This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേരളസാഹിത്യ അക്കാദമി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേരളസാഹിത്യ അക്കാദമി

കേരളസാഹിത്യത്തിന്റെ അഭിവൃദ്ധിക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു സ്വയംഭരണ സര്‍ക്കാര്‍ സ്ഥാപനം. 1956 ആഗ. 15-ന് രൂപവത്കൃതമായ ഈ സ്ഥാപനം തിരു-കൊച്ചി രാജപ്രമുഖനായിരുന്ന ബാലരാമവര്‍മ രാജാവ് 1956 ഒക്ടോബറില്‍ ഉദ്ഘാടനം ചെയ്തു. തുടക്കത്തില്‍ തിരുവനന്തപുരമായിരുന്നു ആസ്ഥാനമെങ്കിലും 1957 മുതല്‍ തൃശൂരില്‍ പ്രവര്‍ത്തിച്ചുവരുന്നു.

കേരളസാഹിത്യ അക്കാദമി

മലയാളഭാഷയുടെയും സാഹിത്യത്തിന്റെയും സര്‍വതോമുഖമായ പുരോഗതിക്കുവേണ്ടി പ്രവര്‍ത്തിക്കുക എന്നതാണ് അക്കാദമിയുടെ ലക്ഷ്യം. ഈ ലക്ഷ്യം മുന്‍നിര്‍ത്തി സാഹിത്യകാരന്മാരുടെ കൂട്ടായ പ്രവര്‍ത്തനം സംഘടിപ്പിക്കുക; മലയാളത്തില്‍ നിന്നു മറ്റു ഭാഷകളിലേക്കും മറ്റു ഭാഷകളില്‍ നിന്നു മലയാളത്തിലേക്കും ഉത്തമ കൃതികള്‍ പരിഭാഷപ്പെടുത്തുക; ഗ്രന്ഥസൂചികള്‍, നിഘണ്ടുക്കള്‍, വിജ്ഞാനകോശങ്ങള്‍, ഡയറക്ടറികള്‍ തുടങ്ങിയ റഫറന്‍സ് ഗ്രന്ഥങ്ങളടക്കം സാഹിത്യത്തിനും ഭാഷയ്ക്കും ആവശ്യമായ ഉത്തമഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിക്കുക; സാഹിത്യകാരന്മാരെ പുരസ്കാരങ്ങള്‍, പാരിതോഷികങ്ങള്‍, സഹായധനം മുതലായവകൊണ്ടു മാനിക്കുകയും സഹായിക്കുകയും ചെയ്യുക; സാഹിത്യസംഘടനകളുടെ സാഹിത്യപോഷണപരമായ പ്രത്യേക പ്രവര്‍ത്തനങ്ങള്‍ക്കു സഹായം നല്കുക; സെമിനാറുകളും സിമ്പോസിയങ്ങളും ചര്‍ച്ചകളും നടത്തുക; സാഹിത്യകാരന്മാര്‍ക്കു അഭിപ്രായവിനിമയത്തിനു വേദികളൊരുക്കുക; ഗവേഷണസൗകര്യമുള്ള ഗ്രന്ഥപ്പുരയുണ്ടാക്കുക; ജനങ്ങളുടെ ഇടയില്‍ സാഹിത്യാസ്വാദനശീലം വളര്‍ത്തുക; ഇന്ത്യയിലെ ഇതര ഭാഷാവിഭാഗങ്ങളുമായി സാംസ്കാരിക വിനിമയം നടത്തുക തുടങ്ങിയ ചുമതലകളാണ് അക്കാദമിക്കുള്ളത്. സര്‍ദാര്‍ കെ.എം. പണിക്കരായിരുന്നു കേരള സാഹിത്യ അക്കാദമിയുടെ പ്രഥമ അധ്യക്ഷന്‍. തുടര്‍ന്ന് വള്ളത്തോള്‍ നാരായണമേനോന്‍, ആറ്റൂര്‍ കൃഷ്ണപ്പിഷാരടി, എം.പി. അപ്പന്‍, തകഴി ശിവശങ്കരപ്പിള്ള തുടങ്ങി സാഹിത്യലോകത്തെ ഔന്നത്യമുള്ള എഴുത്തുകാര്‍ അക്കാദമിയുടെ ഭരണനേതൃത്വം നിര്‍വഹിച്ചു. പെരുമ്പടവം ശ്രീധരനാണ് ഇപ്പോഴത്തെ (2014) അധ്യക്ഷന്‍. കേരള സാഹിത്യ അക്കാദമിയുടെ ഏറ്റവും വലിയ സവിശേഷത അതിന്റെ ബൃഹത്തായ ഗ്രന്ഥശേഖരമാണ്. മലയാളത്തിലെ ഏതാണ്ടെല്ലാ കൃതികളും ഉള്‍പ്പടെ ഒരു ലക്ഷത്തി ഇരുപത്തയ്യായിരത്തോളം ഗ്രന്ഥങ്ങള്‍ ഇവിടെയുണ്ട്. ഇവിടെ സജ്ജമാക്കിയിട്ടുള്ള ഡിജിറ്റല്‍ ലൈബ്രറി, ഇന്റര്‍നെറ്റ് മുഖേന വായനക്കാര്‍ക്ക് ലഭ്യമാകുന്നുണ്ട്. അയ്യന്തോളിലെ അപ്പന്‍ തമ്പുരാന്‍ സ്മാരകവും ഇരവിമംഗലത്തെ ഡോ. സുകുമാര്‍ അഴിക്കോട് സ്മാരകവും സാഹിത്യ അക്കാദമി ഏറ്റെടുത്ത് നടത്തിവരുന്നു. ആനുകാലിക പ്രസിദ്ധീകരണങ്ങളായ സാഹിത്യലോകം (ദ്വൈമാസിക), സാഹിത്യചക്രവാളം (മാസിക), മലയാളം ലിറ്റററി സര്‍വേ (ഇംഗ്ലീഷ് ത്രൈമാസിക) എന്നിവ അക്കാദമിയുടെ നേതൃത്വത്തില്‍ പ്രസിദ്ധീകരിക്കുന്നവയാണ്.

ദേശീയ, അന്തര്‍ദേശീയ ഭാഷാസാഹിത്യ സെമിനാറുകള്‍ സംഘടിപ്പിക്കുന്നതിലൂടെ ഇതര ഭാഷകളുമായുള്ള വിനിമയം സാധ്യമാക്കാന്‍ അക്കാദമിക്കു കഴിയുന്നുണ്ട്. 2012-ല്‍ തിരുവനന്തപുരത്ത് അക്കാദമിയുടെ നേതൃത്വത്തില്‍ നടന്ന വിശ്വമലയാള മഹോത്സവം, മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും പ്രൗഢി വിളിച്ചോതുന്നതായിരുന്നു. മലയാളത്തിലെ വിശിഷ്ട കൃതികളെയും സാഹിത്യകാരന്മാരെയും ആദരിക്കുക എന്നത് സാഹിത്യ അക്കാദമിയുടെ പ്രവര്‍ത്തനലക്ഷ്യങ്ങളിലൊന്നാണ്. ഇതിനായി ഓരോ വര്‍ഷവും എല്ലാ സാഹിത്യശാഖകളിലുമുള്‍പ്പെട്ട മികച്ച കൃതികള്‍ക്ക് അക്കാദമി പുരസ്കാരം നല്കുന്നുണ്ട്. ഇതിനു പുറമേ സമഗ്രസംഭാവനാപുരസ്കാരം, വിശിഷ്ടാംഗത്വം, എന്‍ഡോവ്മെന്റുകള്‍ എന്നിവയും നല്കുന്നുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍