This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേരളീയ സംസ്കൃത സാഹിത്യചരിത്രം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേരളീയ സംസ്കൃത സാഹിത്യചരിത്രം

കേരളത്തിലെ സംസ്കൃത സാഹിത്യത്തിന്റെ ഉദ്ഭവവികാസങ്ങളെക്കുറിച്ചുള്ള ഒരു ബൃഹദ്ഗ്രന്ഥം. കേരളത്തില്‍ സംസ്കൃതത്തില്‍ ഗ്രന്ഥരചന നടത്തിയിട്ടുള്ളവരുടെയും അവര്‍ രചിച്ച ഗ്രന്ഥങ്ങളുടെയും സംസ്കൃതഭാഷയും സാഹിത്യവുമായി ബന്ധപ്പെട്ട പ്രസ്ഥാനങ്ങളുടെയും വിശദവും വിശ്ലേഷണാത്മകവുമായ ചരിത്രം ഉള്‍ക്കൊള്ളുന്ന ഈ മഹാഗ്രന്ഥത്തിന്റെ കര്‍ത്താവ് വടക്കുംകൂര്‍ രാജരാജവര്‍മരാജയാണ്.

ആറു വാല്യങ്ങളിലായി 79 അധ്യായങ്ങളും 3600-ഓളം പുറങ്ങളുമുള്ള ഈ ഗ്രന്ഥപരമ്പരയില്‍ ശങ്കരാചാര്യരുടെ ജനനത്തിന് അനേകം ശതാബ്ദങ്ങള്‍ക്കു മുമ്പുമുതല്‍ 1965 വരെയുള്ള കേരളീയ സംസ്കൃത സാഹിത്യചരിത്രം വിവരിച്ചിരിക്കുന്നു. ഗ്രന്ഥകാരന്മാരുടെ ജീവചരിത്രസംഗ്രഹവും അവരുടെ കൃതികളെപ്പറ്റിയുള്ള നിരൂപണാത്മകമായ വിവരണവുമാണ് ഈ ഗ്രന്ഥസഞ്ചികയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. വിദ്യാലയങ്ങള്‍, സദസ്സുകള്‍, പത്രങ്ങള്‍, മാസികകള്‍, സ്ഥാനങ്ങള്‍ (താനം) എന്നിങ്ങനെ സംസ്കൃതത്തോടു ബന്ധപ്പെട്ട എല്ലാവിധ സ്ഥാപനങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും ചരിത്രവും ഇതില്‍ പ്രതിപാദിതമായിട്ടുണ്ട്. സാഹിത്യകൃതികളോടൊപ്പം സംസ്കൃതശാസ്ത്രഗ്രന്ഥങ്ങളും ഇതിലെ പഠനത്തിന് വിഷയീഭവിച്ചിട്ടുണ്ട്. പല കാലഘട്ടങ്ങളില്‍ പല കവികള്‍ രചിക്കുകയും സഹൃദയരുടെയിടയില്‍ പ്രചരിക്കുകയും ചെയ്തിട്ടുള്ള അനേകം ഒറ്റശ്ലോകങ്ങളും ഇതില്‍ ഉദ്ധരിച്ചിരിക്കുന്നതുകാണാം.

1937, 46, 50, 62, 65, 66 എന്നീ വര്‍ഷങ്ങളില്‍ യഥാക്രമം 1, 2, 3, 4, 5, 6 എന്നീ വാല്യങ്ങള്‍ പ്രസിദ്ധീകരിച്ചു. ഒന്നാംവാല്യം തിരുവനന്തപുരത്തെ കമലാലയാമുദ്രാലയത്തിലും ബാക്കി വാല്യങ്ങള്‍ തൃശൂര്‍ മംഗളോദയം അച്ചുകൂടത്തിലുമാണ് അച്ചടിച്ചിട്ടുള്ളത്.

ഒന്നാംവാല്യത്തില്‍ എട്ട് അധ്യായങ്ങളിലായി മഹിഷമംഗലം നമ്പൂതിരിമാര്‍ക്കുമുമ്പു (15-ാം ശ.) ജീവിച്ചിരുന്ന കവികളുടെയും പണ്ഡിതന്മാരുടെയും അവരുടെ കൃതികളുടെയും ചരിത്രം വിവരിച്ചിരിക്കുന്നു. ഒന്നാം അധ്യായത്തില്‍ അക്ഷരങ്ങളെക്കൊണ്ടു സംഖ്യ നിശ്ചയിക്കുന്ന സാഹിത്യവിനോദവും രണ്ടില്‍ മീമാംസയുടെ സ്വരൂപവും നാലില്‍ സൂത്രഭാഷ്യം (വേദാന്തം), സ്മാര്‍ത്തവിചാരം, അനാചാരം തുടങ്ങിയവയും ആറില്‍ ദൃഗ്ഗണിതവും നീതിന്യായപ്രവര്‍ത്തനവും ഏഴില്‍ തളിയില്‍ താനവും നിരൂപണം ചെയ്തിരിക്കുന്നു.

രണ്ടാംവാല്യത്തില്‍ 12 അധ്യായങ്ങളാണുള്ളത്. മലയാളഭാഷയുടെ അഭിവൃദ്ധിക്കും പരിഷ്കാരത്തിനും സംസ്കൃതം നല്കിയ സംഭാവനകളെപ്പറ്റി വിവരിക്കുന്നതാണ് ഒന്നാം അധ്യായം. രണ്ടുമുതല്‍ എട്ടുവരെയുള്ള അധ്യായങ്ങളില്‍ കേരള സംസ്കാരത്തിന്റെ ചരിത്രം വിശദമായി പ്രതിപാദിച്ചിരിക്കുന്നു. കൃഷ്ണപുരാണം മുതല്‍ കരണോത്തരം വരെയുള്ള അനേകം ഗ്രന്ഥങ്ങളെയും തത്കര്‍ത്താക്കളെയുംകുറിച്ചുള്ള വിവരണമാണ് ഒമ്പതുമുതലുള്ള അധ്യായങ്ങളില്‍ കാണുന്നത്.

മൂന്നാംവാല്യത്തില്‍ 16 അധ്യായങ്ങളാണുള്ളത്. ഇതില്‍ മേല്പുത്തൂര്‍ നാരായണഭട്ടതിരിയുടെ കാലംമുതല്‍ ഒന്നരശതാബ്ദക്കാലത്തിനിടയ്ക്കു ജീവിച്ചിരുന്ന ഗ്രന്ഥകര്‍ത്താക്കളെയും അവരുടെ കൃതികളെയും കുറിച്ചുള്ള വിവരണം കൊടുത്തിരിക്കുന്നു. ആദ്യത്തെ നാല് അധ്യായങ്ങളില്‍ മേല്പുത്തൂര്‍ നാരായണഭട്ടതിരിയെയും അദ്ദേഹത്തിന്റെ കൃതികളെയും സംബന്ധിച്ചുള്ള പരിചര്‍ച്ചയാണ്. ഈ ഭാഗം പ്രത്യേകം ഒരു പുസ്തകമായും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

നാലാംവാല്യത്തില്‍ മഹാകവി രാമപാണിവാദന്റെ കാലംമുതല്‍ കേരളവര്‍മ വലിയകോയിത്തമ്പുരാന്റെ കാലംവരെ പരന്നുകിടക്കുന്ന (1684-1845) സംസ്കൃത സാഹിത്യചരിത്രത്തെ 16 അധ്യായങ്ങളിലായി ഒതുക്കി ചര്‍ച്ച ചെയ്തിരിക്കുന്നു. മഹാകവി രാമപാണിവാദനെപ്പറ്റിയും അദ്ദേഹത്തിന്റെ കൃതികളെപ്പറ്റിയുമുള്ള ഗവേഷണാത്മകമായ വിലയിരുത്തലാണ് ആദ്യത്തെ ആറ് അധ്യായങ്ങളില്‍ കാണുന്നത്. ഇതും പ്രത്യേകം പുസ്തകമായി പ്രസിദ്ധീകൃതമായിട്ടുണ്ട്.

1845 മുതല്‍ 1925 വരെയുള്ള കാലഘട്ടത്തിലെ കേരളീയ സംസ്കൃതസാഹിത്യത്തിന്റെ ചരിത്രമാണ് അഞ്ചാംവാല്യത്തിന്റെ ഉള്ളടക്കം. ഇതില്‍ 14 അധ്യായങ്ങളാണുള്ളത്. കേരളവര്‍മ വലിയകോയിത്തമ്പുരാന്റെ ചരിത്രവും അദ്ദേഹത്തിന്റെ കൃതികളും ആദ്യത്തെ നാല് അധ്യായങ്ങളിലായി വിവരിച്ചിരിക്കുന്നു. ഈ ഭാഗവും പ്രത്യേകം പുസ്തകമായി പ്രകാശനം ചെയ്തിട്ടുണ്ട്. കൊടുങ്ങല്ലൂര്‍ കൊച്ചുണ്ണിത്തമ്പുരാന്റെ സാഹിത്യസംഭാവനകളെ സംബന്ധിക്കുന്ന പഠനമാണ് അഞ്ചുമുതല്‍ എട്ടുവരെയുള്ള അധ്യായങ്ങളില്‍ കാണുന്നത്. ചണ്ഡമാരുതശാസ്ത്രിയുടെ ചരിതം പ്രതിപാദിച്ചുകൊണ്ട് അഞ്ചാംവാല്യം അവസാനിപ്പിച്ചിരിക്കുന്നു.

13 അധ്യായങ്ങളുള്ള ആറാംവാല്യത്തില്‍ മഹാമഹോപാധ്യായന്‍ റ്റി. ഗണപതിശാസ്ത്രികള്‍ തുടങ്ങി വടക്കുംകൂറിന്റെ സമകാലികരായിരുന്ന, അന്തരിച്ച സാഹിത്യകാരന്മാര്‍ വരെയുള്ള പാണ്ഡിത്യന്മാരെക്കുറിച്ചു പ്രഗല്ഭമായി പ്രതിപാദിച്ചിരിക്കുന്നു. അവസാനത്തെ അധ്യായത്തില്‍ മലയാളികളുടെ സംസ്കൃതഭാഷാപഠനത്തെയും സംസ്കൃത സാഹിത്യ സപര്യയെയും ആസ്പദമാക്കിയുള്ള സമഗ്രമായ പഠനമാണുള്ളത്.

പി. ഗോവിന്ദപ്പിള്ള രചിച്ച ഭാഷാചരിത്രത്തില്‍ വളരെ പരിമിതമായും ഉള്ളൂരിന്റെ കേരളസാഹിത്യചരിത്രത്തില്‍ സാമാന്യേന വിസ്തൃതമായും കേരളത്തിലെ സംസ്കൃത സാഹിത്യത്തിന്റെ ചരിത്രം വിശകലനം ചെയ്തിട്ടുണ്ടെങ്കിലും, അവയിലുള്ളതിനെക്കാള്‍ വളരെയധികം സാമഗ്രികള്‍ സജ്ജീകരിച്ചുകൊണ്ടു ആറ്വാല്യങ്ങളിലായി പ്രകൃതവിഷയം തികച്ചും അപഗ്രഥനാത്മകമായി അവതരിപ്പിക്കുന്ന ഈ പ്രകൃഷ്ടകൃതി കേരളത്തിന്റെ മഹത്തായ സംസ്കൃത പാരമ്പര്യത്തിലേക്കും അമൂല്യ സംഭാവനകളിലേക്കും വെളിച്ചംവീശുന്ന അതുല്യമായ ഒരു വിജ്ഞാനദീപമായിത്തന്നെ പരിശോഭിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍