അധികാര സ്ഥാപനമായ കമ്മിഷന്‍ കേരള സര്‍ക്കാരിന്റെ നിയമസെക്രട്ടേറിയറ്റിന്റെ ഭരണത്തിന്‍കീഴിലാണ് പ്രവര്‍ത്തിക്കുന്നത്.

ഭാഷാ വിദഗ്ധനും ഭാഷാ സഹായികളും ഉള്‍പ്പെടെയുള്ള സാങ്കേതിക വിഭാഗമാണ് നിയമങ്ങളുടെ പരിഭാഷ തയ്യാറാക്കുന്നത്. കേന്ദ്രകമ്മിഷന്റെ അംഗീകാരം ലഭിച്ചതിനുശേഷം ഈ പരിഭാഷ, രാഷ്ട്രപതി അംഗീകരിക്കുകയും തുടര്‍ന്ന് ഇന്ത്യാ ഗസറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു. ഇത് പുസ്തക രൂപത്തില്‍ പൊതുജനങ്ങള്‍ക്ക് വാങ്ങാനും ലഭ്യമാണ്. നിലവില്‍ കേരള ഔദ്യോഗിക ഭാഷാ (നിയമനിര്‍മാണ) കമ്മിഷന്‍ തയ്യാറാക്കിയ 255 കേന്ദ്ര നിയമങ്ങളുടെ പരിഭാഷ കേന്ദ്രകമ്മിഷന്‍ അംഗീകരിക്കുകയും അവയില്‍ 193 എണ്ണം പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട് (2012). ബാക്കിയുള്ളവയുടെ പരിഭാഷ-നിയമനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. ഇന്ത്യന്‍ ഭരണഘടനയുടെ മലയാളം പരിഭാഷ ഈ സ്ഥാപനം തയ്യാറാക്കി വില്പന നടത്തുന്നുണ്ട്.

വിവിധ നിയമങ്ങള്‍, മാതൃഭാഷയില്‍ ലഭ്യമാക്കുന്നതിലൂടെ സാധാരണക്കാരുടെ നിയമപരിജ്ഞാനം വര്‍ധിപ്പിക്കുക എന്നതാണ് കേരള ഔദ്യോഗിക ഭാഷാ (നിയമനിര്‍മാണ) കമ്മിഷന്റെ ആത്യന്തിക ലക്ഷ്യം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍