This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേരളവര്‍മ വലിയകോയിത്തമ്പുരാന്‍ (1845-1914)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേരളവര്‍മ വലിയകോയിത്തമ്പുരാന്‍ (1845-1914)

ആധുനിക മലയാള ഗദ്യസാഹിത്യത്തിന്റെ ജനയിതാവും പ്രചാരകനും മലയാളത്തിലെ വിമര്‍ശനപ്രസ്ഥാനത്തിന്റെ പ്രോദ്ഘാടകനുമായ സാഹിത്യകാരന്‍. കേരള കാളിദാസന്‍ എന്ന അപരനാമധേയത്തില്‍ അറിയപ്പെടുന്ന ഇദ്ദേഹം ചങ്ങനാശ്ശേരി ലക്ഷ്മിപുരം കൊട്ടാരത്തിലെ അംബികാദേവിത്തമ്പുരാട്ടിയുടെയും തളിപ്പറമ്പത്ത് മുല്ലപ്പള്ളി നമ്പൂതിരിയുടെയും മകനായി കൊ.വ. 1020-ാമാണ്ട് കുംഭമാസം 10-ന് (1845 ഫെ.19) ജനിച്ചു. മാതാപിതാക്കള്‍ നല്കിയ പേര് രാമവര്‍മ എന്നായിരുന്നു. കേരളവര്‍മയ്ക്ക് 10 വയസ്സുള്ളപ്പോള്‍ മാതുലന്‍ ഇദ്ദേഹത്തെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. തിരുവാര്‍പ്പില്‍ രാമവാര്യരായിരുന്നു പ്രഥമഗുരു. ഒമ്പതു വയസ്സുതികയുന്നതിനുമുമ്പ് കേരളവര്‍മ, സംസ്കൃതത്തില്‍ സാമാന്യജ്ഞാനം നേടി. തുടര്‍ന്ന് സംസ്കൃതം, ഇംഗ്ലീഷ് , മലയാളം തുടങ്ങിയ ഭാഷകളില്‍ പരിനിഷ്ഠിതമായ പാണ്ഡിത്യം സമ്പാദിച്ചു. 15-ാമത്തെ വയസ്സില്‍ കൊ.വ. 1034 മേടമാസം 13-ന് (1859) ഇദ്ദേഹം റാണിലക്ഷ്മിഭായിയെ വിവാഹം കഴിച്ചു. അതോടെ കേരളവര്‍മ, വലിയകോയിത്തമ്പുരാന്‍ എന്ന് അറിയപ്പെട്ടുതുടങ്ങി.

കേരളവര്‍മ വലിയകോയിത്തമ്പുരാന്‍

തിരുവിതാംകൂര്‍ രാജാവായിരുന്ന ഉത്രംതിരുനാളിന്റെയും ആയില്യംതിരുനാളിന്റെയും കാലത്ത് രാജധാനിയിലെ വിദ്വത്സദസ്സ് സുബ്ബാദീക്ഷിതര്‍, ഇലത്തൂര്‍ രാമസ്വാമി ശാസ്ത്രികള്‍ മുതലായ മികച്ച പണ്ഡിതന്മാരുടെ സങ്കേതമായിരുന്നു. ഈ പണ്ഡിതന്മാരില്‍ നിന്നു തര്‍ക്കവ്യാകരണവേദാന്താദി ശാസ്ത്രങ്ങളഭ്യസിച്ച്, കേരളവര്‍മയും ഒരു പണ്ഡിതനായിത്തീര്‍ന്നു.

മാതുലനില്‍ നിന്ന് ആരംഭിച്ച ഇംഗ്ലീഷ് വിദ്യാഭ്യാസം ഡോക്ടര്‍ വെയറിങ്, അണ്ണാജിരായര്‍ മുതലായവരിലൂടെ വികസിച്ചുവന്നു. രാജധാനിയില്‍ വച്ച് യൂറോപ്യന്മാരുമായിട്ടുണ്ടായ സമ്പര്‍ക്കത്താലും സ്വപ്രയത്നത്താലും അതു കൂടുതല്‍ ഫലപ്രദമായി. ഹിന്ദുസ്ഥാനി, തമിഴ് എന്നിവയില്‍ നിഷ്കൃഷ്ടവും തെലുഗു, മറാഠി എന്നീ ഭാഷകളില്‍ പ്രായോഗികവുമായ പരിജ്ഞാനം നേടി. ആസ്ഥാനവിദ്വാനായിരുന്ന വെങ്കടാദ്രിഭാഗവതരില്‍ നിന്നു വീണാവാദനകല അഭ്യസിച്ചു. കായികാഭ്യാസത്തില്‍ അത്യധികം തത്പരനായിരുന്ന കേരളവര്‍മയുടെ പ്രിയപ്പെട്ട വിനോദം ആയുധാഭ്യാസവും നായാട്ടുമായിരുന്നു.

ആയില്യം തിരുനാളിന് കേരളവര്‍മയോട് അത്യന്തം മമതയും സ്നേഹവാത്സല്യങ്ങളുമുണ്ടായിരുന്നു. എന്നാല്‍ എന്തോ കാരണവശാല്‍ കേരളവര്‍മ രാജകോപത്തിനു പാത്രമായി. രാജദ്രോഹക്കുറ്റം ചുമത്തപ്പെട്ട് 1875-ല്‍ ആദ്യം ആലപ്പുഴക്കൊട്ടാരത്തിലും പിന്നീട് ഹരിപ്പാട്ടെ സ്വഗൃഹത്തിലും വീട്ടുതടങ്കലില്‍ കഴിയുവാനിടയായി. ആയില്യം തിരുനാള്‍ 1880-ല്‍ നാടുനീങ്ങിയപ്പോള്‍ വിശാഖം തിരുനാള്‍ രാജാവായി. കേരളവര്‍മ ജയില്‍മുക്തനായി വീണ്ടും തിരുവനന്തപുരത്തുവന്നു. വിശാഖം തിരുനാളിനുശേഷം നാടു ഭരിച്ച ശ്രീമൂലം തിരുനാളിന്റെ സൗഹാര്‍ദവും ആദരവും അനുഭവിച്ചുകൊണ്ടും വിവിധ സാഹിത്യപ്രവര്‍ത്തനങ്ങള്‍ അനുഷ്ഠിച്ചുകൊണ്ടും ശിഷ്ടജീവിതം കഴിച്ചുകൂട്ടി.

കേരളവര്‍മ വലിയകോയിത്തമ്പുരാന്റെ സാഹിത്യസേവനം നിരതിശയമാംവണ്ണം വിപുലവും ഗംഭീരവുമാണ്. സംസ്കൃതം, മലയാളം, ഇംഗ്ലീഷ് എന്നീ മൂന്നു ഭാഷകളിലും ഇദ്ദേഹം പ്രസംഗിക്കുകയും എഴുതുകയും ചെയ്തിരുന്നു. അദ്ദേഹം 17-ാമത്തെ വയസ്സില്‍ സംസ്കൃതകാവ്യരചനയിലേര്‍പ്പെട്ടു. ആദ്യത്തേത് ആയില്യം തിരുനാള്‍ രാജാവിന്റെ ജന്മദിനാഘോഷത്തോടനുബന്ധിച്ചെഴുതിയ തിരുനാള്‍ പ്രബന്ധം എന്ന ചമ്പുവാണ്. ചെറുതും വലുതുമായി 30-ലധികം സംസ്കൃതകൃതികള്‍ കേരളവര്‍മ രചിച്ചിട്ടുണ്ട്. ഇവയില്‍ പ്രാധാന്യമര്‍ഹിക്കുന്ന കൃതികളാണ് ക്ഷമാപണസഹസ്രം, ശ്രീവിശാഖവിജയം, കംസവധചമ്പു, ശൃംഗാരമഞ്ജരീഭാണം, തുലാഭാര-പാദാരവിന്ദ-യമപ്രണാമ-വ്യാഘ്രാലയേശ-ശതകങ്ങള്‍, ദണ്ഡനാഥാ-ലളിതാംബാ-ചങ്ങണാദ്രീശ്വരീ-വ്യാഘ്രാലയേശ്വര-ശോണാദ്രീശ-സ്തോത്രങ്ങള്‍, യമപ്രണാമ-ക്ഷമാപണ പഞ്ചഗ്രാമ-ഷഡങ്കുരേശ-ശത്രുസംഹാരപ്രാര്‍ഥനാ-അഷ്ടകങ്ങള്‍, ശാകുന്തളാപാരമ്യം, വിക്ടോറിയാ ചരിതസംഗ്രഹം, ത്രിശത്യന്തരം, ജാതിനിരൂപണം എന്നിവ.

ക്ഷമാപണസഹസ്രം പോലെ ഹൃദയദ്രവീകരണക്ഷമമായ ഒരു കാവ്യം ഇതരഭാഷകളിലില്ല എന്ന് ഉള്ളൂര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ശ്ലിഷ്ടകല്പനകളാലും ദ്വാദശപ്രാസഘടനകളാലും അര്‍ഥാലങ്കാരങ്ങളാലും രസനിര്‍ഭരതയാലും ഈ കാവ്യം അപരിച്ഛിന്നഗൗരവം ആവഹിക്കുന്നു. ദുര്‍ജനപ്രേരണനിമിത്തം തന്നെ തടവില്‍ പാര്‍പ്പിച്ചത് പുനര്‍വിചിന്തനം ചെയ്ത് തനിക്കു മോചനം നല്കണമെന്ന് ആയില്യം തിരുനാളിനോടു നടത്തിയ അഭ്യര്‍ഥനയാണ് ഇതിലെ പ്രതിപാദ്യം. ആയില്യം തിരുനാളിനുശേഷം സ്ഥാനാരൂഢനായ വിശാഖം തിരുനാളിന്റെ ജീവിതം, രാജ്യഭരണം മുതലായവയെ ഇതിവൃത്തമാക്കി രചിച്ചതാണ് 20 സര്‍ഗങ്ങളുള്ള ശ്രീവിശാഖവിജയം മഹാകാവ്യം. മന്ത്രശാസ്ത്രസമ്പ്രദായത്തില്‍ നിര്‍മിച്ചതാണ് ത്രിശത്യന്തരം എന്ന സ്തോത്രകൃതി. ജാതിനിരൂപണം ഒരു ഗദ്യകൃതിയാണ്. കൊ.വ. 1078-ല്‍ പ്രസിദ്ധീകരിച്ച അന്യാപദേശ പരിഭാഷ, ദൈവയോഗം, വിശാഖവിജയം മഹാകാവ്യം, കംസവധചമ്പു എന്നിവയാണ് തമ്പുരാന്റെ ഇതരകൃതികള്‍.

മലയാളത്തില്‍ മയൂരസന്ദേശം, ദൈവയോഗം, ശ്രീപദ്മനാഭ പദപദ്മശതകം, സ്തുതിശതകം എന്നീ സ്വതന്ത്രകൃതികളും, കേരളീയ ഭാഷാശാകുന്തളം (മണിപ്രവാള ശാകുന്തളം), അമരുകശതകം, അന്യാപദേശശതകം എന്നീ തര്‍ജുമകളുമാണ് കേരളവര്‍മയുടെ മുഖ്യകൃതികള്‍. കൂടാതെ ഹനുമദുദ്ഭവം തുടങ്ങിയ ആറ് ആട്ടക്കഥകളുമുണ്ട്. ഇവയില്‍ മയൂരസന്ദേശം പ്രത്യേകം പ്രാധാന്യമര്‍ഹിക്കുന്നു. തന്നെ തടങ്കലില്‍ പാര്‍പ്പിച്ചിരുന്ന ഹരിപ്പാട്ടുനിന്നു തിരുവനന്തപുരം കോവിലകത്തു താമസിക്കുന്ന പ്രേയസിയായ ലക്ഷ്മീഭായിത്തമ്പുരാട്ടിക്ക് ഒരു മയില്‍മുഖേന അയയ്ക്കുന്ന സന്ദേശമാണ് ഇതിലെ പ്രമേയം. 1894-ലായിരുന്നു ഈ കാവ്യത്തിന്റെ രചന.

വിദ്യാവിലാസിനിയുടെ 1881 ഇടവം മുതല്‍ 1882 മിഥുനം വരെയുള്ള 14 ലക്കങ്ങളിലായിട്ടാണ് തമ്പുരാന്‍ ശാകുന്തളം വിവര്‍ത്തനം പ്രസിദ്ധീകരിച്ചത്. മണിപ്രവാള ശാകുന്തളം എന്ന പേരിലാണ് ഈ കൃതി പരക്കെ അറിയപ്പെടുന്നത്. അതിലെ പദ്യങ്ങളുടെ മനോഹാരിത കേരളീയരെ വളരെയധികം ആകര്‍ഷിച്ചു. സംസ്കൃത പദങ്ങള്‍ അല്പം കൂടുതലുണ്ടെങ്കിലും കാളിദാസകൃതിയിലെ ഭാവനാപൂര്‍ണത ഈ പദ്യങ്ങള്‍ക്കും കൈവന്നിട്ടുണ്ട്.

1891-ല്‍ ദ്വിതിയാക്ഷരപ്രാസം ഭാഷാപദ്യങ്ങള്‍ക്കു വേണോ വേണ്ടയോ എന്നൊരു വാദം മനോരമയില്‍ ആരംഭിച്ചപ്പോള്‍ വേണമെന്ന് അഭിപ്രായപ്പെട്ട പക്ഷത്തെ നയിച്ചത് കേരളവര്‍മയായിരുന്നു. വളരെ കോളിളക്കം സൃഷ്ടിച്ച ഈ വാക്സമരം ഭാഷാ സാഹിത്യചരിത്രത്തില്‍ വലിയ സ്ഥാനം പിടിച്ചിട്ടുണ്ട്.

ആയില്യം തിരുനാളിന്റെ ഭരണകാലത്ത് ഭാഷാഗദ്യത്തെ പരിഷ്കരിക്കാനുള്ള സംരംഭത്തില്‍ നായകത്വേന നിയുക്തനായത് കേരളവര്‍മയായിരുന്നു. പാഠപുസ്തക കമ്മിറ്റിയുടെ അധ്യക്ഷനെന്ന നിലയില്‍ ഇദ്ദേഹം അനേകം ചരിത്ര-ശാസ്ത്ര ഗദ്യകൃതികള്‍ സ്വയം രചിച്ചിട്ടുണ്ട്. ഇപ്രകാരം രചിച്ചവയില്‍ പ്രധാനപ്പെട്ടവയാണ് അക്ബര്‍, മഹച്ചരിത സംഗ്രഹം, വിജ്ഞാനമഞ്ജരി, സന്മാര്‍ഗപ്രദീപം, മൃഗയാസ്മരണകള്‍, സന്മാര്‍ഗസംഗ്രഹം എന്നിവ. ഈ കൃതികളിലൂടെ ഇദ്ദേഹം ഭാഷാ ഗദ്യസാഹിത്യത്തിന്റെ നവോത്ഥാനശില്പിയായി.

മലയാള സാഹിത്യത്തിലെ പല പുതിയ പ്രസ്ഥാനങ്ങള്‍ക്കും വലിയകോയിത്തമ്പുരാന്‍ മാര്‍ഗദര്‍ശനം നല്കി. ആധുനിക മലയാള ഗദ്യത്തിന്റെ ജനയിതാവ്, മലയാളത്തിലെ വിമര്‍ശന പ്രസ്ഥാനത്തിന്റെ പ്രോദ്ഘാടകന്‍ എന്നീ നിലകളില്‍ ഇദ്ദേഹം സവിശേഷ സ്മരണ അര്‍ഹിക്കുന്നു. വലിയകോയിത്തമ്പുരാന്റെയും വിശാഖം തിരുനാള്‍ രാജാവിന്റെയും ഉത്സാഹത്തില്‍ 1881-ല്‍ ആരംഭിച്ച വിദ്യാവിലാസിനിയാണ് മലയാളത്തിലെ ആദ്യത്തെ സാഹിത്യമാസിക. ഗദ്യപദ്യസമാഹാരങ്ങള്‍ തയ്യാറാക്കുന്നതിലും വലിയ കോയിത്തമ്പുരാന്റെ സംഭാവന മികവുറ്റതാണ്. പാഠാവലി, ഗദ്യമാലിക, കഥാകൗതുകമഞ്ജരി എന്നിവ യഥാക്രമം കവിത, ഉപന്യാസം, കഥ എന്നിവയുടെ സമാഹാരങ്ങള്‍ക്കുദാഹരണമായി പറയാം. കഥാകൌതുകമഞ്ജരിയാണ് മലയാളത്തിലെ ബാലസാഹിത്യത്തിലെ പ്രാരംഭകൃതി. 1891-ല്‍ കോട്ടയത്ത് ആരംഭിച്ച കവിസമാജത്തിന്റെ സ്ഥിരാധ്യക്ഷനായി തമ്പുരാനെയാണ് സാഹിത്യകാരന്മാര്‍ അംഗീകരിച്ചത്. ഈ സംഘടന 1892 മുതല്‍ ഭാഷാപോഷിണിസഭ എന്ന പേരില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചു.

കണ്ടത്തില്‍ വര്‍ഗീസ് മാപ്പിള മനോരമ കമ്പനി ആരംഭിച്ചപ്പോള്‍ പത്രത്തിനും കമ്പനിക്കും മലയാള മനോരമ എന്ന പേരു നിര്‍ദേശിച്ചത് വലിയകോയിത്തമ്പുരാനായിരുന്നു. കുമാരനാശാനെപ്പോലുള്ള അന്നത്തെ ആധുനിക കവികളുടെ കവിതകള്‍ പദ്യ പാഠാവലിയുടെ മിക്ക ഭാഗങ്ങളിലുമുള്‍പ്പെടുത്തുകയും പുതിയ കവികള്‍ക്കും സാഹിത്യകാരന്മാര്‍ക്കും നിര്‍ലോഭമായ പ്രോത്സാഹനം നല്കുകയും ചെയ്ത തമ്പുരാനെ 'അനന്യസാധാരണ കാവ്യകാരനങ്ങുന്നു ഞങ്ങള്‍ക്കൊരു കാളിദാസന്‍' എന്നാണ് മഹാകവി വള്ളത്തോള്‍ വിശേഷിപ്പിച്ചത്.

ഭാഷയിലും സംസ്കൃതത്തിലും അപ്പപ്പോഴായി കാവ്യഗുണ സമ്പുഷ്ടങ്ങളായ അനേകം ഒറ്റ ശ്ലോകങ്ങളും കേരളവര്‍മ വലിയകോയിത്തമ്പുരാന്‍ നിര്‍മിച്ചിരുന്നു.

റാണി ലക്ഷ്മീഭായി 1901-ല്‍ അന്തരിച്ചു. കേരളവര്‍മ ദമ്പതികള്‍ക്കു സന്താനഭാഗ്യമുണ്ടായില്ല. വൈക്കം ക്ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങിവരവേ കായംകുളത്തിനു സമീപംവച്ച് കേരളവര്‍മ സഞ്ചരിച്ചിരുന്ന മോട്ടോര്‍ കാര്‍ മറിയുകയും അതിന്റെ ആഘാതത്തെത്തുടര്‍ന്ന് 1914 സെപ്. 22-ന് അന്തരിക്കുകയും ചെയ്തു.

(ഡോ. ടി.ജി. രാമചന്ദ്രന്‍ പിള്ള)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍