This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന്‍ (KILA)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന്‍ (KILA)

കില

കേരള സര്‍ക്കാരിന്റെ തദ്ദേശ സ്വയംഭരണവകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്വയംഭരണ സ്ഥാപനം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥന്മാരുടെയും പരിശീലനം, ഗവേഷണം, കണ്‍സള്‍ട്ടന്‍സി എന്നീ മേഖലകളില്‍ ഒരു നോഡല്‍ ഏജന്‍സിയായിട്ടാണ് കില നിലകൊള്ളുന്നത്.

1955-ലെ ട്രാവന്‍കൂര്‍-കൊച്ചിന്‍ ലിറ്റററി, സയന്റിഫിക് ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റീസ് ആക്റ്റ് പ്രകാരം 1990-ല്‍ സ്ഥാപിതമായ ഈ സ്ഥാപനം എം.എല്‍.എ.മാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, സാമൂഹ്യപ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനകളിലെ അംഗങ്ങള്‍, മാധ്യമപ്രവര്‍ത്തകര്‍, നാഷണല്‍ സര്‍വീസ് സ്കീം വോളന്റിയര്‍മാര്‍ മുതലായവര്‍ ഉള്‍പ്പെടെ ഏകദേശം നാലു ലക്ഷത്തിലധികംപേര്‍ക്ക്, കേരളത്തിലെ അധികാരവികേന്ദ്രീകരണ പ്രക്രിയയെ ത്വരിതപ്പെടുത്തുന്നതിനും സദ്ഭരണം ഉറപ്പുവരുത്തുന്നതിനും വേണ്ടി വിവിധങ്ങളായ പരിശീലനം നല്‍കിക്കഴിഞ്ഞിട്ടുണ്ട്. ത്രിതല പഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍ക്ക് തെരഞ്ഞെടുക്കപ്പെട്ട് ആറു മാസത്തിനുള്ളില്‍ പ്രാഥമിക പരിശീലനവും തുടര്‍ന്ന് വിഷയാധിഷ്ഠിതമായി ഘട്ടംഘട്ടമായി വിശദമായ പരിശീലനവും നല്‍കിവരുന്നു. ജില്ലാ ആസൂത്രണസമിതി അംഗങ്ങളുടെ പരിശീലനം, ത്രിതല പഞ്ചായത്തുകളിലെയും നഗരസഭകളിലെയും ജനപ്രതിനിധികള്‍ക്ക് ആറുമാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്സ് എന്നിവ സംഘടിപ്പിക്കുകയും പ്രസ്തുത കോഴ്സില്‍ സദ്ഭരണം, ഗവേഷണരീതി ശാസ്ത്രം, തദ്ദേശീയമായ സാമ്പത്തിക വികസനം, ദാരിദ്ര്യനിര്‍മാര്‍ജനം, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍, നേതൃത്വപരിശീലനം തുടങ്ങി പല വിഷയങ്ങളെയും അടിസ്ഥാനമാക്കിയുള്ള പരിശീലനവും നല്കിവരുന്നു.

ലോകത്തിന്റെ മറ്റു പലഭാഗങ്ങളില്‍ നിന്നും അധികാര വികേന്ദ്രീകരണത്തെക്കുറിച്ച് അറിയാനും പഠിക്കാനുമായി നിരവധി പേര്‍ കില സന്ദര്‍ശിക്കാറുണ്ട്. അത്തരം ആളുകളെ ഉദ്ദേശിച്ച് ധാരാളം ദേശീയ-അന്തര്‍ദേശീയ പാഠ്യപരമ്പരകള്‍ കില സംഘടിപ്പിച്ചുവരുന്നു. തദ്ദേശഭരണത്തെ സംബന്ധിച്ച ഒട്ടനവധി കാര്യങ്ങളുടെ മലയാളത്തിലുള്ള പ്രസിദ്ധീകരണത്തോടൊപ്പം ഗവേഷണപഠനങ്ങളുടെ പ്രചാരണാര്‍ഥം കില ജേര്‍ണല്‍ ഒഫ് ലോക്കല്‍ ഗവേണന്‍സ് എന്ന പേരില്‍ ഒരു ഇംഗ്ലീഷ് ജേര്‍ണലും ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്നുണ്ട്.

അധികാര വികേന്ദ്രീകരണത്തെ ശക്തിപ്പെടുത്തുന്നതിന് യു.എന്‍. ഹാബിറ്റാറ്റ്, സ്വിസ് ഏജന്‍സി ഫോര്‍ ഡെവലപ്മെന്റ് ആന്‍ഡ് കോര്‍പ്പറേഷന്‍, യു.എന്‍.ഡി.പി., ഹഡ്കോ എന്നിവയുമായി സഹകരിച്ച് പ്രവര്‍ത്തനപരിപാടികള്‍ നടപ്പിലാക്കിവരുന്നു. കൂടാതെ ശ്രീലങ്ക ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ലോക്കല്‍ ഗവണ്‍മെന്റുമായി ശ്രീലങ്കയിലെ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കുവേണ്ടി സദ്ഭരണം, ദാരിദ്യ്രനിര്‍മാര്‍ജനം, വികേന്ദ്രീകരണം എന്നിവയില്‍ പരിശീലനം നല്കുന്നതിനുവേണ്ടിയും പദ്ധതികള്‍ ആവിഷ്കരിച്ചുവരുന്നു. സാര്‍ക് രാജ്യങ്ങളുടെ സെന്റര്‍ ഒഫ് എക്സലന്‍സ് പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട കിലയില്‍ കൂടുതല്‍ ആധുനിക പരിശീലനോപാധികളും ഇന്റര്‍നാഷണല്‍ ഹോസ്റ്റല്‍ തുടങ്ങിയ മെച്ചപ്പെട്ട സൗകര്യങ്ങളും ഉണ്ട്. യു.എന്‍. ഹാബിറ്റാറ്റും ദുബായ് മുനിസിപ്പാലിറ്റിയും സംയുക്തമായി നടപ്പിലാക്കിയ ദുബായ് ഇന്റര്‍നാഷണല്‍ അവാര്‍ഡ് കിലയ്ക്ക് ലഭിച്ചിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍