This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്മെന്റ് (KILE)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്മെന്റ് (KILE)

തൊഴിലിലും അനുബന്ധമേഖലകളിലും ഗവേഷണവും പരിശീലനവും സംഘടിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന കേരള സര്‍ക്കാര്‍ സ്ഥാപനം. 1978-ല്‍ സൊസൈറ്റീസ് രജിസ്ട്രേഷന്‍ ആക്റ്റ് പ്രകാരം സ്ഥാപിതമായ കിലെയുടെ ആസ്ഥാനം തിരുവനന്തപുരമാണ്. വിവിധ തൊഴിലുകളുമായി ബന്ധപ്പെട്ട പരിശീലനപരിപാടികള്‍, പഠന ക്ലാസ്സുകള്‍, ശില്പശാലകള്‍ തുടങ്ങിയവ സംഘടിപ്പിക്കുക, കിലെ നടത്തുന്ന ഗവേഷണ സംരംഭങ്ങള്‍ക്കൊപ്പംതന്നെ സര്‍വകലാശാലകള്‍, മറ്റു സ്ഥാപനങ്ങള്‍ എന്നിവയില്‍ നടക്കുന്ന സമാന ഗവേഷണ പ്രവര്‍ത്തനങ്ങളെയും സഹായിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുക, തൊഴിലനുബന്ധപ്രവര്‍ത്തനങ്ങളുടെ ആസൂത്രണത്തിലും നടത്തിപ്പിലും ഉള്ള പോരായ്മകള്‍ കണ്ടെത്തി പരിഹരിക്കുക, ഈ മേഖലയുമായി ബന്ധപ്പെട്ട പുസ്തകങ്ങളും ആനുകാലികങ്ങളും പ്രസിദ്ധീകരിക്കുക, ആധികാരിക രേഖകള്‍ സമഗ്രമായി ശേഖരിച്ച് സൂക്ഷിക്കുക എന്നിവയാണ് കിലെയുടെ ഔദ്യോഗിക നടപടികള്‍. ഇതിനുപുറമേ മികച്ച തൊഴിലനുബന്ധ ഗവേഷണങ്ങള്‍ക്ക് സ്കോളര്‍ഷിപ്പുകളും അവാര്‍ഡുകളും കിലെ നല്‍കിവരുന്നു. മാറുന്ന സാമ്പത്തിക മേഖലയ്ക്ക് അനുസരിച്ച് ഗവണ്‍മെന്റ്, മാനേജ്മെന്റ്, തൊഴിലാളികള്‍ എന്നീ മൂന്ന് മേഖലകളെയും സംയോജിപ്പിച്ചുകൊണ്ട് പുതിയ ഒരു തൊഴില്‍സംസ്കാരം രൂപീകരിക്കുന്നതില്‍ കിലെ പ്രധാന പങ്ക് വഹിക്കുന്നു.

തിരുവനന്തപുരത്തിനു പുറമേ കോഴിക്കോട്, കണ്ണൂര്‍, കാഞ്ഞിരപ്പള്ളി, മലപ്പുറം, പത്തനംതിട്ട, തൃശൂര്‍ എന്നിവിടങ്ങളിലും കിലെയുടെ പ്രാദേശിക കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍