This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച് ട്രെയിനിങ്....(KIRTADS)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച് ട്രെയിനിങ് ആന്‍ഡ് ഡെവലപ്മെന്റ് സ്റ്റഡീസ് ഒഫ് ഷെഡ്യൂള്‍ഡ് കാസ്റ്റ്സ് ആന്‍ഡ് ട്രൈബ്സ് (KIRTADS)

കേരളത്തിലെ പട്ടികജാതി-പട്ടികഗോത്ര വിഭാഗത്തില്‍പ്പെട്ട ജനവിഭാഗങ്ങളുടെ വികസനം ലക്ഷ്യമാക്കി ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സര്‍ക്കാര്‍ സ്ഥാപനം. പട്ടികജാതി-പട്ടികഗോത്ര ജനവിഭാഗങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളും അവരുടെ ആവശ്യങ്ങളും പഠിച്ച് അതിനുവേണ്ട പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിക്കുക എന്നതാണ് കിര്‍ത്താഡ്സിന്റെ പ്രവര്‍ത്തനലക്ഷ്യം. ട്രൈബല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ് സെന്റര്‍ എന്ന പേരില്‍ 1972-ലാണ് ഇത് സ്ഥാപിതമായത്. 1979-ല്‍ കിര്‍ത്താഡ്സ് എന്ന പേര് സ്വീകരിച്ചു. കോഴിക്കോട് ജില്ലയിലെ ചേവായൂര്‍ ആണ് ഇതിന്റെ ആസ്ഥാനം. മൂന്ന് പ്രവര്‍ത്തനവിഭാഗങ്ങളാണ് കിര്‍ത്താഡ്സിനുള്ളത്. ഗവേഷണവിഭാഗത്തില്‍ പട്ടികജാതി- ഗോത്രസമുദായങ്ങളുടെ പുരാതനകാല വിവരങ്ങള്‍, ഭാഷ, ചരിത്രം, സാമൂഹികമേഖലകള്‍, സാമ്പത്തികനിലവാരം തുടങ്ങിയവ പഠനവിധേയമാക്കുന്നു. ഇവ കൂടാതെ വിവിധ സമുദായങ്ങളുടെ വര്‍ഗീകരണത്തെപ്പറ്റിയുള്ള ഗവേഷണപഠനങ്ങളും നടക്കുന്നുണ്ട്. പരിശീലന വിഭാഗത്തില്‍, ഗവണ്‍മെന്റിന്റെ പട്ടികജാതി- പട്ടികഗോത്ര വകുപ്പുമായി ബന്ധപ്പെട്ട വിവിധ ഡിപ്പാര്‍ട്ടുമെന്റുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് പരിശീലനവും നല്‍കിവരുന്നു. ഇതുകൂടാതെ ഈ വിഭാഗത്തില്‍പ്പെട്ട യുവാക്കള്‍ക്ക് കംപ്യൂട്ടര്‍ ഉള്‍പ്പെടെ ആധുനിക സാങ്കേതികവിദ്യയില്‍ പരിശീലനം നല്കുകയും ഈ വിഭാഗക്കാര്‍ക്ക് ഗവണ്‍മെന്റ് അനുവദിച്ചിട്ടുള്ള നിരവധി പദ്ധതികളെയും പരിപാടികളെയും പറ്റി ബോധവത്കരണം നല്‍കുകയും ചെയ്യുന്നു. കിര്‍ത്താഡ്സിന്റെ മൂല്യനിര്‍ണയവിഭാഗത്തില്‍ പട്ടികജാതി-ഗോത്രവിഭാഗങ്ങള്‍ക്കായി ഗവണ്‍മെന്റ് ആവിഷ്കരിച്ചിട്ടുള്ള വിവിധ പദ്ധതികള്‍ എത്രമാത്രം ഫലപ്രദമായെന്ന് സമഗ്രമായി വിലയിരുത്തുകയും ചെയ്യുന്നു. ഈ വിഭാഗങ്ങളുടെ ജനസംഖ്യയിലുണ്ടാകുന്ന കുറവ്, ഇവര്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ആസൂത്രണം ചെയ്തിട്ടുള്ള പദ്ധതികളെക്കുറിച്ചുള്ള പഠനങ്ങള്‍ എന്നിവയും മൂല്യനിര്‍ണയ വിഭാഗം വിശകലനം ചെയ്യുന്നു.

കിര്‍ത്താഡ്സിന്റെ കീഴിലുള്ള എത്തനോളജിക്കല്‍ മ്യൂസിയം, വിജ്ഞാനപ്രദമാണ്. കേരളത്തിലെ എല്ലാ പട്ടികഗോത്രക്കാരുടെയും ജീവിതക്രമവുമായി ബന്ധപ്പെട്ട സാധനസാമഗ്രികള്‍, നിത്യോപയോഗ സാധനങ്ങള്‍, ആഭരണങ്ങള്‍, അലങ്കാരവസ്തുക്കള്‍, കാര്‍ഷികോപകരണങ്ങള്‍, വസ്ത്രങ്ങള്‍, സംഗീതോപകരണങ്ങള്‍, ആചാരാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട സാധനസാമഗ്രികള്‍ എന്നിവ ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ഓരോ പട്ടികഗോത്രവിഭാഗത്തിന്റെയും സാമൂഹിക നിലവാരം സൂചിപ്പിക്കുന്ന ചിത്രങ്ങളും മറ്റും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഈ വിഭാഗങ്ങളെക്കുറിച്ച് സര്‍ക്കാര്‍ നടത്തിയ പഠനഗവേഷണ റിപ്പോര്‍ട്ടുകളും മ്യൂസിയത്തിലുണ്ട്. ഇതര സംസ്ഥാനങ്ങളിലെ ആദിവാസി വിഭാഗങ്ങളുടെ ചരിത്രരേഖകള്‍ സൂക്ഷിച്ചിരുന്ന ഈ മ്യൂസിയം 1973-ലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ആദിവാസി കുടിലുകളുടെ ചെറിയ രൂപങ്ങള്‍, അവര്‍ ഉപയോഗിച്ചിരുന്ന പച്ചമരുന്നുകളുടെ ശേഖരം എന്നിവയും ഇവിടത്തെ ശേഖരണത്തില്‍ ഉള്‍പ്പെടുന്നു.

കിര്‍ത്താഡ്സിന്റെ മറ്റൊരു പ്രധാന ആകര്‍ഷണമാണ് ആദികലാകേന്ദ്രം. വിവിധ പട്ടികഗോത്ര വിഭാഗങ്ങള്‍ അവതരിപ്പിച്ചിരുന്ന നൃത്തരൂപങ്ങളുടെ ആധികാരിക രേഖകള്‍ ഇവിടെ സൂക്ഷിച്ചിരിക്കുന്നു. നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന ആദിവാസി കലാരൂപങ്ങളുടെ സംരക്ഷണാര്‍ഥം പ്രവര്‍ത്തിക്കുന്ന ആദികലാകേന്ദ്രത്തില്‍ ഓരോ കലാരൂപവുമായി ബന്ധപ്പെട്ട സംഗീതം, ഐതിഹ്യം, ആചാരാനുഷ്ഠാനങ്ങള്‍ എന്നിവയെപ്പറ്റിയും വിവരണമുണ്ട്. പട്ടികജാതി-പട്ടികഗോത്ര വികസനവുമായി ബന്ധപ്പെട്ട ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ഫെലോഷിപ്പ് നല്‍കുന്നതോടൊപ്പം സെമിനാറുകള്‍, ശില്പശാലകള്‍ എന്നിവയും കിര്‍ത്താഡ്സ് നടത്തുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍